Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

രാഖിയെ കൊന്ന് കുഴിച്ചു മൂടാൻ കുഴി എടുത്തത് കഞ്ചാവ് മണിയനും മക്കളും ചേർന്ന്; കൊലയ്ക്ക് മക്കൾക്ക് അച്ഛന്റെ പിന്തുണ കിട്ടിയെന്ന് ആരോപിച്ച് നാട്ടുകാർ; രണ്ടാം പ്രതി രാഹുൽ കുറ്റസമ്മതം നടത്തിയെന്ന് പൊലീസ്; കാറിൽ വച്ച് യുവതിയെ കഴുത്തു ഞെരിച്ച് കൊന്ന് കുഴിച്ചു മൂടിയെന്ന് സമ്മതിച്ച് രാഹുലും; പട്ടാളക്കാരൻ അഖിലും ഉടൻ കുടുങ്ങിയേക്കും; അമ്പൂരിയിലെ ക്രൂരതയിൽ അഖിലിന്റെ അച്ഛനും അമ്മയ്ക്കും പങ്കെന്ന് ആരോപിച്ച് രാഖിയുടെ അച്ഛൻ; ഇനി അറിയേണ്ടത് രാജപ്പൻ നായർ പ്രതിയാകുമോ എന്ന് മാത്രം

രാഖിയെ കൊന്ന് കുഴിച്ചു മൂടാൻ കുഴി എടുത്തത് കഞ്ചാവ് മണിയനും മക്കളും ചേർന്ന്; കൊലയ്ക്ക് മക്കൾക്ക് അച്ഛന്റെ പിന്തുണ കിട്ടിയെന്ന് ആരോപിച്ച് നാട്ടുകാർ; രണ്ടാം പ്രതി രാഹുൽ കുറ്റസമ്മതം നടത്തിയെന്ന് പൊലീസ്; കാറിൽ വച്ച് യുവതിയെ കഴുത്തു ഞെരിച്ച് കൊന്ന് കുഴിച്ചു മൂടിയെന്ന് സമ്മതിച്ച് രാഹുലും; പട്ടാളക്കാരൻ അഖിലും ഉടൻ കുടുങ്ങിയേക്കും; അമ്പൂരിയിലെ ക്രൂരതയിൽ അഖിലിന്റെ അച്ഛനും അമ്മയ്ക്കും പങ്കെന്ന് ആരോപിച്ച് രാഖിയുടെ അച്ഛൻ; ഇനി അറിയേണ്ടത് രാജപ്പൻ നായർ പ്രതിയാകുമോ എന്ന് മാത്രം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: രാഖിയെ കൊന്ന് കുഴിച്ചു മൂടുമ്പോൾ കുഴിയെടുക്കാൻ അച്ഛൻ കഞ്ചാവ് മണിയനും മക്കൾക്കൊപ്പം ഉണ്ടായിരുന്നുവെന്ന് സംശയിച്ച് നാട്ടുകാർ. അതിനിടെ കേസിലെ രണ്ടാം പ്രതി രാഹുലിന് പൊലീസ് അറസ്റ്റ് ചെയ്തു. തൃശൂരിൽ നിന്ന് തിരുവനന്തപുരത്തേക്ക് എത്തിയ രാഹുൽ പിടിയിലായി എന്നാണ് പൊലീസ് പറയുന്നത്. അഖിലന്റെ മൂത്ത സഹോദരനാണ് രാഹുൽ. അച്ഛനും മക്കളും ചേർന്നാണ് പൂവാറുകാരിയായ പെൺകുട്ടിയെ വകവരുത്തിയതെന്ന് നാട്ടുകാർ ആരോപിച്ചിരുന്നു. അച്ഛനും രാഖിയുടെ മരണത്തിന്റെ ഭാഗമായിരുന്നുവെന്നാണ് നാട്ടുകാർ പറയുന്നത്.

രാഖിയെ കാറിൽ വച്ച് കൊന്ന് കഴുത്തു ഞെരിച്ച് കൊന്ന് കുഴിച്ചു മൂടിയെന്നാണ് പൂവാർ പൊലീസിന് രാഹുൽ നൽകിയ മൊഴി. നാടിനെ ഞെട്ടിച്ച അമ്പൂരി കൊലപാതകത്തിൽ അന്വേഷണം ഫലപ്രദമല്ലെന്ന് ആരോപിച്ച് കൊല്ലപ്പെട്ട രാഖിയുടെ കുടുംബം ആരോപിച്ചിരുന്നു. പ്രതികളെ സംരക്ഷിക്കുന്ന വിധത്തിലാണ് പൊലീസ് ഇടപെടൽ. പ്രതികളെ കുറിച്ച് വിവരങ്ങളെല്ലാം പൊലീസിന് അറിയാം. എന്നിട്ടും വിവാദമായ കൊലപാതക കേസിലെ പ്രതികളെ കണ്ടെത്താൻ പൊലീസിന് കഴിഞ്ഞിട്ടില്ലെന്നും പ്രതികൾ സുരക്ഷാ വലയത്തിലാണെന്നും രാഖിയുടെ അച്ഛൻ ആരോപിച്ചിരുന്നു. വിവാഹക്കാര്യം അടക്കം എല്ലാ വിവരങ്ങളും കുടുംബത്തിന് അറിയാമായിരുന്നു എന്നാണ് അന്വേഷണത്തിൽ വെളിവാകുന്നത്. ഇനിയും ഏറെ ദുരൂഹതകൾ സംഭവത്തിന് പിന്നിലുണ്ടെന്നും കൊലപാതകത്തിൽ അഖിലിന്റെ അച്ഛനും അമ്മയ്ക്കും പങ്കുണ്ടെന്നാണ് വിശ്വാസമെന്നും രാഖിയുടെ അച്ഛൻ ആരോപിച്ചു. ഈ ആരോപണത്തിന് പിന്നാലെയാണ് രാഹുലിന്റെ അറസ്റ്റ്. കേസിൽ കഞ്ചാവ് മണിയൻ എന്ന് വിളിക്കുന്ന രാജപ്പൻ നായരും കുടുങ്ങുമെന്ന് ഉറപ്പായിട്ടുണ്ട്.

മുഖ്യ പ്രതി അഖിലിനെ കണ്ടെത്താൻ ഡൽഹി കേന്ദ്രീകരിച്ച് അന്വേഷണം നടക്കുന്നു എന്നാണ് പൊലീസ് പറയുന്നത്. ഇതിനിടെ മകൻ പട്ടാള ഉദ്യോഗസ്ഥരുമൊത്ത് ഉടൻ നാട്ടിലേക്കെത്തുമെന്ന വെളിപ്പെടുത്തലുമായി അഖിലിന്റെ അച്ഛൻ രംഗത്ത് എത്തിയിരുന്നു. മകൻ നിരപരാധിയാണെന്നും അഖിലിന്റെ അച്ഛൻ മണിയൻ പറഞ്ഞു. കഴിഞ്ഞ ദിവസം നിരവധി തവണ മകൻ ഫോൺ ചെയ്തതായും അച്ഛൻ വെളിപ്പെടുത്തി. രാഹുൽ പൊലീസിന് മുമ്പിൽ കീഴടങ്ങിയെന്നും മണിയൻ പറഞ്ഞിരുന്നു. എന്നാൽ കീഴടങ്ങിയതല്ലെന്നും ഇന്ന് അറസ്റ്റ് ചെയ്തതാണെന്നും പൊലീസും വിശദീകരിക്കുന്നു. കേസിൽ അഖിലിന്റെ അറസ്റ്റ് ഏറെ നിർണ്ണായകമാണ്. രാഖിയെ കൊന്ന് കുഴിച്ചു മൂടിയ ശേഷം സ്ഥലത്ത് കിളച്ച് കമുകിൻ തൈ വച്ചിരുന്നു. ഇതിന് പിന്നിലെ ബുദ്ധി അച്ഛൻ മണിയന്റേതാണെന്നാണ് ലഭിക്കുന്ന സൂചന.

തൃശൂരിൽ ഉണ്ടായിരുന്ന പ്രതി തിരുവനന്തപുരത്ത് എത്തി. മലയിൻകീഴിലാണ് ഒളിവിൽ താമസിച്ചത്. ഇവിടെ നിന്നാണ് രാഹുലിനെ പിടികൂടിയതെന്ന് പൊലീസ് പറയുന്നു. അച്ഛൻ മണിയനെതിരെ ആദ്യമായാണ് പ്രതിയുടെ മൊഴി പൊലീസിന് കിട്ടുന്നത്. കഞ്ചാവ് കച്ചവടക്കാരനായിരുന്നു മണിയൻ. മണിയന്റെ അറിവോടെയാണ് കുഴി എടുത്തതെന്നും അച്ഛനെ അറസ്റ്റ് ചെയ്യണമെന്നും നാട്ടുകാർ പറയുന്നു. ഇതിനിടെയാണ് അച്ഛനും അമ്മയ്ക്കും എതിരെ ആരോപണവുമായി രാഖിയുടെ അച്ഛൻ രംഗത്ത് വന്നത്.

അമ്പൂരിയിൽ കൊന്നുകുഴിച്ചുമൂടിയ രാഖിമോളെ ഒന്നാം പ്രതി അഖിൽ ഫെബ്രുവരി 15-നു വിവാഹം കഴിച്ചതാണെന്ന് പൊലീസ് പറയുന്നു. മൃതദേഹത്തിൽനിന്നു താലി കണ്ടെത്തിയിരുന്നെന്നും അന്തിയൂർകോണത്തുള്ള മറ്റാരു പെൺകുട്ടിയുമായി അഖിലിന്റെ വിവാഹം നിശ്ചയിതിനെ രാഖി എതിർത്തതാണ് കൊലപാതകത്തിലേക്കു നയിച്ചതെന്നും നെയ്യാറ്റിൻകര ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പൊലീസ് വ്യക്തമാക്കുന്നു. പട്ടാളത്തിലെ ഡ്രൈവർ കം മെക്കാനിക്കായ അഖിൽ വീട്ടുകാരറിയാതെ എറണാകുളത്തുള്ള ക്ഷേത്രത്തിൽവച്ചാണ് രാഖിമോളുടെ കഴുത്തിൽ താലിചാർത്തിയത്. തുടർന്ന് ഭാര്യാഭർത്താക്കന്മാരെപോലെ ജീവിച്ചു. അണ്ടൂർകോണത്തുള്ള പെൺകുട്ടിയുമായി വിവാഹം നിശ്ചയിച്ചെന്നറിഞ്ഞതോടെ രാഖിമോൾ പലതരത്തിൽ അഖിലിനെ ഭീഷണിപ്പെടുത്തി. ഇതോടെ അഖിലിനും സഹോദരനും പകയായി. മെയ്‌ അവസാനം അഖിൽ പട്ടാളത്തിൽനിന്ന് അവധിക്കുവന്നു. ബന്ധം ഉപേക്ഷിക്കാൻ തയാറാകാത്ത രാഖിമോളെ കൊലപ്പെടുത്താൻ തീരുമാനിച്ചു. ഇതിനായി അഖിലും സഹോദരൻ രാഹുലും ഇവരുടെ സുഹൃത്ത് ആദർശും ഗൂഢാലോചന നടത്തി.

തുടർന്ന് വീടിന്റെ വടക്കുകിഴക്ക് ഭാഗത്ത് കുഴിയെടുത്തു. മൃതദേഹം കുഴിച്ചിട്ടാൽ ദുർഗന്ധം ഉണ്ടാകാതിരിക്കാൻ ഉപ്പും ശേഖരിച്ചു. പുതുതായി വയ്ക്കുന്ന വീട് കാണിക്കാം എന്നു പറഞ്ഞ് രാഖിമോളെ 21-ന് നെയ്യാറ്റിൻകര ബസ് സ്റ്റാൻഡിൽനിന്നു സുഹൃത്തിന്റെ കാറിൽ അമ്പൂരിയിലെ വീട്ടിലേക്കു കൂട്ടിക്കൊണ്ടുവന്നത് അഖിലാണ്. വീടിനു മുന്നിൽ കാർ നിർത്തിയപ്പോൾ സഹോദരൻ രാഹുലും സുഹൃത്ത് ആദർശും അടുത്തേക്കു വന്നു. രാഹുൽ പിന്നിലെ സീറ്റിലേക്കു കയറി എന്റെ അനിയന്റെ വിവാഹം നീ മുടക്കും അല്ലേടി, നീ ജീവിച്ചിരിക്കണ്ടെടി എന്ന് ആക്രോശിച്ചു കൊണ്ട് അഖിലിന്റെ സഹോദരൻ രാഹുലാണ് ആദ്യം രാഖിമോളെ കാറിനുള്ളിൽ വച്ച് ശ്വാസം മുട്ടിച്ചത്. കഴുത്തു ഞെരിച്ച് ബോധരഹിതയാക്കി. ശബ്ദം പുറത്തുകേൾക്കാതിരിക്കാൻ ഈ സമയം അഖിൽ കാർ സ്റ്റാർട്ട് ചെയ്ത് ഇരപ്പിച്ചു. പിന്നീട് അഖിൽ ഡ്രൈവിങ് സീറ്റിൽനിന്ന് ഇറങ്ങി കയർകൊണ്ട് രാഖിയുടെ കഴുത്തിൽ കുരുക്കുണ്ടാക്കി. രാഹുലും അഖിലും ചേർന്ന് കയർ വലിച്ചുമുറുക്കി രാഖിമോളെ കൊലപ്പെടുത്തുകയായിരുന്നെന്നും റിപ്പോർട്ടിൽ പറയുന്നു.

കൊലയ്ക്കുശേഷം മൂവരും ചേർന്ന് വസ്ത്രങ്ങൾ മാറ്റി രാഖിയെ നേരത്തെ തയാറാക്കിയ കുഴിയിലിട്ടശേഷം ഉപ്പിട്ടു മൂടി. ഇതിനു മുകളിൽ കമുകിന്റെ തൈ നട്ടു. പിന്നീട് രാഖിയുടെ വസ്ത്രങ്ങൾ തീവച്ചുനശിപ്പിച്ചെന്നും റിപ്പോർട്ടിൽ പറയുന്നു. അഖിലിനെ തേടി പൊഴിയൂർ എസ്‌ഐ. പ്രസാദിന്റെ നേതൃത്വത്തിൽ അന്വേഷണസംഘം ഡൽഹിക്കു തിരിച്ചതായി നെയ്യാറ്റിൻകര ഡിവൈ.എസ്‌പി പറഞ്ഞു. അഖിലും രാഖിമോളും ആറുവർഷമായി പ്രണയത്തിലായിരുന്നെന്നും രാഖിയെ വിവാഹം കഴിക്കാൻ താൽപര്യമില്ലെന്നു തന്നോടും സഹോദരനോടും അഖിൽ പറഞ്ഞിരുന്നെന്നുമാണ് പൊലീസ് പിടിയിലായ മൂന്നാം പ്രതി ആദർശിന്റെ മൊഴി. ആദർശ് ഇപ്പോൾ റിമാൻഡിലാണ്.

കാണാതായ ദിവസം വൈകിട്ട് രാഖി നെയ്യാറ്റിൻകരയിലെത്തിയതിന്റെ സിസി ടിവി ദൃശ്യങ്ങൾ പൊലീസിനു കിട്ടിയിട്ടുണ്ട്. രാഖിയുടെ സിംകാർഡ് അഖിൽ വാങ്ങിനൽകിയ മറ്റൊരു മെബൈൽ ഫോണിൽ ഇട്ടാണു വിളിച്ചിരുന്നത്. ഈ മൊബൈലും അമ്പൂരിയിലെ വീട്ടുവളപ്പിൽനിന്ന് ഉപേക്ഷിച്ച നിലയിൽ കിട്ടി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP