Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

അനിയനെ ചിതയിലേക്ക് എടുത്ത് 15 മിനിറ്റ് കഴിഞ്ഞപ്പോൾ ബാക്കി സ്വർണ്ണവുമായി വീടു വിട്ടിറങ്ങി; പ്രമാണവും കാറിന്റെ ആർസി ബുക്കും വരെ കൊണ്ടു പോയി; ലക്ഷ്യമിട്ടത് സൈനികന്റെ ഭാര്യയെന്ന നിലയിലെ ആശ്രിത നിയമനവും ആനുകൂല്യവും പെൻഷനും; സ്വത്തും ജോലിയും തട്ടിയെടുത്ത് ആഗ്രഹിച്ചത് കാമുകനൊപ്പമുള്ള സുഖജീവിതം; ആത്മഹത്യ ചെയ്ത വിശാഖിന്റെ സഹോദരന്റെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തൽ മറുനാടനോട്; അമിതാബ് അഴിക്കുള്ളിലെങ്കിലും കാമുകിക്ക് പുറത്ത് സുഖജീവിതം; സൈനികന്റെ മരണത്തിൽ ദുരൂഹത ഏറെ

അനിയനെ ചിതയിലേക്ക് എടുത്ത് 15 മിനിറ്റ് കഴിഞ്ഞപ്പോൾ ബാക്കി സ്വർണ്ണവുമായി വീടു വിട്ടിറങ്ങി; പ്രമാണവും കാറിന്റെ ആർസി ബുക്കും വരെ കൊണ്ടു പോയി; ലക്ഷ്യമിട്ടത് സൈനികന്റെ ഭാര്യയെന്ന നിലയിലെ ആശ്രിത നിയമനവും ആനുകൂല്യവും പെൻഷനും; സ്വത്തും ജോലിയും തട്ടിയെടുത്ത് ആഗ്രഹിച്ചത് കാമുകനൊപ്പമുള്ള സുഖജീവിതം; ആത്മഹത്യ ചെയ്ത വിശാഖിന്റെ സഹോദരന്റെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തൽ മറുനാടനോട്; അമിതാബ് അഴിക്കുള്ളിലെങ്കിലും കാമുകിക്ക് പുറത്ത് സുഖജീവിതം; സൈനികന്റെ മരണത്തിൽ ദുരൂഹത ഏറെ

എം മനോജ് കുമാർ

തിരുവനന്തപുരം: സൈനികൻ വിശാഖിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ഭാര്യാ കാമുകൻ റൂറൽ പൊലീസ് സൂപ്രണ്ട് ഓഫീസിലെ അമിതാബ് അറസ്റ്റിലായെങ്കിലും ഈ കേസിലെ രണ്ടാംപ്രതിയായ വിശാഖിന്റെ ഭാര്യ അഞ്ജന ഇപ്പോഴും പുറത്ത്. വഴിവിട്ട ബന്ധങ്ങളുമായി ജീവിച്ച അമിതാബിന്റെ റിമാൻഡ് കാലാവധി കോടതി ദീർഘിപ്പിച്ചെങ്കിലും വിശാഖിന്റെ ആത്മഹത്യയ്ക്ക് വലിയ പങ്കു വഹിച്ച ഭാര്യ അഞ്ജനയെ പൊലീസ് ഇതുവരെ തൊട്ടില്ല. ഇതിന് പിന്നിൽ ഉന്നത ഇടപെടലുണ്ടെന്നാണ് ആരോപണം. നേരത്തെ ആർദ്രയെന്ന പെൺകുട്ടിയുടെ ആത്മഹത്യയിൽ അമിതാബ് പിടിയിലായപ്പോഴും അതിന് കാരണക്കാരിയായ ഉമ്മയെ പൊലീസ് വെറുതെ വിട്ടിരുന്നു. സമാനമായ ഇടപെടൽ ഇപ്പോഴും നടക്കുന്നതായാണ് സൂചന.

വിശാഖിന്റെ മരണം കഴിഞ്ഞു ഒരു മാസം കഴിഞ്ഞിട്ടും ഈ കേസിൽ രണ്ടാംപ്രതിയായിട്ടും അഞ്ജന ഇപ്പോഴും സർവതന്ത്ര സ്വതന്ത്രയായി പുറത്ത് വിഹരിക്കുകയാണ്. സ്വന്തം വിവാഹം ഒരു കൊടും ചതിയായി മാറിയപ്പോഴാണ് സൈനികൻ വിശാഖ് ആത്മഹത്യ ചെയ്യുന്നത്. ഭാര്യ അഞ്ജനയുടെ ബന്ധങ്ങളുടെ വെളിപ്പെടുത്തലും ഭാര്യാ കാമുകൻ അമിതാബിന്റെ ഭീഷണിയും കാരണമാണ് വിശാഖിനു ആത്മഹത്യയിൽ അഭയം തേടേണ്ടി വന്നത്. ഗുജറാത്ത് ജാം നഗറിൽ സൈനികൻ ആയിരിക്കെയാണ് കഴിഞ്ഞ മാർച്ച് 19 നാണ് സർവീസ് റിവോൾവറിൽ നിന്നും വെടിയുതിർത്ത് വിശാഖ് ജീവിതം അവസാനിപ്പിക്കുന്നത്. വിവാഹം ഒരു കൊടും ചതിയായി മാറിയ അനുഭവം നേരിട്ടപ്പോഴാണ് മനംമടുത്ത് സൈനികൻ സ്വന്തം ജീവിതം നഷ്ടമാക്കിയത്. അഞ്ജനയെന്ന യൂണിവേഴ്സിറ്റി കോളേജ് ഒന്നാം വർഷ ബിഎ വിദ്യാർത്ഥിനിയെ വിവാഹം കഴിച്ച ശേഷം രണ്ടു മാസം തികയും മുൻപ് തന്നെ വിശാഖിനു സ്വന്തം ജീവിതം ത്യജിക്കേണ്ടി വന്നു.

ഭാര്യയായ അഞ്ജനയും കാമുകനായ അമിതാബും ഒരുക്കിയ കെണിയിൽ അകപ്പെട്ടാണ് വിശാഖിന് ജീവിതം ത്യജിക്കേണ്ടി വന്നത്. വിവാഹാലോചനയ്ക്കായി വിശാഖ് സ്വയം തിരഞ്ഞടുത്ത മാട്രിമോണിയൽ സൈറ്റ് വഴിയാണ് പുതുക്കുളങ്ങരയിലുള്ള അഞ്ജനയുടെ ആലോചന ലഭിക്കുന്നത്. ഈ ആലോചന വഴി വിശാഖ് തിരഞ്ഞെടുത്തത് സ്വന്തം മരണം തന്നെയായിരുന്നു. കാമുകനായ അമിതാബിന് ഒപ്പം ജീവിക്കാൻ ഭർത്താവിന്റെ പെൻഷനും ആനുകൂല്യങ്ങളും ഉപയോഗിക്കുക. ഇതായിരുന്നു അഞ്ജനയുടെയും അമിതാബും പദ്ധതിയിട്ടതെന്നാണ് ഉയരുന്ന ആരോപണം. സൈനികന്റെ സഹോദരനാണ് ഈ ആക്ഷേപവുമായി രംഗത്ത് വരുന്നത്. അഭിലാഷ് തന്നെയാണ് അനുജന്റെ മരണത്തിൽ ദുരൂഹത ആരോപിച്ച് പൊലീസിൽ പരാതി കൊടുത്തത്. ഇത് ശരിയാണെന്ന് തിരിച്ചറിഞ്ഞ് അമിതാബിനെ അറസ്റ്റ് ചെയ്തു. അപ്പോഴും അമിതാബിനൊപ്പം ഗൂഢാലോചനയുടെ ഭാഗമായ അഞ്ജനയെ വെറുതെ വിട്ടു. സ്വ്ത്തും ആനുകൂല്യങ്ങളും തട്ടിയെടുക്കാനാണ് അമിതാബ് വിശാഖിനോട് പോയി ആത്മഹത്യ ചെയ്തുകൂടെ എന്ന് ചോദിച്ചത്. ഭാര്യയുടെ വയറ്റിൽ വളരുന്ന കൊച്ച് നിന്റേതല്ല. എന്റേതാണ്. പോയി ആത്മഹത്യ ചെയ്തുകൂടെ എന്നാണ് അമിതാബ് വിശാഖിനോട് പറഞ്ഞത്-വിശാഖിന്റെ സഹോദരൻ അഭിലാഷ് മറുനാടൻ മലയാളിയോട് പറഞ്ഞു.

കഴിഞ്ഞ ജനുവരി ഇരുപതിനാണ് സൈനികനായ വിശാഖും അഞ്ജനയും തമ്മിൽ വിവാഹം കഴിക്കുന്നത്. കാമുകൻ അമിതാബും അഞ്ജനയും തമ്മിലുള്ള ബന്ധത്തിന്റെ ആഴവും പരപ്പും മനസിലാക്കിയപ്പോൾ ഇനി ജീവിതമില്ലെന്ന തോന്നലിലാണ് വിശാഖ് സ്വയം കുരുതി കൊടുത്തത്. തനിക്ക് അമിതാബുമായി ശാരീരിക ബന്ധമുണ്ട്. പല തവണ ഞാൻ അമിതാബുമായി ഒരുമിച്ച് കഴിഞ്ഞിട്ടുണ്ട്. അതുകൊണ്ടാണ് 17 പവന്റെ ആഭരണങ്ങൾ അമിതാബ് ചോദിച്ചപ്പോൾ നൽകിയത്. ഇതാണ് ഫോൺ സംഭാഷണത്തിൽ അഞ്ജന ഭർത്താവ് വിശാഖിനോട് പറഞ്ഞത്. ഇതോടെയാണ് അമിതാബ് എന്റെ ജീവിതം നശിപ്പിച്ചു. എന്റെ ഭാര്യയെ നശിപ്പിച്ചു. അവനുമായുള്ള ഫോൺ സംഭാഷണം ഞാൻ അയക്കുന്നു. അവനെ വിടരുത് എന്ന് സഹോദരനോട് പറഞ്ഞു. അതിനുശേഷമാണ് വിശാഖ് ആത്മഹത്യ ചെയ്യുന്നത്.

മരിക്കുമ്പോൾ വിശാഖിന് വെറും 24 വയസ് മാത്രമായിരുന്നു പ്രായം. അതുകൊണ്ട് തന്നെ വിശാഖിന്റെ ആത്മഹത്യയുമായി പൊരുത്തപ്പെടാൻ വീട്ടുകാർക്ക് കഴിയുന്നുമില്ല. വിവാഹശേഷം വിശാഖ് ഗുജറാത്തിലുള്ള ആർമി ക്യാമ്പിലേക്ക് മടങ്ങിയപ്പോൾ അഞ്ജന ആദ്യം ചെയ്തത് തനിക്കുള്ള 17 പവൻ ആഭരണങ്ങൾ എടുത്ത് പോവുകയായിരുന്നു. ഈ ആഭരണങ്ങൾ മുഴുവൻ അഞ്ജന അമിതാബിനു നൽകിയ കാര്യം വിശാഖിന്റെ വീട്ടുകാർക്കും അഞ്ജനയുടെ വീട്ടുകാർക്കും മനസിലായി. അഞ്ജനയെ ചോദ്യം ചെയ്തപ്പോൾ ആദ്യം പറഞ്ഞത് ഒരു ഫാമിലി ഫ്രണ്ടിന് നൽകി എന്നാണ്. പിന്നെ ഒരു ബന്ധുവിന് നൽകി എന്ന് പറഞ്ഞു. അതിനുശേഷമാണ് അമിതാബിനു ആഭരണങ്ങൾ നൽകിയ കാര്യം അഞ്ജന വെളിപ്പെടുത്തുന്നത്.

ഇത് മനസിലാക്കിയ വിശാഖ് ഗുജറാത്തിൽ ഇരുന്നു ഫോൺ വഴി വിശദാംശങ്ങൾ അഞ്ജനയിൽ നിന്നും തിരക്കി. ഇതോടെ നിൽക്കക്കള്ളിയില്ലാത്ത അഞ്ജന എല്ലാ കാര്യങ്ങളും വിശാഖിനെ അറിയിച്ചു. ഇത് മനസിലാക്കിയതോടെയാണ് അമിതാബ് വിശാഖിനെ വിളിച്ചു ഭീഷണിപ്പെടുത്തിയത്. ഞാൻ അമിതാബ്, നിന്റെ ഭാര്യയുടെ കാമുകൻ. നിന്റെ ഭാര്യയുടെ വയറ്റിലെ കുട്ടി വരെ എന്റേതാണ്. അല്ലാതെ നിന്റേതല്ല. നിനക്ക് പോയി ചത്തുകൂടെ എന്നാണ് അമിതാബ് വിശാഖിനോട് ചോദിച്ചത്. മാർച്ച് 19 ആം തീയതിയാണ് ഈ സംഭാഷണം നടക്കുന്നത്. 19 ആം തീയതി തന്നെ എന്നെ വിളിച്ച് കാര്യങ്ങൾ പറഞ്ഞശേഷം വിശാഖ് ആത്മഹത്യ ചെയ്തു-വിശാഖിന്റെ സഹോദരൻ അഭിലാഷ് മറുനാടൻ മലയാളിയോട് പറഞ്ഞു.

പുതുക്കുളങ്ങരയിലെ സദാശിവന്റേയും മോളിയുടെയും രണ്ടാമത്തെ മകളാണ് അഞ്ജന. സദാശിവൻ വർഷങ്ങളായി ഗൾഫിലാണ്. അഞ്ജനയുടെ മൂത്ത സഹോദരി വിവാഹിതയാണ്. അഞ്ജനയുടെ വിവാഹത്തിനായി മാട്രിമോണിയൽ സൈറ്റിൽ പരസ്യം നൽകിയപ്പോഴാണ് ഈ ആലോചന വിശാഖിന്റെ കയ്യിൽ വരുന്നത്. അഞ്ജനയുടെ പശ്ചാത്തലം വിശദമായി അന്വേഷിക്കുന്നതിൽ ഞങ്ങൾക്ക് തെറ്റുപറ്റി. ആദ്യം അന്വേഷിച്ചവർ എല്ലാം കുഴപ്പമില്ല എന്നാണ് പറഞ്ഞത്. പിന്നെ വിവാഹത്തിന്റെ കാര്യങ്ങൾ നോക്കിയത് വിശാഖ് ആണ്. വിശാഖിനു അഞ്ജനയെ ഇഷ്ടമാകുകയും ചെയ്തു.അതോടെയാണ് വിശാഖിന്റെ വീട്ടുകാർ സമ്മതം മൂളിയത്. ഇപ്പോൾ അന്വേഷിച്ചപ്പോൾ അന്ന് ഞങ്ങൾക്ക് ലഭിക്കാത്ത പല വിവരവും ലഭിക്കുന്നു. പലരും ഞങ്ങളെ വിളിച്ച് പറഞ്ഞു. ഞങ്ങളോട് ഒന്ന് അന്വേഷിക്കാമായിരുന്നില്ലേ എന്ന്. മുൻപ് ലഭിക്കാത്ത പല വിവരവും ഞങ്ങൾക്ക് ലഭിക്കുന്നു. എന്തായാലും വലിയ ചതിയിലാണ് വിശാഖ് ചെന്നുകയറിയത്. അത് വിശാഖിന്റെ ജീവിതം എടുക്കുകയും ചെയ്തു-അഭിലാഷ് പറയുന്നു.

അനിയനെ ചിതയിലേക്ക് എടുത്ത് 15 മിനിറ്റ് കഴിഞ്ഞ് അവൾ കാമുകന് കൊടുത്തിന്റെ ബാക്കി സ്വർണ്ണവുമായി വീടു വിട്ടിറങ്ങി. എന്റെ അനുജൻ കൊടുത്ത ആഭരണങ്ങളും കൊണ്ടു പോയി. അവന്റെ വസ്തുവിന്റെ പ്രമാണങ്ങളും അവന്റെ കാറിന്റെ ആർ സി ബുക്കും കൊണ്ടു പോയി. വസ്ത്രങ്ങളും വിലപിടിപ്പുള്ള സാധനങ്ങളുമായി ബന്ധുക്കൾക്കൊപ്പം കാറിൽ പോവുകയായിരുന്നു-അഭിലാഷ് പറയുന്നു. ഇതില്ലാം ദുരൂഹത കാണുകയാണ് സഹോദരൻ. അനുജൻ സൈന്യത്തിൽ ഇരുന്ന് മരിച്ചതിനാൽ ലഭിക്കാൻ സാധ്യതയുള്ള ആശ്രിത നിയമനവും ആനുകൂല്യങ്ങലും അഞ്ജന ലക്ഷ്യമിട്ടിരുന്നു. ഈ ഗൂഢാലോചനയാണ് അനുജന്റെ ആത്മഹത്യയ്ക്ക് പിന്നിലുള്ള ഫോൺ വിളിക്ക് കാരണമെന്നാണ് വിലയിരുത്തൽ. ഇതെല്ലാം തെളിയണമെങ്കിൽ അഞ്ജനയ്‌ക്കെതിരെ അന്വേഷണം നടക്കണം. അത് നടന്നിട്ടില്ലെന്നത് കുടുംബത്തെ ഇപ്പോഴും അലട്ടുന്നു.

വിശാഖിന്റെ മരണശേഷം ഇപ്പോൾ വിശാഖിന്റെ വീട്ടുകാരും അമിതാബ് കാരണം ആത്മഹത്യ ചെയ്ത ആർദ്രയുടെ വീട്ടുകാരും അമിതാബിന്റെ കേസിന്റെ പിറകെയുണ്ട്. വിശാഖിന്റെ മരണശേഷം ഈ കേസിൽ അമിതാബ് ഇപ്പോൾ റിമാൻഡിൽ തുടരുകയാണ്. ഈ കഴിഞ്ഞ ദിവസം അമിതാബിന്റെ റിമാൻഡ് കാലാവധി കഴിഞ്ഞിരുന്നു. പക്ഷെ കോടതി വീണ്ടും റിമാൻഡ് കാലാവധി വീണ്ടും നീട്ടിയിട്ടുണ്ട്. അമിതാബ് അകത്ത് തുടരുമ്പോൾ വിശാഖിന്റെ മരണത്തിനു കാരണക്കാരനായ വിശാഖിന്റെ ഭാര്യയായിരുന്ന അഞ്ജന ഇപ്പോഴും അകത്താകാത്തതിൽ അമർഷം വിശാഖിന്റെ വീട്ടുകാർക്കുണ്ട്. വിശാഖിന്റെ മരണത്തിൽ ഒന്നാം പ്രതി അമിതാബ് ആണ്. രണ്ടാംപ്രതി അഞ്ജനയുമാണ്. പക്ഷെ ഒന്നാം പ്രതി അകത്തായിട്ടും രണ്ടാം പ്രതി ഇപ്പോഴും പുറത്തു തന്നെയാണ്-രണ്ടാം പ്രതിയേയും അകത്താക്കാൻ ഞങ്ങൾ പൊലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്-അഭിലാഷ് പറയുന്നു.

അമിതാബിന്റെയും ആർദ്രയുടെയും അഞ്ജനയുടെയും വിശാഖിന്റേയും കഥകൾ കേരളം എളുപ്പം മറക്കില്ല. വഴിവിട്ട ബന്ധങ്ങളുടെ വഴിയേ നീങ്ങിയപ്പോൾ രണ്ടുപേർക്ക് ജീവൻ നഷ്ടമായി. ബാക്കിയുള്ള രണ്ടുപേരിൽ ഒരാൾ അഴിക്ക് പുറത്തും ഒരാൾ അഴി കാത്ത് കിടക്കുകയും ചെയ്യുന്നു. വിശാഖിന്റെ മരണത്തിനു കാരണക്കാരിയായിട്ടും സർവ സ്വതന്ത്രയായി വിലസുന്ന അഞ്ജനയെ വൈശാഖിന്റെ മരണത്തിന്റെ പേരിൽ അറസ്റ്റ് ചെയ്യിക്കാനാണ് വിശാഖിന്റെ വീട്ടുകാർ ഒരുങ്ങുന്നത്. അഞ്ജനയും അറസ്റ്റ് ചെയ്യപ്പെടും എന്ന് തന്നെയാണ് ലഭിക്കുന്ന സൂചനകൾ. കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് ഡിവൈഎസ്‌പി അശോകന്റെ നേതൃത്വത്തിലുള്ള സംഘം ഗുജറാത്തിലെ ജാം നഗറിലേക്ക് നീങ്ങുകയാണ്.

കേസിന്റെ തുടർ അന്വേഷണത്തിന് വേണ്ടി. ജാം നഗറിൽവച്ചാണ് അമിതാബിന്റെ ഫോൺ വഴിയുള്ള ഭീഷണി വൈശാഖിനെ തേടി എത്തുന്നത്. ഭാര്യയുമായുള്ള അമിതാബിന്റെ ബന്ധവും കുട്ടിയുടെ പിതൃത്വ പ്രശ്‌നവും അടക്കമുള്ള കാര്യങ്ങൾ അറിഞ്ഞാണ് ഇതേ സൈനിക ക്യാമ്പിൽ വെച്ച് വിശാഖ് ആത്മഹത്യ ചെയ്യുന്നത്. അതുകൊണ്ട് തന്നെ ക്രൈംബ്രാഞ്ച് സംഘത്തിന്റെ ഗുജറാത്ത് അന്വേഷണത്തിന് ശേഷമാകും ഈ കേസിൽ അഞ്ജനയുടെ അറസ്റ്റ് ഉൾപ്പെടെയുള്ള കാര്യങ്ങൾക്ക് തീരുമാനമാകുക.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP