Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ആലപ്പുഴ വള്ളികുന്നത്ത് നവവധു സുചിത്രയുടെ മരണം: സ്ത്രീധന പീഡനത്തിന് ഭർത്താവിന്റെ മാതാപിതാക്കൾ അറസ്റ്റിൽ; ആത്മഹത്യയിലേക്കു നയിച്ചത് പത്ത് ലക്ഷം രൂപ ആവശ്യപ്പെട്ട് നടത്തിയ മാനസിക പീഡനമെന്ന് പൊലീസ്; കോടതിയിൽ റിപ്പോർട്ട് നൽകും

ആലപ്പുഴ വള്ളികുന്നത്ത് നവവധു സുചിത്രയുടെ മരണം: സ്ത്രീധന പീഡനത്തിന് ഭർത്താവിന്റെ മാതാപിതാക്കൾ അറസ്റ്റിൽ; ആത്മഹത്യയിലേക്കു നയിച്ചത് പത്ത് ലക്ഷം രൂപ ആവശ്യപ്പെട്ട് നടത്തിയ മാനസിക പീഡനമെന്ന് പൊലീസ്; കോടതിയിൽ റിപ്പോർട്ട് നൽകും

മറുനാടൻ മലയാളി ബ്യൂറോ

ആലപ്പുഴ: വള്ളികുന്നത്ത് പത്തൊൻപതുകാരിയായ സുചിത്രയെ ഭർതൃവീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവ് വിഷ്ണുവിന്റെ മാതാപിതാക്കൾ അറസ്റ്റിൽ. കായംകുളം കൃഷ്ണപുരം സ്വദേശിനിയായ സുചിത്രയുടെ മരണത്തിലാണ് സ്ത്രീധന പീഡനത്തിന് കേസെടുത്ത് പൊലീസ് അറസ്റ്റു ചെയ്തത്.

സുചിത്രയുടെ ഭർത്താവ് വിഷ്ണുവിന്റെ മാതാപിതാക്കളായ ഉത്തമൻ, സുലോചന എന്നിവരെ ചെങ്ങന്നൂർ ഡിവൈഎസ്‌പിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് അറസ്റ്റു ചെയ്തത്. 10 ലക്ഷം രൂപ ആവശ്യപ്പെട്ട് നടത്തിയ മാനസിക പീഡനമാണ് ആത്മഹത്യയിലേക്കു പെൺകുട്ടിയെ നയിച്ചതെന്ന് അന്വേഷണ സംഘം വ്യക്തമാക്കി. കോടതിയിൽ റിപ്പോർട്ട് നൽകും.

ജൂൺ 22-നാണ് സുചിത്രയെ ഭർത്താവിന്റെ വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. മരണം നടക്കുമ്പോൾ സുലോചന മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. മാർച്ച് 21-നായിരുന്നു വിഷ്ണുവിന്റെയും സുചിത്രയുടേയും വിവാഹം.സൈനികനായ വിഷ്ണു മേയിൽ ജോലി സ്ഥലമായ ഝാർഖണ്ഡിലേക്ക് മടങ്ങിയിരുന്നു.

അധിക സ്ത്രീധനം ചോദിച്ചുള്ള നിരന്തരമായ മാനസിക പീഡനത്തെ തുടർന്നാണ് സുചിത്ര ഭർതൃ വീട്ടൽവച്ച് ജീവനൊടുക്കിയത്. 51 പവൻ സ്വർണവും കാറും നൽകിയാണ് സൈനികനായ വിഷ്ണുവിന് സുചിത്രയെ വിവാഹം ചെയ്തു നൽകിയത്. എന്നാൽ വിഷ്ണുവിന്റെ സഹോദരിക്ക് നൽകാൻ 10 ലക്ഷം രൂപ കൂടി വേണമെന്ന് സുചിത്രയുടെ കുടുംബത്തോട് ആവശ്യപ്പെട്ടു.

പണം കിട്ടാൻ വൈകുന്തോറും ഭർത്താവിന്റെ അമ്മ സുലോചനയും അച്ഛൻ ഉത്തമനും ചേർന്ന്, യുവതിയെ മാനസികമായി പീഡിപ്പിക്കുകയും ഉപദ്രവിക്കുകയും ചെയ്തു. ഭർതൃ വീട്ടിലെ ക്രൂരത സഹിക്കവയ്യാതെയാണ് ജൂൺ 22 ന് സുചിത്ര തൂങ്ങിമരിച്ചതെന്ന് പൊലീസ് പറയുന്നു. വിവാഹം നടന്ന് വെറും മൂന്നു മാസം തികയുമ്പോൾ ആയിരുന്നു സംഭവം.

സ്ത്രീധനത്തിന്റെ പേരിൽ ആദ്യം ഉറപ്പിച്ച വിവാഹത്തിൽ നിന്ന് വിഷ്ണുവും കുടുംബവും പിന്മാറിയതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. പ്രതികൾക്കെതിരെ സ്ത്രീധന പീഡന നിരോധന നിയമം, ആത്മഹത്യാ പ്രേരണ തുടങ്ങി ജാമ്യമില്ല വകുപ്പുകൾ ചുമത്തി. അറസ്റ്റ്, നീതി നടപ്പാകുന്നുവെന്ന പ്രതീക്ഷ നൽകുന്നതായി സുചിത്രയുടെ അമ്മ പറഞ്ഞു.

വിവാഹത്തിനു നൽകിയ സ്വർണാഭരണങ്ങൾക്കു പുറമേ 10 ലക്ഷം രൂപ ആവശ്യപ്പെട്ടും സ്വർണം പണയപ്പെടുത്തി പണം വേണമെന്നു പറഞ്ഞും ഭർതൃവീട്ടുകാർ മകളെ നിരന്തരം പീഡിപ്പിച്ചിരുന്നതായി സുചിത്രയുടെ മാതാപിതാക്കളായ സുനിതയും സുനിലും നേരത്തെ ആരോപിച്ചിരുന്നു.

മരണത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം പൊലീസിൽ പരാതി നൽകിയിരുന്നു. വിവാഹം ഉറപ്പിച്ച ശേഷം വിഷ്ണുവിന്റെ വീട്ടുകാർ ചില ബാധ്യതകൾ തീർക്കാൻ 10 ലക്ഷം രൂപ ആവശ്യപ്പെട്ടുവെന്നു സുനിതയുടെ സഹോദരൻ സന്തോഷും വ്യക്തമാക്കിയിരുന്നു. ആ തുകയ്ക്കു തുല്യമായ സ്ഥലം സുചിത്രയുടെ പേരിൽ നൽകുമെന്നു പറഞ്ഞെങ്കിലും അതു നടക്കാത്തതിനാൽ പണം നൽകിയില്ല.

വിവാഹശേഷം സുചിത്രയുടെ ആഭരണങ്ങൾ പണയം വയ്ക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. കുറച്ചു സ്വർണം പണയംവച്ചു പണം നൽകി. അതിനു ശേഷം ഭർതൃവീട്ടുകാർ മാനസികമായി പീഡിപ്പിച്ചിരുന്നെന്നും ബന്ധുക്കൾ ആരോപിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP