Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202422Monday

കെൽട്രോണിനു കൺസോർഷ്യം നൽകുന്ന 6 കോടി നിക്ഷേപത്തുക കരാർ കാലാവധി കഴിയുമ്പോൾ തിരികെ ലഭിക്കുന്നത് പ്രസാഡിയോയ്ക്ക്; ലാഭത്തിൽ 40 ശതമാനവും കിട്ടും; വെഹിക്കിൾ ടെസ്റ്റിങ് സ്റ്റേഷൻ കരാർ ഊരാളുങ്കലിന് മറിച്ചു കൊടുത്തതും ചരിത്രം; നിർമ്മിത ബുദ്ധി ക്യാമറയിൽ നിറയുന്നത് അഴിമതിയോ? വിജിലൻസ് അന്വേഷണത്തിന് തുടക്കം

കെൽട്രോണിനു കൺസോർഷ്യം നൽകുന്ന 6 കോടി നിക്ഷേപത്തുക കരാർ കാലാവധി കഴിയുമ്പോൾ തിരികെ ലഭിക്കുന്നത് പ്രസാഡിയോയ്ക്ക്; ലാഭത്തിൽ 40 ശതമാനവും കിട്ടും; വെഹിക്കിൾ ടെസ്റ്റിങ് സ്റ്റേഷൻ കരാർ ഊരാളുങ്കലിന് മറിച്ചു കൊടുത്തതും ചരിത്രം; നിർമ്മിത ബുദ്ധി ക്യാമറയിൽ നിറയുന്നത് അഴിമതിയോ? വിജിലൻസ് അന്വേഷണത്തിന് തുടക്കം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: നിർമ്മിതബുദ്ധി ക്യാമറ സ്ഥാപിക്കാനുള്ള സർക്കാരിന്റെ പദ്ധതി വിവരങ്ങളെല്ലാം ഉപകരാർ ഏറ്റെടുത്ത പ്രസാഡിയോ കമ്പനി മുമ്പേ അറിഞ്ഞത് അഴിമതിക്ക് തെളിവോ? പദ്ധതി നിർവഹണത്തിന് തിരഞ്ഞെടുത്ത എസ്.ആർ.ഐ.ടി.യുമായി കെൽട്രോൺ കരാറുണ്ടാക്കുംമുമ്പുതന്നെ പ്രസാഡിയോയുമായി ഉപകരാർ തയ്യാറാക്കിയെന്നതാണ് വിവരം. എ.ഐ. ക്യാമറാപദ്ധതിയിൽ എസ്.ആർ.ഐ.ടി.യുമായി കെൽട്രോൺ കരാറുണ്ടാക്കുന്നത് 2020 ഒക്ടോബർ ഒന്നിനാണ്. ഇതിനുമുമ്പ്, 2020 സെപ്റ്റംബർ 12-നുതന്നെ ക്യാമറ സ്ഥാപിക്കുന്ന പദ്ധതിയുടെ നടത്തിപ്പിന് പ്രസാഡിയോയുമായി എസ്.ആർ.ഐ.ടി. ഉപകരാറുണ്ടാക്കി. ഈ ഉപകരാറിൽ അൽഹിന്ദും പങ്കാളിയാണ്. ടൂർസ് ആൻഡ് ട്രാവൽസ് കമ്പനിയായിത്തന്നെയാണ് അൽഹിന്ദ് എത്തുന്നത്.

റോഡ് ക്യാമറ പദ്ധതിയിലെ വിജിലൻസ് അന്വേഷണത്തിന്റെ ഭാഗമായി മോട്ടർ വാഹന വകുപ്പിലെ ഉദ്യോഗസ്ഥരിൽ നിന്നു മൊഴിയെടുക്കൽ തുടങ്ങി. പദ്ധതിയുടെ ചുമതലയുള്ള അസിസ്റ്റന്റ് ട്രാൻസ്‌പോർട്ട് കമ്മിഷണർ ടോജോ ജയിംസിനെ വിളിച്ചുവരുത്തി വിജിലൻസ് എസ്‌പിയുടെ നേതൃത്വത്തിൽ മൊഴിയെടുത്തു. പദ്ധതിയുടെ അന്നത്തെ നോഡൽ ഓഫിസറായിരുന്ന റിട്ട. ആർടിഒ ഷിബു കെ.ഇട്ടിയെ നാളെ വിളിപ്പിച്ചിട്ടുണ്ട്.
മോട്ടർ വാഹന വകുപ്പ്, ധനവകുപ്പ്, ഐടി വകുപ്പ്, ധനവകുപ്പ് സാങ്കേതിക വിഭാഗം, കെൽട്രോൺ എന്നിവിടങ്ങളിൽ നിന്നു ഫയലിന്റെ കോപ്പി വിജിലൻസ് ശേഖരിച്ചു. പ്രാഥമിക അന്വേഷണമാണ് നടക്കുന്നത്.

ക്യാമറ പദ്ധതിയുമായി ബന്ധപ്പെട്ടു കെൽട്രോൺ ഔദ്യോഗികമായി പുറത്തുവിട്ട രേഖകളിൽ കരാർ തുകയുടെ കാര്യത്തിലും ആശയക്കുഴപ്പം ഉണ്ട്. എസ്ആർഐടിക്ക് ജിഎസ്ടി ഉൾപ്പെടെ 151.23 കോടി രൂപയാണു കെൽട്രോൺ നൽകുകയെന്ന് 2020 ഒക്ടോബറിൽ ഒപ്പിട്ട കരാറിൽ പറയുന്നു. എന്നാൽ, വിവാദത്തിനുശേഷം കെൽട്രോൺ തന്നെ പുറത്തുവിട്ട കണക്കുപ്രകാരം ജിഎസ്ടി ഉൾപ്പെടെ 165.89 കോടിയുടേതാണു പദ്ധതി. 25.63 കോടി രൂപയാണു ജിഎസ്ടിയായി കണക്കാക്കിയിരിക്കുന്നത്. മുഖ്യമന്ത്രിയുടെ മകന്റെ ഭാര്യാപിതാവിന് പ്രസാഡിയോ ബന്ധമുണ്ടെന്ന ആരോപണങ്ങൾക്കിടെയാണ് ഈ വിവരം പുറത്തുവന്നത്. മോട്ടോർ വാഹനവകുപ്പ് നടപ്പാക്കിയ പല പദ്ധതികളിലും ഇടനില കമ്പനിയായി പ്രസാഡിയോ ഉണ്ടായിരുന്നു.

ട്രോയിസ് ഇൻഫോടെക്, മീഡിയാട്രോണിക്സ് എന്നീ രണ്ടുകമ്പനികളാണ് എസ്.ആർ.ഐ.ടി.ക്ക് ടെൻഡർ യോഗ്യത നേടുന്നതിനായി കെൽട്രോണിന് കത്തുനൽകിയത്. നിർമ്മിതബുദ്ധി സാങ്കേതികസംവിധാനമടക്കം ട്രാഫിക് എൻഫോഴ്സ്മെന്റ് രംഗത്ത് സ്വന്തം ഉപകരണങ്ങൾ ഈ കമ്പനികൾക്കുണ്ട്. ഈ കന്പനികളുടെ അംഗീകൃത വിതരണ ഏജൻസിയാണ് എസ്.ആർ.ഐ.ടി. എന്നായിരുന്നു കത്ത്. ഈ രണ്ടു കമ്പനികളുമായും എസ്.ആർ.ഐ.ടി. ഉപകരാറുണ്ടാക്കിയിട്ടില്ല. പകരം, പ്രസാഡിയോയുമായി ഉണ്ടാക്കിയ ഉപകരാറിൽ സാക്ഷിയായി ഒപ്പിട്ടത് ട്രോയിസിന്റെ ഡയറക്ടറാണ്. ടെൻഡർ യോഗ്യത നേടുന്നതിന് എസ്.ആർ.ഐ.ടി.ക്ക് സാങ്കേതികപിന്തുണ ഉറപ്പുനൽകി കത്തുനൽകണമെന്ന് മീഡിയാട്രോണിക്സ് എന്ന സ്ഥാപനത്തോട് ആവശ്യപ്പെടുന്നത് ട്രോയിസാണ്. ്ര

കണ്ണൂർ, കാസർകോട് ജില്ലകളിൽ വെഹിക്കിൾ ടെസ്റ്റിങ് സ്റ്റേഷൻ സ്ഥാപിക്കുന്നതിനുള്ള കരാറും മോട്ടോർ വാഹനവകുപ്പ് നടപ്പാക്കിയത് പ്രസാഡിയോയിലൂടെയാണ്. കമ്പനി രൂപവത്കരിച്ചശേഷം ഇത്തരമൊരു പ്രവൃത്തിയും ഏറ്റെടുത്ത് നടപ്പാക്കിയ അനുഭവം അവകാശപ്പെടാനില്ലാത്ത കമ്പനിയാണ് പ്രസാഡിയോ. എന്നിട്ടും വെഹിക്കൾ ടെസ്റ്റിങ് സ്റ്റേഷൻ സ്ഥാപിക്കാനുള്ള കരാർ കിട്ടിയത് ദുരൂഹമാണ്. കാസർകോടും കണ്ണൂർ തളിപ്പറമ്പിലും വെഹിക്കിൾ ടെസ്റ്റിങ് സ്റ്റേഷൻ സ്ഥാപിക്കാനുള്ള കരാർ 2018-ലാണ് പ്രസാഡിയോക്ക് നൽകുന്നത്. ഇത് ഏറ്റെടുത്തശേഷം ഊരാളുങ്കലിന് മറിച്ചുനൽകി. 61.64 ലക്ഷം രൂപയ്ക്കാണ് ഊരാളുങ്കലിനെ ഇത് ഏൽപ്പിച്ചത്.

എഐ ക്യാമറയിൽ പ്രധാന ഉപകരാറുകളൊന്നും ലഭിച്ചില്ലെന്നും കൺട്രോൾ റൂമുകളിലേതുൾപ്പെടെ സിവിൽ പ്രവൃത്തികൾ മാത്രമേ ചെയ്തിട്ടുള്ളൂവെന്നുമാണു വിവാദമുയർന്നപ്പോൾ കമ്പനി വിശദീകരിച്ചത്. എന്നാൽ, പ്രസാഡിയോയെ ഉൾപ്പെടുത്തി എസ്ആർഐടി രൂപീകരിച്ച കൺസോർഷ്യത്തിലെ പ്രധാന ചുമതലയായ കൺസോർഷ്യം പ്രോജക്ട് ഡയറക്ടറായി നിയോഗിച്ചതു പ്രസാഡിയോയുടെ മാനേജിങ് ഡയറക്ടർ ഒ.ബി.രാംജിത്തിനെയാണെന്നതിനു രേഖയുണ്ട്. കെൽട്രോണിനു കൺസോർഷ്യം നൽകുന്ന 6 കോടി രൂപ നിക്ഷേപത്തുക, കരാർ കാലാവധി കഴിയുമ്പോൾ തിരികെ ലഭിക്കുന്നതും പ്രസാഡിയോയ്ക്കാണ്. ഈ തുക എസ്ആർഐടി വാങ്ങി പ്രസാഡിയോയ്ക്കു നൽകുമെന്നാണു കൺസോർഷ്യം കരാറിലുള്ളത്.

പദ്ധതി വഴി ലഭിക്കുന്ന ലാഭത്തിൽ 40 ശതമാനവുമുണ്ട്. അപ്രധാന ചുമതല മാത്രമാണു നിർവഹിക്കുന്നതെന്ന് അവകാശപ്പെട്ട കമ്പനിക്ക് എങ്ങനെ ഇത്രയും വലിയ സാമ്പത്തിക വിഹിതം ലഭിക്കുന്നുവെന്നതാണു ചോദ്യം. കമ്പനിയുടെ വെബ്‌സൈറ്റിൽ ഡയറക്ടർമാരെ പരാമർശിക്കുന്ന ഭാഗം ഭാഗികമായി മറച്ചതും ദുരൂഹത വർധിപ്പിക്കുന്നു. സിഇഒയുടെയും 2 ഡയറക്ടർമാരുടെയും വിശദാംശങ്ങൾ കമ്പനി വെബ്‌സൈറ്റിൽ നൽകിയിട്ടുണ്ട്. എന്നാൽ ഇവരുടെ പേര് ഇല്ല.  

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP