Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സ്ത്രീപീഡനങ്ങൾ മുളയിലെ നുള്ളിക്കളയുമെന്ന രജിസ്ട്രാറുടെ വാഗ്ദാനം ചീട്ടുകൊട്ടാരം പൊലെ പൊളിഞ്ഞു; സംഭവം രജിസ്ട്രാർ അറിയാതെ കോളേജ് ഡീൻ ഒതുക്കി തീർത്തു; കേരള കാർഷിക സർവകലാശാലയിൽ വീണ്ടും പീഡനാരോപണം; ലൈബ്രറി താൽകാലിക ജീവനക്കാരിയെ വിരമിച്ച ഉദ്യോഗസ്ഥൻ പീഡിപ്പിച്ചെന്ന ആരോപണം മുക്കിയത് ഇരുചെവി അറിയാതെ

സ്ത്രീപീഡനങ്ങൾ മുളയിലെ നുള്ളിക്കളയുമെന്ന രജിസ്ട്രാറുടെ വാഗ്ദാനം ചീട്ടുകൊട്ടാരം പൊലെ പൊളിഞ്ഞു; സംഭവം രജിസ്ട്രാർ അറിയാതെ കോളേജ് ഡീൻ ഒതുക്കി തീർത്തു; കേരള കാർഷിക സർവകലാശാലയിൽ വീണ്ടും പീഡനാരോപണം; ലൈബ്രറി താൽകാലിക ജീവനക്കാരിയെ വിരമിച്ച ഉദ്യോഗസ്ഥൻ പീഡിപ്പിച്ചെന്ന ആരോപണം മുക്കിയത് ഇരുചെവി അറിയാതെ

മറുനാടൻ മലയാളി ബ്യൂറോ

തൃശൂർ: കേരള കാർഷിക സർവ്വകലാശാലയിൽ വീണ്ടും സ്ത്രീപീഡനം. സർവകലാശാല ലൈബ്രറിയിലെ താൽക്കാലിക ജീവനക്കാരിയെ പീഡിപ്പിച്ചത് സർവീസിൽ നിന്ന് ഒന്നരക്കൊല്ലം മുമ്പ വിരമിച്ച ഉദ്യോഗസ്ഥനാണ്. ഇരയിൽ നിന്ന് പരാതി വാങ്ങിയ കോളേജ് ഡീൻ സർവകലാശാല രജിസ്ട്രാർ അറിയാതെ സംഭവം ഒതുക്കി തീർത്തു. ഇനിയൊരു സ്ത്രീയും പീഡിപ്പിക്കപ്പെടില്ലെന്നും സ്ത്രീപീഡനങ്ങൾ മുളയിലെ നുള്ളിക്കളയുമെന്നുമെന്നുമുള്ള വാഗ്ദാനത്തോടെയാണ് സർവകലാശാലയുടെ പുതിയ രജിസ്ട്രാർ ഡോ.ഗീതക്കുട്ടി അധികാരമേറ്റത്. സർവ്വകലാശാല വൈസ് ചാൻസലർ ഡോ. ചന്ദ്രബാബുവിനും സംഭവം തലവേദനയാവുകയാണ്.

സർവകലാശാലയിൽ അടിക്കടിയുണ്ടായ മൂന്നു സ്ത്രീപീഡനങ്ങൾക്ക് പിന്നാലെയാണ് വീണ്ടും നാണക്കേടിലാഴ്‌ത്തുന്ന സംഭവം. ഇതോടെ സർവ്വകലാശാലയിൽ മൊത്തം സ്ത്രീപീഡനം ഏകദേശം പതിനഞ്ചായി. സർവ്വകലാശാലയുടെ കോഓപ്പറേഷൻ ആൻഡ് ബാങ്കിങ് കോളജിലാണ് സംഭവം. ഈ കോളജിലെ ലൈബ്രറിയിലാണ് സ്ത്രീപീഡനം അരങ്ങേറിയത്. സർവ്വീസിൽ നിന്ന് ഒന്നര കൊല്ലം മുമ്പ് വിരമിച്ച ഒരു ഉദ്യോഗസ്ഥനാണ് ലൈബ്രറിയിലെ താൽക്കാലിക ജീവനക്കാരിയെ പീഡിപ്പിച്ചതായി ആരോപണം ഉയർന്നിരിക്കുന്നത്.

ഏകദേശം ഒരാഴ്ച മുമ്പ് നടന്ന സംഭവം സർവ്വകലാശാല അധികാരികളെ അറിയിക്കാതെയാണ് കോ ഓപ്പറേഷൻ ആൻഡ് ബാങ്കിങ് കോളജിലെ ഡീനും അഡ്‌മിനിസ്‌ട്രേട്ടീവ് ഓഫീസറും ഇരയും വേട്ടക്കാരനും കൂടി സമവായത്തിലെത്തി അവസാനിപ്പിച്ചത്. ഇരയുടെ പരാതി കണക്കിലെടുത്ത് അവരെ ലൈബ്രറിയിൽ നിന്ന് കോളജ് ഓഫീസിലേക്ക് സ്ഥലം മാറ്റുകയായിരുന്നു. ഓഫീസിലെ മറ്റൊരു താൽക്കാലിക പുരുഷ ജീവനക്കാരനെ ലൈബ്രറിയിലേക്കും സ്ഥലം മാറ്റി നിയമിച്ചുകൊണ്ട് പ്രശ്‌നം ഒതുക്കിത്തീർക്കുകയായിരുന്നു. ഈ സംഭവങ്ങളൊന്നും തന്നെ സർവ്വകലാശാല രജിസ്റ്റ്രാറെയോ സർവ്വകലാശാലയിലെ വനിതാ തർക്ക പരിഹാര കേന്ദ്രത്തേയോ അറിയിച്ചില്ല.

കോ ഓപ്പറേഷൻ ആൻഡ് ബാങ്കിങ് കോളജുമായി ബന്ധപ്പെട്ടപ്പോൾ പ്രതികരണം ഇങ്ങനെയായിരുന്നു:''അതൊരു വലിയ സ്ത്രീപീഡനമൊന്നുമല്ല. പരാതിയിന്മേൽ ഞങ്ങൾ അന്വേഷണം നടത്തി. ജീവനക്കാരിയെ ഓഫീസിലേക്ക് സ്ഥലം മാറ്റി. പ്രതിയെ കാര്യങ്ങൾ പറഞ്ഞുമനസ്സിലാക്കി. പ്രശ്‌നം അവിടെ അവസാനിച്ചതാണ്. ഇവിടെ നാലുപേർക്ക് മാത്രം (ഡീൻ, അഡ്‌മിനിസ്‌ട്രേട്ടീവ് ഓഫീസർ, ഇര, വേട്ടക്കാരൻ) അറിയുന്ന ഈ സംഭവം നിങ്ങൾ എങ്ങനെ അറിഞ്ഞു?''

സർവ്വകലാശാലയിൽ നിന്ന് വിരമിക്കുന്നവർ തന്നെ സ്ത്രീപീഡനങ്ങളിൽ പ്രതികളാവുന്നത് സർവ്വകലാശാലയിൽ പതിവായിരിക്കുന്നു. സർവ്വകലാശാലയിൽ നിന്ന് വിരമിക്കുന്ന അദ്ധ്യാപകരടക്കം പലരും ഇപ്പോഴും സർവ്വകലാശാലയിൽ ഇമ്മാതിരി വിലസുന്നുണ്ടെന്ന ആരോപണവും നിലനിൽക്കുന്നുണ്ട്. ഏകദേശം രണ്ടു മാസങ്ങൾക്ക് മുമ്പാണ് സർവ്വകലാശാലയുടെ തന്നെ കണ്ണാറ വാഴഗവേഷണ കേന്ദ്രത്തിൽ സമാനമായ സംഭവം അരങ്ങേറിയത്. രണ്ടിടത്തും ഇരകൾ കൊടുക്കുന്ന പരാതിയിന്മേൽ ഒത്തുതീർപ്പ് നടത്തി പരാതി ഇല്ലാതാക്കുന്ന തന്ത്രമാണ് സർവ്വകലാശാല സ്വീകരിക്കുന്നത്.

എന്നാൽ ഇപ്പോൾ സ്ത്രീപീഡനം നടന്ന കോ ഓപ്പറേഷൻ ആൻഡ് ബാങ്കിങ് കോളജിലെ സ്ഥിതി വ്യത്യസ്ഥമാണ്. ഇവിടെ പ്രതിയെന്നു സംശയിക്കുന്നയാൾ കേരള സർവ്വീസ് ചട്ടപ്രകാരം 2016 ഓഗസ്റ്റ് 31 ന് 56 വയസ്സ് പൂർത്തിയാക്കി സർവ്വീസിൽ നിന്ന് വിരമിച്ച ആളാണ്. എന്നാൽ 60 വയസ്സുവരെ സർവ്വീസ് നീട്ടിക്കിട്ടുവാൻ വേണ്ടി ഇയാൾ ഹൈക്കോടതിയെ സമീപിച്ചിരിക്കുന്ന സാഹചര്യത്തിൽ അന്തിമ വിധി വരുംവരേക്ക് സർവ്വീസിൽ ഉപാധികളോടെ തുടരാൻ കോടതി അനുവദിച്ചിരിക്കുകയാണ്.

അതുകൊണ്ടുതന്നെ ഇയാൾക്കെതിരെ കേരള സർവ്വീസ് ചട്ടങ്ങൾ അനുസരിച്ച് നടപടിയെടുക്കാൻ സർവ്വകലാശാലക്ക് കഴിയില്ല. കേരള സർവ്വീസ് ചട്ടങ്ങൾ അനുസരിച്ച് ഇയാൾക്ക് സർവ്വകലാശാലയിൽ ഹാജർ രേഖപ്പെടുത്തുന്നതിനോ ശമ്പളം കൈപറ്റുന്നതിനോ സാധ്യമല്ലെന്നും അറിയുന്നു. അക്കാരണം കൊണ്ടുതന്നെ സർവ്വകലാശാലക്ക് ഇയാൾക്കെതിരെ സർവ്വീസ് ചട്ടങ്ങളനുസരിച്ച് യാതൊരുവിധ അച്ചടക്ക നടപടികളും സ്വീകരിക്കാനാവില്ല. അതു കൊണ്ടുകൂടിയാണ് ഇപ്പോൾ അരങ്ങേറിയ സ്ത്രീപീഡനം ഒതുക്കിത്തീർക്കാൻ സർവ്വകലാശാല നിർബന്ധിതമായിരിക്കുന്നതെന്നും പറയപ്പെടുന്നു.

ഏകദേശം പതിനഞ്ചോളം സ്ത്രീപീഡന കേസ്സുകൾ കേരള കാർഷിക സർവ്വകലാശാലയിൽ നിന്ന് റിപ്പോർട്ട് ചെയ്തിട്ടുണ്ടെങ്കിലും ഒരു കേസ്സിൽപോലും പ്രതികൾ ശിക്ഷിക്കപ്പെട്ടിട്ടില്ല. എല്ലാ കേസുകളും സർവ്വകലാശാലയിൽ വച്ചുതന്നെ ഒത്തുതീർക്കുകയാണ് പതിവ്.

എന്നാൽ ഈയ്യിടെ സർവ്വകലാശാലയുടെ രജിസ്റ്റ്രാർ കസേരയിലെത്തിയ സർവ്വകലാശാലയുടെ മുൻ വനിതാ തർക്ക പരിഹാര സെല്ലിന്റെ അധ്യക്ഷയും സ്ത്രീ ശാക്തീകരണ പ്രവർത്തകയും കൂടിയായ ഡോ. ഗീതക്കുട്ടിയുടെ നടപടികൾ സർവ്വകലാശാലയിലെ സ്ത്രീജീവനക്കാർക്ക് ആശാവഹമായിരുന്നു.

കഴിഞ്ഞ ദിവസങ്ങളിൽ റിപ്പോർട്ട് ചെയ്ത രണ്ടു സ്ത്രീപീഡന കേസ്സുകളിലും ഡോ. ഗീതക്കുട്ടി ഇരകൾക്ക് ഒപ്പം നിന്ന് നീതി നടപ്പാക്കാനുള്ള ധൈര്യം കാണിച്ചിരുന്നു. ഡോ. ഗീതക്കുട്ടി ചാർജെടുത്ത് ദിവസങ്ങൾക്കുള്ളിൽ രണ്ടു സ്ത്രീപീഡകരായ ശാസ്ത്രജ്ഞന്മാർക്കെതിരെ നടപടിയെടുത്തിരുന്നു.

സർവ്വകലാശാലയുടെ ഫാക്കൽറ്റി ഹോസ്റ്റലിൽ താൽക്കാലിക ജീവനക്കാരിയെ പീഡിപ്പിച്ച സംഭവത്തിൽ ആരോപണ വിധേയനായ സർവ്വകലാശാലയുടെ പരീക്ഷാ കണ്ട്രോളറായ ഡോ. കൃഷ്ണകുമാറിനെ തൽസ്ഥാനത്തുനിന്ന് നീക്കം ചെയ്തുകൊണ്ട് സ്ഥലം മാറ്റി. സ്ത്രീപീഡനാരോപിതനായ പട്ടാമ്പി തവനൂർ എന്ജിനീയറിങ് കോളജിലെ മറ്റൊരു ശാസ്ത്രജ്ഞനായ ഡോ.ഹക്കീമിനെയും കഴിഞ്ഞ ദിവസം വൈസ് ചാൻസിലർ സസ്‌പെന്ഡ് ചെയ്തിരുന്നു. ഈ രണ്ടു കേസുകളും മറുനാടൻ റിപ്പോർട്ട് ചെയ്ത് മണിക്കൂറുകൾക്കുള്ളിലാണ് ഡോ. ഗീതക്കുട്ടി നടപടി സ്വീകരിച്ചത്. ആരുടേയും മുഖം നോക്കാതെ ഡോ. ഗീതക്കുട്ടി സ്ത്രീപീഡകർക്കെതിരെ നടപടിയെടുക്കുമെന്നതുകൊണ്ടാണ് കോ ഓപ്പറേഷൻ ആൻഡ് ബാങ്കിങ് കോളജിലെ സ്ത്രീപീഡനം രജിസ്റ്റ്രാറെ അറിയിക്കാതെ കോളജ് അധികൃതർ ഒതുക്കിത്തീർത്തത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP