Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഒരാളിൽ നിന്ന് മാത്രം തട്ടിയത് 53 ലക്ഷം; പൊലീസുകാരും ബിസിനസുകാരുമടങ്ങുന്നവരെ കബളിപ്പിച്ചത് കൂടി കൂട്ടിയാൽ കോടിക്കണക്കിന് വരും; പരാതി നൽകിയത് ഒരാൾ മാത്രം; തട്ടിപ്പു നടത്തിയത് ആദിത്യ ബിർള ക്യാപ്പിറ്റൽ കമ്പനിയുടെ രേഖകൾ വ്യാജമായി നിർമ്മിച്ച്; കമ്പനിക്കും പരാതിയില്ല; പിടികൂടിയത് മണിമലയാറ്റിൽ ചെളിയിൽ പൂണ്ട നിലയിൽ; യുവസംഘിയെ രക്ഷിക്കാൻ തിരുവല്ല പൊലീസിന്റെ തീവ്രശ്രമം: എഫ്ഐആറിലും ക്രമക്കേട്

ഒരാളിൽ നിന്ന് മാത്രം തട്ടിയത് 53 ലക്ഷം; പൊലീസുകാരും ബിസിനസുകാരുമടങ്ങുന്നവരെ കബളിപ്പിച്ചത് കൂടി കൂട്ടിയാൽ കോടിക്കണക്കിന് വരും; പരാതി നൽകിയത് ഒരാൾ മാത്രം; തട്ടിപ്പു നടത്തിയത് ആദിത്യ ബിർള ക്യാപ്പിറ്റൽ കമ്പനിയുടെ രേഖകൾ വ്യാജമായി നിർമ്മിച്ച്; കമ്പനിക്കും പരാതിയില്ല; പിടികൂടിയത് മണിമലയാറ്റിൽ ചെളിയിൽ പൂണ്ട നിലയിൽ; യുവസംഘിയെ രക്ഷിക്കാൻ തിരുവല്ല പൊലീസിന്റെ തീവ്രശ്രമം: എഫ്ഐആറിലും ക്രമക്കേട്

മറുനാടൻ മലയാളി ബ്യൂറോ

തിരുവല്ല: ആദിത്യ ബിർള ക്യാപ്പിറ്റൽ കമ്പനിയുടെ രേഖകൾ വ്യാജമായി നിർമ്മിച്ച് പൊലീസുകാരും ബിസിനസുകാരും വിദേശമലയാളികളുമായ ഒട്ടനവധിപ്പേരിൽ നിന്നായി കോടികൾ തട്ടിയെടുത്ത കേസിലെ പ്രതിയായ ബിജെപിക്കാരനെ സംരക്ഷിക്കാൻ തിരുവല്ല പൊലീസിന്റെ തീവ്രശ്രമം. എഫ്ഐആറിലടക്കം ലൂപ്പ് ഹോളുകൾ സൃഷ്ടിച്ചും ഇത്ര വമ്പൻ കേസായിട്ടും പ്രതിയെ അറസ്റ്റ് ചെയ്ത വിവരം മാധ്യമങ്ങളിൽ നിന്ന് മറച്ചു വച്ചുമാണ് തിരുവല്ല സിഐയുടെ നേതൃത്വത്തിലുള്ള സംഘം കൈ അയച്ച് സഹായം ചെയ്തിരിക്കുന്നത്. തങ്ങളുടെ ജീവനക്കാരൻ ആയിരിക്കുമ്പോൾ തന്നെ വ്യാജരേഖ നിർമ്മിച്ച് കോടികൾ സ്വന്തമാക്കിയ പ്രതിക്കെതിരേ പരാതി നൽകാൻ പോലും ആദിത്യ ബിർള ക്യാപ്പിറ്റൽ കമ്പനി തയാറാകാത്തതും ദുരൂഹത വർധിപ്പിക്കുന്നു. കേസ് ഒതുക്കാൻ തിരുവല്ല പൊലീസ് കാണിച്ച വ്യഗ്രത ഒന്നൊന്നായി പുറത്തു വന്നു കൊണ്ടിരിക്കുകയാണ്.

ആദിത്യ ബിർള ക്യാപ്പിറ്റൽ കമ്പനിയുടെ തിരുവല്ല ശാഖയിലെ ജീവനക്കാരനായ കുറ്റൂർ ഓങ്കാരം വീട്ടിൽ അജിത്ത്കുമാറിനെ(40)യാണ് ആഴ്ചകൾക്ക് മുൻപ് തിരുവല്ല പൊലീസ് അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തത്. തിരുവല്ല കുറ്റപ്പുഴ പുന്നക്കുന്നം ചുമത്ര കോവുർ വീട്ടിൽ മോളി പുന്നൂസിന്റെ പരാതിയിലായിരുന്നു അറസ്റ്റ്. ഏപ്രിൽ 12 നാണ് മോളിയുടെ പരാതിയിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തത്. ബിർള മ്യൂച്വൽഫണ്ട് പോർട്ട് ഫോളിയോ വ്യാജമായി നിർമ്മിച്ച് മോളിയിൽ നിന്ന് 2017 നവംബർ 30 മുതൽ 2018 ജൂൺ എട്ടു വരെയുള്ള കാലയളവിൽ ഏഴു തവണകളായി 36, 80000 രൂപ എച്ച്.ഡി.എഫ്.സി ബാങ്കിന്റെ തിരുവല്ല ശാഖയിൽ നിന്നും ചെക്ക് മുഖേനെയും 16,20000 രൂപ പണമായി നേരിട്ടും കൈപ്പറ്റി. ഇതിന് പകരമായി വ്യാജരേഖ നിർമ്മിച്ചു നൽകിയെന്നാണ് കേസ്. എഫ്ഐആർ ഏപ്രിലിൽ രജിസ്റ്റർ ചെയ്തെങ്കിലും പൊലീസ് പ്രതിയെ പിടിക്കാൻ ശുഷ്‌കാന്തി കാണിച്ചിരുന്നില്ല. പുളിക്കീഴ് സ്റ്റേഷനിലെ പൊലീസുകാരനടക്കമുള്ളവരിൽ നിന്ന് അജിത്ത് ഇതേ രീതിയിൽ പണം തട്ടിയിരുന്നു.

നിരവധി ബിസിനസുകാരും വിദേശമലയാളികളും തട്ടിപ്പിന് ഇരയായി. ഇതിൽ മോളി പുന്നൂസ് മാത്രമാണ് പരാതി നൽകിയത്. മുങ്ങി നടന്ന അജിത്തിന് വേണ്ടി പൊലീസ് അന്വേഷണം ത്വരിതപ്പെടുത്തിയതുമില്ല. ഇതിനിടെ മണിമലയാറ്റിൽ ചെളിയിൽ പൂണ്ട നിലയിൽ അജിത്തിനെ കണ്ടെത്തുകയും അവിടെ നിന്ന് പൊലീസ് കസ്റ്റഡിയിൽ എടുക്കുകയുമായിരുന്നു. തുടർന്ന് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യുകയും ചെയ്തു. ഇതോടെ പൊലീസിന്റെ പണിയും കഴിഞ്ഞു. എന്നാൽ, കാലണയുടെ കഞ്ചാവ് വിറ്റതിന് പിടികൂടുന്നവന്റെ വരെ പടവും വാർത്തയും എസ്‌പി അടക്കം താഴോട്ട് പ്രോട്ടോക്കോൾ പ്രകാരം അവരെ പിടിക്കാൻ പാടുപെട്ടവരുടെ പേരുവിവരവും മാധ്യമങ്ങൾക്ക് പത്രസമ്മേളനം നടത്തി നൽകുന്ന പൊലീസ് ഈ അറസ്റ്റ് വിവരം മാത്രം മറച്ചു വച്ചു. ഇതു കാരണം അജിത്തിന്റെ തട്ടിപ്പിന് ഇരയായവർ നിരവധിപ്പേർ ഈ വിവരം അറിയാതെ പോയിട്ടുണ്ട്.

മോളിയുടെ പരാതിയിൽ നിന്ന് പ്രതി നിഷ്പ്രയാസം ഊരും. കാരണം ഇതാണ്...

1. പരാതി നൽകിയിരിക്കുന്ന മോളിയുടെ കൈയിൽ നിന്ന് അജിത്ത് ചില്ലിക്കാശു പോലും കൈപ്പറ്റിയിട്ടില്ല. അജിത്ത് പണം വാങ്ങിയത് ഇവരുടെ ഭർത്താവും അമേരിക്കൻ മലയാളിയുമായ പുന്നൂസ് തോമസ് കോവൂരിന്റെ കൈയിൽ നിന്നുമാണ്. അദ്ദേഹത്തിന്റെ മരണശേഷമാണ് മോളി പരാതിയുമായി എത്തിയത്. ആ സ്ഥിതിക്ക് മോളിയുടെ ഭർത്താവിൽ നിന്ന് തട്ടിച്ചുവെന്ന് വേണമായിരുന്നു പൊലീസ് കേസ് എടുക്കാൻ.

2. അജിത്തിന്റെ യഥാർഥ പേരും വയസുമൊക്കെ മാറ്റിയാണ് കേസ് ഫ്രെയിം ചെയ്തിരിക്കുന്നത്. വികെ അജിത്ത് എന്നാണ് ഇയാളുടെ പേര്. അത് അജിത്ത് കുമാർ എന്നും വയസ് 40 എന്നുമാക്കി മാറ്റിയത് പൊലീസിലെ ഇടപെടൽ മൂലമാണ്.

3. പ്രതിയുടെ അറസ്റ്റ് വിവരം പുറത്തു വിടാതിരുന്നത് കാരണം കൂടുതൽ പരാതികൾ എത്തിയിട്ടില്ല. മോളിയുടെ പരാതി നിലനിൽക്കില്ല. ആ സ്ഥിതിക്ക് മറ്റു പരാതികൾ വന്നാൽ തട്ടിപ്പുകാരൻ കുടുങ്ങും. അങ്ങനെ ഉണ്ടാകാതിരിക്കാനാണ് അറസ്റ്റ് വിവരം രഹസ്യമാക്കി വച്ചത്.

പൊലീസിനുള്ള പ്രയോജനം:

തട്ടിച്ചെടുത്ത പണം അജിത്തിന്റെ കൈവശം തന്നെയുണ്ട്. വലിയ കുഴപ്പം കൂടാതെ തനിക്ക് പുറത്തിറങ്ങാൻ കഴിഞ്ഞാൽ സഹായിക്കുന്നവർക്ക് വൻ തുക തന്നെ ഇദ്ദേഹം ഓഫർ ചെയ്തിട്ടുണ്ട്. മാത്രമല്ല, പൊലീസുകാരിൽ നിന്ന് തട്ടിച്ചെടുത്ത പണം തിരികെ നൽകാമെന്ന ഉറപ്പും ഉണ്ട്.

കമ്പനിക്ക് പരാതിയില്ലാത്തത് എന്തു കൊണ്ട്?

തങ്ങളുടെ പേരിൽ തട്ടിപ്പു നടത്തിയിട്ടും പരാതി നൽകാൻ തയാറാകാത്ത കമ്പനി ഉദ്യോഗസ്ഥരുടെ നിലപാട് ദുരൂഹത വർധിപ്പിക്കുന്നു. ഇവരിൽ ചിലർക്കും തട്ടിപ്പിൽ പങ്കുണ്ടെന്നാണ് വിവരം. ഹെഡ് ഓഫീസ് അറിയാതെ വിവരം മറച്ചു വച്ചിരിക്കുകയാണ്. നിലവിൽ കമ്പനിക്ക പണമൊന്നും നഷ്ടമായിട്ടില്ല എന്നതു തന്നെയാണ് കാരണം. അജിത്തിനെ തങ്ങൾ പുറത്താക്കിയതാണെന്ന് പറഞ്ഞ് ഒഴിയാൻ കമ്പനിക്ക് കഴിയും. അതേ സമയം, കസ്റ്റമേഴ്സിന്റെ പരാതി വന്നാൽ കമ്പനിക്ക് മറുപടി പറയേണ്ടി വരികയും ചെയ്യും.

ചങ്ങനാശേരി എൻഎസ്എസ് കോളജിൽ പഠിക്കുന്ന സമയത്ത് എബിവിപിയിൽ തുടങ്ങിയതാണ് അജിത്തിന്റെ ബിജെപി ബന്ധം. നിലവിൽ ബിജെപിയുടെ സജീവ പ്രവർത്തകനാണ്. മുൻപ് ഇതേ പോലെ ഒരു ബിജെപി പ്രവർത്തകൻ തിരുവല്ല മലബാർ ഗോൾഡിൽ നിന്നും ലക്ഷങ്ങൾ തട്ടിച്ചെടുത്ത കേസിൽ അകത്തു പോയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP