Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

നിലത്ത് കാലുകൾ ഊന്നി ഒരാൾക്ക് തൂങ്ങിമരിക്കാൻ പറ്റുമോ? പറ്റുമെന്ന് ചെങ്ങന്നൂർ പൊലീസ്; പാതിരാത്രിയിൽ തന്നെ മൃതദേഹം അഴിച്ചു മാറ്റിയതും ദുരൂഹതയ്ക്ക് ഇടയാക്കുന്നു; തിരുവൻവണ്ടൂരിലെ അഖിൽജിത്ത് എന്ന പതിനാറുകാരനെ കൊന്നതാണെന്ന് ആരോപിച്ച് മാതാവും സഹോദരിയും; കൊലയാളികളെ ചെങ്ങന്നൂർ പൊലീസ് സംരക്ഷിക്കുന്നുവെന്നും ആരോപണം

നിലത്ത് കാലുകൾ ഊന്നി ഒരാൾക്ക് തൂങ്ങിമരിക്കാൻ പറ്റുമോ? പറ്റുമെന്ന് ചെങ്ങന്നൂർ പൊലീസ്; പാതിരാത്രിയിൽ തന്നെ മൃതദേഹം അഴിച്ചു മാറ്റിയതും ദുരൂഹതയ്ക്ക് ഇടയാക്കുന്നു; തിരുവൻവണ്ടൂരിലെ അഖിൽജിത്ത് എന്ന പതിനാറുകാരനെ കൊന്നതാണെന്ന് ആരോപിച്ച് മാതാവും സഹോദരിയും; കൊലയാളികളെ ചെങ്ങന്നൂർ പൊലീസ് സംരക്ഷിക്കുന്നുവെന്നും ആരോപണം

ശ്രീലാൽ വാസുദേവൻ

ചെങ്ങന്നൂർ: കാലുകൾ നിലത്തു ചവിട്ടിക്കൊണ്ട് ഒരാൾക്ക് തൂങ്ങി മരിക്കാൻ പറ്റുമോ? പറ്റുമെന്നാണ് ചെങ്ങന്നൂരിലെ പൊലീസ് പറയുന്നത്. വേണമെങ്കിൽ നിലത്തു നിന്നു കൊണ്ട് തൂങ്ങിമരിക്കാമത്രേ. ഒറ്റ നോട്ടത്തിൽ തന്നെ കൊലപാതകമെന്ന് സംശയം തോന്നുന്ന വിധത്തിലുള്ള യുവാവിന്റെ തൂങ്ങിമരണം സംബന്ധിച്ച അന്വേഷണം പൊലീസ് അട്ടിമറിച്ചുവെന്ന് ആരോപിച്ച് മാതാവും സഹോദരിയും രംഗത്തു വന്നു. തിരുവൻവണ്ടൂർ കോലടത്തുശേരി മുറിയിൽ തറയിൽ വീട്ടിൽ രാധ, മകൾ രാഖി എന്നിവരാണ് പരാതിക്കാർ.

രാധയുടെ ഏകമകൻ അഖിൽജിത്ത് (അപ്പു 16) ഡിസംബർ ഒന്നിന് രാത്രി 10 നാണ് വീടിനു സമീപമുള്ള ആൾത്താമസമില്ലാത്ത മറ്റൊരു വീടിന്റെ പടിപ്പുര ഗേറ്റിന്റെ മേൽ കൂരയിൽ തൂങ്ങി മരിച്ച നിലയിൽ കാണപ്പെട്ടത്. കാലുകൾ രണ്ടും തറയിൽ ഊന്നി മൃതദേഹം കാണപ്പെട്ടതോടെ കൊലപാതകമാണെന്ന നിഗമനത്തിൽ പൊലീസിൽ വിവരം അറിയിച്ചു. സ്ഥലത്തെത്തിയ പൊലീസ് സകല ചട്ടങ്ങളും മറി കടന്ന്, നാട്ടുകാരുടെ എതിർപ്പ് വകവയ്ക്കാതെ മൃതദേഹം അഴിച്ച് താഴെയിറക്കി മോർച്ചറിയിലേക്ക് മാറ്റി.

പുലർച്ചെ ഒരു മണിക്കായിരുന്നു മൃതദേഹം അഴിച്ചു നീക്കിയത്. മരണത്തിൽ ഒരു പാട് ദുരൂഹതകൾ ഉള്ളതായി രാധ പറഞ്ഞു. സൽസ്വഭാവിയായിരുന്ന തന്റെ മകന് നാട്ടിൽ ശത്രുക്കൾ ഇല്ലായിരുന്നു. തൂങ്ങി നിന്ന മകന്റെ മൃതദേഹം ഒരു കാലിന്റെ പുറത്ത് മറ്റേക്കാൽ തൊട്ട് നിൽക്കുകയും, പടിപ്പുരയുടെ പടിയിൽ ഒരു കാലിന്റെ വിരലുകൾ തൊട്ടു നിൽക്കുന്നതായും ആണ് കണ്ടത്. തന്നെയുമല്ല ഒരാൾ തൂങ്ങി മരിക്കുമ്പോൾ സാധാരണ മൃതദേഹത്തിൽ കാണപ്പെടുന്ന ക്ഷതങ്ങളോ, മുറിവുകളോ ശരീരത്തിൽ ഇല്ലായിരുന്നു.

മകൻ തൂങ്ങി മരിക്കത്തക്ക വണ്ണമുള്ള ഒരു കാര്യവും അറിവിലോ കുടുംബത്തിലോ ഇല്ലെന്ന് രാധ പറഞ്ഞു. തൂക്കാൻ ഉപയോഗിച്ച കയർ എവിടെ നിന്നു കിട്ടി എന്ന് പൊലീസ് ഇതുവരെ അന്വേഷിച്ചിട്ടില്ല. തൂങ്ങി നിന്ന സ്ഥലത്തിനടുത്ത് എപ്പോഴും ആൾ സഞ്ചാരമുള്ള വഴിയാണ് ഉള്ളത്. തന്മൂലം ഇവിടെ തൂങ്ങി മരിക്കാനുള്ള സാധ്യതയും കുറവാണ്. സംഭവത്തിൽ ഉൾപ്പെട്ടിട്ടുണ്ട് എന്ന് സംശയിക്കുന്ന മകന്റെ കൂട്ടുകാരെക്കുറിച്ചും മറ്റ് ചില സാക്ഷികളെക്കുറിച്ചും വ്യക്തമായ സൂചനകൾ നൽകിയിട്ടും പൊലീസ് ഇതുവരെ അന്വേഷിച്ചിട്ടില്ല.

മകന്റെ മരണത്തിന് ദുരൂഹതയുണ്ടെന്നും , പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പോലും കൃത്രിമം കാട്ടിയിട്ടുണ്ട് എന്നാരോപിച്ചു കൊണ്ട് മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ് ആഭ്യന്തര മന്ത്രി, ഡിജിപി, ചെങ്ങന്നൂർ എം എൽഎ, ആലപ്പുഴ ക്രൈംബ്രാഞ്ച് എസ്‌പി, ചെങ്ങന്നൂർ ഡിവൈഎസ്‌പി എന്നിവർക്കെല്ലാം നിവേദനം നൽകിയിരുന്നു. പ്രതികളെ രക്ഷിക്കുവാൻ ഉന്നതന്മാരും, ചില രാഷ്ട്രീയ ഇടപെടലുകൾ നടക്കുന്നതായും സംശയിക്കുന്നു. അധികാര കേന്ദ്രങ്ങളിൽ നിന്നും നീതി ലഭിച്ചില്ലെങ്കിൽ ഹൈക്കോടതിയെ സമീപിക്കുമെന്നും രാധ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP