Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Dec / 202301Friday

ഖലിസ്ഥാൻ ഭീകരൻ ഭിന്ദ്രൻവാലയുടെ വിടവ് നികത്താൻ പാക് ഐഎസ്‌ഐ വളർത്തിയെടുത്ത നേതാവ്; എന്നാൽ ധീരനായ നേതാവല്ല അമൃത്പാൽ സിങ് എന്ന് ഇന്റലിജൻസ് വൃത്തങ്ങൾ; 'ഒളിച്ചോടിയത്' പൊലീസ് മർദ്ദനത്തിൽ നിന്ന് രക്ഷപ്പെടാനോ? അനുയായിയുടെ വെളിപ്പെടുത്തൽ ചർച്ചയാകുന്നു

ഖലിസ്ഥാൻ ഭീകരൻ ഭിന്ദ്രൻവാലയുടെ വിടവ് നികത്താൻ പാക് ഐഎസ്‌ഐ വളർത്തിയെടുത്ത നേതാവ്;  എന്നാൽ ധീരനായ നേതാവല്ല അമൃത്പാൽ സിങ് എന്ന് ഇന്റലിജൻസ് വൃത്തങ്ങൾ; 'ഒളിച്ചോടിയത്' പൊലീസ് മർദ്ദനത്തിൽ നിന്ന് രക്ഷപ്പെടാനോ? അനുയായിയുടെ വെളിപ്പെടുത്തൽ ചർച്ചയാകുന്നു

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: വാരിസ് പഞ്ചാബ് ദേ നേതാവ് അമൃത്പാൽ സിങ് അറസ്റ്റിലായതിന് പിന്നാലെ ഖാലിസ്ഥാൻവാദി നേതാവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പുറത്ത്. . ഖലിസ്ഥാൻ തീവ്രവാദിയായിരുന്ന ജർണയിൽ സിങ് ഭിന്ദ്രൻവാലയുടെ വിടവ് നികത്താൻ പാക് ഇന്റർ സർവ്വീസസ് ഇന്റലിജൻസ് വളർത്തിയെടുത്ത നേതാവാണ് അമൃത്പാൽ സിംഗെന്നാണ് ഇന്ത്യയിലെ ഇന്റലിജൻസ് വൃത്തങ്ങൾ വിലയിരുത്തുന്നത്. എന്നാൽ അമൃത്പാൽ സിംഗുമായി ബന്ധപ്പെട്ട ഫണ്ടിംഗിനെപ്പറ്റി അന്വേഷണം നടത്തി വരികയാണ്. അതേ സമയം ഐഎസ്ഐയുമായി നേരിട്ടുള്ള ബന്ധം തെളിയിക്കുന്ന രേഖകൾ ഇതുവരെ ലഭ്യമായിട്ടില്ല.

അമൃത്പാൽ സിംഗിനെ ആസാമിലെ ദിബ്രുഗഡ് സെൻട്രൽ ജയിലിൽ ഏകാന്ത തടവിൽ അടച്ചിരിക്കുകയാണ്. കഴിഞ്ഞ ഞായറാഴ്ച പഞ്ചാബിലെ മോഗയിൽ അറസ്റ്റിലായ അമൃത്പാലിനെതിരേ ദേശീയസുരക്ഷാ നിയമപ്രകാരമാണ് കേസെടുത്തിരിക്കുന്നത്. അമൃത്പാലിന്റെ അനുയായികളായ ഒൻപതുപേരും ദിബ്രുഗഡ് ജയിലിലുണ്ട്. കനത്ത സുരക്ഷാ സന്നാഹങ്ങളോടെയാണ് അമൃത്പാലിനെ വിമാനമാർഗം ദിബ്രുഗഡിലെത്തിച്ചത്.

ഇന്ത്യയിലെയും പാക്കിസ്ഥാനിലേയും സിഖ് വംശജരുടെ വിഷയങ്ങൾ നിയന്ത്രിക്കാൻ ഐഎസ്ഐ ശ്രമിച്ചിരുന്നതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഖലിസ്ഥാൻ തീവ്രവാദി ഭിന്ദ്രൻവാലയെ പോലെയുള്ള ഒരു നേതാവിനെയായിരുന്നു അവർക്ക് ആവശ്യം. 1984ന് ശേഷം ജനിച്ച യുവാക്കളെ വിവിധ ക്രിമിനൽ പ്രവൃത്തികളിൽ ഉപയോഗിക്കാനാണ് പാക്കിസ്ഥാൻ ശ്രമിക്കുന്നതെന്നും ആരോപണമുയരുന്നുണ്ട്.

''കാനഡ, ജർമ്മനി എന്നീ രാജ്യങ്ങളിലെ നീക്കങ്ങൾ കൃത്യമായ ഫലം നൽകുന്നില്ലെന്ന് ഐഎസ്ഐയ്ക്ക് ബോധ്യപ്പെട്ടിരുന്നു. ഇന്ത്യയുടെ കാര്യക്ഷമമായ ആഭ്യന്തര ക്രമസമാധാന സംവിധാനവും നയതന്ത്രശേഷിയും അവർക്ക് വലിയ വെല്ലുവിളിയായിരുന്നു. പാക്കിസ്ഥാനിലെ പഞ്ചാബിലുള്ള ഐഎസ്ഐയുടെ പദ്ധതികളും പരാജയപ്പെട്ടിരുന്നു. അവിടെയുള്ള സിഖുകാർക്കിടയിൽ വളരെ കുറവ് ആക്രമസംഭവങ്ങൾ മാത്രമെ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നുള്ളൂ,'' ഇന്റലിജൻസ് വൃത്തങ്ങൾ അറിയിച്ചു.

അതേ സമയം ഒരു ധീരനായ നേതാവല്ല അമൃത്പാൽ സിങ് എന്നാണ് ഇന്റലിജൻസ് വൃത്തങ്ങൾ പറയുന്നത്. അമൃത്പാൽ സിംഗിന്റെ ഭാര്യയുടെ വിദേശ യാത്ര തടഞ്ഞതിന് രണ്ട് ദിവസത്തിന് ശേഷമാണ് ഇദ്ദേഹം കീഴടങ്ങിയത്. പൊലീസ് മർദ്ദനത്തിൽ നിന്ന് രക്ഷപ്പെടാനാണ് ഒളിച്ചോടിയതെന്ന് നേരത്തെ അറസ്റ്റിലായ അമൃത്പാൽ സിംഗിന്റെ കൂട്ടാളി പപാൽപ്രീത് സിംഗും പറഞ്ഞിരുന്നു.

യുകെ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന എസ്എഡി പ്രവർത്തകൻ ജഗ്താർ സിങ് താരയുടെ അടുത്ത അനുയായിയായ അവതാർ സിങ് ഖാണ്ഡയെപ്പോലെയുള്ളവരായിരുന്നു അമൃത് പാൽ സിംഗിന്റെ പ്രധാന അനുയായികൾ. അവരാരും ഐഎസ്ഐയുമായുള്ള ബന്ധം വെളിപ്പെടുത്തിയിട്ടില്ലെന്നും ഇന്റലിജൻസ് വൃത്തങ്ങൾ അറിയിച്ചു.

അമൃത്പാൽ സിംഗിന്റെ തിരോധാനത്തിന് ശേഷം അദ്ദേഹത്തെപ്പറ്റിയുള്ള വിവരങ്ങളറിയാനായി സിംഗിന്റെ കുടുംബം പല ഉദ്യോഗസ്ഥരെയും ബന്ധപ്പെട്ടിരുന്നു. അമൃത്പാലിന്റെ ഭാര്യ ഖാണ്ഡയ്ക്ക് സന്ദേശമയയ്ക്കുകയും ചെയ്തിരുന്നു. അമൃത്പാലിന് എന്തെങ്കിലും സംഭവിച്ചാൽ അതിന് ഉത്തരവാദി താങ്കൾ ആയിരിക്കും എന്ന രീതിയിലായിരുന്നു ഭാര്യയുടെ സന്ദേശം. അമൃത്പാലിന്റെ അറസ്റ്റിന് ശേഷമാണ് കുടുംബത്തിന് ആശ്വാസമായത്.

യുകെ ആസ്ഥാനമായുള്ള ഖലിസ്ഥാൻ അനുഭാവികളുമായി ഐഎസ്ഐ ബന്ധപ്പെട്ടിരുന്നു. ഗ്രൗണ്ട് സീറോ ഓപ്പറേഷനുകൾക്കായി ഇവരുമായി ബന്ധപ്പെട്ടത്. അതിനായി അവർ അമൃത്പാൽ സിംഗിനെ തെരഞ്ഞെടുക്കുകയും ചെയ്തു. അതേസമയം, മുസ്ലിം തീവ്രവാദ ഗ്രൂപ്പുകളെപ്പോലെ തീവ്രവത്കരിക്കപ്പെട്ടിട്ടില്ല സിങ് എന്നാണ് അന്വേഷണ ഏജൻസികൾ നൽകുന്ന സൂചന. പാക്കിസ്ഥാൻ, കാനഡ, ജർമ്മനി എന്നിവിടങ്ങളിൽ നിന്ന് തനിക്ക് സോഷ്യൽ മീഡിയ പിന്തുണ ലഭിച്ചിരുന്നുവെന്നും സിങ് പറഞ്ഞിരുന്നതായി വൃത്തങ്ങൾ അറിയിച്ചു.

മാർച്ച് 18നാണ് അമൃത്പാൽ സിങ് ഒളിവിൽ പോകുന്നത്. മാർച്ച് 28നും 29നും പഞ്ചാബിലെ ഹോഷിയാർപൂരിൽ ഇയാൾ ഒളിവിൽ കഴിഞ്ഞെന്ന് സംശയിക്കുന്ന വീട്ടിൽ അടുത്തിടെ പരിശോധന നടത്തിയിരുന്നു. അമൃത്പാലിനെ കണ്ടെത്താൻ സഹായിക്കുന്നവർക്ക് ഉചിതമായ പ്രതിഫലം നൽകുമെന്ന് അറിയിച്ച് അമൃത്സർ ഉൾപ്പെടെയുള്ള റെയിൽവേ സ്റ്റേഷനുകളിൽ പൊലീസ് നോട്ടീസ് പതിപ്പിക്കുകയും ചെയ്തു.

അമൃത്പാലിന് സഹായം ചെയ്യുന്നുവെന്ന് സംശയിക്കുന്നവരെ അന്വേഷണ സംഘം അറസ്റ്റ് ചെയ്തുവരികയായിരുന്നു. പഞ്ചാബിൽ അമൃത്പാലിന് താമസിക്കാൻ സഹായം നൽകിയ ഹർദീപ് സിങ്, കുൽദീപ് സിങ് എന്നീ സഹോദരന്മാരെ പൊലീസ് പിടികൂടിയിരുന്നു.അതിനിടെ, ലണ്ടനിലേയ്ക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ അമൃത്പാൽ സിംഗിന്റെ ഭാര്യ കിരൺദീപ് കൗറിനെ പൊലീസ് കസ്റ്റഡയിലെടുത്തിരുന്നു.

വിമാനത്തിൽ ലണ്ടനിലേയ്ക്ക് പോകാനിരിക്കെ അമൃത്സർ എയർപോട്ടിൽ വച്ചാണ് കിരൺ ദീപിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. അമൃത്സറിലെ ശ്രീ ഗുരുറാം ദാസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇമിഗ്രേഷൻ വകുപ്പാണ് ഇവരെ ആദ്യം തടഞ്ഞുവച്ചത്. പിന്നീട് പൊലീസെത്തി ചോദ്യം ചെയ്യലിനായി കൊണ്ടുപോകുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP