Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

അമല വിവാഹത്തിന് മുമ്പും ആത്മഹത്യക്ക് ശ്രമിച്ചിരുന്നു; താൻ ഭാര്യയുമായി നല്ല സ്‌നേഹത്തിലായിരുന്നു; ഗർഭിണിയായ വിവരം അറിയിച്ചില്ലെന്ന ഭാര്യവീട്ടുകാരുടെ ആരോപണം കള്ളം; യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവ് രഞ്ജിത് മറുനാടനോട്; ആത്മഹത്യ അല്ലെന്ന് അമലയുടെ ബന്ധുക്കൾ

അമല വിവാഹത്തിന് മുമ്പും ആത്മഹത്യക്ക് ശ്രമിച്ചിരുന്നു; താൻ ഭാര്യയുമായി നല്ല സ്‌നേഹത്തിലായിരുന്നു; ഗർഭിണിയായ വിവരം അറിയിച്ചില്ലെന്ന ഭാര്യവീട്ടുകാരുടെ ആരോപണം കള്ളം; യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവ് രഞ്ജിത് മറുനാടനോട്; ആത്മഹത്യ അല്ലെന്ന് അമലയുടെ ബന്ധുക്കൾ

ആർ പീയൂഷ്

കൊച്ചി: ഗർഭിണിയായ യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ ബന്ധുക്കളുടെ ആരോപണം നിഷേധിച്ച് ഭർത്താവ്. ഭാര്യയുമായി യാതൊരു പ്രശ്നങ്ങളും നിലവിൽ ഉണ്ടായിരുന്നില്ല എന്നും ഭാര്യയുടെ ബന്ധുവായ സ്ത്രീ അടിസ്ഥാന രഹിതമായ കാര്യങ്ങളാണ് മാധ്യമങ്ങൾക്ക് മുന്നിൽ പറഞ്ഞതെന്നും യുവതിയുടെ ഭർത്താവ് പറവൂത്തറ അയിക്കത്തറ രഞ്ജിത്ത് മറുനാടനോട് പറഞ്ഞു. അമല വിവാഹത്തിന് മുൻപ് ആത്മഹത്യക്ക് ശ്രമിച്ചിരുന്നതായും അന്ന് സുഹൃത്ത് എത്തി രക്ഷപെടുത്തുകയായിരുന്നു എന്നും രഞ്ജിത്ത് പറഞ്ഞു.

രഞ്ജിത്തിന്റെ ഭാര്യ തിരുവനന്തപുരം സ്വദേശിനിയായ അമല(24) കഴിഞ്ഞ ദിവസമാണ് ആത്മഹത്യ ചെയ്തത്. ഇതിന് പിന്നാലെയാണ് അമലയെ ഭർതൃവീട്ടുകാർ ഫോൺ ഉപയോഗിക്കാൻ അനുവദിച്ചിരുന്നില്ല എന്നും വീട്ടിലേയ്ക്കു വിളിക്കുന്നതിനും ഫോൺ നൽകിയില്ലാ എന്നും ബന്ധുക്കൾ ആരോപണം ഉന്നയിച്ചെത്തിയത്. യുവതി ഗർഭിണിയായ വിവരംപോലും വീട്ടുകാർ അറിഞ്ഞില്ല എന്നും അവർ പറഞ്ഞിരുന്നു.

എന്നാൽ ഈ ആരോപണങ്ങൾ എല്ലാം രഞ്ജിത്ത് നിഷേധിച്ചു. ഭാര്യയുമായി നല്ല സ്നേഹത്തിലായിരുന്നു എന്നും ഗർഭിണിയായ വിവരം ഭാര്യയുടെ വീട്ടുകാരെ അറിയിച്ചിരുന്നു എന്നും രഞ്ജിത്ത് പറഞ്ഞു. അമലയുടെ വീട്ടുകാർ ഇവിടേക്ക് വരില്ലായിരുന്നു. കൂടാതെ അമല മാനസികമായി ചില പ്രയാസങ്ങൾ അനുഭവിച്ചിരുന്നതായും രഞ്ജിത്ത് മറുനാടനോട് പറഞ്ഞു.

വിവാഹത്തിന് മുൻപ് ചില പ്രശ്നങ്ങൾ ജീവിതത്തിലുണ്ടായിരുന്നതായി അമല പറഞ്ഞിരുന്നു. ഇത് പലപ്പോഴും ആലോചിച്ച് മാനസികമായി ഏറെ വിഷമിച്ചിരുന്നു. അതൊക്കെ സാരമില്ല എന്ന് പറഞ്ഞ് ആശ്വസിപ്പിച്ച് ചേർത്ത് പിടിച്ച് സന്തോഷത്തോടെ ജീവിക്കുകയായിരുന്നു. ചെറിയ പിണക്കങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിലും ആത്മഹത്യയിലേക്ക് പോകേണ്ട സംഭവങ്ങൾ ഉണ്ടായിട്ടില്ല. വിവാഹ ശേഷമാണ് അവൾ ജീവിതത്തിൽ സന്തോഷമെന്തെന്ന് അറിഞ്ഞത്. പക്ഷേ അമലയുടെ വീട്ടുകാർ പക്ഷേ ഞങ്ങളോട് അകൽച്ച കാട്ടുകയാണ് ചെയ്തത് എന്നും രഞ്ജിത്ത് പറയുന്നു. അവൾ ഇങ്ങനെ ചെയ്യുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല. രാവിലെ ഞാൻ ഓട്ടത്തിന് പോയിരിക്കുകയായിരുന്നു. എത്ര സന്തോഷത്തോടെയാണ് ഞങ്ങൾ കഴിഞ്ഞിരുന്നത്. എനിക്കിത് താങ്ങാൻ കഴിയാത്ത വേദനയാണുണ്ടാക്കുന്നത്; രഞ്ജിത്ത് പറഞ്ഞു.

അതേ സമയം അമലയുടെ ബന്ധുക്കൾ ആത്മഹത്യയാണെന്ന് വിശ്വസിക്കാൻ ബുദ്ധിമുട്ടുണ്ടെന്നാണ് പറയുന്നത്. അമല സ്വന്തം വീട്ടുകാരുമായി സംസാരിച്ചിട്ടുപോലും ആറുമാസത്തിലേറെയായെന്നു ബന്ധുക്കൾ പറയുന്നു. അമലയും രഞ്ജിത്തും അച്ഛൻ അശോകനും അമ്മ ബിന്ദുവുമായിരുന്നു വീട്ടിലെ താമസക്കാർ. വീട്ടുജോലികൾ ചെയ്യാൻ അറിയില്ലെന്ന് ആരോപിച്ചു പെൺകുട്ടിയുമായി എപ്പോഴും വഴക്കിട്ടു. പ്രശ്നങ്ങൾ പറഞ്ഞുതീർക്കാൻ ബന്ധുക്കൾ ഇടപെട്ടെങ്കിലും കലഹം ആവർത്തിക്കുകയായിരുന്നു.

വീട്ടുകാർക്കു ബുദ്ധിമുട്ടുണ്ടെങ്കിൽ സ്വന്തം വീട്ടിലേയ്ക്കു വിടാൻ ആവശ്യപ്പെട്ടെങ്കിലും അവർ തയാറായില്ല. അടുത്തു താമസിക്കുന്ന ബന്ധുവീട്ടിലെങ്കിലും നിർത്താൻ പറഞ്ഞിട്ടും അനുസരിച്ചില്ല. രണ്ടര മാസം മുൻപ് അമലയെ നേരിൽകണ്ടു സംസാരിച്ചെങ്കിലും ഭർതൃവീട്ടുകാർ അടുത്തു നിന്നതിനാൽ എന്തെങ്കിലും പ്രശ്നമുണ്ടോ എന്നു തുറന്നുപറയാൻ സാധിച്ചില്ലെന്നു ലാവണ്യ പറയുന്നു. പിതാവ് ഇടയ്ക്കു കൂട്ടിക്കൊണ്ടു പോകാൻ വന്നെങ്കിലും മാനസികമായി പീഡിപ്പിച്ച് തിരിച്ചയച്ചു. താലിമാല ഊരിവച്ചിട്ടു വേണമെങ്കിൽ കൊണ്ടുപൊയ്ക്കൊള്ളാനാണ് വീട്ടുകാർ പറഞ്ഞിരുന്നതെന്നും ബന്ധുക്കൾ ആരോപിക്കുന്നു

ഇന്നലെ ഉച്ചയോടെയാണ് അമലയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയതെന്നാണ് ഭർതൃവീട്ടുകാർ അറിയിച്ചത്. ആശുപത്രിയിൽ എത്തിക്കാൻ ശ്രമിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു എന്നു പറഞ്ഞു. 2020 ഓഗസ്റ്റിലാണു തിരുവനന്തപുരം വള്ളക്കടവ് സ്വദേശിനി അമലയും പറവൂർ സ്വദേശിയായ രഞ്ജിത്തും തമ്മിലുള്ള വിവാഹം നടന്നത്. ഭർതൃവീട്ടുകാരുടെ മാനസിക പീഡനമാണു മരണത്തിനു കാരണമെന്നു യുവതിയുടെ ബന്ധുക്കൾ ആരോപിച്ചു. അസ്വാഭാവിക മരണത്തിനു നോർത്ത് പറവൂർ പൊലീസ് കേസെടുത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP