Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ജ്യോതീന്ദ്രനാഥിന്റെ മൊഴികളിലെ വൈരുദ്ധ്യം വഴിത്തിരിവായി മാറി; പശ്ചാത്തലം പരിശോധിച്ചപ്പോൾ സുഹൃത്തുക്കൾ ക്വട്ടേഷൻ സംഘാംഗങ്ങളെന്ന് കണ്ടെത്തി; അച്ഛൻ മരിച്ച് ദിവസങ്ങൾക്കുള്ളിൽ നടന്ന സംഭവം ആയതിനാൽ പിന്നിൽ സഹോദരൻ ആകുമെന്ന് അഡ്വ. ജ്യോതികുമാറും കരുതിയില്ല; ഫോൺ വിളികളും മൊഴികളും വിശദമായി പരിശോധിച്ച് പ്രതിയെ കുടുക്കി വഞ്ചിയൂർ പൊലീസിന്റെ മികവ്; അഭിഭാഷകനെ തട്ടിക്കൊണ്ടു പോയി കൊക്കയിൽ എറിഞ്ഞ സംഭവത്തിലെ ട്വിസ്റ്റ് ഇങ്ങനെ

ജ്യോതീന്ദ്രനാഥിന്റെ മൊഴികളിലെ വൈരുദ്ധ്യം വഴിത്തിരിവായി മാറി; പശ്ചാത്തലം പരിശോധിച്ചപ്പോൾ സുഹൃത്തുക്കൾ ക്വട്ടേഷൻ സംഘാംഗങ്ങളെന്ന് കണ്ടെത്തി; അച്ഛൻ മരിച്ച് ദിവസങ്ങൾക്കുള്ളിൽ നടന്ന സംഭവം ആയതിനാൽ പിന്നിൽ സഹോദരൻ ആകുമെന്ന് അഡ്വ. ജ്യോതികുമാറും കരുതിയില്ല; ഫോൺ വിളികളും മൊഴികളും വിശദമായി പരിശോധിച്ച് പ്രതിയെ കുടുക്കി വഞ്ചിയൂർ പൊലീസിന്റെ മികവ്; അഭിഭാഷകനെ തട്ടിക്കൊണ്ടു പോയി കൊക്കയിൽ എറിഞ്ഞ സംഭവത്തിലെ ട്വിസ്റ്റ് ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: വഞ്ചിയൂരിൽ നിന്നും അഭിഭാഷകനെ തട്ടിക്കൊണ്ടു പോയി ആര്യനാട് കൊക്കയിൽ എറിഞ്ഞ സംഭവത്തിൽ വഴിത്തിരിവായത് ജ്യോതികുമാറിന്റെ സഹോദരൻ ജ്യോതീന്ദ്രനാഥിന്റെ മൊഴികളിലുള്ള വൈരുദ്ധ്യമെന്നു പ്രതികളെ വലയിലാക്കിയ വഞ്ചിയൂർ പൊലീസ്. ജ്യോതീന്ദ്രനാഥിന് എതിർ കക്ഷികളിൽ നിന്നും കേസുകളിൽ നിന്നും ഭീഷണിയുണ്ടെന്ന് സഹോദരൻ പറഞ്ഞതിൽ തന്നെ പൊരുത്തക്കേടുകൾ ദൃശ്യമായിരുന്നതായും ഇത് അന്വേഷണം ജ്യോതീന്ദ്രനാഥിന് നേർക്ക് തന്നെ തിരിക്കാൻ കാരണമായതെന്നും പൊലീസ് മറുനാടൻ മലയാളിയോട് പറഞ്ഞു. ജ്യോതീകുമാറിന്റെ സ്വത്തുക്കൾ തട്ടിയെടുക്കാൻ ആലോചിച്ച് എടുത്ത ഒരു തീരുമാനത്തിന്റെ ഫലമായാണ് ജ്യോതികുമാറിനെ തട്ടിക്കൊണ്ടു പോയി വധിക്കാനുള്ള ശ്രമമെന്നും പൊലീസ് പറയുന്നു. ഗൂഢാലോചനയുടെ കൂടുതൽ കാര്യങ്ങൾ ചുരുളഴിഞ്ഞില്ലാത്തതിനാൽ പ്രതികളെ കസ്റ്റഡിയിൽ വാങ്ങി മുഴുവൻ കാര്യങ്ങളും അറിയാനാണ് പൊലീസ് ശ്രമിക്കുന്നത്.

സ്വത്ത് തട്ടിയെടുക്കാൻ ഗുണ്ടാ പശ്ചാത്തലമുള്ള ശങ്കറിനാണ് ജ്യോതീന്ദ്രനാഥ് ക്വട്ടേഷൻ നൽകിയത്. 20 ലക്ഷം രൂപയ്ക്ക് ക്വട്ടേഷൻ ഉറപ്പിച്ച് ഒന്നര ലക്ഷം രൂപയാണ് ആദ്യം നൽകിയത്. ശങ്കർ ഇതിൽ നിന്നും അമ്പതിനായിരം രൂപ എടുത്ത ശേഷം ഒരു ലക്ഷം രൂപ വേറെ ടീമിന് നൽകിയാണ് ക്വട്ടേഷൻ നടപ്പിലാക്കാൻ ശ്രമം നടത്തിയത്. ഈ സംഘം വേറെ ടീമിനും ക്വട്ടേഷൻ നല്കി. മൂന്നു ക്വട്ടേഷൻ ടീമുകൾ സംഭവത്തിൽ നടന്നിട്ടുണ്ട് എന്നാണ് പൊലീസ് അനുമാനം. ശങ്കർ വേറെ ടീമിന് ക്വട്ടേഷൻ നല്കിയ കാര്യം ജ്യോതീന്ദ്രനാഥ് അറിയുമോ എന്ന കാര്യം പൊലീസിന് അറിയുകയുമില്ല. ജ്യോതികുമാറും സഹോദരനെ സംശയിച്ചിരുന്നില്ല. അച്ഛൻ മരിച്ച് ദിവസങ്ങൾക്കുള്ളിൽ നടക്കുന്ന സംഭവം ആയതിനാലാണ് സഹോദരനെ സംശയിക്കാതിരുന്നത്.

പക്ഷെ ജ്യോതികുമാർ പറഞ്ഞ രീതിയിൽ മെഡിക്കൽ കോളെജ് ആശുപത്രിയിലെ ക്ഷേത്ര കേസുമായി ബന്ധപ്പെട്ട് ജ്യോതികുമാറിനെ വധിക്കാൻ ശ്രമം നടക്കും എന്ന കാര്യം പൊലീസ് ആദ്യമേ തള്ളി. പിന്നെയുള്ളത് സഹോദരനെയായിരുന്നു. അതിനാൽ അന്വേഷണം പൊലീസ് സഹോദരനെ കേന്ദ്രീകരിച്ച് നീക്കി. ഫോൺ കോളുകളിലും മൊഴിയിലും അസ്വാഭാവിക മണത്തപ്പോൾ പ്രതി സഹോദരൻ തന്നെയാണെന്ന് പൊലീസ് ഉറപ്പിക്കുകയായിരുന്നു. അച്ഛനെ അവസാന കാലം നോക്കാൻ ജ്യോതികുമാർ തയ്യാറാകാത്തതാണ് ക്വട്ടേഷൻ നൽകാൻ പ്രേരണയായത് എന്നാണ് ഇയാൾ പറഞ്ഞത്. പക്ഷെ ഈ മൊഴി പൊലീസ് വിശ്വാസത്തിൽ എടുത്തിട്ടില്ല. സ്വത്ത് തേടിയുള്ള ഒരു കൊലപാതക ശ്രമമായാണ് സംഭവം പൊലീസ് വിലയിരുത്തുന്നത്.

അഭിഭാഷകനെ കൊക്കയിൽ എറിഞ്ഞ ആസൂത്രണങ്ങളെക്കുറിച്ചുള്ള വഞ്ചിയൂർ പൊലീസ് വിശദീകരണം ഇങ്ങനെ:

അഭിഭാഷകനെ തട്ടിക്കൊണ്ടുപോയി മൃതപ്രായനാക്കി ആര്യങ്കാവ് കൊക്കയിൽ എറിഞ്ഞ കേസ് അന്വേഷണത്തിൽ പൊലീസ് അതീവ ജാഗ്രതയാണ് തുടക്കം മുതൽ കൈക്കൊണ്ടത്. അന്വേഷണത്തിൽ ജ്യോതികുമാറിനെ കൊല്ലാൻ ക്വട്ടേഷൻ നൽകേണ്ട കാര്യം കേസിലെ ആളുകൾക്ക് ഇല്ലായിരുന്നു എന്ന നിഗമനം ആദ്യമേ തന്നെ കൈക്കൊണ്ടു. പിന്നെയുള്ളത് സഹോദരൻ ജ്യോതീന്ദ്രനാഥ് ആയിരുന്നു. അതിനാൽ ഇയാളുടെ ഫോൺ കോളുകൾ സമഗ്ര പരിശോധനയ്ക്ക് വിധേയമാക്കി. മൊഴികളിൽ പൊരുത്തക്കേടുകൾ കണ്ടു. ഇയാൾ വിളിച്ച ആളുകളുടെ പശ്ചാത്തലം ശരിയായിരുന്നില്ല എന്ന് മനസിലായി. അത് സംബന്ധിച്ച് കൂടുതൽ അന്വേഷണം നടത്തിയപ്പോൾ ചിത്രം കൂടുതൽ വ്യക്തമായി. കൊലയ്ക്ക് പിന്നിൽ ജ്യോതീന്ദ്രനാഥ് ആണെന്ന് വ്യക്തമായി. സഹോദരന് ജ്യോതികുമാറിന് വൈരാഗ്യം ഉണ്ടായിരുന്നു എന്ന് വ്യക്തമായി. അതോടെ അന്വേഷണം ജ്യോതീന്ദ്രനാഥിൽ കേന്ദ്രീകരിച്ചു. പിന്നീട് ഇയാൾ അടക്കമുള്ള പ്രതികളെ പൊക്കി.

ഇനിയും ഒരാൾ കൂടി ഈ കേസിൽ പിടികൂടാനുണ്ട്. പ്രതികളെ കസ്റ്റഡിയിൽ വാങ്ങി കൂടുതൽ ചോദ്യം ചെയ്താലേ കാര്യങ്ങൾ വ്യക്തമാവുകയുള്ളൂ. സ്വത്ത് തേടിയുള്ള ഒരു വകവരുത്തൽ ശ്രമമാണിത്. ഇനിയും ചോദ്യം ചെയ്യൽ നടക്കണം. അപ്പോഴേ കൂടുതൽ കാര്യങ്ങൾ വ്യക്തമാവുകയുള്ളൂ-പൊലീസ് പറയുന്നു. ക്വട്ടേഷൻ കൊടുക്കാൻ തക്കവിധം ഒരു കാരണം വേണം. ആ കാരണം സഹോദരൻ വഴിയുള്ളതാണ്. അതുകൊണ്ട് തന്നെയാണ് സഹോദരനെ കേന്ദ്രീകരിച്ച് അന്വേഷണം നീക്കി. സംഭവം നടന്ന സമയം മുതൽ ജ്യോതീന്ദ്രനാഥ് ഒപ്പമുണ്ടായിരുന്നു. ഒരു സ്‌കൂട്ടിയിലാണ് ഇയാൾ ക്വട്ടേഷൻ സംഘത്തെ പിന്തുടർന്നത്. ഇയാൾ ആര്യങ്കാവ് വരെ കൂടെപ്പോയിട്ടുണ്ട്. പക്ഷെ അരുവിക്കര ഡാമിൽ ഡാമിൽ ജ്യോതികുമാറിനെ എറിയാൻ പദ്ധതിയിട്ടപ്പോൾ ഫോണിൽ സംസാരിച്ചത് ശങ്കറുമായിട്ടാണ് എന്നാണ് സൂചനകൾ. ക്വട്ടേഷൻ എടുത്തത് ശങ്കർ ആയതിനാലാണ് ക്വട്ടേഷൻ സംഘം ശങ്കറിനെ വിളിച്ചത്. പ്രതികളെ കസ്റ്റഡിയിൽ വാങ്ങി കൂടുതൽ ചോദ്യം ചെയ്യും-പൊലീസ് പറയുന്നു. വഞ്ചിയൂർ സിഐ. എസ്.ആർ.നിസാം, എസ്‌ഐ.മാരായ എ.എം.സഫീർ,, സുവർണകുമാർ, പൊലീസുകാരായ രാജേഷ്, സജാദ് ഖാൻ, അശോകൻ, രഞ്ജിത്ത്, സുരേഷ് കുമാർ, രാജേഷ് ആർ.ജി.എന്നിവരാണ് അന്വേഷണസംഘത്തിലുണ്ടായിരുന്നത്.

വഞ്ചിയൂർ കോടതിയിലെ മുതിർന്ന അഭിഭാഷകനെ ഗുണ്ടാസംഘം തട്ടിക്കൊണ്ടു പോയി ആര്യങ്കാവിലെ കൊക്കയിൽ തള്ളിയ കേസിൽ പിടിയിലായത് അഭിഭാഷകന്റെ സഹോദരൻ. അഭിഭാഷകനായ ജ്യോതികുമാറിനെ രാത്രി വഞ്ചിയൂരുള്ള ഓഫീസിൽ നിന്നും തട്ടിക്കൊണ്ടു പോയി ആര്യങ്കാവ് കൊക്കയിൽ തള്ളിയ കേസിലാണ് സഹോദരനായ നെട്ടയം വേറ്റിക്കോണം ബിന്ദുഭവനിൽ ജ്യോതീന്ദ്രനാഥ് (49) അടക്കം ആറുപേർ പൊലീസ് പിടിയിലായത്. 20 ലക്ഷം രൂപയ്ക്ക് ഗുണ്ടാസംഘത്തിനു ക്വട്ടേഷൻ നൽകിയ ശേഷം ഒന്നര ലക്ഷത്തോളം രൂപ ജ്യോതീന്ദ്രനാഥ് അഡ്വാൻസ് ആയി നൽകുകയും ചെയ്തിരുന്നു. ഈ തുക കൈപ്പറ്റിയ ശേഷമാണ് ഗുണ്ടാസംഘം വഞ്ചിയൂരിലെ ഓഫീസിൽ അതിക്രമിച്ച് കയറി ജൂലൈ മൂന്നിനു രാത്രി പത്തുമണിയോടെ ജ്യോതികുമാറിനെ തട്ടിക്കൊണ്ടു പോയി ആര്യങ്കാവ് കൊക്കയിൽ തള്ളിയത്. ക്വട്ടേഷൻ ഏറ്റെടുത്ത കരകുളം പൊട്ടൻചിറ വീട്ടിൽ ശങ്കർ(36), കൂട്ടാളികളായ അരുവിക്കര വികാസ് നഗർ മരുതുംമൂട് വീട്ടിൽ രതീഷ്(33), അരുവിക്കര നെല്ലിവിള വീട്ടിൽ മോഹൻസതി(36), മണക്കാട് പുഞ്ചക്കരി എ.എസ്.ഭവനിൽ ഉണ്ണി എന്ന ജോജെ(29), പുഞ്ചക്കരി വട്ടവിള വീട്ടിൽ അനിൽ(28) എന്നീ ക്വട്ടേഷൻ സംഘങ്ങളാണ് പിടിയിലായത്. ആര്യങ്കാവ് കൊക്കയിൽ വച്ച് ജ്യോതികുമാറിനെ കഴുത്ത് ഞെരിച്ച് മരണത്തിനു അടുത്തുവരെ എത്തിച്ച ക്വട്ടേഷൻ സംഘാംഗം ഇതുവരെ പിടിയിലായിട്ടില്ല. ഇവരെ പിടികൂടാനുള്ള ഒരുക്കത്തിലാണ് മ്യൂസിയം പൊലീസ്. ജ്യോതികുമാറിനെ തട്ടിക്കൊണ്ടു പോയി കൊക്കയിൽ തള്ളിയ സംഭവം ആദ്യമായി കേരളത്തിനു മുന്നിൽ കൊണ്ടുവന്നത് മറുനാടൻ മലയാളിയായിരുന്നു. തുടരൻ റിപ്പോർട്ടുകൾ ഈ കാര്യത്തിൽ മറുനാടൻ നൽകുകയും ചെയ്തിരുന്നു. കേസ് അവസാന സ്റ്റേജിലാണെന്ന് കേസ് അന്വേഷിച്ച വഞ്ചിയൂർ സിഐ എസ്.ആർ.നിസാം മറുനാടൻ മലയാളിയെ അറിയിക്കുകയും ചെയ്തിരുന്നു.

അവിവാഹിതനായി തുടരുന്ന ജ്യോതികുമാറിന്റെ ഏഴു കോടിയോളം വിലവരുന്ന സ്വത്തുക്കൾ തട്ടിയെടുക്കാൻ വേണ്ടിയാണ് ജ്യോതീന്ദ്രനാഥ് സഹോദരനെ ക്വട്ടേഷൻ സംഘത്തിനെ ഏൽപ്പിച്ച് ഇല്ലായ്മ ചെയ്യാൻ ശ്രമിച്ചത്. ഭാര്യയും ഒരു കുട്ടിയുമുണ്ട് ജ്യോതീന്ദ്രനാഥിന്. കഴിഞ്ഞ 20 ഓളം വർഷമായി സഹോദരനുമായി ജ്യോതികുമാറിനു ഒരു ബന്ധവുമില്ല. 1995-ൽ തന്നെ ഇവരുടെ സ്വത്ത് വിഭജനം നടന്നിട്ടുമുണ്ട്. ജ്യോതി കുമാറിന് ലഭിച്ച അത്രയും സ്വത്തുക്കൾ തന്നെ സഹോദരനും ലഭിച്ചിട്ടുണ്ട്. അതെല്ലാം സഹോദരൻ വിറ്റുമുടിച്ചു എന്നാണ് ജ്യോതികുമാർ മറുനാടൻ മലയാളിയോട് പറഞ്ഞത്. നിലവിൽ വരുമാനമില്ല. ബേക്കറിയിൽ നിന്ന് മാറ്റിയ ബിവറെജസ് മുക്കോലയ്ക്കൽ ആയപ്പോൾ ബീവറേജസ് പ്രവർത്തിക്കുന്നത് ജ്യോതികുമാറിന്റെ വീട്ടിലാണ്. ഇതിൽ നിന്നുള്ള വാടക അടക്കം മാസം ഒരു ലക്ഷത്തിലധികം രൂപ ജ്യോതികുമാറിന് ലഭിക്കുന്നുണ്ട്. ഇതും കോടികൾ വിലമതിക്കുന്ന സ്വത്തുമെല്ലാം കണ്ടു കണ്ണ് മഞ്ഞളിച്ചാണ് സഹോദരൻ ജ്യോതികുമാറിനെ തീർത്ത് കളയാൻ തീരുമാനിച്ചത്. ജ്യോതികുമാർ ഇല്ലാതായാൽ എല്ലാ സ്വത്തും വേറെ അവകാശികൾ ഇല്ലാത്തതിനാൽ തനിക്ക് ലഭിക്കും എന്ന് മനസിലാക്കിയാണ് 20 ലക്ഷത്തിനു തന്റെ ഏക സഹോദരന്റെ തലയ്ക്ക് ജ്യോതീന്ദ്രനാഥ് ക്വട്ടേഷൻ ഉറപ്പിച്ചത്. അത് ഒടുവിൽ ശാന്തമായി പോകുമായിരുന്ന ജ്യോതീന്ദ്രനാഥിന്റെ ജീവിതത്തിനു തന്നെ അവസാനം കുറിക്കുന്ന വിധവുമായി. തന്റെ സഹോദരൻ ഇത് ചെയ്യുമെന്ന് താൻ ഒരിക്കലും കരുതിയില്ലെന്നാണ് ജ്യോതികുമാർ മറുനാടൻ മലയാളിയോട് പറഞ്ഞത്. അച്ഛൻ മരിച്ചിട്ട് ഒരു മാസം പോലും തികയും മുൻപ് സഹോദരൻ തന്നെ തീർക്കാൻ ശ്രമിക്കുമെന്ന് കരുതിയില്ല. അതുകൊണ്ട് തന്നെയാണ് മുൻപുള്ള മെഡിക്കൽ കോളേജ് ക്ഷേത്രക്കേസിന്റെ വിധിയുമായി ബന്ധപ്പെട്ട് തനിക്ക് വന്ന ഭീഷണികൾ മുൻ നിർത്തി പൊലീസിനോടും മറുനാടൻ മലയാളിയോടും ഈ കാര്യം ആദ്യം ഊന്നി പറഞ്ഞത്. സഹോദരൻ നടത്തിയ കൊലപാതക ശ്രമം അറിഞ്ഞു നെഞ്ചു തകർന്ന അഭിഭാഷകൻ മറുനാടൻ മലയാളിയോട് പ്രതികരിച്ചത് ഇങ്ങിനെ:

അച്ഛൻ ചാരമായി ദിവസങ്ങൾ പോലും കഴിഞ്ഞില്ല; എന്നിട്ടും എന്റെ ജീവന് 20 ലക്ഷം വിലയിട്ടത് എന്നെ ഞെട്ടിപ്പിച്ചു

ഞങ്ങളുടെ മാതാപിതാക്കൾ മാധവനും ഓമനയുമാണ്. രണ്ടു മക്കൾ ആണുള്ളത്. ഞാനും ഇപ്പോൾ പിടിയിലുള്ള സഹോദരൻ ജ്യോതീന്ദ്രനാഥും മാത്രം. സഹോദരനുമായി 20 വർഷത്തിലേറെയായി ഞാൻ അകന്നു കഴിയുകയാണ്. സ്വത്തുക്കൾ വിറ്റുകളഞ്ഞതും നടപടി ദൂഷ്യങ്ങളും കാരണമാണ് ഞാൻ സഹോദരനിൽ നിന്നും അകന്നു കഴിയാൻ കാരണമായത്. അവൻ എങ്ങിനെയെങ്കിലും ജീവിക്കും എന്ന പ്രതീക്ഷയിൽ ആ ഭാഗം ഞാൻ തിരിഞ്ഞു നോക്കാറില്ല. ഒരു ഫോൺ കോൾ പോലും വിളിക്കാറില്ല. വഴയിലയാണ് ജ്യോതീന്ദ്രനാഥ് കുടുംബവുമായി താമസിക്കുന്നത്. എന്റെ സ്വത്തുക്കൾ ഉള്ളത് മുക്കോലയ്ക്കൽ ജംഗ്ഷനിലും. എന്റെ സ്വത്ത് തട്ടിയെടുക്കാൻ എന്നെ സഹോദരൻ കൊലപ്പെടുത്തും എന്ന് ഞാൻ ഒരിക്കലും കരുതിയില്ല. ഇപ്പോഴും എനിക്കത് അവിശ്വസനീയമായി തോന്നുന്നു. 2017 ഫെബ്രുവരിയിലാണ് എന്റെ അമ്മ ഓമന മരിക്കുന്നത്. അമ്മയുടെ കാര്യം എന്നെ വ്യക്തിപരമായി അലട്ടുകയും സങ്കടപ്പെടുത്തുകയും ചെയ്തിരുന്നു. കാരണം ഞാനും അച്ഛനും അമ്മയും ഒക്കെ ഒരുമിച്ചാണ് താമസിച്ചത്.

സഹോദരൻ വേറെയും. അമ്മ കിഡ്‌നി പ്രശ്‌നങ്ങൾ കാരണമാണ് മരിച്ചത്. ഡയാലിസിസും പരിചരണവും ഒക്കെ അമ്മയ്ക്ക് വേണ്ടിയിരുന്നു. അച്ഛൻ റിട്ടയർ ഹെഡ്‌മാസ്റ്റർ ആണ്. അച്ഛന്റെ കയ്യിൽ ആവശ്യത്തിനു പണമുണ്ടായിരുന്നു. പക്ഷെ അമ്മയ്ക്ക് വേണ്ടി ഒരു ചില്ലി മുടക്കാൻ അച്ഛൻ തയ്യാറായില്ല. പണം മുടക്കാൻ മടിച്ച് ഞാനുമായി അകന്നു കഴിഞ്ഞിരുന്ന സഹോദരന്റെ അടുക്കലാണ് പിന്നെ അച്ഛൻ പോയി താമസിച്ചത്. എനിക്ക് അമ്മയെ വിട്ടുകളയാൻ കഴിയില്ലായിരുന്നു. അമ്മയ്ക്ക് വേണ്ട പരിചരണവും ചികിത്സയും ഞാൻ ഉറപ്പാക്കി. എസ് യുടിയിൽ ആയിരുന്നു അമ്മ കിടന്നതും. ചികിത്സ തേടിയതും. 25 ലക്ഷത്തോളം രൂപയാണ് അമ്മയ്ക്കായി മുടക്കിയത്. അമ്മ ഒടുവിൽ മരണത്തിന്റെ വഴിയിൽ സഞ്ചരിക്കുകയും ചെയ്തു. 2017-ൽ അമ്മ മരിച്ചു. അച്ഛൻ സഹോദരന്റെ സംരക്ഷണയിലും. കഴിഞ്ഞ മാസമാണ് അതായത് ഈ ജൂണിലാണ് അച്ഛൻ മരിക്കുന്നത്.

അച്ഛൻ മരിച്ച് 15 ദിവസത്തിനുള്ളിൽ എന്നെ തീർക്കാൻ സഹോദരൻ പദ്ധതിയിടുമെന്നു ഞാൻ കരുതിയില്ല. അച്ഛൻ മരിക്കുന്നത് ജൂൺ 14 ന്. എന്നെ തട്ടിക്കൊണ്ടു പോകുന്നത് ജൂലായ് മൂന്നിനും. എത്ര ദിവസങ്ങൾ ഉണ്ടെന്നു കൂട്ടി നോക്കൂ. അതുകൊണ്ടാണ് സഹോദരന് നേരെ ഒരു സംശയവും ഞാൻ പൊലീസിന് നൽകാതിരുന്നത്. രണ്ടു മൂന്നു മാസം കഴിഞ്ഞിട്ടാണ് ഈ പദ്ധതിയെങ്കിൽ സഹോദരന്റെ പേര് കൂടി ഞാൻ പൊലീസിനോട് പറയുമായിരുന്നു. ഒരു പക്ഷെ ഇവൻ അങ്ങിനെ ചെയ്യും എന്ന് ഞാൻ ഊഹിച്ചേനെ. കാരണം അച്ഛൻ ചാരമായിട്ടു ദിവസങ്ങൾ പോലും ആയിട്ടില്ലല്ലോ. പിന്നെ എങ്ങിനെ സംശയിക്കും. സ്വത്ത് പ്രശ്‌നവും ഞങ്ങൾ തമ്മിലില്ല. പിന്നെ എങ്ങിനെ സഹോദരനെ സംശയിക്കും. സഹോദരൻ ദിവസങ്ങൾക്കുള്ളിൽ ക്വട്ടേഷൻ സംഘത്തെ ഏർപ്പാടാക്കുകയാണ് ചെയ്തത്. സഹോദരന് സോഷ്യലിസ്റ്റ് കൗമുദി എന്ന പേരിൽ ഒരു പബ്ലിഷിങ് സ്ഥാപനമുണ്ട്. റെയിൽവേ ടൈം ടേബിൾ ഒക്കെ ഇവർ ഇറക്കാറുണ്ട്. പക്ഷെ ഇപ്പോൾ ഒന്നും ലാഭത്തിലല്ല.

സ്വത്തുക്കൾ പലതും ഇവൻ വിൽക്കുകയും ചെയ്തു. അതുകൊണ്ട് തന്നെ വരുമാനവുമില്ല. എങ്കിൽ പിന്നെ എന്നെ തീർത്ത് കളഞ്ഞു സ്വത്തുക്കൾ കൈപ്പറ്റാം എന്ന് ഇവൻ തീരുമാനിച്ചുണ്ടാകണം. എന്റെ തലയ്ക്ക് 20 ലക്ഷം വിലയിട്ടതും എന്നെ അമ്പരിപ്പിച്ചു. എനിക്ക് വില 20 ലക്ഷമാണ് എന്ന് ഞാൻ അറിയുകയാണല്ലോ? ക്വട്ടേഷൻ സംഘാംഗങ്ങളെ ഞാൻ തിരിച്ചറിഞ്ഞിട്ടുണ്ട്. എന്നെ തീർക്കാൻ ക്വട്ടേഷൻ സംഘത്തെ അയച്ചപ്പോൾ സഹോദരൻ മറ്റൊരു കാറിൽ ഇവരുടെ ഒപ്പമുണ്ടായിരുന്നു. എന്നെ മർദ്ദിച്ച് കയ്യും കാലും കെട്ടി കാറിനെ ഡിക്കിയിൽ തള്ളുന്നതിനു അവൻ ദൃക്‌സാക്ഷിയായിരുന്നു. എന്നെ അരുവിക്കര ഡാമിൽ തള്ളുമ്പോൾ ക്വട്ടേഷൻ സംഘം സംസാരിച്ചത് സഹോദരനുമായാണ്. അപ്പോൾ എന്നെ തോർത്ത് കഴുത്ത് ഞെരിച്ച് കൊല്ലാക്കൊല ചെയ്യുന്നതും മനസ് നിറഞ്ഞു കണ്ടു അവൻ അടുത്ത കാറിൽ ഉണ്ടായിരുന്നിരിക്കണം. മാറുന്ന കേരളത്തിന്റെ മുഖമാണിത്. ഇനി പൊലീസ് ഇതിന്റെ കൂടുതൽ കാര്യങ്ങൾ കണ്ടെത്തട്ടെ. സഹോദരൻ നടത്താനിരുന്ന അരുംകൊലയിൽ ഭാഗ്യത്തിന്റെ നൂലിഴകാരണം ജീവൻ നഷ്ടമാകുമായിരുന്നതിന്റെ ഞെട്ടൽ പ്രകടമാക്കി ജ്യോതികുമാർ പറയുന്നു.

കഴിഞ്ഞ ജൂലൈ മൂന്നിനാണ് വഞ്ചിയൂർ കോടതിയിലെ മുതിർന്ന അഭിഭാഷകനായ ജ്യോതികുമാറിനെ ഗുണ്ടാസംഘം രാത്രി തട്ടിക്കൊണ്ടു പോയി ആര്യങ്കാവിലെ കൊക്കയിൽ തള്ളിയത്. വഞ്ചിയൂർ കോടതിക്ക് പുറത്തുള്ള ഓഫീസ് മുറിയിൽ നിന്നും കാലും കയ്യും കണ്ണും കെട്ടി കാറിന്റെ ഡിക്കിയിൽ കുത്തിനിറച്ചാണ് അഭിഭാഷകനെ കൊക്കയിൽ തള്ളിയത്. കൊക്കയിൽ അകപ്പെട്ടപ്പോൾ രക്ഷപ്പെട്ടത് ആയുസിന്റെ ബലം കൊണ്ടും. അത് മുതൽ കൊലപാതക ശ്രമത്തിന്റെ കുരുക്ക് അഴിക്കാനുള്ള ശ്രമത്തിലായിരുന്നു വഞ്ചിയൂർ പൊലീസ്. കൊല്ലാൻ വേണ്ടി കൊക്കയിലേക്ക് ഗുണ്ടകൾ ആഞ്ഞെറിഞ്ഞപ്പോൾ പാറക്കൂട്ടത്തിനിടയിലുള്ള പൊന്തയിൽ പതിച്ചത് കാരണമാണ് അഭിഭാഷകനായ ജ്യോതികുമാറിനു ജീവൻ തിരിച്ചു കിട്ടാൻ ഇടയാക്കിയത്. അരുവിക്കര ഡാമിലേക്ക് വലിച്ചെറിയാനുള്ള ശ്രമം പരാജയപ്പെട്ട ശേഷമാണ് ഗുണ്ടാസംഘം ജ്യോതികുമാറിനെ പൊന്മുടി കൊക്കയിൽ തള്ളിയത്. ദേഹമാസകലം പരുക്കുകളുമായി തിരുവനന്തപുരത്തെ സ്വാന്തന ആശുപത്രിയിൽ ജ്യോതികുമാർ ദിവസങ്ങളോളം ചികിത്സയിലായിരുന്നു.

ക്വട്ടേഷൻ സംഘത്തിനു ക്വട്ടേഷൻ നൽകി തന്നെ കൊലപ്പെടുത്താൻ തീരുമാനിച്ചതിലേക്ക് എത്തിച്ചത് മെഡിക്കൽ കോളേജിനടുത്തുള്ള ക്ഷേത്രക്കേസാകുമെന്നാണ് അഭിഭാഷകന്റെ കണക്കു കൂട്ടൽ. ഇതല്ലാതെ വേറെ കാരണമൊന്നും മുന്നിലില്ലെന്നും അഭിഭാഷകൻ വിരൽ ചൂണ്ടിയിരുന്നു. ഒന്നുകിൽ കേസിൽ നിന്ന് പിന്മാറുക, അല്ലെങ്കിൽ തങ്ങൾ പറയുന്നത് പോലെ ഒത്തുതീർപ്പ് ഉണ്ടാക്കി സ്വന്തം കക്ഷിയെകൊണ്ടു ഒപ്പ് വയ്‌പ്പിക്കുക. രണ്ടിനും തയ്യാറല്ലെങ്കിൽ മരിക്കാൻ തയ്യാറാകുക. ഇതാണ് ഒന്ന് രണ്ട് ഗുണ്ടാസംഘങ്ങൾ വഴി ഈ അഭിഭാഷകന് ഭീഷണി വന്നിരുന്നത്. ഈ ഭീഷണിയാണ് ഗുണ്ടാസംഘം യാഥാർത്ഥ്യമാക്കി എന്നാണ് ജ്യോതികുമാർ അന്ന് പറഞ്ഞത്. തലസ്ഥാന നഗരിയിൽ എന്തും നടക്കുമെന്നുള്ള പ്രത്യക്ഷ ഉദാഹരണമായിരുന്നു മുതിർന്ന അഭിഭാഷകനെ ഗുണ്ടകൾ തട്ടിക്കൊണ്ടുപോയി കൊക്കയിൽ തട്ടിയ സംഭവം. പൊലീസിന്റെ ഒത്താശയോടെ നടന്ന കെവിൻ ദുരഭിമാനക്കൊലയും ശ്രീജിത്ത്, രാജ്കുമാർ കസ്റ്റഡി മരണങ്ങളുമുണ്ടാക്കിയ വിവാദങ്ങളും കേരളത്തിന്റെ അന്തരീക്ഷത്തിൽ നിലനിൽക്കുമ്പോൾ തന്നെയാണ് ഒരു മുതിർന്ന അഭിഭാഷകനെ ഓഫീസ് മുറിയിൽ കയറി മുഖത്തടിച്ചശേഷം കയ്യും കാലും കെട്ടി കാറിന്റെ ഡിക്കിയിലിട്ടു കൊല്ലാനായി പൊന്മുടി കൊക്കയിൽ തള്ളിയ സംഭവവും പുറത്തുവരുന്നത്.

ഒറ്റ ഇടിയിൽ ബോധം പോയി, കൊണ്ടു പോയത് ഡിക്കിയിൽ ഇട്ടും

അടുത്ത ദിവസം രാവിലെ വരുന്ന ഒരു കേസിന്റെ ഫയൽ നോക്കിക്കൊണ്ടിരിക്കവെയാണ് രാത്രി വഞ്ചിയൂർ കോടതിക്ക് സമീപമുള്ള ജ്യോതികുമാറിന്റെ ഓഫീസ് മുറിയിലേക്ക് നാലംഗ ഗുണ്ടാ സംഘം ഇരച്ചു കയറുന്നത്. ജൂലൈ മൂന്നിന് രാത്രി പത്തര മണിയോടെയാണ് സംഭവം നടക്കുന്നത്. മുറിയിലേക്ക് ഇരച്ചു കയറിയ ഹെൽമെറ്റ് ധാരികളായ ഗുണ്ടാ സംഘം ജ്യോതികുമാറിന്റെ മുഖത്ത് ഇടിക്കുകയായിരുന്നു. ഈ ഇടിയിൽ തന്നെ അർദ്ധബോധാവസ്ഥയിലായ ജ്യോതികുമാറിന്റെ കയ്യുകൾ പിന്നിലേക്ക് കൂട്ടിക്കെട്ടി. കാലും കെട്ടി.

കണ്ണുകൂടി കെട്ടിയശേഷം ജ്യോതികുമാറിനെ പൂച്ചക്കുട്ടിയെ തൂക്കിയെടുക്കുന്ന ലാഘവത്തോടെ തൂക്കി കാറിന്റെ ഡിക്കിയിൽ ഇടുകയായിരുന്നു. മണിക്കൂറുകൾ ആണ് അർദ്ധബോധാവസ്ഥയിൽ കാലും കയ്യും കണ്ണും കെട്ടിയ അവസ്ഥയിൽ കാറിന്റെ ഡിക്കിയിൽ ചേരട്ടപോലെ ജ്യോതികുമാർ കിടന്നത്. കാർ ആദ്യം പോയത് അരുവിക്കര ഡാമിലേക്കാണ്. അരുവിക്കര ഡാം എന്ന് ജ്യോതികുമാറിന് മനസിലായത് ഗുണ്ടകൾ അരുവിക്കര ഡാമിലെത്തി എന്ന് പറയുന്നത് കേട്ടിട്ടാണ്. അവിടെ ആളുകൾ ഉണ്ടായിരുന്നതിനാലാണ് ഡാമിൽ എറിയാതെ ജ്യോതികുമാറിനെ ഗുണ്ടകൾ ആര്യങ്കാവ് ഭാഗത്തെ കൊക്കയിൽ എത്തിച്ചത്. ആര്യങ്കാവ് എത്തിയപാടെ ഗുണ്ടകൾ ഡിക്കി തുറന്നു ജ്യോതികുമാറിന്റെ കഴുത്തിൽ തോർത്തുകൊണ്ട് വരിഞ്ഞു മുറുക്കുകയായിരുന്നു.

ബോധം പോയപ്പോൾ മരിച്ചു എന്ന് കരുതിയാണ് കഴുത്തിൽ നിന്നും തോർത്ത് മാറ്റിയത്. അവന്റെ ജീവൻ പോകാനായി. വലിച്ചു കൊക്കയിൽ എറിഞ്ഞാൽ മതിയെന്ന് ഗുണ്ടാ സംഘം പറയുന്നത് അർദ്ധബോധത്തിൽ ജ്യോതികുമാർ കേൾക്കുകയും ചെയ്തു. ഉടൻ തന്നെ രണ്ടുപേർ കാലുകളിലും രണ്ടു പേർ കയ്യിലും പിടിച്ചു തൂക്കി എടുത്തുകൊക്കയിലേക്ക് ആഞ്ഞെറിയുകയായിരുന്നു. എറിയുമ്പോൾ തന്നെ ബോധം പോയി.

ഇത് രണ്ടാം ജന്മം

രാവിലെ വെളിച്ചം വന്നപ്പോഴാണ് ബോധം വന്നത്. അപ്പോൾ ഒരു മരത്തിൽ ജ്യോതികുമാർ തടഞ്ഞു നിൽക്കുകയായിരുന്നു. കൈകൾ ശക്തിയിൽ കെട്ടിയത് കാരണം അനക്കാൻ കഴിഞ്ഞില്ല. എന്നാൽ കാലുകളിലെ കെട്ടുകൾ അയഞ്ഞിരുന്നു. കണ്ണുകളുടെ കെട്ടും ഇല്ലാതായിരുന്നു. അതുകാരണം കയ്യിന്റെ കെട്ടഴിക്കാതെയാണ് നടന്നത്. മേലെ കയറാനുള്ള പടി കെട്ടുകൾ കണ്ടപ്പോൾ ആയാസപ്പെട്ട് മേലെ കയറി ഒരു തട്ടുകടയിൽ എത്തിയാണ് രക്ഷപ്പെട്ടത്. തട്ടുകടയിൽ നിന്നപ്പോഴാണ് സ്ഥലം ആര്യങ്കാവ് ആണെന്ന് മനസിലായത്.

തട്ടുകടയിലെ ആളുകൾ ആണ് ജ്യോതികുമാറിന്റെ കെട്ടഴിച്ച് ആര്യങ്കാവ് ചെക്ക് പോസ്റ്റിൽ എത്താൻ സഹായിച്ചത്. തട്ടുകടയിലെ ആളുകൾ വസ്ത്രവും ഭക്ഷണവും നൽകിയാണ് ജ്യോതികുമാറിനെ ആര്യങ്കാവ് ചെക്ക് പോസ്റ്റിൽ എത്തിച്ചത്. പൊലീസിൽ എത്തിക്കുക അല്ലെങ്കിൽ ആശുപത്രിയിൽ എത്തിക്കുക ഈ രണ്ടാവശ്യങ്ങളാണ് ജ്യോതികുമാർ ചെക്ക് പോസ്റ്റ് അധികൃതരോട് ആവശ്യപ്പെട്ടത്. എന്നാൽ ചെക്ക് പോസ്റ്റ് അധികൃതർ വഞ്ചിയൂർ പൊലീസിൽ പരാതി നൽകാൻ പറഞ്ഞു 100 രൂപയും നൽകി തിരുവനന്തപുരത്തിന് ബസ് കയറ്റി വിടുകയായിരുന്നു. തിരുവനന്തപുരത്ത് എത്തിയശേഷമാണ് വഞ്ചിയൂർ പൊലീസിൽ പരാതി നൽകുകയും ജനറൽ ആശുപത്രിയിൽ ജ്യോതികുമാറിനെ പ്രവേശിപ്പിക്കയും ചെയ്തത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP