Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ലോക്ഡൗൺ കാലത്ത് അദാനി ഗ്രൂപ്പിൽ 45,000 കോടി നിക്ഷേപിക്കാൻ പോന്ന ഈ 'അജ്ഞാതർ' ആരാണ്? അക്കൗണ്ടുകൾ മരവിപ്പിച്ച ഈ മൂന്ന് വിദേശ പോർട്ട്‌ഫോളിയോ നിക്ഷേപ കമ്പനികൾക്കും മൗറിഷ്യസിലെ ഒരേ മേൽവിലാസം; ആരാണ് ഈ കമ്പനികളുടെ ഉടമകളെന്ന് വെളിപ്പെടുത്തണമെന്ന് സുബ്രഹ്മണ്യം സ്വാമി; അജ്ഞാതരായ ഉടമകൾ കള്ളപ്പണ നിക്ഷേപകരെന്നും ആരോപണം

ലോക്ഡൗൺ കാലത്ത് അദാനി ഗ്രൂപ്പിൽ 45,000 കോടി നിക്ഷേപിക്കാൻ പോന്ന ഈ 'അജ്ഞാതർ' ആരാണ്? അക്കൗണ്ടുകൾ മരവിപ്പിച്ച ഈ മൂന്ന് വിദേശ പോർട്ട്‌ഫോളിയോ നിക്ഷേപ കമ്പനികൾക്കും മൗറിഷ്യസിലെ ഒരേ മേൽവിലാസം; ആരാണ് ഈ കമ്പനികളുടെ ഉടമകളെന്ന് വെളിപ്പെടുത്തണമെന്ന് സുബ്രഹ്മണ്യം സ്വാമി; അജ്ഞാതരായ ഉടമകൾ കള്ളപ്പണ നിക്ഷേപകരെന്നും ആരോപണം

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: അദാനി ഗ്രൂപ്പിൽ നിക്ഷേപമുള്ള മൂന്ന് വിദേശകമ്പനികളുടെ അക്കൗണ്ടുകൾ മരവിപ്പിച്ചെന്ന വാർത്തയ്ക്ക് പിന്നാലെ കൂടുതൽ വിവരങ്ങൾ പുറന്നു വന്നു. ആൽബുല ഇൻവെസ്റ്റുമെന്റ് ഫണ്ട്, ക്രെസ്റ്റ് ഫണ്ട്, എപിഎംഎസ് ഇൻവെസ്റ്റുമെന്റ് ഫണ്ട് എന്നീ നിക്ഷേപ സ്ഥാപനങ്ങളുടെ അക്കൗണ്ടുകളാണ് എൻഎസ്ഡിഎൽ മരവിപ്പിച്ചത്. ഈ കമ്പനികൾക്കെല്ലാമായി അദാനി ഗ്രൂപ്പിൽ 45,000 കോടി രൂപയുടെ നിക്ഷേപമാണുള്ളത്. ഈ മൂന്നു സ്ഥാപനങ്ങളുടെ പിന്നാമ്പുറങ്ങളിലേക്കാണ് അന്വേഷണം നീളുന്നതെന്ന് 'പിഗുരൂസ്' റിപ്പോർട്ട് ചെയ്യുന്നു. റിപ്പോർട്ട് ബിജെപി നേതാവ് സുബ്രഹ്മണ്യ സ്വാമിയും ട്വീറ്റ് ചെയ്തു. ഈ മൂന്ന് കമ്പനികൾക്കും മൗറീഷ്യസിലെ ഒരേവിലാസമാണെന്നാണ് റിപ്പോർട്ട്.

ഫോറിൻ പോർട്ടഫോളിയോ നിക്ഷേപകർ എന്നാണ് ആൽബുല ഇൻവെസ്റ്റുമെന്റ് ഫണ്ട്, ക്രെസ്റ്റ് ഫണ്ട്, എപിഎംഎസ് ഇൻവെസ്റ്റുമെന്റ് ഫണ്ട് എന്നിവ ഇന്ത്യൻ സ്റ്റോക് എക്‌സ്‌ചേഞ്ചിൽ അറിയപ്പെടുന്നത്. ഈ മൂന്നുകമ്പനികളുടെയും വിലാസം ലാ കസ്‌കേഡ് ബിൽഡിങ്, എഡിത് കാവൽ സ്ട്രീറ്റ്, പോർട്ട് ലൂയിസ് മൗറീഷ്യസ് എന്നാണ്. ഇപ്പോൾ സുബ്രഹ്മണ്യം സ്വാമി തന്റെ ട്വീറ്റിൽ ചോദിക്കുന്നത് ആരാണ് ഒരേവിലാസത്തിലുള്ള ഈ മൂന്ന് കമ്പനികളുടെയും ഉടമസ്ഥരെന്നാണ്. ലോക്ഡൗൺ കാലത്ത് അദാനി ഗ്രൂപ്പിൽ 45,000 നിക്ഷേപിക്കാൻ പ്രാപ്തരായ ഈ മൂന്നു കമ്പനികളുടെ ഉടമസ്ഥർ ആരാണ്? അധികം ആരും അറിയാത്ത ഈ കമ്പനികൾ ചില റിപ്പോർട്ടുകളിൽ പറയും പോലെ ഷെൽ കമ്പനികളാണോ? എന്തായാലും സ്വാമി പറയുമ്പോലെ കമ്പനികളുടെ വിശദവിവരങ്ങൾ നാട്ടുകാരെ അറിയിക്കേണ്ടത് കേന്ദ്രസർക്കാരിന്റെയും അദാനി ഗ്രൂപ്പിന്റെയും ബാധ്യതയാണ്.

എന്തുകൊണ്ടാണ് 13 ലക്ഷം ജനസംഖ്യ മാത്രമുള്ള മൗറീഷ്യസ് ഇന്ത്യയിൽ നിക്ഷേപം ഇറക്കുന്നത്? മൗറീഷ്യസ് വഴി കള്ളപ്പണം വൈറ്റാക്കുന്നുവെന്ന ആരോപണങ്ങൾ നേരത്തെ മുതലേ ഉണ്ട്. അദാനി പോർട്ട്‌സും, സെസ് ലിമിറ്റഡും ഓഹരിവിപണിയിൽ എത്തിയ 2007 ലാണ് കെസ്റ്റ് ഫണ്ടും സ്ഥാപിതമാകുന്നത്. അബുല ഇൻവസ്റ്റ്‌മെന്റും അതേ വർഷം തന്നെയാണ് സ്ഥാപിതമായത്.

കള്ളപ്പണ നിക്ഷേപത്തിൽ കടുത്ത നടപടി ആവശ്യപ്പെട്ടാണ് ബിജെപി നേതാവ് സുബ്രഹ്മണ്യസ്വാമി രംഗത്ത് എത്തിയിരിക്കുന്നത്. ആ ട്രെപ്പീസ് കലാകാരനെ പ്രോസിക്യൂട്ട് ചെയ്യാനുള്ള തെളിവുകൾ ഇതിലുണ്ട്. അട്ടിറി നടക്കാതിരിക്കാൻ പ്രധാനമന്ത്രിയുമായി ആലോചിച്ച് പ്രോസിക്യൂഷൻ തുടങ്ങണമെന്നും സുബ്രഹ്മണ്യൻ സ്വാമി ആവശ്യപ്പെട്ടിരുന്നു. ഓഹരി വിപണിയിൽ അദാനി ഗ്രൂപ്പ് കനത്ത തിരിച്ചടി നേരിടുന്നതിനിടെ കടുത്ത നടപടികൾ വേണമെന്ന് ആവശ്യപ്പെട്ടാണ് സുബ്രഹ്മണ്യസ്വാമി വീണ്ടും രംഗത്ത് വന്നത്.

ഗൗതം അദാനിക്കെതിരായ ബിജെപി നേതാവ് സുബ്രഹ്മണ്യൻ സ്വാമി കഴിഞ്ഞ ദിവസം നടത്തിയ ട്വിറ്റർ പരാമർശം അദാനി ഗ്രൂപ്പിന് കനത്ത നഷ്ടമാണ് സമ്മാനിച്ചത്. കടം തിരിച്ചടയ്ക്കാതെ രക്ഷപ്പെട്ടു നടക്കുന്ന ട്രപ്പീസ് കളിക്കാരനാണ് അദാനിയെന്നായിരുന്നു സ്വാമിയുടെ ട്വീറ്റ്. അദാനിയിൽ നിന്ന് കിട്ടാനുള്ള കടത്തിന്റെ കണക്ക് പൊതുതാൽപ്പര്യാർഥം ഇനിയെങ്കിലും പുറത്തുവിടണമെന്നും സുബ്രഹ്മണ്യൻ സ്വാമി ട്വീറ്റ് ചെയ്തിരുന്നു. ഇതോടെ അദാനി ഗ്രൂപ്പിന്റെ ഓഹരികൾക്ക് വിപണിയിൽ വൻതിരിച്ചടിയാണ് കിട്ടിയത്. അതിനിടെയാണ് വീണ്ടും അദാനിക്കെതിരെ സ്വാമിയുടെ ട്വീറ്റ് വന്നത്.

കിട്ടാക്കടത്തിന്റെ പേരിൽ അദാനിയെ ചോദ്യം ചെയ്യുന്നില്ല. കേന്ദ്രവുമായി അടുത്തയാളാണെന്ന പ്രതീതി സൃഷ്ടിക്കുന്നതിലൂടെ സർക്കാരിനും അദാനി നാണക്കേടുണ്ടാക്കുകയാണെന്ന് സുബ്രഹ്മണ്യൻ സ്വാമി ആരോപിച്ചിരുന്നു.

ഇതിന് പിന്നാലെയാണ് നാഷനൽ സെക്യൂരിറ്റീസ് ഡിപോസിറ്ററി ഒഹരികൾ മരവിപ്പിച്ചത്. കള്ളപ്പണ നിരോധന നിയമപ്രകാരമാണ് നടപടി. ഇതോടെ അദാനിയുടെ ഓഹരികളിൽ കനത്ത ഇടിവുണ്ടായി. അദാനി എന്റർപ്രൈസസ്, നിഫ്റ്റി 50 ലിസ്റ്റുചെയ്ത അദാനി പോർട്ടുകൾ, സ്‌പെഷൽ ഇക്കണോമിക് സോൺ എന്നിവയാണ് ഏറ്റവും കൂടുതൽ നഷ്ടം നേരിട്ടത്.

ആൽബുല ഇൻവെസ്റ്റുമെന്റ് ഫണ്ട്, ക്രെസ്റ്റ് ഫണ്ട്, എപിഎംഎസ് ഇൻവെസ്റ്റുമെന്റ് ഫണ്ട് എന്നീ നിക്ഷേപ സ്ഥാപനങ്ങളുടെ അക്കൗണ്ടുകളാണ് എൻഎസ്ഡിഎൽ മരവിപ്പിച്ചത്. ഈ കമ്പനികൾക്കെല്ലാമായി അദാനി ഗ്രൂപ്പിൽ 45,000 കോടി രൂപയുടെ നിക്ഷേപമാണുള്ളത്.

ആവശ്യമായ ഉടമസ്ഥാവകാശ രേഖകളുടെ അപര്യാപ്തത മൂലമാണ് നാഷനൽ സെക്യൂരിറ്റീസ് ഡിപോസിറ്റിന്റെ നീക്കമെന്നാണ് വിവരം. മൂന്ന് കമ്പനികളും മൗറീഷ്യസ് ആസ്ഥാനമായാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. മൂന്ന് കമ്പനികളും ഒരേ വിലാസത്തിലുള്ളവയാണ്. കമ്പനികൾക്ക് വെബ്സൈറ്റുപോലുമില്ല. മൂന്ന് ഫണ്ടുകളും സെബിയിൽ വിദേശ പോർട്ട്ഫോളിയോ നിക്ഷേപകരായി രജിസ്റ്റർ ചെയ്തിട്ടുണ്ട്.

നാഷണൽ സെക്യൂരിറ്റീസ് ഡിപോസിറ്ററി ലിമിറ്റഡ് (എൻ എസ് ഡി എൽ) മൂന്ന് വിദേശ പോർട്ട്‌ഫോളിയോ നിക്ഷേപകരുടെ (എഫ് പി ഐ) അക്കൗണ്ടുകൾ മരവിപ്പിച്ചതായി റിപ്പോർട്ടുകൾ വന്നതിനെ തുടർന്ന് അദാനി ഗ്രൂപ്പ് കമ്പനികളുടെ ഓഹരികളിൽ കനത്ത ഇടിവ് രേഖപ്പെടുത്തിയിരുന്നു.

അതേ സമയം മാധ്യമ റിപ്പോർട്ടുകൾ തെറ്റാണെന്ന് വ്യക്തമാക്കി അദാനി എന്റർപ്രൈസസ് ഒരു പ്രസ്താവന പുറത്തിറക്കി. നിക്ഷേപ സമൂഹത്തെ മനഃപൂർവം തെറ്റിദ്ധരിപ്പിക്കുന്നതിനാണ് ശ്രമമെന്നും കുറിപ്പിൽ വ്യക്തമാക്കുന്നു. എന്നാൽ അദാനി ഗ്രൂപ്പിനെതിരെ കടുത്ത നടപടികളിലേക്ക് കേന്ദ്രസർക്കാർ കടക്കുമോ എന്നാണ് രാജ്യം ഉറ്റുനോക്കുന്നത്. കള്ളപ്പണ നിക്ഷേപത്തിൽ ആരോപണം ഉയർന്ന പശ്ചാത്തലത്തിൽ അദാനിയെ കുടുക്കാൻ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷണം നടത്തുന്നത് അടക്കം പ്രതിപക്ഷ കക്ഷികൾ ആവശ്യം ഉന്നയിച്ചേക്കും.

അദാനി എന്റർപ്രൈസസ്, അദാനി ഗ്രീൻ എനർജി, അദാനി ട്രാൻസ്മിഷൻ, അദാനി ടോട്ടൽ ഗ്യാസ് എന്നീ കമ്പനികളിലായാണ് ഓഹരികൾ ഉള്ളത്. എൻ എൽ ഡി എസിന്റെ വെബ്‌സൈറ്റിൽ നിന്നുള്ള വിവരങ്ങൾ പ്രകാരം മെയ് 31-നോ അതിന് മുമ്പോ ആയാണ് ഈ അക്കൗണ്ടുകൾ മരവിപ്പിച്ചിട്ടുള്ളത് എന്ന് എക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.

കള്ളപ്പണം തടയാനുള്ള നിയമപ്രകാരം (പി എം എൽ എ) ആവശ്യമായ വിവരങ്ങൾ ഈ വിദേശ നിക്ഷേപകർ വെളിപ്പെടുത്താത്തതാണ് നടപടിക്ക് പിന്നിലെ കാരണമെന്ന് കസ്റ്റോഡിയൻ ബാങ്കുകളിലെയും വിദേശനിക്ഷേപകരുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന നിയമ സ്ഥാപനങ്ങളിലെയും ഉന്നത ഉദ്യോഗസ്ഥർ പറഞ്ഞതായി എക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

ഈ മൂന്ന് നിക്ഷേപക സ്ഥാപനങ്ങളും മൗറീഷ്യസിലെ പോർട്ട് ലൂയിസിൽ രജിസ്റ്റർ ചെയ്തിട്ടുള്ളവ ആണെന്നാണ് അറിയാൻ കഴിയുന്നത്, എന്നാൽ, മൂന്ന് കമ്പനികൾക്കും സ്വന്തമായി വെബ്‌സൈറ്റുകൾ ഇല്ല. ഈ സ്ഥാപനങ്ങൾക്ക് അദാനി എന്റർപ്രൈസസിൽ 6.82 ശതമാനവും അദാനി ട്രാൻസ്മിഷനിൽ 8.03 ശതമാനവും അദാനി ടോട്ടൽ ഗ്യാസിൽ 5.92 ശതമാനവും അദാനി ഗ്രീൻ എനർജിയിൽ 3.58 ശതമാനവും ഓഹരികളാണ് ഉള്ളത്.

വിദേശ നിക്ഷേപകരുടെ അക്കൗണ്ടുകൾ മരവിപ്പിച്ചതായുള്ള റിപ്പോർട്ട് പുറത്തു വന്നതോടെ അദാനി ഗ്രീൻ, അദാനി ട്രാൻസ്മിഷൻ, അദാനി ഗ്യാസ് എന്നീ കമ്പനികളുടെ ഓഹരിവിലയിൽ 5 ശതമാനം ഇടിവ് രേഖപ്പെടുത്തി. അദാനി എന്റർപ്രൈസസ് 20 ശതമാനത്തിന്റെ തകർച്ചയാണ് നേരിട്ടത്.

കഴിഞ്ഞ ഏതാനും മാസങ്ങളായി അദാനി ഗ്രൂപ്പിലെ ആറ് ഓഹരികളിൽ വലിയ കുതിപ്പാണ് ഉണ്ടായിരുന്നത്. അദാനി പോർട്സ്, അദാനി പവർ എന്നിവയാണ് മറ്റു രണ്ടു കമ്പനികൾ, ഒരു വർഷം മുൻപ് 1.34 ലക്ഷം കോടി വിപണി മൂല്യമുണ്ടായിരുന്ന കമ്പനിയുടെ മൂല്യം 7.84 ലക്ഷം കോടിയായി ഇടിഞ്ഞിരുന്നു.

കഴിഞ്ഞ ഒരു വർഷത്തിനിടെ 200 ശതമാനം മുതൽ 1000 ശതമാനം വരെ നേട്ടമുണ്ടാക്കിയ അദാനി ഗ്രൂപ്പ് ഓഹരി വിലയിൽ കൃത്രിമം നടന്നിട്ടുണ്ടോ എന്ന് സെബി അന്വേഷിക്കുന്നുണ്ട്. 2020 ൽ ആരംഭിച്ച അന്വേഷണം ഇപ്പോഴും തുടരുകയാണ്. കഴിഞ്ഞ ഒരു വർഷത്തിൽ അദാനി ട്രാൻസ്മിഷൻ ഓഹരികൾ 669 ശതമാനവും അദാനി ടോട്ടൽ ഗ്യാസ് ഓഹരികൾ 349 ശതമാനവും അദാനി എന്റർപ്രൈസസ് ഓഹരികൾ 972 ശതമാനവും അദാനി ഗ്രീൻ 254 ശതമാനവും ഉയർന്നു. അദാനി പോർട്ടുകളും അദാനി പവറും യഥാക്രമം 147 ശതമാനവും 295 ശതമാനവും മുന്നേറിയിരുന്നു.

ആദാനി ഗ്രൂപ്പിന് ആറ് ലിസ്റ്റ് ചെയ്ത കമ്പനികളുണ്ട്. അദാനി പോർട്ടുകൾ, അദാനി പവർ എന്നിവയാണ് മറ്റ് രണ്ടെണ്ണം. ക്യാപിറ്റൽ മാർക്കറ്റ് റെഗുലേറ്റർ 2019 ൽ പിഎംഎൽഎയ്ക്ക് അനുസൃതമായി എഫ്പിഐ കൾക്കായുള്ള കെവൈസി ഡോക്യുമെന്റേഷൻ പുതുക്കിയിരുന്നു. പുതിയ മാനദണ്ഡങ്ങൾ പാലിക്കുന്നതിന് 2020 വരെ സമയം നൽകിയിരുന്നു. പുതിയ നിയമപ്രകാരം പൊതു ഉടമസ്ഥാവകാശത്തെക്കുറിച്ചുള്ള വെളിപ്പെടുത്തലുകളും ഫണ്ടിലെ പ്രധാന ജീവനക്കാരുടെ സ്വകാര്യ വിശദാംശങ്ങളുമടക്കം ചില അധിക വിശദാംശങ്ങൾ എഫ്പിഐ സമർപ്പിക്കേണ്ടതുണ്ട്.

കമ്പനിയുടെ മൂല്യത്തിൽ 600 ശതമാനത്തിലേറെ വർദ്ധനവ് ഉണ്ടായതിന് പിന്നാലെയാണ് എൻ എസ് ഡി എല്ലിന്റെ ഭാഗത്ത് നിന്ന് ഈ നടപടി ഉണ്ടായത്. അക്കൗണ്ടുകൾ മരവിപ്പിച്ചതോടെ ആ കമ്പനികൾക്ക് നിലവിലുള്ള ഓഹരികൾ വിൽക്കാനോ പുതിയവ വാങ്ങാനോ കഴിയില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP