Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

അരിയും പച്ചക്കറിയും കയറ്റി വന്ന ലോറി ഡ്രൈവറോട് അസി.മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ കൈക്കൂലി ചോദിച്ചു; കയ്യിൽ പണമൊന്നും ഇല്ലന്നും ആകെയുള്ളത് ഇതാണ് എന്ന് പറഞ്ഞു കൊണ്ട് മെൽബിൻ പത്തു രൂപ മേശപ്പുറത്തുവെച്ചു; സാറിന്റെ കയ്യിൽ പൈസയുണ്ടെങ്കിൽ എന്തെങ്കിലും എനിക്ക് താ.. കഞ്ഞികുടിക്കാൻ പണമില്ലെന്നും ഡ്രൈവർ; പ്രകോപിതനായ എ.എം വിഐ മെൽബിനെ മർദ്ദിച്ചു; ദുരനുഭവം ഫേസ്‌ബുക്കിൽ പങ്കുവെച്ചതോടെ ചെക്ക്‌പോസ്റ്റിൽ വിജിലൻസ് പരിശോധന; ആരോപണം നിഷേധിച്ച് എ.എം വിഐ ഷെല്ലിയും

അരിയും പച്ചക്കറിയും കയറ്റി വന്ന ലോറി ഡ്രൈവറോട് അസി.മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ കൈക്കൂലി ചോദിച്ചു; കയ്യിൽ പണമൊന്നും ഇല്ലന്നും ആകെയുള്ളത് ഇതാണ് എന്ന് പറഞ്ഞു കൊണ്ട് മെൽബിൻ പത്തു രൂപ മേശപ്പുറത്തുവെച്ചു; സാറിന്റെ കയ്യിൽ പൈസയുണ്ടെങ്കിൽ എന്തെങ്കിലും എനിക്ക് താ.. കഞ്ഞികുടിക്കാൻ പണമില്ലെന്നും ഡ്രൈവർ; പ്രകോപിതനായ എ.എം വിഐ മെൽബിനെ മർദ്ദിച്ചു; ദുരനുഭവം ഫേസ്‌ബുക്കിൽ പങ്കുവെച്ചതോടെ ചെക്ക്‌പോസ്റ്റിൽ വിജിലൻസ് പരിശോധന; ആരോപണം നിഷേധിച്ച് എ.എം വിഐ ഷെല്ലിയും

ആർ പീയൂഷ്

കൽപ്പറ്റ: കേരളത്തിലേക്ക് അരിയും പച്ചക്കറിയും കയറ്റി വന്ന ലോറി ഡ്രൈവറെ കൈക്കൂലി നൽകാത്തതിന്റെ പേരിൽ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥൻ മർദ്ദിച്ചതായി പരാതി. ലോറി ഡ്രൈവർ പേരാവൂർ സ്വദേശി മെൽബിനെ(25)യാണ് കാട്ടിക്കുളം ആർ.ടി.ഓ ചെക്ക് പോസ്റ്റിലെ അസി.മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ ഷെല്ലി മർദ്ദിച്ചതായി പരാതിയുയർന്നത്. മർദ്ദനമേറ്റ മെൽബിൻ സോഷ്യൽ മീഡിയയിൽ ഇക്കാര്യം പങ്കു വച്ചു. സോഷ്യൽ മീഡിയയിൽ വൈറലായ പോസ്റ്റ് കണ്ട വയനാട് ജില്ലാ കളക്ടറുടെ നിർദ്ദേശ പ്രകാരം വിജിലൻസ് ചെക്ക് പോസ്റ്റിൽ നടത്തിയ റെയ്ഡിൽ മദ്യക്കുപ്പിയും വ്യാപക ക്രമക്കേടും കണ്ടെത്തി.

16 ന് വൈകുന്നേരമാണ് സംഭവം. മൈസൂരിൽ നിന്നും അരിയയും പച്ചക്കറിയുമായി കണ്ണൂരിലേക്ക് പോകുകയായിരുന്നു മെൽബിൻ. ചെക്ക് പോസ്റ്റിലെത്തി പേപ്പറുകളൊക്കെ കാണിച്ചപ്പോൾ പടി വച്ചിട്ട് പോകാൻ എ.എം വിഐ ആവിശ്യപ്പെട്ടു. ലോക്ക് ഡൗണായതിനാൽ കയ്യിൽ പണമൊന്നുമില്ലെന്നും ആകെയുള്ളത് ഇതാണ് എന്ന് പറഞ്ഞു കൊണ്ട് മെൽബിൻ പത്തു രൂപ മേശയുടെ മേൽ വച്ചു. സാറിന്റെ കയ്യിൽ പൈസയുണ്ടെങ്കിൽ എന്തെങ്കിലും എനിക്ക് താ.. കഞ്ഞികുടിക്കാൻ പോലും കയ്യിൽ പത്തുപൈസയില്ല എന്നും മെൽബിൻ പറഞ്ഞു. ഇതു കേട്ട് പ്രകോപിതനായ എ.എം വിഐ മെൽബിന്റെ കവിളത്തും കഴുത്തിലും ആഞ്ഞടിച്ചു. അടിയേറ്റ ഇയാൾ അവിടെ നിന്നും ഓടി രക്ഷപെടാൻ ശ്രമിച്ചപ്പോൾ പിൻതുടർന്ന് മർദ്ദിച്ചതായും മെൽബിൻ പറയുന്നു. ഒടുവിൽ സമീപത്തുള്ള തിരുനെല്ലി സ്റ്റേഷന്റെ പൊലീസ് എയ്ഡ് പോസ്റ്റിൽ അഭയം പ്രാപിക്കുകയായിരുന്നു.

അവിടെയുണ്ടായിരുന്ന തിരുനെല്ലി പൊലീസ് ഇൻസ്പെക്ടറോട് കാര്യങ്ങൾ ബോധിപ്പിച്ചതായും, അതേ സമയം തന്നെ മർദ്ദിച്ച ഉദ്യോഗസ്ഥനും സ്റ്റേഷനിലെത്തിയതായും മെൽബിൻവ്യക്തമാക്കി. ഇരുവരോടും സിഐ സംസാരിച്ച ശേഷം പരാതിയുണ്ടെങ്കിൽ എഴുതി നൽകാൻ ആവശ്യപ്പെട്ടൂവെങ്കിലും ലോറിയിലെ ചരക്ക് വേഗം തളിപ്പറമ്പ് എത്തിക്കേണ്ടതിനാൽ താൻ പരാതി നൽകാതെ പോകുകയായിരുന്നു എന്നും മെൽബിൻപറഞ്ഞു. എന്നാൽപേരാവൂരെത്തുന്നതിന് മുമ്പ് കഴുത്തിനും കണ്ണിനും അസഹ്യമായവേദന വന്നതിനാൽ സുഹൃത്തിനെ വിളിച്ച് ലോറി കൊടുത്ത് വിട്ടശേഷം പേരാവൂർ ആശുപത്രിയിൽ ചികിത്സ തേടുകയായിരുന്നു. ഇതിനിടയിൽ മെൽബിൻ ആശുപത്രി പരിസരത്ത് വെച്ച് തനിക്കുണ്ടായ അനുഭവം ഫെയ്സ് ബുക്ക് ലൈവിലൂടെ പങ്കുവെച്ചതോടെ സംഭവം വിവാദമായി.

എന്നാൽ തനിക്കെതിരെയുള്ള ആരോപണങ്ങൾ മുഴുവൻ കെട്ടിചമച്ചതാണെന്ന് എ.എം വിഐ ഷെല്ലി പറഞ്ഞു. തന്നെ മുമ്പേ കണ്ടുപരിചയമുള്ളയാളാണ് മെൽബിനെന്നും, ലോറി നിർത്തിയശേഷം ഓഫീസിലെത്തിയ മെൽബിൻ കയ്യിൽ പണമില്ലെന്നും, അത്യാവശ്യകാര്യങ്ങൾക്ക് കുറച്ച് പണം നൽകുമോയെന്ന് തന്നോട് ആവശ്യപ്പെട്ടതായും ഷെല്ലി പറഞ്ഞു. എന്നാൽ മെൽബിൻ ക്രിമിനൽ പശ്ചാത്തലമുള്ളയാളാണെന്ന് അറിയാവുന്ന താൻ പണം നൽകാൻ വിസമ്മതിച്ചതോടെ, തനിക്കെതിരെ തിരിഞ്ഞതായും താൻ കൈക്കൂലി ചോദിച്ചതായി പരാതിപ്പെടുമെന്നും മറ്റും പറഞ്ഞ് ഭീഷണിപ്പെടുത്തുകയും, അസഭ്യം പറയുകയുമായിരുന്നൂവെന്നും ഷെല്ലി ആരോപിച്ചു. ഇതേ തുടർന്ന് അന്ന് രാത്രി പത്ത് മണിയോടെ തിരുനെല്ലി സ്റ്റേഷനിൽ മെൽബിനെതിരെ പരാതി നൽകിയതായും ഷെല്ലി വ്യക്തമാക്കി. പരാതിയിൽ മെൽബിൻ ഉദ്യോഗസ്ഥനോട് ഭീഷണിപ്പെടുത്തി പണം ചോദിച്ചു എന്നാണ് പറഞ്ഞിരിക്കുന്നത്.


മെൽബിന്റെ ഫെയ്സ് ബുക്ക് ലൈവിനെ തുടർന്ന് കമന്റ് ബോക്സിൽ മോട്ടോർ വാഹനവകുപ്പിലെ ചില ഉദ്യോഗസ്ഥർക്കെതിരെ വ്യാപകപ്രതിഷേധമാണ് ഉയരുന്നത്. മെൽബിന് ഐക്യദാർഢ്യംപ്രഖ്യാപിച്ച് വിവിധ ലോറി ഡ്രൈവേഴ്സ് അസോസിയേഷനുകളും, ഡ്രൈവർമാരുടെ സംഘടനകളും രംഗത്ത് വന്നു. ഇയാളുടെ ഫെയ്സ് ബുക്ക് ലൈവ് ശ്രദ്ധയിൽ പെട്ട വയനാട് ജില്ലാ കളക്ടർ ചെക്ക് പോസ്റ്റിൽ റെയ്ഡ് നടത്താന് ഉത്തരവിട്ടു. കളക്ടരുടെ നിർദ്ദേശാനുസരണം വയനാട് വിജിലൻസ് സിഐ പി.എൽ ഷൈജുവും സംഘവും കാട്ടിക്കുളം മോട്ടോർ വാഹന വകുപ്പ് ചെക് പോസ്റ്റിൽ നടത്തിയ പരിശോധനയിൽ മദ്യവും, പണവും, രേഖകളും പിടിച്ചെടുത്തു. കർണ്ണാടക നിർമ്മിത 180 മില്ലി വിദേശമദ്യവും, രേഖകളില്ലാതെ സൂക്ഷിച്ച എണ്ണൂറോളം രൂപയും, നിയമപരമല്ലാതെ പിടിച്ചു വെച്ച ആർ.സി ബുക്കുകളും,ഡ്രൈവിങ് ലൈസൻസുകളും പരിശോധനയിൽ കണ്ടെത്തി. കൂടാതെ കഴിഞ്ഞ ഡിസംബർ മുതൽ വാഹന പരിശോധന റിപ്പോർട്ടുകളടക്കം ആർ.ടി.ഒയ്ക്ക് കൈമാറിയിട്ടില്ലെന്ന വീഴ്ചയും കണ്ടെത്തി. മദ്യം കണ്ടെത്തിയതുമായി ബന്ധപ്പെട്ട് എക്സൈസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. തിരുനെല്ലി സിഐ രഞ്ജിത്തിന്റെ സാന്നിധ്യത്തിലായിരുന്നു പരിശോധന.

മോട്ടോർ വെഹിക്കിൾ ഉദ്യോഗസ്ഥനെതിരെ നടപടി എടുക്കുമെന്നാണ് സൂചന. ചെക്ക് പോസ്റ്റിൽ അനധികൃതമായി മദ്യം സൂക്ഷിച്ചതിനുള്ള നടപടിയും ഉണ്ടാവും. അതേ സമയം ചെക്ക് പോസ്റ്റ് ആരോപണ വിധേയനായ ഉദ്യോഗസ്ഥൻ തല്ലികതർത്തിട്ട് തന്റെ പേരിൽ കേസു കൊടുക്കാനുള്ള ഗൂഢാലോചന നടക്കുന്നുണ്ടെന്ന വിവരം ലഭിച്ചതായി മെൽബിൻ പറയുന്നുണ്ട്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP