Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കോൾ സെന്ററിൽ നിന്നുള്ള മിസ്ഡ് കോളിൽ തുടങ്ങിയ പ്രണയം; മറ്റൊരു വിവാഹാലോചനയുടെ പേരുപറഞ്ഞ് കാമുകൻ ബന്ധത്തിൽ നിന്ന് പിന്മാറാൻ ശ്രമിച്ചപ്പോൾ തർക്കം മൂത്തു; കല്യാണം മുടക്കാൻ വിവാഹം ഉറപ്പിച്ചിരുന്ന യുവതിയുടെ വീട്ടിലും കാമുകി എത്തി; പ്രതികാരം തീർക്കാൻ കാറിൽ കയറ്റി കഴുത്തു ഞെരിച്ച് കൊലപ്പെടുത്തി മൃതദേഹത്തിൽ ഉപ്പു വിതറി സ്വന്തം വീട്ടിൽ കുഴിച്ചിട്ടു; കൂട്ടിനുണ്ടായത് സഹോദരനും; രാഖിയെ അഖിൽ ഇല്ലായ്മ ചെയ്തത് പ്രണയം മൂത്ത് പകയായപ്പോൾ; സൈനികന്റെ പകയെ കുറിച്ച് കേട്ട് ഞെട്ടി അമ്പൂരി

കോൾ സെന്ററിൽ നിന്നുള്ള മിസ്ഡ് കോളിൽ തുടങ്ങിയ പ്രണയം; മറ്റൊരു വിവാഹാലോചനയുടെ പേരുപറഞ്ഞ് കാമുകൻ ബന്ധത്തിൽ നിന്ന് പിന്മാറാൻ ശ്രമിച്ചപ്പോൾ തർക്കം മൂത്തു; കല്യാണം മുടക്കാൻ വിവാഹം ഉറപ്പിച്ചിരുന്ന യുവതിയുടെ വീട്ടിലും കാമുകി എത്തി; പ്രതികാരം തീർക്കാൻ കാറിൽ കയറ്റി കഴുത്തു ഞെരിച്ച് കൊലപ്പെടുത്തി മൃതദേഹത്തിൽ ഉപ്പു വിതറി സ്വന്തം വീട്ടിൽ കുഴിച്ചിട്ടു; കൂട്ടിനുണ്ടായത് സഹോദരനും; രാഖിയെ അഖിൽ ഇല്ലായ്മ ചെയ്തത് പ്രണയം മൂത്ത് പകയായപ്പോൾ; സൈനികന്റെ പകയെ കുറിച്ച് കേട്ട് ഞെട്ടി അമ്പൂരി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: പൂവാറിൽ നിന്ന് കാണാതായ യുവതിയെ അമ്പുരിയിൽ കൊന്ന് കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കേസ് വഴിതിരിച്ചു വിടാൻ ആസൂത്രണ ശ്രമം. അഴുകിയ നിലയിലാണ് പൂവാർ സ്വദേശി രാഖി(30)യുടെ മൃതദേഹം പൊലീസ് കണ്ടെടുത്തത്. ഡൽഹിയിൽ സൈനികനായ അമ്പൂരി തട്ടാന്മുക്കിൽ അഖിൽ(27) ആണ് പ്രധാന പ്രതി. അഖിലിന്റെ സഹോദരനും കൊലപാതകത്തിൽ പങ്കുണ്ടെന്നാണ് നിഗമനം.

രാഖിയെ ജൂൺ 21നാണ് കാണാതായത്. അന്ന് നെയ്യാറ്റിൻകരയിൽ കാറുമായെത്തിയ അഖിലിനൊപ്പം യുവതി അമ്പൂരിയിലേക്കു പോകുകയായിരുന്നു. നിർമ്മാണത്തിലിരിക്കുന്ന വീട്ടിൽ ഇരുവരും എത്തുമ്പോൾ അഖിലിന്റെ ജ്യേഷ്ഠനും അവിടെ ഉണ്ടായിരുന്നുവെന്നു കരുതുന്നു. കൊലപാതകത്തിനു ശേഷം യുവതിയുടെ സിം മറ്റൊരു ഫോണിലുപയോഗിച്ച്, കൊല്ലം സ്വദേശിക്കൊപ്പം താൻ പോകുന്നുവെന്ന വ്യാജ സന്ദേശവും പ്രതികൾ അയച്ചു. അന്വേഷണം വഴി തെറ്റിക്കാനായിരുന്നു ഇത്.

കൊല്ലപ്പെട്ട രാഖി, അഖിൽ എന്ന യുവാവുമായി വർഷങ്ങളായി പ്രണയത്തിലായിരുന്നതായി പറയപ്പെടുന്നു. ഒരു മിസ്സ്‌കോൾ വഴി പ്രണയത്തിലായതാണ്. എറണാകുളത്ത് ഒരു സ്വകാര്യ ചാനലിലെ കോൾ സെന്ററിൽ ജോലി ചെയ്തു വരികയായിരുന്ന രാഖി. തന്നെ വിവാഹം ചെയ്യാൻ അഖിലേഷിനോട് നിരന്തരം ആവശ്യപ്പെട്ടിരുന്നതായി പറയപ്പെടുന്നു. മറ്റൊരു വിവാഹത്തിന് തയ്യാറെടുക്കുന്നതറിഞ്ഞ് അഖിലേഷിനെ രാഖി തേടിയെത്തുകയായിരുന്നു കരുതപ്പെടുന്നു. രാഖിയെ ഒഴിവാക്കാനായി ശ്രമിച്ചെങ്കിലും വഴങ്ങാത്തതിനാൽ മറ്റൊരാളുടെ സഹായത്തോടെ കൊലപ്പെടുത്തി ഉപ്പു ചേർത്ത് വീട്ടുവളപ്പിൽ കുഴിച്ചിട്ടതായി കരുതുന്നു. കൊലക്കും കുഴിച്ചിടാനും അഖിലിനെ സഹായിച്ച സമീപവാസിയും ബന്ധുവുമായ ആദർശ് (29) നെ പൊലീസ് അറസ്റ്റു ചെയ്തു. അഖിലും പിതാവും സഹോദരനും ഒളിവിലാണ്.

കൊലപാതകത്തിൽ പങ്കുണ്ടെന്നു കരുതുന്ന അയൽവാസിയായ ആദർശിൽ നിന്നാണ് മൃതദേഹം സംബന്ധിച്ച ആദ്യ സൂചന പൊലീസിനു ലഭിച്ചത്. തുടർന്നു നടത്തിയ പരിശോധനയിലാണ് സൈനികനായ സുഹൃത്തിന്റെ നിർമ്മാണം നടക്കുന്ന വീടിനു സമീപമുള്ള റബർ പുരയിടത്തിൽ നിന്ന് മൃതദേഹം കണ്ടെടുത്തത്. അഖിൽ കുറെക്കാലമായി രാഖിയുമായി അടുപ്പത്തിലായിരുന്നുവെന്നു ബന്ധുക്കൾ പൊലീസിനു മൊഴിനൽകി. മുഖ്യപ്രതിയായ സൈനികനുവേണ്ടി പൊലീസ് തിരച്ചിൽ തുടരുകയാണ്. അഖിൽ കൊലപാതകത്തിനു ശേഷം തിരികെ ജോലിയിൽ പ്രവേശിച്ചിട്ടില്ല.

അഖിലും സഹോദരൻ രാഹുലും സുഹൃത്തായ ആദർശും ചേർന്നാണ് കൊലപാതകം നടത്തിയതെന്ന് പൊലീസ് പറഞ്ഞു. സഹോദരൻ രാഹുലും ഒളിവിലാണ്. അമ്പൂരി തട്ടാന്മുക്കിൽ അഖിലിന്റെ നിർമ്മാണത്തിലിരിക്കുന്ന വീടിന്റെ പിൻഭാഗത്തു നിന്നാണ് മൃതദേഹം കിട്ടിയത്. ഒരു മാസം പഴക്കമുണ്ടെന്നു കരുതുന്ന മൃതദേഹം ജീർണിച്ച നിലയിലാണ്. കഴുത്തു ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പൊലീസ് നിഗമനം. നഗ്നമായ നിലയിലുള്ള മൃതദേഹത്തിൽ ഉപ്പു വിതറിയിട്ടുണ്ട്. മൃതദേഹം കണ്ടെത്തിയ പുരയിടം മുഴുവൻ പുല്ലുവെട്ടി കിളയ്ക്കുകയും കമുകിന്റെ തൈകൾ വച്ചുപിടിപ്പിക്കുകയും ചെയ്തിട്ടുണ്ട്.

അഖിലിന് മറ്റൊരു വിവാഹം നിശ്ചയിച്ചതറിഞ്ഞ് രാഖി, ആ പെൺകുട്ടിയെ നേരിൽകണ്ട് വിവാഹത്തിൽനിന്നു പിന്മാറണമെന്ന് അഭ്യർത്ഥിച്ചിരുന്നു. യുവതി പ്രണയത്തിൽ നിന്നു പിന്മാറാത്തതാണ് കൊലപാതകത്തിലേക്കു നയിച്ചതെന്നു കരുതുന്നു. ഇക്കഴിഞ്ഞ മാസം 21 മുതൽ രാഖിയെ കാണാതാെയന്ന പരാതി പൂവാർ പൊലീസ് സ്റ്റേഷനിൽ രക്ഷിതാക്കൾ നൽകിയിരുന്നു. പൊലീസ് അന്വേഷണം തുടരവേയാണ് മൃതദ്ദേഹം കണ്ടെടുത്തത്. രാഖിയുടെ ആറാം വയസ്സിൽ മാതാവ് സിൽവി മരണപ്പെട്ടിരുന്നു. പിതാവ് മോഹനൻ എന്നു വിളിക്കുന്ന രാജയ്യൻ നാടാർ ഹോട്ടൽ തൊഴിലാളിയാണ്. സഹോദരൻ ജോയി.

നെയ്യാറ്റിൻകര ഡിവൈഎസ്‌പി അനിൽകുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് നിർമ്മാണം പൂർത്തിയായി വരുന്ന അഖിലേഷിന്റെ വീട്ടുവളപ്പിൽ നിന്ന് മൃതദേഹം കഴിച്ചെടുത്തത്. വൻ ജനാവലി സ്ഥലത്ത് തടിച്ചുകൂടിയിരുന്നു. മൃതദേഹത്തിന്റെ പിൻ കഴുത്തിൽ ആഴമേറിയ മുറിവുണ്ടായിരുന്നു. ഈ മുറിവാകാം മരണകാരണമെന്നു കരുതപ്പെടുന്നു.മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് സംഭവം പുറത്തു കൊണ്ടുവന്നത്. ഫോറൻസിക് പരിശോധനകൾ പൂർത്തിയായാൽ മാത്രമേ കൊലപാതകത്തെക്കുറിച്ച് പൂർണ്ണവിവരം ലഭിക്കുകയുള്ളുവെന്നും പ്രതികളെ അറസ്റ്റ് ചെയ്യുന്നതിനുള്ള നടപടികൾ ഉടൻ പൂർത്തിയാക്കുമെന്നും ഡിവൈഎസ്‌പി പറഞ്ഞു.

എറണാകുളത്ത് കോൾസെന്റർ ജീവനക്കാരിയായ രാഖി ജോലിസ്ഥലത്തേക്ക് പോകുന്നു എന്ന് അറിയിച്ച് വീട്ടിൽ നിന്നിറങ്ങുകയായിരുന്നു. കാണാതായതോടെ വീട്ടുകാർ പൊലീസിൽ പരാതി നൽകി. രാഖിയുടെ ഫോൺ കോൾ വിവരങ്ങൾ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് സുഹൃത്തായ സൈനികൻ അഖിലിലേക്ക് പൊലീസ് എത്തിയത്. തുടർന്ന് അഖിലിന്റെ വീടും പരിസരവും കേന്ദ്രീകരിച്ച് അന്വേഷണം നടത്തി. അഖിലിന്റെ സുഹൃത്തിനെ ചോദ്യം ചെയ്തതതോടെയാണ് സംഭവത്തിന്റെ ചുരുൾ അഴിഞ്ഞത്.

ഇയാൾ നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ അഖിലിന്റെ നിർമ്മാണം നടക്കുന്ന വീട്ടിൽ നിന്നും മൃതദേഹം കണ്ടെത്തി. മൃതദേഹം കുഴിച്ചിട്ട സ്ഥലം കാട്ടികൊടുത്ത അഖിലിന്റെ സുഹൃത്തിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. രാഖിയുമായി അഖിൽ സഞ്ചരിച്ച കാർ തമിഴ്‌നാട്ടിലെ തൃപ്പരപ്പിൽ പൊലീസ് കസ്റ്റഡിയിലെടുത്തതായാണ് സൂചന.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP