Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

എസ് എഫ് ഐ നേതാവ് സി വി ജോസിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയുടെ ഭാര്യയായ കോൺഗ്രസ് നേതാവിന് സിപിഎമ്മിന്റെ സംരക്ഷണവലയം; പത്തനംതിട്ട നഗരമധ്യത്തിലെ കോൺഗ്രസ് നേതാവിന്റെ ഭൂമി ലേലത്തിലെടുത്തയാളെ അവിടേക്ക് പ്രവേശിക്കാൻ അനുവദിക്കില്ല; അഭിഭാഷക കമ്മിഷനെയും തടയാൻ ശ്രമം

എസ് എഫ് ഐ നേതാവ് സി വി ജോസിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയുടെ ഭാര്യയായ കോൺഗ്രസ് നേതാവിന് സിപിഎമ്മിന്റെ സംരക്ഷണവലയം; പത്തനംതിട്ട നഗരമധ്യത്തിലെ കോൺഗ്രസ് നേതാവിന്റെ ഭൂമി ലേലത്തിലെടുത്തയാളെ അവിടേക്ക് പ്രവേശിക്കാൻ അനുവദിക്കില്ല; അഭിഭാഷക കമ്മിഷനെയും തടയാൻ ശ്രമം

മറുനാടൻ മലയാളി ബ്യൂറോ

പത്തനംതിട്ട: എസ് എഫ് ഐ നേതാവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയുടെ ഭാര്യയായ കോൺഗ്രസ് നേതാവിന് വേണ്ടി സിപിഎമ്മിന്റെ സംരക്ഷണ വലയം. ബാങ്കിൽ നിന്ന് എടുത്ത വായ്പ തിരിച്ചടുക്കാൻ കഴിയാതെ വന്നതിനെ തുടർന്ന് കോൺഗ്രസ് നേതാവിന്റെ ഭൂമിയും കെട്ടിടങ്ങളും ലേലം ചെയ്തിരുന്നു. ഇത് ലേലത്തിൽ എടുത്തയാളെയും കോടതി നിയോഗിച്ച അഭിഭാഷക കമ്മിഷനെയും ഈ ഭൂമിയിലേക്ക് പ്രവേശിക്കുന്നത് തടയാനാണ് സിപിഎം-ഡിവൈഎഫ്ഐ നേതാക്കൾ അണിനിരന്നത്. ശക്തമായ പൊലീസ് സംരക്ഷണയിൽ അഭിഭാഷക കമ്മിഷൻ സ്ഥലത്ത് പ്രവേശിച്ചു.

പത്തനംതിട്ട നഗരസഭാ മുൻ ചെയർപേഴ്സണും മഹിളാ കോൺഗ്രസിന്റെ സംസ്ഥാന നേതാവുമായിരുന്ന അജീബ എം. സാഹിബിന്റെ ഉടമസ്ഥതയിലുള്ള നാലു സെന്റ് ഭൂമിയും അതിലുള്ള കടമുറികളും വീടും എറണാകുളം ഡെബ്റ്റ് റിക്കവറി ട്രിബ്യൂണൽ-2 കോടതിയിലെ 21.01.2011 ലെ സെയിൽ ഡീഡ് പ്രകാരം അടൂർ ആനന്ദപ്പള്ളി ശ്രീമംഗലത്ത് ഷൺമുഖം ചെട്ടിയാർ, കാഞ്ഞിരപ്പള്ളി ചിറക്കടവ് കിഴക്കേതിൽ രാജേഷ് ബാബു എന്നിവർ ചേർന്ന് ലേലത്തിൽ വിളിച്ചെടുത്തിരുന്നു. ഉടമ വീണ്ടും കോടതിയെ സമീപിച്ചതിനാൽ ഇവർക്ക് വസ്തു കൈവശപ്പെടുത്തനായിരുന്നില്ല.

എന്നാൽ, ഉടമയുടെ വാദഗതികൾ എല്ലാം ബന്ധപ്പെട്ട കോടതികൾ തള്ളി. ഹൈക്കോടതിയിൽ നിന്നും ലേലം കൊണ്ടവർക്ക് അനുകൂല ഉത്തരവ് ലഭിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ റിക്കവറി ഓഫീസർ വസ്തു ഒഴിപ്പിച്ചെടുക്കുന്നതിന് അഭിഭാഷക കമ്മിഷനെ നിയോഗിച്ചു. കമ്മിഷൻ പല തവണയായി വസ്തുവിൽ ഹാജരാവുകയും കടമുറികൾ ഒഴിപ്പിച്ച് താക്കോൽ കരസ്ഥമാക്കി. വസ്തുവിൽ സ്ഥിതി ചെയ്തിരുന്ന വീട് ഒഴിപ്പിച്ച് പൂട്ടി സീൽ ചെയ്യുകയും ചെയ്തു.

വീട്ടിലും കടമുറികളിലും സൂക്ഷിച്ചിരുന്ന സാധനങ്ങൾ നീക്കുന്നതിന് കമ്മിഷൻ ജനുവരി മൂന്ന്, അഞ്ച് തീയതികളിൽ ഹാജരായി. കടമുറികൾ പൂർണമായും ഏറ്റെടുത്തു. എന്നാൽ, വീടിനുള്ളിൽ സൂക്ഷിച്ചിരുന്ന സാധനങ്ങൾ എതിർകക്ഷിയായ അജീബ എം. സാഹിബ് എത്തി സ്വയം നീക്കം ചെയ്തില്ല. തുടർന്ന് ജനുവരി 16 ന് ഹാജരാകാൻ കമ്മിഷൻ അജീബയ്ക്ക് നോട്ടീസ് നൽകി. കമ്മിഷൻ പറഞ്ഞ ദിവസം എത്തി വീട്ടിൽ നിന്ന് സാധനങ്ങൾ നീക്കാൻ നടപടിയെടുത്തു. ഈ സമയം സിപിഎം ലോക്കൽ സെക്രട്ടറി അബ്ദുൾ മനാഫിന്റെ നേതൃത്വത്തിൽ ഇരുപത്തഞ്ചോളം വരുന്ന ഡിവൈഎഫ്ഐ സംഘം എത്തി തടഞ്ഞു.

അഭിഭാഷക കമ്മിഷനെയും ലേലത്തിൽ വസ്തു എടുത്തവരെ ഭീഷണിപ്പെടുത്തി. ഞങ്ങൾ പറയുന്നത് കേൾക്കാതെ സാധനങ്ങൾ പുറത്തേക്ക് എടുത്താൽ ചെട്ടിയാർ ഈ ബിൽഡിങിന് അകത്തു കയറില്ല. കാൽ കുത്താൻ ഞങ്ങൾ സമ്മതിക്കില്ല എന്നായിരുന്നു ഭീഷണി. അഭിഭാഷക കമ്മിഷനായി എത്തിയ എം. അഞ്ജു തോമസ് ഈ വിവരം കോടതിയിൽ റിപ്പോർട്ട് ചെയ്തു. ഇതിനിടെ വീട്ടു സാധനം ഒഴിപ്പിക്കാൻ ഉടമയായ അജീബ് സാവകാശം തേടി. ചികിൽസയിലാണെന്ന ന്യായമാണ് ഇതിനായി പറഞ്ഞത്. അതിനാൽ കോടതി 31 വരെ സാവകാശം നൽകി. ഫെബ്രുവരി ഒന്നിന് സാധനങ്ങൾ നീക്കി വീട് ഒഴിപ്പിച്ചെടുക്കാനും അതിന് പൊലീസ് സംരക്ഷണം നൽകാൻ പത്തനംതിട്ട എസ്‌പിക്കും കോടതി നിർദ്ദേശം നൽകി.

അതിൻ പ്രകാരം ഇന്ന് രാവിലെ അഭിഭാഷക കമ്മിഷൻ സ്ഥലം ഒഴിപ്പിക്കാനെത്തി. സിപിഎം ലോക്കൽ സെക്രട്ടറി മനാഫ്, നഗരസഭാ കൗൺസിലമാർ എന്നിവരുടെ നേതൃത്വത്തിൽ സിപിഎം സംഘവും സ്ഥലത്ത് വന്നതോടെ സംഘർഷാവസ്ഥ ഉടലെടുത്തു. അഭിഭാഷക കമ്മിഷൻ കെട്ടിടത്തിൽ പ്രവേശിക്കുന്നത് ഇവർ തടഞ്ഞു. പൊലീസ് ഇടപെട്ട് ഇവരെ നീക്കിയ ശേഷം കോടതി ഉത്തരവ് നടപ്പാക്കി.

സി.വി ജോസിനെ കൊന്ന കേസിൽ അജീബയുടെ ഭർത്താവ് പ്രതി

പത്തനംതിട്ട കാതോലിക്കേറ്റ് കോളജിലെ എസ്എഫ്ഐ നേതാവായിരുന്ന സി.വി ജോസിനെ കുത്തിക്കൊന്ന കേസിൽ പ്രതിയായിരുന്നു അജീബയുടെ ഭർത്താവ് അമ്പിളി എന്ന അബ്ദുൾ ഖാദർ. കേസിൽ നിന്ന് ഇയാളെ പിന്നീട് കോടതി വെറുതേ വിട്ടു. എങ്കിലും സി.വി. ജോസിന്റെ രക്തസാക്ഷിത്വം പാർട്ടിയുടെ വൈകാരിക പ്രശ്നമാണ്. അമ്പിളിയും അജീബയും കോൺഗ്രസിൽ തുടർന്നു. അദ്ധ്യാപികയായ അജീബ മഹിളാ കോൺഗ്രസിന്റെ ജില്ലാ പ്രസിഡന്റും സംസ്ഥാന ജനറൽ സെക്രട്ടറിയുമായി. കെ. കരുണാകരന്റെയും കെ. മുരളീധരന്റെയും വിശ്വസ്തയായിരുന്നു. പിന്നീട് പത്തനംതിട്ട നഗരസഭാ ചെയർപേഴ്സൻ ആയി. ഇടയ്ക്ക് ചില ഭൂമി തട്ടിപ്പിലും മറ്റും അകപ്പെട്ടു.

അങ്ങനെയാണ് ഇപ്പോൾ തർക്കസ്ഥലമായ വീടും സ്ഥലവും ബാങ്ക് ജപ്തി ചെയ്തത്. സി.വി. ജോസിന്റെ കൊലപാതകിക്ക് വേണ്ടി സിപിഎം രംഗത്തിറങ്ങിയതിൽ പത്തനംതിട്ടയിലെ നേതാക്കളും പ്രവർത്തകരും അടക്കം കടുത്ത അമർഷത്തിലാണ്. അജീബ് സിപിഎമ്മിൽ ചേരുമെന്നും അവർ സംസ്ഥാന നേതൃത്വത്തെ കണ്ട് സഹായം അഭ്യർത്ഥിച്ചതു കൊണ്ടാണ് ജില്ലാ സെക്രട്ടറി ഇടപെട്ട് സംരക്ഷണമൊരുക്കിയതെന്നുമാണ് പാർട്ടിക്കാരിൽ ചിലർ പറയുന്നത്. ഇതിനിടെ ഒരു സിപിഎം കൗൺസിലർ വസ്തു ലേലം കൊണ്ടവരോട് നിങ്ങൾ സിപിഎം ജില്ലാ സെക്രട്ടറിയെ ചെന്നു കണ്ട് അപേക്ഷിക്കാൻ ആവശ്യപ്പെട്ടുവെന്ന് പറയുന്നു.

തങ്ങൾക്ക് ഒരു സെക്രട്ടറിയെയും കാണേണ്ട കാര്യമില്ലെന്ന് ഇവർ പറഞ്ഞത് സിപിഎമ്മിന്റെ വിരോധം വർധിച്ചു. ഏത് സാഹചര്യത്തിലായാലും പാർട്ടി രക്തസാക്ഷികളെ ഒറ്റു കൊടുത്തതിനെതിരേ അമർഷം പുകയുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP