Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

യുവതിയെ അപമാനിച്ച സിപിഎം ലോക്കൽ കമ്മറ്റി അംഗത്തിനെതിരേ ജാമ്യമില്ലാ വകുപ്പിട്ട് പൊലീസ് കേസെടുത്തു; സിപിഎം ജില്ലാ നേതാക്കളുടെ സമ്മർദം മൂലം പൂഴ്‌ത്തി വച്ച പരാതിയിൽ കേസെടുത്തത് പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്നുള്ള ഇടപെടലിനെ തുടർന്ന്

യുവതിയെ അപമാനിച്ച സിപിഎം ലോക്കൽ കമ്മറ്റി അംഗത്തിനെതിരേ ജാമ്യമില്ലാ വകുപ്പിട്ട് പൊലീസ് കേസെടുത്തു; സിപിഎം ജില്ലാ നേതാക്കളുടെ സമ്മർദം മൂലം പൂഴ്‌ത്തി വച്ച പരാതിയിൽ കേസെടുത്തത് പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്നുള്ള ഇടപെടലിനെ തുടർന്ന്

മറുനാടൻ മലയാളി ബ്യൂറോ

അടൂർ: അപമര്യാദയായി സംസാരിക്കുകയും അപമാനിക്കാൻ ശ്രമിക്കുകയും ചെയ്ത സിപിഎം ലോക്കൽ കമ്മറ്റി അംഗത്തിനെതിരേ യുവതി നൽകിയ പരാതി പൂഴ്‌ത്തിയ പൊലീസ് ഒടുവിൽ ഗത്യന്തരമില്ലാതെ ജാമ്യമില്ലാ വകുപ്പിട്ട് കേസെടുത്തു. സംസ്ഥാന സർക്കാരിൽ നിന്ന് നീതി കിട്ടില്ലെന്ന് വന്നതോടെ യുവതി പ്രധാനമന്ത്രിക്ക് നൽകിയ പരാതിയെ തുടർന്നാണ് അതിവേഗം പൊലീസ്് കേസ് രജിസ്റ്റർ ചെയ്തത്. സംഭവം മറുനാടനാണ് പുറത്തു വിട്ടത്. സിപിഎം കടമ്പനാട് ലോക്കൽ കമ്മറ്റി അംഗവും കേരള സ്റ്റേറ്റ് ഓട്ടോ-ടാക്സി ആൻഡ് ലൈറ്റ് മോട്ടോർ വർക്കേഴ്സ് ഫെഡറേഷൻ സംസ്ഥാന കൗൺസിൽ അംഗവുമായ അനീഷിനെ (38)തിരേയാണ് നെല്ലിമുകൾ സ്വദേശിനി നൽകിയ പരാതിയിൽ 294(ബി), 341, 321, 354 വകുപ്പുകൾ പ്രകാരം ഏനാത്ത് പൊലീസ് കേസെടുത്തത്.

യുവതിയോട് മോശമായി പെരുമാറുകയും ലൈംഗിച്ചുവയോടെ സംസാരിക്കുകയും ചെയ്തത് ചോദ്യം ചെയ്ത ഭർത്താവിനെ അനീഷ് വാഹനമിടിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയും മർദിക്കുകയും ചെയ്തിരുന്നു. എന്നിട്ട് യുവതിയുടെ ഭർത്താവിനെതിരേ പരാതി നൽകി. പരാതി കിട്ടിയ പാടേ പൊലീസ് ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി കേസ് എടുക്കുകയും സ്റ്റേഷനിൽ വിളിച്ചു വരുത്തി ജാമ്യം നൽകി വിടുകയും ചെയ്തിരുന്നു. പ്രതി സിപിഎമ്മുകാരനായതിനാൽ തനിക്ക് നീതി ലഭിക്കില്ലെന്ന് മനസിലാക്കിയ യുവതി പ്രധാനമന്ത്രിക്ക് പരാതി നൽകിയതിന് പിന്നാലെ പൊലീസ് വീട്ടിൽ ഓടിപ്പാഞ്ഞു വന്നു.

എന്നിട്ടും പ്രതിക്കെതിരേ കേസെടുക്കാതെ ഒത്തുതീർപ്പാക്കാനുള്ള നീക്കമാണ് നടത്തിയത്. ഈ സംഭവം മറുനാടൻ പുറത്തു വിട്ടതോടെ എസ്‌പി ആർ. നിശാന്തിനി കേസെടുക്കാൻ കർശന നിർദ്ദേശം നൽകി. യുവതിയുടെ ഭർത്താവ് മാധ്യമപ്രവർത്തകൻ കൂടി ആയതിനാൽ വിവിധ പത്രപ്രവർത്തക യൂണിയനുകൾ വിഷയത്തിൽ ഇടപെട്ടു. പ്രതിയെ സംരക്ഷിക്കാനുള്ള നീക്കം അനുവദിക്കില്ലെന്ന് അറിയിച്ചതോടെ ഗത്യന്തരമില്ലാതെ കേസെടുക്കുകയായിരുന്നു. മുകളിൽ നിന്നുള്ള നിർദ്ദേശമുള്ളതിനാൽ അടൂർ ഡിവൈഎസ്‌പിയുടെ ഓഫീസാണ് പരാതി പൂഴ്‌ത്തി വച്ചിരുന്നത്. ഡിവൈഎസ്‌പി, ഏനാത്ത് പൊലീസ് ഇൻസ്‌പെക്ടർ എന്നിവർ ചേർന്നാണ് പൂഴ്‌ത്തിയത്.

കടമ്പനാട് വടക്ക് നെല്ലിമുകൾ സ്വദേശിനിയാണ് പരാതിക്കാരി. പ്രതി അനീഷിനെതിരേ മുൻപും സ്ത്രീകൾക്കെതിരായ അതിക്രമത്തിന് കേസെടുത്തിട്ടുണ്ട് എന്ന് പറയുന്നു. ഒരു പെൺകുട്ടിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിൽ പ്രതിയായിരുന്ന ഇയാളെ സിപിഎം നേതൃത്വം സംരക്ഷിക്കുകയായിരുന്നുവെന്നും യുവതിയുടെ പരാതിയിലുണ്ട്.

വീടിന് മുന്നിലൂടെ കടന്നു പോകുമ്പോൾ പ്രതി തന്നോട് അശ്ലീലച്ചുവയോടെ സംസാരിക്കുന്നതും അപമര്യാദയായി പെരുമാറുന്നതും പതിവായിരുന്നുവെന്ന് പരാതിയിൽ പറയുന്നു. വിവരം അറിഞ്ഞ യുവതിയുടെ ഭർത്താവ് പ്രതിയെ ചോദ്യം ചെയ്തു. അന്ന് കൈയേറ്റത്തിന് മുതിർന്നുവെന്നും കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയെന്നും പറയുന്നു. താൻ പാർട്ടിക്കാരനാണെന്നും ഭരണകക്ഷിയിൽപ്പെട്ട തനിക്ക് എന്തും ചെയ്യാൻ സാധിക്കുമെന്നും ഭീഷണി മുഴക്കി. ഇതേ തുടർന്ന് ഭയന്നു പോയ യുവതിയും കുടുംബവും കേസിന് പോയില്ല. കഴിഞ്ഞ ജൂൺ രണ്ടിന് ഉച്ച കഴിഞ്ഞ് 2.30 ന് പ്രതി പിക്അപ്പ് ജീപ്പിൽ വരികയും റോഡിൽ കിടന്ന കരിങ്കൽ കഷണം ഇടിച്ച് വീട്ടുമുറ്റത്തേക്ക് തെറിപ്പിക്കുകയും ചെയ്തു.

തെറിച്ചു വന്ന കരിങ്കൽ കഷണങ്ങളിൽ നിന്ന് രണ്ടും അഞ്ചും വയസുള്ള തന്റെ മക്കൾ കഷ്ടിച്ചാണ് രക്ഷപ്പെട്ടതെന്ന് യുവതിയുടെ പരാതിയിലുണ്ട്. ഇത് ചോദ്യം ചെയ്തപ്പോൾ അശ്ലീലം വിളിക്കുകയും അപമാനിക്കാൻ ശ്രമിക്കുകയും ചെയ്തു. വിവരമറിഞ്ഞ യുവതിയുടെ ഭർത്താവ് ഇതേപ്പറ്റി ചോദിക്കാൻ ചെന്നപ്പോൾ ജീപ്പിടിച്ച് വീഴ്‌ത്താൻ ശ്രമിച്ചു. സ്‌കൂട്ടർ വെട്ടിച്ചു മാറ്റിയതു കൊണ്ടാണ് ഭർത്താവ് രക്ഷപ്പെട്ടത്. ജീപ്പിൽ നിന്ന് ഇറങ്ങിയ പ്രതി ഭർത്താവിനെ ക്രൂരമായി മർദിച്ചു. അതു കണ്ട് ഓടിച്ചെന്ന തന്നെ ശാരീരികമായി അപമാനിച്ചു. അസഭ്യം വിളിക്കുകയും ലൈംഗികച്ചുവയോടെ സംസാരിക്കുകയും ചെയ്തുവെന്ന് പരാതിയിലുണ്ട്.

പിന്നീട് വീട്ടിൽ വന്ന വാർഡ് മെമ്പർ വഴക്കിന് പോകണ്ട കാര്യങ്ങൾ രമ്യമായി പരിഹരിക്കാമെന്ന് പറഞ്ഞതിനെ തുടർന്ന് യുവതി ചികിൽസ തേടുകയോ പൊലീസിൽ പരാതി നൽകുകയോ ചെയ്തിരുന്നില്ല. എന്നാൽ, രണ്ടു ദിവസത്തിന് ശേഷം യുവതിയുടെ ഭർത്താവിന് ഏനാത്ത് പൊലീസിൽ നിന്ന് വിളിയെത്തി. ലോക്കൽ കമ്മറ്റിയംഗത്തെ മർദിച്ചു കൊലപ്പെടുത്താൻ ശ്രമിച്ചതിന് എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും വന്ന് ജാമ്യമെടുക്കണമെന്നുമായിരുന്നു നിർദ്ദേശം. ഇതിൻ പ്രകാരം ജാമ്യമെടുത്തതിന് ശേഷമാണ് യുവതി തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവം ചൂണ്ടിക്കാട്ടി എസ്‌പി ആർ നിശാന്തിനിക്ക് പരാതി നൽകിയത്.

പരാതി അടൂർ ഡിവൈഎസ്‌പിക്ക് കൈമാറിയെങ്കിലും നടപടി എടുക്കാതെ തിരിച്ചയച്ചു. വീണ്ടും യുവതി പരാതിപ്പെട്ടതോടെ ഏനാത്ത് പൊലീസിന് നടപടിയെടുക്കാൻ നിർദ്ദേശം നൽകി. അവിടെ പരാതി പൂഴ്‌ത്തി വച്ചു. സിപിഎമ്മിന്റെ ജില്ലാ നേതാവും അടൂരിലെ തട്ടിപ്പ് കേസിൽ പ്രതിയായ നേതാവും ചേർന്ന് പൊലീസിനെ സ്വാധീനിച്ചുവെന്ന വിവരം മനസിലാക്കിയ യുവതി തന്റെ ദുരനുഭവങ്ങൾ വിവരിച്ചു കൊണ്ട് പ്രധാനമന്ത്രിക്ക് പരാതി നൽകുകയായിരുന്നു.

പ്രതിയുടെ നടപടി സിപിഎമ്മിൽ തന്നെ ചേരി തിരിവിന് കാരണമായിട്ടുണ്ട്. അനീഷിന്റെ നടപടികൾക്ക് കൂട്ടു നിൽക്കാൻ കടമ്പനാട്ടെ പ്രാദേശിക നേതൃത്വം തയാറായിട്ടില്ല. വ്യക്തി വിരോധം തീർക്കാൻ വേണ്ടി അനീഷ് യുവതിയുടെ ഭർത്താവിനെ കള്ളക്കേസിൽ കുടുക്കിയതാണെന്ന് ഒരു വിഭാഗം പറയുന്നു. സിപിഎം ജി്ല്ലാ നേതൃത്വത്തെ പ്രതി അനീഷും അടൂരിൽ നിന്നുള്ള നേതാവും തെറ്റിദ്ധരിപ്പിച്ചുവെന്നും പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP