Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202206Thursday

മാക്‌സിന്റെ ചുവന്ന ബോഡറുള്ള ടീഷർട്ട്; വുഡ് ലാൻഡിന്റെ ഡ്യൂപ്ലിക്കേറ്റ് ഷൂ; പൊലീസ് ലാബിലെ സി സി ടി വി ദൃശൃങ്ങളുടെ ശാസ്ത്രീയ പരിശോധന ഫലം കണ്ടില്ല; വഴിത്തിരിവായത് മാൾ ഓഫ് ട്രാവൻകൂറിലെ തീയേറ്റർ പ്രദർശനം; 17,333 സ്‌കൂട്ടറുകളെ പിന്തുടർന്ന് എകെജി സെന്ററിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകനെ കുടുക്കിയ കഥ പൊലീസ് പറയുമ്പോൾ

മാക്‌സിന്റെ ചുവന്ന ബോഡറുള്ള ടീഷർട്ട്; വുഡ് ലാൻഡിന്റെ ഡ്യൂപ്ലിക്കേറ്റ് ഷൂ; പൊലീസ് ലാബിലെ സി സി ടി വി ദൃശൃങ്ങളുടെ ശാസ്ത്രീയ പരിശോധന ഫലം കണ്ടില്ല; വഴിത്തിരിവായത് മാൾ ഓഫ് ട്രാവൻകൂറിലെ തീയേറ്റർ പ്രദർശനം; 17,333 സ്‌കൂട്ടറുകളെ പിന്തുടർന്ന് എകെജി സെന്ററിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകനെ കുടുക്കിയ കഥ പൊലീസ് പറയുമ്പോൾ

സായ് കിരൺ

തിരുവനന്തപുരം : സിനിമയെ വെല്ലുന്ന നാടകീയതകളും സംഭവ വികാസങ്ങൾക്കുമൊടുവിലാണ് എ കെ ജി സെന്റർ ആക്രമണക്കേസിലെ പ്രതിയെ 84-ാം ദിവസം പിടികൂടി പൊലീസ് മാനം കാത്തത്. സമീപകാലത്തൊന്നും തിരുവനന്തപുരം സിറ്റി പൊലീസിനെ ഇത്രത്തോളം വലയ്ക്കുകയും മാനസിക സമ്മർദ്ദത്തിലാക്കുകയും ചെയ്ത മറ്റൊരു പ്രതിയില്ലെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ പങ്കുവയ്ക്കുന്ന വിവരം. പൊലീസിന്റെ പ്രാഥമിക കണ്ടെത്തലുകൾ ഓരോ ദിവസം കഴിയുംതോറും തെറ്റുകയായിരുന്നു. നിരന്തരമായ തെറ്റുകൾക്ക് ശേഷമാണ് ഈ കേസിൽ പൊലീസ് ശരിയിലേക്ക് എത്തിയത് എന്നാണ് വിശദീകരണം. അപ്പോഴും മുഴുവൻ സംശയവും മാറുന്നുമില്ല.

അറസ്റ്റിലായ യൂത്ത് കോൺഗ്രസ് പ്രവർത്തകൻ ജിതിൻ ധരിച്ചിരുന്ന ടീ ഷർട്ട്, ഷൂസ്, സഞ്ചരിച്ച വാഹനം പിന്നെ ശരീരപ്രകൃതമായി മാറിയ കൈകുടച്ചിൽ എന്നിങ്ങനെ നിരവധി തെളിവുകൾ കോർത്തിണക്കിയാണ് പൊലീസ് പ്രതിയെ വലയിലാക്കിയത്. സംഭവത്തിന് പിന്നാലെ പൊലീസിന് ലഭിച്ച ഏക തുമ്പ് എ കെ ജി സെന്ററിലെ സിസിടിവി ദൃശ്യങ്ങളായിരുന്നു. എന്നാൽ ആദ്യഘട്ടത്തിൽ നിരാശയായിരുന്നു ഫലം. ദൃശ്യങ്ങൾ ഫോറൻസിക് ലാബുകളിൽ പരിശോധിച്ചിട്ടും ഫലമുണ്ടായില്ല.

തുടർന്ന് സി സി ടി വി ദൃശ്യങ്ങൾ ട്രാവൻകൂർ മാളിലെ കാർണിവൽ സിനിമാസിൽ ഏഴാം നമ്പർ സ്‌ക്രീനിൽ പ്രദർശിപ്പിച്ചു. തീയറ്റർ ടെക്‌നീഷ്യൻ, ഹോണ്ടയുടെ മരയ്ക്കാർ ഷോറൂമിലെ ടെക്‌നീഷ്യൻ, പൊലീസ് ഫോട്ടോഗ്രാഫർ എന്നിവരുടെ സാന്നിദ്ധ്യത്തിൽ തുടർച്ചയായി അഞ്ചു ദിവസം പ്രദർശനം ഫലം രണ്ടു. ചുവന്ന സ്‌കൂട്ടറിലെത്തിയ പ്രതി വെളുത്ത ടീ ഷർട്ടാണ് ധരിച്ചിരിക്കുന്നതെന്നായിരുന്നു പ്രാഥമികഘട്ടത്തിൽ ക്രൈംബ്രാഞ്ചിന്റെ ധാരണ. എന്നാൽ വലിയ സ്‌ക്രീനിൽ അത്യാധുനിക സ്റ്റിമുലേഷൻ സംവിധാനമുപയോഗിച്ച് വീഡിയോ പരിശോധിച്ചപ്പോൾ വെള്ള ടീ ഷർട്ട് കറുപ്പായും ചുവന്ന സ്‌കൂട്ടർ ചാര നിറമായും മാറി. സി സി ടി വി ക്യാമറകളിൽ കറുത്ത നിറം വെള്ളയായും ചാരനിറം ചുവപ്പു പോലെ കാണപ്പെടുമെന്നും അപ്പോഴാണ് പൊലീസിന് ബോദ്ധ്യമായത്.

ഇത് വഴിത്തിരിവായി. പ്രതി ധരിച്ചിരുന്ന ടീ ഷർട്ടിന്റെ ചില ഭാഗത്തെ ചുവന്ന നിറത്തിലെ പ്രത്യേക ബോർഡർ ശ്രദ്ധയിൽപെട്ടത്. കൈയിലും കഴുത്തിന്റെ ഭാഗത്തും ചുവന്ന ബോർഡറുള്ള കറുത്ത നിറത്തിലെ ഫുൾ സ്ലീവ് ടീഷർട്ട് കഴിഞ്ഞ മേയിൽ ഒരു പ്രമുഖ ബ്രാൻഡ് വിപണിയിലിറക്കിയതാണെന്ന് കണ്ടെത്തി. അത്തരത്തിലുള്ള ടീ ഷർട്ട് ജൂലായ് ഒന്നുവരെ വാങ്ങിയവരുടെ വിവരങ്ങൾ ശേഖരിച്ചു. ഇതിനിടയിൽ ജിതിനെ സംശയമുള്ളതായി പൊലീസിന് വിവരം ലഭിച്ചു.

ജൂൺ 26ന് പട്ടത്തെ മാക്‌സ് ഷോറൂമിൽ നിന്നാണ് മാക്‌സിന്റെ ടീ ഷർട്ട് വാങ്ങിയതെന്ന് കണ്ടെത്തി. അവിടെ ബില്ലടയ്ക്കാൻ ജിതിൻ സ്വന്തം ഫോൺ നമ്പർ നൽകിരുന്നു. ജിതിൻ ധരിച്ചിരുന്ന വുഡ്‌ലാൻഡ് ഷൂസിന്റെ ദൃശ്യങ്ങൾ പ്രത്യേകം പരിശോധിച്ചപ്പോൾ ഡൂപ്ലിക്കേറ്റാണെന്ന് കണ്ടെത്തി. ഇത് വാങ്ങിയ കടയും കണ്ടെത്തി. ഇതോടെ പ്രതിയെ ഉറപ്പിച്ചു.പിന്നീടുള്ള ശ്രമം ജിതിൻ സഞ്ചരിച്ച സ്‌കൂട്ടർ കണ്ടെത്താനായി. സംസ്ഥാനത്ത് രജിസ്റ്റർ ചെയ്ത ഹോണ്ട ഡിയോ വാഹനങ്ങളുടെ വിവരം ഗതാഗത കമ്മിഷണറോട് ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടു.

3,15,552 ഡിയോ സ്‌കൂട്ടറുകൾ സംസ്ഥാനത്ത് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും ഇതിൽ 1,27,431 ഡിയോ സ്റ്റാൻഡേർഡ് ഇനത്തിലെ സ്‌കൂട്ടറുകളാണെന്നും കണ്ടെത്തി. ഇതിൽ 17,333 സ്‌കൂട്ടറുകൾ തിരുവനന്തപുരത്ത് രജിസ്റ്റർ ചെയ്തവയാണ്. സ്ഫോടനമുണ്ടായ ദിവസം ഈ സ്‌കൂട്ടർ ഉപയോഗിക്കുന്നവരുടെ ഫോൺവിളി വിവരങ്ങൾ പരിശോധിച്ചു. പിന്നീട് ജിതിന്റെ ഫോൺവിളി വിവരങ്ങൾ ശേഖരിച്ചു. സ്ഫോടകവസ്തു എറിഞ്ഞ ദിവസം ഉപയോഗിച്ചിരുന്ന ഫോൺ വിറ്റതായും ഓഗസ്റ്റ് എട്ടിന് പുതിയ ഫോൺ വാങ്ങിയതായും കണ്ടെത്തി.

വിറ്റ ഫോൺ ക്രൈംബ്രാഞ്ച് കണ്ടെത്തി. ഈ ഫോണിലെ വാട്‌സ് ആപ് ചാറ്റുകളും ഫോൺവിളി രേഖകളും നശിപ്പിച്ചിരുന്നു. ഇത് ഹൈടെക്ക് സെല്ലിന്റെ സഹായത്തോടെ വീണ്ടെടുത്തപ്പോൾ ജിതിന്റെ പങ്കിനെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭിച്ചു.കഴിഞ്ഞ രണ്ടിന് ജിതിനെ ക്രൈംബ്രാഞ്ച് വിളിച്ചുവരുത്തി ചോദ്യംചെയ്തു. മൊബൈൽ ഫോൺ കണ്ടെത്തി പരിശോധിച്ചപ്പോൾ സി.സി.ടി.വി ദൃശ്യങ്ങളിൽ പ്രതി ധരിച്ചിരുന്ന ഷൂസ് ധരിച്ചുള്ള ഫോട്ടോകൾ കണ്ടെത്തി. തുടർന്ന് ഫോൺ കസ്റ്റഡിയിലെടുത്തു എന്നാണ് പൊലീസ് പറയുന്നത്.

ഒടുവിലത്തെതും നിർണായകമായതും ശാരീരിക പ്രത്യേകത. സി.സി.ടി.വി ദൃശ്യങ്ങളിലുള്ള ആൾ കൈപ്പത്തി ചുരുട്ടിയ ശേഷം മുകളിലേക്കുയർത്തി കുടയുന്നത് സിനിമാ തീയേറ്ററിലെ വലിയ സ്‌ക്രീനിലെ പരിശോധനയിൽ വ്യക്തമായി. ഇത് ഒരു വ്യക്തിയുടെ സ്ഥിരമായ സ്വഭാവരീതിയാണെന്ന് ഡോക്ടർമാരിൽ നിന്ന് ക്രൈംബ്രാഞ്ച് മനസിലാക്കി.

പിന്നീട് ജിതിനാണ് പ്രതിയെന്ന് വിവരം കിട്ടിയതോടെ ഇയാളെ നോട്ടീസ് നൽകി ചോദ്യംചെയ്യാൻ വിളിപ്പിച്ചു. പകൽ മുഴുവൻ നീണ്ട ചോദ്യം ചെയ്യലിനിടെ കൈ ചുരുത്തി ഉയർത്തി കുടയുന്ന രീതി ജിതിനുണ്ടെന്ന് ക്രൈംബ്രാഞ്ച് മനസിലാക്കി. അറസ്റ്റ് ഉറപ്പിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP