Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Feb / 202126Friday

ഹെൽമറ്റിട്ടിട്ടും അലക്‌സേ വിടെടാ എന്ന് വൃദ്ധ കരഞ്ഞു പറഞ്ഞതോടെ കൊല; മരണം ഉറപ്പാക്കാൻ 10 മിനിറ്റ് കൂടെയിരുന്നു; മോഷണ മുതൽ വിറ്റ് പെൺസുഹൃത്തുമായി കാട്ടക്കടയിൽ അടിച്ചു പൊളി; നാട്ടുകാർക്ക് മുന്നിൽ 'മരിച്ചു പോയല്ലോ' എന്ന് പറഞ്ഞത് കുടുക്കായി; തിരുവല്ലത്ത് അലക്‌സിനെ കുടുക്കിയത് ആഡംബര ഭ്രമം

ഹെൽമറ്റിട്ടിട്ടും അലക്‌സേ വിടെടാ എന്ന് വൃദ്ധ കരഞ്ഞു പറഞ്ഞതോടെ കൊല; മരണം ഉറപ്പാക്കാൻ 10 മിനിറ്റ് കൂടെയിരുന്നു; മോഷണ മുതൽ വിറ്റ് പെൺസുഹൃത്തുമായി കാട്ടക്കടയിൽ അടിച്ചു പൊളി; നാട്ടുകാർക്ക് മുന്നിൽ 'മരിച്ചു പോയല്ലോ' എന്ന് പറഞ്ഞത് കുടുക്കായി; തിരുവല്ലത്ത് അലക്‌സിനെ കുടുക്കിയത് ആഡംബര ഭ്രമം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: തിരുവല്ലം വണ്ടിത്തടത്ത് വയോധികയെ കൊലപ്പെടുത്തി സ്വർണാഭരണങ്ങൾ കവർന്ന കേസിലെ പ്രതിയെ കുടുക്കിയത് വൃദ്ധയെ ആശുപത്രിയിലെത്തിക്കുന്നതിന് നാട്ടുകാർ നിർബന്ധിച്ചപ്പോഴും മരിച്ചുപോയല്ലോയെന്നു പറഞ്ഞുള്ള അലക്സ് ഗോപന്റെ ഒഴിഞ്ഞു മാറൽ. മോഷണമായിരുന്നു ലക്ഷ്യം. മുമ്പും വയോധികയുടെ വീട്ടിൽ നിന്ന് പണവും പണ്ടവും കളവ് പോയിട്ടുണ്ട്. അന്ന് നാട്ടുകാർ അലക്‌സാകും കള്ളനെന്ന് സംശയിച്ചിരുന്നു. ഇതും അലക്‌സിനെ കുടുക്കി.

ചാൻ ബീവിയുടെ വീട്ടിൽ കഴിഞ്ഞ പത്തുവർഷമായി സഹായിയായി നിൽക്കുന്ന സമീപവാസിയായ രാധയുടെ മകൾ സിന്ധുവിന്റെ മകനാണ് അറസ്റ്റിലായ അലക്‌സ് ഗോപൻ. കൊല നടന്ന ദിവസം വൈകിട്ട് 4.30-ഓടെ വീട്ടിലെത്തിയ രാധ, മുറിയിൽ ചാൻ ബീവിയെ മരിച്ചനിലയിൽ കാണുകയായിരുന്നു. ഉടൻതന്നെ ചെറുമകനായ അലക്സിനെ ആദ്യം വിളിച്ചു. ചാൻ ബീവിയുടെ സമീപത്തുള്ള ബന്ധുക്കളും എത്തി. നാട്ടുകാരെല്ലാം എത്തിയതിനു ശേഷമാണ് അലക്സ് സ്ഥലത്തെത്തിയത്. ആശുപത്രിയിലെത്തിക്കുന്നതിന് നാട്ടുകാർ നിർബന്ധിച്ചപ്പോഴും മരിച്ചുപോയല്ലോയെന്നു പറഞ്ഞ് അലക്സ് ഒഴിഞ്ഞു. ഇതോടെ നാട്ടുകാർ സത്യം തിരിച്ചറിഞ്ഞു. പൊലീസിനോടും പറഞ്ഞു. ഇതോടെ ചാൻ ബീവിയുടെ കൊലയിലെ ചുരുൾ അഴിഞ്ഞു.

മോഷണത്തിന് വ്യക്തമായ ആസൂത്രണത്തോടെയാണ് അലക്‌സ് എത്തിയത്. ഉച്ചയ്ക്ക് 2.30-ന് ചാൻബീവിയുടെ വീടിന്റെ പുറകുവശത്തുള്ള ക്ഷേത്ര കോമ്പൗണ്ടിന്റെ മതിൽ ചാടിക്കടന്ന് അകത്തുകടന്നു. വീടിനു സമീപത്തുണ്ടായിരുന്ന ഇരുമ്പുതോട്ടിയെടുത്ത് മറുവശത്തെ ജനാല വഴി മുൻവാതിലിന്റെ കുറ്റി വലിച്ചെടുത്തു. തലയിൽ ഹെൽമെറ്റ് ധരിച്ച് വീടിനുള്ളിൽ കയറി. കുറ്റിയെടുക്കുന്ന ശബ്ദംകേട്ട് കട്ടിലിൽ കിടക്കുകയായിരുന്ന ചാൻ ബീവി മുറിയിൽനിന്ന് ഡൈനിങ് ഹാളിലെത്തി. ആളുടെ സാന്നിധ്യം ചാൻ ബീവി തിരിച്ചറിഞ്ഞു. ഇതോടെയാണ് വൃദ്ധയെ കൊല്ലാൻ തീരുമാനിച്ചത്.

ആരായെന്ന് ചോദിച്ച ചാൻബീവിയുടെ കഴുത്തിലുണ്ടായിരുന്ന രണ്ടരപ്പവന്റെ മാല പൊട്ടിച്ചെടുത്തു. ഇതിനിടെ മോഷ്ടാവിനെ വൃദ്ധ തിരിച്ചറിഞ്ഞു. പ്രതികരിക്കുകയും ചെയ്തു. ഇതോടെ മുടിക്കു കുത്തിപ്പിടിച്ച് തറയിലേക്ക് തള്ളിയിട്ടു. തുടർന്ന് കൈകളിലെ വളകളും ഊരിയെടുത്തു. മാലയും വളയും കൈയിലാക്കിയതോടെ ഇവരെ വലിച്ചിഴച്ച് ഡൈനിങ് ഹാളിലെ ചുമരോടു ചേർത്ത് രണ്ടു പ്രാവശ്യം തലയിടിപ്പിച്ചു. അബോധാവസ്ഥയിലായ ചാൻ ബീവിക്കു സമീപം അലക്സ് ഗോപൻ പത്ത് മിനിറ്റോളം ഇരുന്നു. മരണം ഉറപ്പുവരുത്തിയശേഷം പുറത്തെത്തി.

ബൈക്കുമെടുത്ത് നേരേ കല്ലിയൂരിലുള്ള പണയമെടുക്കുന്ന സ്ഥാപനത്തിൽ മാല പണയംവച്ചു. തുടർന്ന് പഠിക്കുന്ന കാട്ടാക്കട ക്രിസ്ത്യൻ കോളേജിലെത്തി പെൺസുഹൃത്തുമായി വൈകീട്ട് 3.30 വരെ കോളേജിലും പരിസരത്തും ചുറ്റിക്കറങ്ങി. തുടർന്ന് നാലുമണിയോടെ വീട്ടിലെത്തുകയായിരുന്നെന്ന് പൊലീസ് പറയുന്നു. പണയം വച്ചു കിട്ടിയ തുകയുമായാണ് പെൺ സുഹൃത്തുമായുള്ള അടിച്ചു പൊളി. ഈ കറക്കത്തിനും വേണ്ടിയാണ് മോഷണവും കൊലയും.

വീട്ടിലെത്തി കുളിക്കുമ്പോൾ ഇയാളുടെ അമ്മൂമ്മ രാധ, ചാൻ ബീവിയുടെ വീട്ടിലേക്കു പോകുന്നതു കണ്ടു. പിന്നെ എത്തിയത് അമ്മുമ്മയുടെ വിളിയാണ്. അപ്പോൾ കൂസലില്ലാതെ പുറത്തിറങ്ങി. പക്ഷേ നാട്ടുകാരുടെ സംശയം കള്ളനേയും കൊലപാതകിയേയും കണ്ടെത്താൻ സഹായകമായി. ചാൻ ബീവിയുടെ വീട്ടിലെ സ്ഥിരം സന്ദർശകനായിരുന്നു അലക്‌സ്. വീടിന്റെ പിന്നിലെ മതിൽ ചാടിക്കടന്ന് എത്തിയ അലക്‌സ് തോട്ടി ഉപയോഗിച്ച് മുൻവാതിലിന്റെ കൊളുത്ത് നീക്കി അകത്തുകടക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. എഴുന്നേറ്റു വന്ന ചാൻബീവിയുടെ മാലയിൽ പിടിച്ചു വലിച്ചു. ഹെൽമറ്റ് ധരിച്ചിരുന്നെങ്കിലും ആളിനെ തിരിച്ചറിഞ്ഞ ചാൻബീവി 'അലക്‌സേ വിടെടാ' എന്നു പറഞ്ഞതോടെ കൊല നടത്തുകയായിരുന്നു.

ഓരോ പവൻ വീതമുള്ള രണ്ടു വളകളും രണ്ടര പവൻ മാലയുമാണ് പ്രതി കവർന്നത്. മാല കല്ലിയൂരിയിലെ സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ പണയം വച്ചു. വളകളിലൊന്ന് മുക്കുപണ്ടമാണെന്ന് അവർ പറഞ്ഞതിനെത്തുടർന്ന് കനാലിൽ എറിഞ്ഞു ശേഷിച്ച വളയും പണവും പ്ലാസ്റ്റിക് കൂടിലാക്കി സമീപത്തെ സ്വകാര്യ ട്യൂഷൻ സ്ഥാപനത്തിന്റെ സൺഷെയ്ഡിൽ ഒളിപ്പിച്ചത് പൊലീസ് കണ്ടെടുത്തു. ചാൻ ബീവിയുടെ വീട്ടിൽ നിന്നു മുൻപ് മൊബൈൽ ഫോൺ, പണം എന്നിവ മോഷണം പോയിരുന്നതായി പൊലീസ് പറഞ്ഞു. എന്നാൽ ഇതു സംബന്ധിച്ച് പരാതി നൽകിയിരുന്നില്ല.

അലക്‌സ് ആവശ്യപ്പെടുമ്പോഴെല്ലാം ചാൻബീവി പണം നൽകിയിരുന്നു സെക്രട്ടേറിയറ്റിൽ ധനകാര്യ വിഭാഗം അണ്ടർ സെക്രട്ടറി ആയ മകൻ അൻവർ ഹുസൈൻ ജോലിക്കുപോയി കഴിഞ്ഞാൽ വീട്ടിൽ ചാൻബീവി ഒറ്റക്കാണ്. ആഹാരം നൽകാനുള്ള സമയത്തു മാത്രമാണ് അലക്‌സിന്റെ മുത്തശ്ശി കൂടിയായ പരിചാരിക എത്തുക. സംഭവ ദിവസം ഉച്ചക്ക് രണ്ടിന് കാട്ടാക്കടയിലെ കോളജിൽ നിന്നെന്ന മട്ടിൽ അലക്‌സ് വീട്ടിലേക്ക് വിളിച്ച് കുശലാന്വേഷണം നടത്തിയിരുന്നു. എന്നാൽ ഈ സമയത്ത് സംഭവം നടക്കുന്ന വീടിന്റെ പരിസരത്ത് അലക്‌സ് ഉണ്ടായിരുന്നു എന്നു പൊലീസ് കണ്ടെത്തി. കൊലപാതകത്തിനു ശേഷം കോളജിൽ എത്തി വനിതാ സുഹൃത്തുമായി സംസാരിച്ചത് സംഭവ സമയത്ത് സ്ഥലത്ത് ഇല്ലെന്നുവരുത്തി തീർക്കാൻ ആണെന്നും പൊലീസ് കരുതുന്നു.

മരണ സമയത്ത് അലക്‌സിന്റെ ഫോൺ ടവർ ലൊക്കേഷൻ സംഭവ സ്ഥലത്ത് ആയിരുന്നു എന്നു തെളിഞ്ഞതോടെ നേരത്തെ പറഞ്ഞ നുണകൾ പൊളിയുകയും കുറ്റം സമ്മതിക്കുകയുമായിരുന്നു. അന്വേഷണം തന്നിലേക്ക് എത്തുന്നുണ്ടോ എന്നറിയാനായി പത്രങ്ങളുടെ ഇന്റർനെറ്റ് പതിപ്പ് അലക്‌സ് വായിച്ചിരുന്നതും പൊലീസ് കണ്ടെത്തി. മോഷ്ടിച്ച് കിട്ടുന്നതടക്കം മാസം അരലക്ഷത്തോളം രൂപ ചെലവഴിച്ചുള്ള ആഡംബര ജീവിതമായിരുന്നു അലക്‌സിന്റേതെന്ന് പൊലീസ് പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP