Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202024Thursday

ശിവശങ്കറിനെ ചോദ്യം ചെയ്തു വിട്ടയച്ചതിൽ അമിത് ഷാ അസംതൃപ്തൻ; തെളിവുണ്ടെങ്കിൽ എത്ര ഉന്നതനായാലും പിടികൂടണമെന്ന് കേന്ദ്ര ഏജൻസിക്ക് ആഭ്യന്തര മന്ത്രിയുടെ നിർദ്ദേശം; അന്വേഷണം വിലയിരുത്താൻ ആഭ്യന്തര മന്ത്രി പ്രത്യേക യോഗം വിളിച്ചതിന് പിന്നിൽ മന്ത്രി വി മുരളീധരന്റെ ഇടപെടൽ; സ്വർണ്ണകടത്തിൽ ഇനി അജിത് ഡോവലിന്റെ കർശന നിരീക്ഷണം; കോൺസുലേറ്റ് കടത്തിൽ അന്വേഷണം ഉന്നതരിലേക്ക്; യുഎഇയെ കൂടെ നിർത്തി കള്ളന്മാരെ കുടുക്കാൻ നിർദ്ദേശം

ശിവശങ്കറിനെ ചോദ്യം ചെയ്തു വിട്ടയച്ചതിൽ അമിത് ഷാ അസംതൃപ്തൻ; തെളിവുണ്ടെങ്കിൽ എത്ര ഉന്നതനായാലും പിടികൂടണമെന്ന് കേന്ദ്ര ഏജൻസിക്ക് ആഭ്യന്തര മന്ത്രിയുടെ നിർദ്ദേശം; അന്വേഷണം വിലയിരുത്താൻ ആഭ്യന്തര മന്ത്രി പ്രത്യേക യോഗം വിളിച്ചതിന് പിന്നിൽ മന്ത്രി വി മുരളീധരന്റെ ഇടപെടൽ; സ്വർണ്ണകടത്തിൽ ഇനി അജിത് ഡോവലിന്റെ കർശന നിരീക്ഷണം; കോൺസുലേറ്റ് കടത്തിൽ അന്വേഷണം ഉന്നതരിലേക്ക്; യുഎഇയെ കൂടെ നിർത്തി കള്ളന്മാരെ കുടുക്കാൻ നിർദ്ദേശം

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: തെളിവുകൾ ഏറെയുണ്ടായിട്ടും മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനെ ചോദ്യം ചെയ്ത് വിട്ടയച്ചതിൽ ആഭ്യന്തര മന്ത്രി അമിത് ഷാ അതൃപ്തൻ. എത്ര ഉന്നതനായാലും പിടിക്കാൻ ദേശീയ അന്വേഷണ ഏജൻസിക്ക് അമിത് ഷാ നിർദ്ദേശം നൽകി. തിരുവനന്തപുരം സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ഡൽഹിയിൽ ആഭ്യന്തരമന്ത്രി അമിത് ഷാ ഉന്നതതല യോഗം വിളിച്ചു. കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരനും മറ്റ് ഉന്നത ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു. അതിശക്തമായാണ് അമിത് ഷാ പ്രതികരിച്ചത്.

തെളിവുകൾ കിട്ടുന്ന മുറയ്ക്ക് അന്വേഷണം ഉന്നതരിലേക്കും നീളുമെന്നാണ് അമിത് ഷാ നൽകിയ നിർദ്ദേശം. എൻ.ഐ.എയുടെ അന്വേഷണ രീതികളിലുള്ള പ്രത്യേകതകളും യോഗം വിലയിരുത്തി. ഹൈദരാബാദിലെ എൻ.ഐ.എയുടെ ദക്ഷിണ മേഖല ആസ്ഥാനത്തിനു കീഴിലാണ് കേസിന്റെ അന്വേഷണം നടക്കുന്നത്. കേസിന്റെ ഒരു ഘട്ടത്തിൽ പ്രധാനമന്ത്രിയുടെ ഓഫീസ് നേരിട്ട് തന്നെ ഇടപെട്ടിരുന്നു. ഇതിനു പിന്നാലെയാണ് അന്വേഷണം എൻ.ഐ.എയ്ക്ക് കൈമാറിയത്. നേരത്തെ ധനമന്ത്രി നിർമല സീതാരാമനും വി. മുരളീധരനും തമ്മിൽ കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് അമിത് ഷായുടെ നേതൃത്വത്തിൽ യോഗം നടന്നത്. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും അന്വേഷണത്തെ നിരീക്ഷിക്കും.

Stories you may Like

യുഎഇ കോൺസുലേറ്റിലെ അറ്റാഷെ ദുബായിലേക്ക് മടങ്ങിയിരുന്നു. ഈ സാഹചര്യത്തിൽ അന്വേഷണം ദുബായിലേക്കും വ്യാപിപ്പിക്കും. യുഎഇയുടെ പിന്തുണയോടെയാകും അന്വേഷണം. സ്വർണക്കടത്ത് കേസിലെ മൂന്നാംപ്രതി ഫൈസൽ ഫരീദിന്റെ പാസ്പോർട്ട് റദ്ദാക്കിയതുമായി ബന്ധപ്പെട്ട തുടർനടപടികൾ സ്വീകരിക്കേണ്ടത് ബ്യൂറോ ഓഫ് ഇമിഗ്രേഷൻസും കേന്ദ്ര ആഭ്യന്തരമന്ത്രാലയവുമാണ്. ഇതിന്റെ തുടർച്ച എന്ന നിലയിലാണ് ഫൈസൽ ഫരീദിനെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയിരിക്കുന്നത്. ശിവശങ്കറിന്റെ ഫ്ളാറ്റിൽ സ്വർണക്കടത്ത് ഗൂഢാലോചന നടന്നെന്ന് എൻ.ഐ.എയുടെ കണ്ടെത്തിയിട്ടുണ്ട്. ശിവശങ്കർ സസ്പെൻഷനിലായതോടെ അറസ്റ്റിനുള്ള സാധ്യതയും തെളിഞ്ഞു.

വീണ്ടും ചോദ്യം ചെയ്യുന്നതിനായി ശിവശങ്കറിനെ കൊച്ചിയിലേക്കു വിളിപ്പിക്കും.സ്വർണക്കടത്ത് നടന്ന ദിവസങ്ങളിൽ രണ്ടാംപ്രതി സ്വപ്ന സുരേഷ് മണിക്കൂറുകളോളം ശിവശങ്കറിന്റെ ഫ്ളാറ്റ് പരിധിയിലുണ്ടായിരുന്നെന്നു മൊബൈൽ ടവർ സിഗ്‌നലുകൾ വ്യക്തമാക്കുന്നു. സ്വർണം പിടികൂടിയ ദിവസം സ്വപ്ന രണ്ടരമണിക്കൂറോളം ഫ്ളാറ്റിലുണ്ടായിരുന്നെന്നാണ് അന്വേഷണസംഘത്തിന്റെ നിഗമനം. കഴിഞ്ഞമാസം 24-നും 27-നും നയതന്ത്ര ചാനലിലൂടെ സ്വർണം കടത്തിയെന്നാണ് ഒന്നാംപ്രതി പി.എസ്. സരിത്തിന്റെ മൊഴി. കഴിഞ്ഞ അഞ്ചിനാണു യു.എ.ഇ. കോൺസുലേറ്റിലേക്കുള്ള ബാഗിൽനിന്നു കസ്റ്റംസ് അസിസ്റ്റന്റ് കമ്മിഷണർ രാമമൂർത്തി സ്വർണം പിടികൂടിയത്.

ആസമയം ശിവശങ്കറിന്റെ വാടക ഫ്ളാറ്റിനു സമീപമുള്ള പഞ്ചനക്ഷത്ര ഹോട്ടലായ ഹിൽട്ടൺ ഗാർഡനിലായിരുന്നു സ്വപ്ന. ആദ്യം സ്വർണം കടത്തിയ 24-നു രാവിലെ 10-നും ഉച്ചയ്ക്ക് ഒന്നിനും വൈകിട്ട് അഞ്ചുമുതൽ ആറേകാൽവരെയും സ്വപ്ന ഈ ടവർ പരിധിയിലായിരുന്നു. 22, 23 തീയതികളിലും അവർ ഇവിടെയുണ്ടായിരുന്നു. സ്വർണക്കടത്ത് പിടികൂടിയ കഴിഞ്ഞ അഞ്ചിനു രാവിലെ ഒൻപതുമുതൽ ഉച്ചയ്ക്ക് 12.30 വരെ സ്വപ്ന ഇതേ പരിധിയിലുണ്ടായിരുന്നെന്നും അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു. ശിവശങ്കർ താമസിക്കുന്ന ഇതേ ഫ്ളാറ്റ് സമുച്ചയത്തിലാണു സ്വപ്നയുടെ ഭർത്താവും ഫ്ളാറ്റ് വാടകയ്ക്കെടുത്തത്. ഇതെല്ലാം കേസിൽ നിർണ്ണായകമാണ്.

സ്വപ്ന സുരേഷിന്റെ ക്രൈം ബ്രാഞ്ച് അന്വേഷിക്കുന്ന കേസ് സംബന്ധിച്ച വിവരങ്ങൾ തേടി ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ.). തിരുവനന്തപുരത്തെ ക്രൈംബ്രാഞ്ച് ഓഫീസിലെത്തിയ എൻ.ഐ.എ. സംഘം ഉദ്യോഗസ്ഥരുമായി ആശയവിനിമയം നടത്തിയിരുന്നു. എയർ ഇന്ത്യ ഉദ്യോഗസ്ഥനെ സ്വപ്ന വ്യാജ ലൈംഗികാരേപണത്തിൽ കുടുക്കാൻ ശ്രമിച്ചെന്ന കേസാണ് ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നത്. എറണാകുളത്തെ എൻ.ഐ.എ. യൂണിറ്റ് എസ്‌പി. രാഹുൽ കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് ഡിവൈ.എസ്‌പി. ബി. അനിൽകുമാറിനെ ഫോണിൽ വിളിച്ച് വിവരങ്ങൾ ആരാഞ്ഞിരുന്നു. ഇതിനുശേഷംവൈകിട്ട് എൻ.ഐ.എ. ഡിവൈ.എസ്‌പി. വിജയകുമാറും സംഘവും തിരുവനന്തപുരം ജവാഹർ നഗറിലുള്ള ക്രൈം ബ്രാഞ്ച് ഓഫീസിലെത്തി ഉദ്യോഗസ്ഥരുമായി ചർച്ച നടത്തിയതായി ക്രൈംബ്രാഞ്ച് മേധാവി ടോമിൻ ജെ. തച്ചങ്കരി സ്ഥിരീകരിച്ചു.

ഒന്നര മണിക്കൂറോളം നീണ്ട ചർച്ചയിൽ ഇരുകൂട്ടരും അന്വേഷിക്കുന്ന കേസുകൾക്ക് സഹായമാകുന്ന വിവരങ്ങൾ പരസ്പരം കൈമാറാൻ ധാരണയായതായും ടോമിൻ തച്ചങ്കരി പറഞ്ഞു. അതേസമയം, സ്വപ്നയ്‌ക്കെതിരെ തെളിവുണ്ടായിട്ടും അറസ്റ്റു ചെയ്തില്ലെന്നത് ഉൾപ്പെടെയുള്ള ക്രൈം ബ്രാഞ്ചിന് എതിരായ ആരോപണങ്ങളെ കുറിച്ച് എൻ.ഐ.എ. സംഘത്തിൽനിന്നു ചോദ്യങ്ങൾ ഉണ്ടായിട്ടില്ലെന്ന് അദ്ദേഹം പ്രതികരിച്ചു. സ്വപ്നയെ പ്രതിയാക്കി ക്രൈം ബ്രാഞ്ച് ആണ് ആദ്യമായി കേസെടുത്തത്. കേസ് കൃത്യമായി മുന്നോട്ടു നീങ്ങുന്നുണ്ട്. മറ്റാരോപണങ്ങൾ അസംബന്ധമാണ്. കേസ് സംബന്ധിച്ച പ്രസക്തമായ വിവരങ്ങൾ എൻ.ഐ.എ. സംഘം ക്രൈം ബ്രാഞ്ചിന് കൈമാറുകയാണുണ്ടായത് -ക്രൈംബ്രാഞ്ച് മേധാവി കൂട്ടിച്ചേർത്തു.

എയർ ഇന്ത്യ ഉദ്യോഗസ്ഥനെതിരെ വ്യാജപരാതി നൽകിയെന്ന കേസിൽ സ്വപ്നയ്‌ക്കെതിരേ തെളിവുണ്ടെന്ന് ക്രൈം ബ്രാഞ്ച് കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചിരുന്നു. എയർ ഇന്ത്യ ആഭ്യന്തര അന്വേഷണ സമിതിക്കു മുന്നിൽ ആൾമാറാട്ടം നടത്തി വ്യാജമൊഴി കൊടുക്കാൻ രണ്ട് സ്ത്രീകളെ സ്വപ്ന നിയോഗിച്ചെന്നും ഉദ്യോഗസ്ഥനെതിരേ നൽകിയ പരാതി നൽകിയെന്ന് പറയുന്ന 17 പെൺകുട്ടികളിൽ 16 പേർക്കും ഇതേക്കുറിച്ച് അറിവുണ്ടായിരുന്നില്ലെന്നുമാണ് ക്രൈം ബ്രാഞ്ചിന്റെ കണ്ടെത്തൽ.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP