Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

'ഒരു സ്ത്രീക്കൊപ്പം നിൽക്കുന്ന ചിത്രം മോർഫ് ചെയ്തു പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി; എന്റെ ഭാഗം ന്യായീകരിക്കാൻ എനിക്കാകും, പക്ഷേ അതു കൊണ്ടുണ്ടാകുന്ന അപമാനം ഞാൻ എങ്ങനെ സഹിക്കും? അതിനെനിക്കു ധൈര്യമില്ല, നരേന്ദ്ര ഗിരിയുടെ ആത്മഹത്യക്ക് വഴിവെച്ചത് ആനന്ദ് ഗിരിയുടെ ബ്ലാക്മെയിലിങ്; ശിഷ്യനിലേക്ക് വിരൽചൂണ്ടിയ കത്ത് പുറത്ത്

'ഒരു സ്ത്രീക്കൊപ്പം നിൽക്കുന്ന ചിത്രം മോർഫ് ചെയ്തു പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി; എന്റെ ഭാഗം ന്യായീകരിക്കാൻ എനിക്കാകും, പക്ഷേ അതു കൊണ്ടുണ്ടാകുന്ന അപമാനം ഞാൻ എങ്ങനെ സഹിക്കും? അതിനെനിക്കു ധൈര്യമില്ല, നരേന്ദ്ര ഗിരിയുടെ ആത്മഹത്യക്ക് വഴിവെച്ചത് ആനന്ദ് ഗിരിയുടെ ബ്ലാക്മെയിലിങ്; ശിഷ്യനിലേക്ക് വിരൽചൂണ്ടിയ കത്ത് പുറത്ത്

മറുനാടൻ ഡെസ്‌ക്‌

ലക്‌നൗ: ഉത്തർപ്രദേശിലെ ആത്മീയ ഇടങ്ങളിലെ സുപ്രധാന വ്യക്തിത്വമായിരുന്നു അഖില ഭാരതീയ അഖാഡ പരിഷത്ത് അധ്യക്ഷൻ മഹന്ത് നരേന്ദ്ര ഗിരി. ഇദ്ദേഹത്തിന്റെ ദുരൂഹമായ മരണം ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ പ്രധാന ചർച്ചാ വിഷയമായി മാറഇയിരിക്കയാണ്. നരേന്ദ്ര ഗിരി ആത്മഹത്യ ചെയ്തതാണെന്ന വാർത്തകൾക്കിടയിലും സംശയങ്ങൾ നിലനിൽക്കുന്നു. ഇതിനിടെ അദ്ദേഹത്തിന്റെ പ്രിയ ശിഷ്യൻ ആനന്ദ് ഗിരി തന്നെയാണ് നരേന്ദ്ര ഗിരിയെ ആത്മഹത്യയിലേക്ക് നയിച്ചതെന്നുമാണ് പുറത്തുവരുന്ന വിവരങ്ങൾ.

നരേന്ദ്ര ഗിരിയെ ബ്ലാക്‌മെയിലിങിൽ പെടുത്തി ശിഷ്യൻ എന്നാണ് പുറത്തുവരുന് വിവരങ്ങൾ. ആനന്ജിനെ പൊലീസ് അറസ്റ്റു ചെയതിട്ടുണ്ട്. ഇതോടെ എങ്ങും നടുക്കമാണ്. രാജ്യത്തെ സന്യാസിമാരിൽ പ്രമുഖനായ നരേന്ദ്ര ഗിരി ആത്മഹത്യ ചെയ്യുമെന്ന് അദ്ദേഹത്തിന്റെ അനുയായികളും വിശ്വാസികളും കരുതുന്നില്ല. ദുരൂഹ രപൊലീസ് അന്വേഷണത്തിൽ നീങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ആനന്ദ് ഗിരിയെ പൊലീസ് അറസ്റ്റു ചെയ്തത് നരേന്ദ്ര ഗിരിയുടെ ആത്മഹത്യാ കുറിപ്പിനെ തുടർന്നാണ്. അഖില ഭാരതീയ അഖാഡ പരിഷത്തിന്റെ ലെറ്റർ ഹെഡിൽ എഴുതിയ ഏഴു പേജ് ആത്മഹത്യാ കുറിപ്പാണു പൊലീസിന്റെ പിടിവള്ളി. താൻ ഏറെ അസ്വസ്ഥനായിരുന്നു എന്ന് കുറിപ്പിൽ വ്യക്തമാക്കിയ നരേന്ദ്ര ഗിരി, ഇതിനൊപ്പം വിഡിയോയും ചിത്രീകരിച്ചെന്നാണു വിവരം. ഇതിന്റെ കൂടി അടിസ്ഥാനത്തിലാണ് ആനന്ദ് അടക്കമുള്ളവരെ അറസ്റ്റ് ചെയ്തത്.

'ഒരു സ്ത്രീക്കൊപ്പം നിൽക്കുന്ന ചിത്രം മോർഫ് ചെയ്തു പ്രചരിപ്പിക്കുമെന്ന് ആനന്ദ് ഭീഷണിപ്പെടുത്തി. ഇത്തരത്തിൽ ഒരു അപമാനം താങ്ങാൻ സാധിക്കാത്തതിനാൽ ആത്മഹത്യ ചെയ്യുകയാണ്. എന്റെ ഭാഗം ന്യായീകരിക്കാൻ എനിക്കാകും, പക്ഷേ അതു കൊണ്ടുണ്ടാകുന്ന അപമാനം ഞാൻ എങ്ങനെ സഹിക്കും? അതിനെനിക്കു ധൈര്യമില്ല. ഫോട്ടോ എല്ലാവരിലും എത്തിയാൽ എത്ര വിശദീകരിക്കാനാകും? ഈ വിവരം എന്നെ വല്ലാതെ അസ്വസ്ഥനാക്കുന്നു. ജീവനൊടുക്കുകയല്ലാതെ വേറെ വഴിയില്ല' ആത്മഹത്യാ കുറിപ്പിൽ നരേന്ദ്ര ഗിരി പറയുന്നതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ആത്മഹത്യയ്ക്കു പ്രേരിപ്പിച്ചുവെന്നതാണു നിലവിൽ ആനന്ദ് ഗിരിക്കെതിരെ ആരോപിച്ചിട്ടുള്ള കുറ്റം. അലഹാബാദിലെ ബഗ്ഗാംബരി ഗഡ്ഡി മഠത്തിൽ തിങ്കളാഴ്ച ഉച്ചകഴിഞ്ഞാണു സീലിങ് ഫാനിൽ തൂങ്ങിയ നിലയിൽ നരേന്ദ്ര ഗിരിയുടെ മൃതദേഹം കണ്ടത്.

ആരാണ് ആനന്ദ് ഗിരി? ഗുരുവിനെ ആത്മഹത്യയിലേക്കു നയിക്കാൻ മാത്രം ശക്തനാണോ അയാൾ?

72 വയസ്സുള്ള നരേന്ദ്ര ഗിരിയുടേതായി കണ്ടെത്തിയ ആത്മഹത്യാ കുറിപ്പാണ് ആനന്ദ് ഗിരിയിലേക്ക് പൊലീസിനെ എത്തിച്ചത്. മാനസിക സംഘർഷത്താൽ ജീവിതം അവസാനിപ്പിക്കുന്നുവെന്നാണ് കുറിപ്പിൽ പറയുന്നത്. മഠത്തിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ടു വിൽപത്ര രൂപത്തിലുള്ള പരാമർശങ്ങളും കുറിപ്പിലുണ്ട്. ശിഷ്യരിലൊരാളായ ആനന്ദ് ഗിരി മാനസികമായി പീഡിച്ചിരുന്നതായി കുറിപ്പിൽ പരാമർശമുണ്ടെന്നു പ്രയാഗ്രാജ് ഐജി: കെ.പി.സിങ് വ്യക്തമാക്കി. ചില തർക്കങ്ങളെത്തുടർന്ന് ആനന്ദ് ഗിരിയെ മഠത്തിൽനിന്നു പുറത്താക്കിയിരുന്നു. നരേന്ദ്ര ഗിരി ആത്മഹത്യ ചെയ്യില്ലെന്നും മരണത്തിനുപിന്നിൽ ആരുടെയോ കയ്യുണ്ടെന്നും ബിജെപി നേതാവും മുൻ ലോക്‌സഭാംഗവുമായ റാം വിലാസ് വേദാന്തിയും ആരോപിച്ചതോടെ ആനന്ദിനെതിരായ കരുക്കൾ മുറുകി.

നരേന്ദ്ര ഗിരി പുത്രവാത്സല്യത്തോടെ എടുത്തു വളർത്തിയ വ്യക്തിയാണ് ആനന്ദ് ഗിരി. ഹരിദ്വാറിലെ ഒരു ആശ്രമത്തിൽനിന്നു ബഗ്ഗാംബരി മഠത്തിലേക്കു നരേന്ദ്ര ഗിരി കൊണ്ടുവരുമ്പോൾ ആനന്ദിന് 12 വയസ്സാണ്. ഗുരുവിന്റെ ആത്മഹത്യയ്ക്കു കാരണക്കാരനായി ജയിലിൽ കിടക്കുന്ന ആനന്ദിന് ഇപ്പോൾ വയസ്സ് 38. രാജസ്ഥാനിലെ ബില്വാര സ്വദേശിയാണ് ഇയാൾ. നരേന്ദ്ര ഗിരി ഉൾപ്പെട്ടിരുന്ന പുരാതന സന്യാസ ക്രമമായ ശ്രീ പഞ്ചായത്തി അഖാഡ നിരഞ്ജനിയിൽ 2007ൽ ആണ് അദ്ദേഹത്തെ ഔപചാരികമായി ഉൾപ്പെടുത്തിയത്.

സ്വത്ത് ഉൾപ്പെടെ വിവിധ വിഷയങ്ങളിൽ നരേന്ദ്ര ഗിരിയുമായി തർക്കമുണ്ടാകുന്നതിനു മുൻപ്, പ്രയാഗ്രാജിലെ പ്രശസ്തമായ ബഡെ ഹനുമാൻ ക്ഷേത്രത്തിൽ 'ഛോട്ടെ മഹാരാജ്' എന്ന പേരിലാണ് ആനന്ദ് അറിയപ്പെട്ടിരുന്നത്. അത്രയ്ക്കായിരുന്നു സ്വാധീനം. കാലക്രമേണ, യോഗയിലൂടെ സ്വന്തം അനുയായികളെയും വളർത്തിയെടുത്ത് ആനന്ദ് പേരെടുത്തു. യോഗാ തന്ത്രത്തിൽ പിഎച്ച്ഡി ഉണ്ടെന്നാണ് അവകാശവാദം. തട്ടിപ്പുകളും കൺകെട്ടുകളും കൂടപ്പിറപ്പാണെന്നും വിമർശനമുണ്ട്.

വാരാണസിയിലെ ബനാറസ് ഹിന്ദു യൂണിവേഴ്‌സിറ്റിയിൽനിന്നു സംസ്‌കൃതം, ആയുർവേദം, വേദങ്ങൾ എന്നിവ ഔപചാരികമായി പഠിച്ചുവെന്നും ഇതിൽ ബിരുദം നേടിയിട്ടുണ്ടെന്നുമാണ് ആനന്ദ് വിശ്വസിപ്പിച്ചിട്ടുള്ളത്. ആർക്കുമത്ര ഉറപ്പില്ല. ആത്മീയ യോഗ്യതകളേക്കാൾ ഉല്ലാസ ജീവിതമാണ് ആനന്ദിനെ പ്രശസ്തനാക്കിയത്. ആഡംബര കാറുകളിലും വിദേശ രാജ്യങ്ങളിലുമുള്ള ആനന്ദിന്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. ത്യാഗനിർഭരമായ സന്യാസത്തിനു നേർവിരുദ്ധമാണ് ജീവിതശൈലിയെന്നു വിമർശനമുയർന്നെങ്കിലും ആനന്ദ് കുലുങ്ങിയില്ല.

വിദേശ സർവകലാശാലകളിലെ യോഗാ അദ്ധ്യാപകൻ, വിവാദ പുരുഷനായി ആനന്ദ്

ഇന്ത്യയിലും വിദേശത്തുമുള്ള നിരവധി സർവകലാശാലകളിൽ ഗെസ്റ്റ് ലക്ചററായി യോഗ പഠിപ്പിക്കുന്ന ആനന്ദ് ശിഷ്യഗണങ്ങളെ സൃഷ്ടിച്ചുകൊണ്ടിരുന്നു. സ്ത്രീകൾ അടക്കം വലിയ ആരാധകവൃന്ദവും അദ്ദേഹത്തിനുണ്ട്. ഒരിക്കൽ വിമാനത്തിലെ ബിസിനസ് ക്ലാസ് യാത്രയ്ക്കിടെ, മദ്യഗ്ലാസ് ആനന്ദിന്റെ സമീപത്തിരിക്കുന്ന ചിത്രം പ്രചരിച്ചു. ഇതും വലിയ ചർച്ചയായി. വിവാദം കൊടുമ്പിരി കൊണ്ടപ്പോൾ, ഗ്ലാസിലുണ്ടായിരുന്നത് ആപ്പിൾ ജ്യൂസ് ആണെന്നു പറഞ്ഞ് ആനന്ദ് തടിതപ്പി. സ്ത്രീകളോടുള്ള സമീപനത്തിലും ദുഷ്‌പേരുണ്ട് ഈ സ്വാമിക്ക്.

മോശമായി പെരുമാറിയെന്ന് ആരോപിച്ച് 2016ലും 2018ലും രണ്ടു സ്ത്രീകൾ ആനന്ദിനെതിരെ ഓസ്‌ട്രേലിയയിൽ പരാതി നൽകി. ഇതുമായി ബന്ധപ്പെട്ട് 2019 മേയിൽ ആനന്ദ് ഗിരിയെ സിഡ്‌നി പൊലീസ് അറസ്റ്റ് ചെയ്യുകയും ഓസ്‌ട്രേലിയൻ കോടതിയിൽ ഹാജരാക്കുകയും ചെയ്തു. പിന്നീട് കോടതി അദ്ദേഹത്തെ കുറ്റവിമുക്തനാക്കി. ഇത്രയൊക്കെ കുഴപ്പങ്ങൾ കയ്യിലുള്ളപ്പോഴും തന്റെ ശിഷ്യനെ നരേന്ദ്ര ഗിരി അക്കാലത്തു പിന്തുണച്ചിരുന്നു എന്നതു ശ്രദ്ധേയമാണ്.

കുടുംബവുമായുള്ള ബന്ധം തുടർന്ന്, സന്യാസിമാർക്കുള്ള പെരുമാറ്റച്ചട്ടങ്ങളുടെ ഗുരുതരമായ ലംഘനവും ആനന്ദ് പരസ്യമായി നടത്തി. ക്ഷേത്ര ഫണ്ടുമായി ബന്ധപ്പെട്ട സാമ്പത്തിക ക്രമക്കേടുകളിൽ ആനന്ദിനു പങ്കുണ്ടെന്ന ആരോപണവും സത്യമാണെന്ന് അക്കാലത്തെ അഖാര സെക്രട്ടറി ശ്രീ മഹന്ത് സ്വാമി രവീന്ദ്ര പുരി പറയുന്നു. ഇതേത്തുടർന്നാണ് ആനന്ദിനെ മഠത്തിൽനിന്നും നിരഞ്ജനി അഖാരയിൽനിന്നും പുറത്താക്കിയത്.

പിന്നാലെ, നരേന്ദ്ര ഗിരിക്കും മഠത്തിനുമെതിരെ ആനന്ദ് പടയൊരുക്കം ആരംഭിച്ചു. മഠത്തിന്റെ സ്വത്തുക്കൾ നരേന്ദ്ര ഗിരി വിൽക്കുന്നുവെന്ന് ആരോപണം അന്തരീക്ഷത്തിലേക്കു വിട്ടു. ആനന്ദിന്റെ ആരോപണങ്ങൾ ഏറ്റെടുത്ത അനുയായികൾ, നരേന്ദ്ര ഗിരിക്കെതിരെ സമൂഹമാധ്യമങ്ങളിൽ പ്രചാരണവും കൊഴുപ്പിച്ചു. വിഷയം കൈവിട്ടു പോകുന്നതിൽ വിഷമത്തിലായ നരേന്ദ്ര ഗിരി, സന്ധി സംഭാഷണത്തിനു തയാറായി. ഒടുവിൽ, ആനന്ദിനോടു ക്ഷമിക്കുന്നതായി നരേന്ദ്ര ഗിരി പ്രഖ്യാപിച്ചു. ബഡെ ഹനുമാൻ ക്ഷേത്രത്തിലും ബഗ്ഗാംബരി മഠത്തിലും പ്രവേശിക്കുന്നതിനു ശിഷ്യന് ഏർപ്പെടുത്തിയിരുന്ന വിലക്ക് നീക്കുകയും ചെയ്തു. ആനന്ദ് വീണ്ടും നരേന്ദ്രയുമായി അടുത്തു, ഗുരുവിന്റെ കാലിൽ വീണു ക്ഷമ യാചിച്ചു.

2016 മാർച്ചിലാണു നരേന്ദ്ര ഗിരി ആദ്യമായി അഖാഡ പരിഷത്തിന്റെ അധ്യക്ഷനായത്. 2019 ഒക്ടോബറിൽ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. നരേന്ദ്ര ഗിരിയുടെ വിയോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ, ബിജെപി അധ്യക്ഷൻ ജെ.പി. നഡ്ഡ, യുപി മുൻ മുഖ്യമന്ത്രി അഖിലേഷ് യാദവ് തുടങ്ങിയവർ അനുശോചിച്ചിരുന്നു.

നരേന്ദ്ര ഗിരിയുടെ മരണത്തിൽ പൊലീസ് തെളിവുകൾ ശേഖരിക്കുകയാണെന്നു മുഖ്യമന്ത്രി യോഗി ആദിത്യനാഥും ആവശ്യമെങ്കിൽ അന്വേഷണം സിബിഐയെ ഏൽപിക്കുമെന്ന് ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയും പറഞ്ഞു. മരണത്തിൽ പങ്കില്ലെന്നും പണത്തിന്റെ പേരിൽ നടന്ന ഗൂഢാലോചനയുടെ ഭാഗമായി നരേന്ദ്ര ഗിരിയെ കൊലപ്പെടുത്തിയതാണെന്നുമാണ് ആനന്ദ് ഗിരി പറയുന്നത്.

ആനന്ദ് ഗിരിക്ക് പുറമേ ആധ്യ തിവാരി, മകൻ സന്ദീപ് തിവാരി എന്നിവരുടെ പേരുകളും നരേന്ദ്ര ഗിരി ആത്മഹത്യാ കുറിപ്പിൽ പരാമർശിച്ചിരുന്നു. തിങ്കളാഴ്ച വൈകീട്ടാണ് നരേന്ദ്ര ഗിരിയ ആശ്രമത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സാധാരണയായി നടന്നുവരാറുള്ള പ്രഭാഷണത്തിന് നരേന്ദ്ര ഗിരി എത്താതിനാൽ അന്വേഷിച്ചെത്തിയ ശിഷ്യർ മുറിയുടെ വാതിൽ അകത്തുനിന്നും കുറ്റിയിട്ടതാണ് കണ്ടത്. വാതിൽ പൊളിച്ചു അകത്തുകടന്നപ്പോൾ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP