Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Feb / 202424Saturday

കൂട്ടുകാരനെ വിളിച്ചു പറഞ്ഞത് താൻ ആത്മഹത്യ ചെയ്യാൻ പോവുകയാണെന്ന്; ഉപേക്ഷിച്ചു പോയ കാറിന്റെ താക്കോൽ പിറ്റേ ദിവസം പൊലീസ് സ്റ്റേഷനിൽ ഹാജരാക്കിയത് വിദേശത്തു നിന്നും പറന്നിറങ്ങിയ ഭാര്യ; ആദിശേഖറിനെ വകവരുത്തിയതിൽ ഗൂഢാലോചനയോ?

കൂട്ടുകാരനെ വിളിച്ചു പറഞ്ഞത് താൻ ആത്മഹത്യ ചെയ്യാൻ പോവുകയാണെന്ന്; ഉപേക്ഷിച്ചു പോയ കാറിന്റെ താക്കോൽ പിറ്റേ ദിവസം പൊലീസ് സ്റ്റേഷനിൽ ഹാജരാക്കിയത് വിദേശത്തു നിന്നും പറന്നിറങ്ങിയ ഭാര്യ; ആദിശേഖറിനെ വകവരുത്തിയതിൽ ഗൂഢാലോചനയോ?

അമൽ രുദ്ര

തിരുവനന്തപുരം: ആദിശേഖറിനെ കാറിടിച്ചു കൊലപ്പെടുത്തിയ ശേഷം പ്രിയരഞ്ജൻ സുഹൃത്തിനോട് ഫോൺ വിളിച്ചു പറഞ്ഞത് താൻ ആത്മഹത്യ ചെയ്യുമെന്ന്. അപകടം നടന്ന മൂന്നാം നാൾ പ്രിയരഞ്ജന്റെ കാറിന്റെ താക്കോൽ പൊലീസ് സ്റ്റേഷനിലെത്തിച്ചത് വിദേശത്തു നിന്നും പറന്നിറങ്ങിയ ഭാര്യ. ദുബായിൽ ടാറ്റൂ സെന്റർ നടത്തുന്ന ഇയാളുടെ ഭാര്യ കൊലപാതകം നടന്നു പിറ്റേദിവസം തന്നെ നാട്ടിലെത്തി എന്നുസാരം. കൃത്യമായ ഗൂഢാലോചനയിലേയ്ക്കാണ് ഇത് വിരൽ ചൂണ്ടുന്നതെന്നും സംശയം. ഈ അടുത്തകാലത്തായാണ് പ്രിയരഞ്ജന്റെ ഭാര്യ ദുബായിൽ ടാറ്റു സെന്റർ ആരംഭിച്ചതെന്നാണ് വിവരം. സാമ്പത്തിക സ്ഥിതി പെട്ടന്നു വളർന്നു. ഈ ആഴ്‌ച്ച പ്രിയരഞ്ജനും ദുബായിലേയ്ക്ക് പോകാൻ തയ്യാറായി നിൽക്കുകയായിരുന്നു എന്നാണ് വിവരമെന്ന് ആദിശേഖറിന്റെ ഇളയച്ഛൻ പറയുന്നു. പ്രതിക്ക് ജോലിയൊന്നുമില്ലെന്നും നാട്ടിൽ വെള്ളമടിച്ചു കറങ്ങി നടക്കുന്ന ശീലമാണെന്നും നാട്ടുകാർ പറയുന്നു.

കാറിടിച്ചതിനു ശേഷം പ്രതി പ്രിയരഞ്ജൻ ആദിശേഖറിനെ കൊണ്ടു വന്ന കാട്ടാക്കടയിലെ സ്വകാര്യ ആശുപത്രിയിലും എത്തിയിരുന്നു. ഇതിനു ശേഷം ഇവിടെ നിന്നും മുങ്ങിയ പ്രതി രണ്ടാം ദിനം കാർ പേയാട് കുണ്ടമൺകടവിനു സമീപം ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു. അപകടവിവരം അറിഞ്ഞ് വിദേശത്തുള്ള ഭാര്യ നാട്ടിലെത്തുന്നു. പിന്നീട് ഇവർ താമസിക്കുന്ന നാലാഞ്ചിറയിലെ വാടക വീട്ടിൽ പൊലീസെത്തി.
അപ്പോൾ വീട് അടച്ചിട്ട നിലയിലായിരുന്നു. കുടുംബമായി നാടുവിട്ടു എന്ന് ഉറപ്പാക്കി.

പിന്നീട് പ്രതിയുടെ ഫോൺ സ്വിച്ച് ഓഫായിരുന്നു. ഭാര്യയുടെ ഫോണും നിലച്ചു. എന്നാൽ സ്വിച്ച് ഓഫ് ആകും മുമ്പ്് ഇവർ ബന്ധുക്കളിൽ ചിലരുമായി ഫോണിൽ ബന്ധപ്പെട്ടത് പൊലീസ് മനസ്സിലാക്കി. പ്രിയരഞ്ജന്റെ പഴയ ഒരു ഫോൺ നമ്പർ ലഭിച്ചു. ഇതും നിരീക്ഷണത്തിലാക്കി. ഇതിൽ നിന്നാണ് അന്വേഷണത്തിനു അനുകൂലമായ ആദ്യ 'സിഗ്‌നൽ' ലഭിച്ചത്. പിന്നീട് ഇതും സ്വിച്ച് ഓഫായി. ഇതിനിടെ പ്രതി വിദേശത്തേക്ക് കടന്നുവെന്ന അഭ്യൂഹം പരന്നു. പക്ഷേ ആദ്യമേ പൊലീസ് വിമാനത്താവളങ്ങളിൽ അറിയിപ്പ് നൽകിയിരുന്നു.

അഞ്ചാം തിയ്യതി പ്രതിയുടെ ലൊക്കേഷൻ തമിഴ്‌നാടാണെന്നു സ്ഥിരീകരിച്ചു. കേരള അതിർത്തി പങ്കിടുന്ന അരുമന, ദേവിയോട് പ്രദേശങ്ങളായിരുന്നു ലൊക്കേഷൻ. ഇവിടെ പ്രിയരഞ്ജനു ബന്ധുക്കളുണ്ട്. ഇവിടം കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിൽ പ്രിയരഞ്ജനും കുടുംബവും ഇവിടെ എത്തിയെന്ന് സ്ഥിരീകരിക്കുകയായിരുന്നു. പല ബന്ധുവീടുകളിലും മാറിമാറി താമസിച്ചു. ഇവിടെയൊക്കെ പൊലീസ് സംഘം തിരച്ചിലിനെത്തിയെങ്കിലും കാര്യമായ പ്രയോജനമുണ്ടായില്ല. ഒടുവിൽ പ്രിയരഞ്ജനെ കുഴിത്തുറയ്ക്ക് സമീപത്ത് നിന്നു പൊലീസ് വലയിലാക്കി. പ്രിയരഞ്ജൻ പിടിയിലാകുന്ന സമയത്ത് ഭാര്യയും മക്കളും കൂടെയില്ലായിരുന്നു എന്നാണ് പൊലീസ് പറയുന്നത്.

അതേസമയം പ്രിയരഞ്ജനുമായി പൊലീസ് തെളിവെടുപ്പ് നടത്തി. ആസൂത്രിതമായി നടത്തിയ കൊലപാതകമാണെന്ന വാദം തള്ളിയാണ് പ്രതി രംഗത്തുവന്നത്. ഒന്നും മനഃപൂർവമായിരുന്നില്ല, തെറ്റ് പറ്റിപ്പോയി ആക്സിലേറ്ററിൽ കാലമർന്ന് നിയന്ത്രണം വിട്ട് കുട്ടിയെ ഇടിക്കുകയായിരുന്നുവെന്ന് പ്രിയരഞ്ജൻ പറഞ്ഞു. കൊല്ലണമെന്ന് ഉദ്ദേശിച്ചിരുന്നില്ലെന്നും പ്രതി പറഞ്ഞു. തെളിവെടുപ്പിനെത്തിച്ചപ്പോഴായിരുന്നു പ്രിയരഞ്ജന്റെ പ്രതികരണം. സംഭവ സ്ഥലത്ത് മോട്ടോർ വാഹന വകുപ്പ് പരിശോധന നടത്തി. പ്രതിയുടെ കാറും മരിച്ച ആദിശേഖറിന്റെ സൈക്കിളും മോട്ടോർ വാഹന വകുപ്പ് പരിശോധിച്ചു. പ്രതിയെ വൈദ്യപരിശോധനയ്ക്ക് ആശുപത്രിയിലെത്തിച്ചു. പ്രിയരഞ്ജനെ തെളിവെടുപ്പ് സ്ഥലത്ത് എത്തിച്ചപ്പോഴും നാട്ടുകാർ രോഷാകുലരായി. പൊലീസ് ഇടപെട്ടാണ് നാട്ടുകാരെ ശാന്തരാക്കിയത്.

പൂവച്ചൽ പുളിങ്കോട് 'ഭൂമിക' വീട്ടിൽ പ്രിയരഞ്ജനെ(42) പന്ത്രണ്ടാമത്തെ ദിവസമാണ് പൊലീസിനു പിടികൂടാൻ സാധിച്ചത്. ക്ഷേത്രവളപ്പിൽ പ്രിയരഞ്ജൻ മൂത്രമൊഴിച്ചതു ചോദ്യം ചെയ്ത പുളിങ്കോട് 'അരുണോദയ'ത്തിൽ ആദിശേഖറിനെ (15) കാർ ഇടിച്ചു വീഴ്‌ത്തി കൊലപ്പെടുത്തിയ കേസിലാണ് അറസ്റ്റ്. അലക്ഷ്യമായി വാഹനമോടിച്ചതിനാണ് ആദ്യം കേസെടുത്തത്. ആദിശേഖറിനെ ആസൂത്രിതമായി കാറിടിച്ചുകൊലപ്പെടുത്തുകയായിരുന്നുവെന്ന് കണ്ടെത്താൻ നിർണായകമായത് അപകട സമയത്ത് കൂടെയുണ്ടായിരുന്ന കൂട്ടുകാരൻ നീരജിന്റെ വാക്കുകളായിരുന്നു. റോഡരികിൽ നിർത്തിയിട്ടിരുന്ന കാർ തങ്ങൾക്കുനേരെ വേഗത്തിൽ പാഞ്ഞടുക്കുകയായിരുന്നുവെന്നും ഇടിക്കാതിരിക്കാൻ താൻ ക്ഷേത്രത്തിന്റെ വഴിയിലേക്ക് ചാടി രക്ഷപ്പെടുകയായിരുന്നുവെന്നും നീരജ് പറഞ്ഞു. നീലനിറത്തിലുള്ള പുത്തൻകാർ ആരെയോ കാത്തുകിടക്കും പോലെയാണ് തോന്നിയതെന്നും നീരജ് പൊലീസിനോടു പറഞ്ഞു.

നീരജിന്റെ സംശയത്തെ തുടർന്നാണ് സിസിടിവി പരിശോധനയിലേക്ക് നാട്ടുകാരും ബന്ധുക്കളും കടന്നത്. അതും നിർണ്ണായകമായി. ആദിശേഖറിന്റെ മാതാപിതാക്കളുടെ പരാതിയും സാക്ഷിമൊഴിയും സിസിടിവി ദൃശ്യങ്ങളും അടിസ്ഥാനപ്പെടുത്തിയാണ് കൊലപാതക കേസ് രജിസ്റ്റർ ചെയ്തത്. 'പ്രിയരഞ്ജന് സഹായികൾ ഉണ്ടോ എന്ന് അന്വേഷിക്കും. ഇയാൾക്കെതിരേ മറ്റുകേസുകൾ ഉണ്ടെങ്കിൽ അവയും അന്വേഷിക്കും. ഇയാളുടെ കാറിന്റെ ശാസ്ത്രീയ പരിശോധനാ റിപ്പോർട്ട് ലഭിച്ചിട്ടില്ല. പ്രിയരഞ്ജനെ ചോദ്യം ചെയ്യലിനു വിധേയമാക്കിയശേഷം കൂടുതൽ അന്വേഷണം നടത്തും'- ജില്ലാ പൊലീസ് മേധാവി പറഞ്ഞു.

കുട്ടിയുടെ ബന്ധുക്കൾ നൽകിയ മൊഴിയും സിസിടിവി ദൃശ്യങ്ങളുമാണു ആസൂത്രിത കൊലപാതകം എന്നു തിരിച്ചറിയാൻ കാരണമായത്. സംഭവത്തിനു ശേഷം കാർ ഉപേക്ഷിച്ച് കുടുംബവുമായി തമിഴ്‌നാട്ടിലേക്ക് കടന്ന പ്രിയരഞ്ജനെ കാട്ടാക്കട സ്റ്റേഷൻ ഹൗസ് ഓഫിസർ ഡി.ഷിബുകുമാറിന്റെ നേതൃത്വത്തിലാണ് ഇന്നലെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മാസം 30ന് പുളിങ്കോട് ഭദ്രകാളി ദേവീക്ഷേത്രത്തിനു മുന്നിലായിരുന്നു നാടിനെ നടുക്കിയ കൊലപാതകം. തുടർന്ന് മൊബൈൽ ഫോൺ കേന്ദ്രീകരിച്ചായിരുന്നു പൊലീസ് അന്വേഷണം.

റോഡപകടം എന്നുകരുതിയ സംഭവത്തിനുശേഷം പ്രിയരഞ്ജൻ ഫോൺ ഓഫ് ആക്കി ഒളിവിൽ പോയതാണ് സംശയത്തിന് ഇടയാക്കിയത്. ആദിശേഖറിനെ ഇടിക്കാൻ ഉപയോഗിച്ച കാർ സമീപത്ത് ഉപേക്ഷിച്ചശേഷമാണ് ഇയാൾ രക്ഷപ്പെട്ടത്. കുഴിത്തുറയിൽ ബന്ധുവീട്ടിലാണ് ഇയാൾ ഒളിവിൽ കഴിഞ്ഞതെന്ന വിവരം പൊലീസിന് ലഭിച്ചിരുന്നു. ഇത് സ്ഥിരീകരിക്കുന്നതായിരുന്നു അറസ്റ്റ്. ഒളിവിൽ കഴിയാൻ സഹായിച്ചവരെക്കുറിച്ച് അന്വേഷിക്കുമെന്ന് ജില്ലാ പൊലീസ് മേധാവി ഡി ശിൽപ്പ പറഞ്ഞു.

നാലാഞ്ചിറയിൽ ഫ്‌ളാറ്റിൽ താമസിക്കുന്ന പ്രിയരഞ്ജൻ ഓണാവധിക്ക് പൂവച്ചലിലെത്തി. സ്ഥിരമായി മദ്യപിച്ച് കറങ്ങി നടക്കാറുള്ളയാളാണ് പ്രിയരഞ്ജനെന്ന് നാട്ടുകാർ പറയുന്നു. വിശദമായി ചോദ്യംചെയ്താലേ കൂടുതൽ കാര്യങ്ങൾ വ്യക്തമാകൂവെന്നും പൊലീസ് പറഞ്ഞു. കുട്ടിയുടെ അകന്ന ബന്ധുകൂടിയാണ് പ്രതി. ഇടിയുടെ ആഘാതത്തിൽ തെറിച്ചുവീണ ആദി തൽക്ഷണം മരിച്ചു. ക്ഷേത്രത്തിലെ സിസിടിവി ദൃശ്യങ്ങളിൽനിന്നാണ് ആസൂത്രിതമായ കൊലപാതകത്തിന്റെ തെളിവുകൾ ലഭിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP