Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മകന്റെ ഭാര്യാപിതാവ് 800 കോടിയുടെ വായ്പ തിരിച്ചടയ്ക്കാതെ മുങ്ങി; മകളുടെ ഭർതൃപിതാവ് മുങ്ങിയത് 7000 കോടിയുമായി; ഷെൽ കമ്പനികളുടെ ഉടമകളും ഇന്ത്യയെ പറ്റിച്ച് മുങ്ങിയ ഈ അദാനി ബന്ധുക്കൾ; പനാമ, പാൻഡോറ പേപ്പറുകളിലും വിനോദ് അദാനിയുടെ സാന്നിധ്യം; ഗൗതം അദാനിയെ കുരുക്കിലാക്കി മൂത്ത സഹോദരൻ തുറന്നുകാട്ടപ്പെടുമ്പോൾ

മകന്റെ ഭാര്യാപിതാവ് 800 കോടിയുടെ വായ്പ തിരിച്ചടയ്ക്കാതെ മുങ്ങി; മകളുടെ ഭർതൃപിതാവ് മുങ്ങിയത് 7000 കോടിയുമായി; ഷെൽ കമ്പനികളുടെ ഉടമകളും ഇന്ത്യയെ പറ്റിച്ച് മുങ്ങിയ ഈ അദാനി ബന്ധുക്കൾ; പനാമ, പാൻഡോറ പേപ്പറുകളിലും വിനോദ് അദാനിയുടെ സാന്നിധ്യം; ഗൗതം അദാനിയെ കുരുക്കിലാക്കി മൂത്ത സഹോദരൻ തുറന്നുകാട്ടപ്പെടുമ്പോൾ

എം റിജു

ന്യൂഡൽഹി: ഹിൻഡർബർഗ് എന്ന ഫിനാഷ്യൽ റിസേർച്ച് സ്ഥാപനത്തിന്റെ ഒറ്റ റിപ്പോർട്ടിനെ തുടർന്ന് ആടി ഉലയുകയാണ് ഇന്ത്യയിലെ ഏറ്റവും വലിയ വ്യവസായ ഗ്രൂപ്പായ ഗൗതം അദാനി ഗ്രൂപ്പ്. എന്നാൽ ഹിൻഡൻബർഗ് റിപ്പോർട്ടിൽ പറയുന്ന രീതിയിലുള്ള ദൂരുഹമായ ഇടപെടലുകൾ നടത്തിയതിന്റെ സൂത്രധാരൻ, ഗൗതം അദാനിയുടെ മൂത്ത സഹോദരനും, 65,000 കോടി ആസ്തിയുള്ള ലോകത്തിലെ ഏറ്റവും സമ്പന്നാരയ എൻആർഐ വ്യവസായികളുടെ പട്ടികയിൽ ഇടം പിടിച്ച വിനോദ് അദാനിയാണെന്ന വാർത്തകൾ പുറത്തുവരികയാണ്.

നേരത്തെ, ലോകത്തെ പിടിച്ചുകുലുക്കിയ പനാമ, പാൻഡോറ പേപ്പറുകളിലും സ്ഥാനം പിടിച്ച വ്യക്തിയാണ്, ഇന്നുവരെ ഒരു അഭിമുഖങ്ങളും മാധ്യമങ്ങൾക്ക് കൊടുക്കാത്ത, ദുരൂഹമായ വ്യക്തിത്വമായ വിനോദ് അദാനി. പനാമ, പേപ്പറുകളിൽ വിനോദ് അദാനിയുടെ പേര് വന്നപ്പോൾ, അദാനി ഗ്രൂപ്പ് പറഞ്ഞത് തങ്ങൾക്ക് അവരുമായി ഒരു ബന്ധവും ഇല്ലെന്നാണ്. എന്നാൽ ചേട്ടനും, അനിയനും തമ്മിലുള്ള അന്തർധാര സജീവമായിരുന്നുവെന്നും, ഗൗതം അദാനിക്ക് വേണ്ടിയുണ്ടാക്കിയ 38 ഓളം ഷെൽ കമ്പനികളുടെ ഉടമ, വിനോദ് അദാനിയും അയാളുടെ ബന്ധുക്കളും ആണെന്ന് വ്യക്തമാവുകയാണ്.

പനാമ പേപ്പറുകളിലെ വിവാദ നായകൻ

ഇന്ത്യയ്ക്കു പുറത്ത് നികുതി വെട്ടിപ്പിനായി വൻ നിക്ഷേപം നടത്തിയവരുടെ വിവരങ്ങൾ പുറത്തുവിട്ട പനാമ, പാൻഡോറ രേഖകളിലൂടെയാണ് വിനോദ് അദാനിയുടെ പേര് ആദ്യമായി ഉയർന്നു കേൾക്കുന്നത്. നികുതിവെട്ടിപ്പുകാർ സ്വർഗമായി കാണുന്ന മൗറീഷ്യസും, പനാമയും അടക്കമുള്ള രാജ്യങ്ങളിൽ വിനോദിന് ബിസിനസ് സംരംഭങ്ങളുണ്ടെന്നായിരുന്നു ഈ രേഖകളിലെ വെളിപ്പെടുത്തൽ.

2016ലാണ് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുട്ടിൻ, ചൈനീസ് പ്രസിഡന്റ് ഷി ചിൻപിങ്, പാക്ക് മുൻ പ്രധാനമന്ത്രി നവാസ് ഷരീഫ് എന്നിവർ ഉൾപ്പെടെ ഒരു ഡസനോളം രാഷ്ട്രത്തലവന്മാരും, എഴുപതോളം രാജ്യങ്ങളിലെ 128 ഉന്നത രാഷ്ട്രീയ നേതാക്കളും, ലോകമെമ്പാടുമുള്ള നൂറുകണക്കിനു കോടീശ്വരന്മാരും, പനാമ ആസ്ഥാനമായുള്ള സ്ഥാപനം മുഖേന നടത്തിയ അനധികൃത നിക്ഷേപത്തിന്റെ ഞെട്ടിക്കുന്ന വിവരങ്ങൾ, പനാമ രേഖകൾ എന്ന പേരിൽ പുറത്തുവന്നത്. ഇതിന്റെ തുടർച്ചയായ വെളിപ്പെടുത്തലുകളായിരുന്നു പാൻഡോറ രേഖകൾ.

മാതൃരാജ്യത്തെ നികുതി നിയമങ്ങൾ ലംഘിച്ചും നിയമവിരുദ്ധമായും സമ്പാദിച്ചതെന്നു കരുതുന്ന പണം, പേരിൽ മാത്രം ഒതുങ്ങുന്ന സ്ഥാപനങ്ങളിൽ നിക്ഷേപിച്ചവരിൽ അഞ്ഞൂറോളം ഇന്ത്യക്കാരുമുണ്ടെന്നാണ് പനാമ രേഖകൾ വെളിപ്പെടുത്തിയത്. അമിതാഭ് ബച്ചൻ, ഐശ്വര്യ റായ്, ഡിഎൽഎഫിന്റെ ഉടമ കെ.പി. സിങ്, പ്രമുഖ കമ്പനികളായ അപ്പോളോ ടയേഴ്സ്, ഇന്ത്യ ബുൾസ് എന്നിവയുടെ പ്രമോട്ടർമാർ, മുംബൈ അധോലോക നായകനായിരുന്ന പരേതനായ ഇക്‌ബാൽ മിർച്ചി തുടങ്ങിയവർക്കൊപ്പമാണ് വിനോദ് അദാനിയും പട്ടികയിൽ ഇടംപിടിച്ചത്.

പാനമ രേഖകളിലെ വെളിപ്പെടുത്തൽ പ്രകാരം, ബഹാമസിൽ 1994 ൽ ഗൗതം അദാനി ഒരു സ്ഥാപനം ആരംഭിച്ചിരുന്നു. അദാനി ഗ്രൂപ്പിന്റെ പ്രഥമ ബിസിനസ് സംരംഭമായ 'അദാനി എക്സ്പോർട്ട്സ്' ആരംഭിച്ചതിനു തൊട്ടുപിന്നാലെയാണ് വിനോദ് അദാനി ബഹാമസിൽ ഈ സ്ഥാപനം രജിസ്റ്റർ ചെയ്തതെന്നായിരുന്നു വെളിപ്പെടുത്തൽ. ഇതിനു പിന്നാലെയാണ് വിനോദ് അദാനി തന്റെ പേരിനൊപ്പം 'ഷാ' എന്നുകൂടി കൂട്ടിച്ചേർത്തത്. നികുതി വെട്ടിച്ച് പണം നിക്ഷേപിക്കുന്നവരുടെ മറ്റൊരു 'സ്വർഗം' ബ്രിട്ടിഷ് വിർജിൻ ഐലൻഡിൽ 2018ൽ വിനോദ് അദാനി മറ്റൊരു സ്ഥാപനം ആരംഭിച്ചതായി പാൻഡോറ രേഖകളിലും വെളിപ്പെടുത്തലുണ്ടായിരുന്നു. പക്ഷേ അന്ന് ഗൗതം അദാനിയും അദ്ദേഹത്തിന്റെ അദാനി ഗ്രൂപ്പും വിനോദ് അദാനിയുമായി തങ്ങൾക്ക് ഒരു ്ബന്ധവും ഇല്ലെന്ന് പറഞ്ഞാണ് തടിയൂരിയത്.

ഹിൻഡർബർഗിൽ കുടുങ്ങുന്നു

ഇപ്പോഴിതാ ഹിൻഡൻബർഗ് റിപ്പോർട്ടോടെ വിനോദ് അദാനി വീണ്ടും വിവാദത്തിലായിരിക്കയാണ്. മൗറീഷ്യസിലെ അദാനിയുടെ മുഴുവൻ കമ്പനികളുടെയും ഡാറ്റാബേസ് അവർ സംഘടിപ്പിച്ചു. അൽബുല, ക്രസ്്റ്റ്, എംപിഎംഎസ് എന്നീ ചില കടലാസുകമ്പനികളുടെ പേര് അങ്ങനെയാണ് കിട്ടിയത്. ഈ കമ്പനികളുടെ പേര് വിവരങ്ങൾ ചികഞ്ഞപ്പോൾ, ഇവയുടെ ഉടമസ്ഥർ മോണ്ടെറോസ എന്ന കമ്പനിയാണെന്ന് കണ്ടെത്തി. അതിന്റെ ഉടയാണ് വിസ്ഡം ഡയമണ്ട് എന്ന വ്യാജ സ്ഥാപനം ഉണ്ടാക്കി ഇന്ത്യയിൽ നിന്ന് 7000 കോടി തിരിച്ചടക്കാതെ നാടുവിട്ട വജ്രവ്യാപാരി ജിതിൻ മേത്ത. ഇയാൾ വിനോദ് അദാനിയുടെ മകൾ രൂപയുടെ ഭർത്താവ് സൂരജിന്റെ പിതാവാണ്. വിനോദ് അദാനിയുടെ മകൻ പ്രണവിന്റെ ഭാര്യാപിതാവ് 800 കോടിയുടെ വായ്‌പ്പ തിരിച്ചടക്കാതെ മുങ്ങിയും നേരത്തെ വാർത്തകളിൽ ഇടം പിടിച്ചിരുന്നു. ഇയാളും മൗറീഷ്യസിൽ ഉണ്ട്.

ഇങ്ങനെ ഒന്നും രണ്ടുമല്ല, 38 ഷെൽകമ്പനികൾ വിനോദ് അദാനിയുടെ നേതൃത്വത്തിൽ അദാനി ഗ്രൂപ്പിനായി ഉണ്ടാക്കിയെന്നാണ് ഹിൻഡൻബർഗിന്റെ കണ്ടെത്തൽ. ഈ കമ്പനികൾക്ക ഒക്കെ ഒരു പോസ്റ്റ് ബോക്സ് നമ്പർ മാത്രമെയുള്ളൂ. തൊഴിലാളികളോ ഓഫീസോ, ഫോണോ ഫാക്സോ ഒന്നുമില്ല. വിനോദ് അദാനി സൈപ്രസ്, യുഎഇ, സിംഗപ്പുർ, മൗറീഷ്യസ്, കരീബിയൻ ദ്വീപുകൾ തുടങ്ങിയ രാജ്യങ്ങളിൽ നിരവധി ഷെൽ കമ്പനികൾ രൂപീകരിച്ച് ആയിരക്കണക്കിന് കോടി രൂപ വെളുപ്പിച്ചെടുത്തതായി കണ്ടെത്താൻ കഴിഞ്ഞിട്ടുണ്ട്. ഇത്തരം കമ്പനികളിൽ നിന്നുള്ള ലാഭമെന്ന പേരിൽ നൂറുകണക്കിന് കോടി രൂപ അദാനി ഗ്രൂപ്പിന്റെ ഇന്ത്യൻ കമ്പനികളിലേക്ക് കൈമാറ്റം ചെയ്യപ്പെട്ടിട്ടുണ്ട്. ഒരു രാജ്യത്ത് നികുതി കൊടുത്താൽ ഇന്ത്യയിൽ കോർപറേറ്റ് നികുതി നൽകേണ്ടതില്ലെന്ന ആനുകൂല്യത്തിന്റെ മറവിൽ ആയിരക്കണക്കിന് കോടി രൂപയുടെ നികുതി വെട്ടിപ്പാണ് വെളിവാകുന്നത്.

അദാനി ഗ്രീൻ എനർജി എന്ന കമ്പനിയുടെ 95 ശതമാനം ഓഹരികളും കൈവശം വച്ചിരിക്കുന്നത് സൈപ്രസ് ആസ്ഥാനമായ ന്യൂ ലീന ഇൻവെസ്റ്റ്‌മെന്റ്സ് എന്ന സ്ഥാപനമാണ്. ഷെൽ കമ്പനികൾ സ്ഥാപിക്കുന്നതിനും ഇത്തരം ബിസിനസുകൾ കൈകാര്യം ചെയ്യുന്നതിനും വിനോദ് അദാനിയെ സഹായിക്കുന്ന അമികോർപ് എന്ന സ്ഥാപനമാണ് ഇതിനെയെല്ലാം നിയന്ത്രിക്കുന്നത് എന്നാണ് ഹിൻഡൻബർഗിന്റെ കണ്ടെത്തൽ.

ഗ്രൂപ്പിന്റെ തലപ്പത്തെല്ലാം അദാനി കുടുംബത്തിൽ നിന്നുള്ളവർ തന്നെയാണ് ഹിൻഡൻബർഗ് പറയുന്നു. ഗൗതം അദാനിയുടെ ഇളയ സഹോദരനായ രാജേഷ് അദാനിയാണ് ഗ്രൂപ്പിന്റെ മാനേജിങ് ഡയറക്ടർ. 2004--05 കാലഘട്ടത്തിൽ നിയമവിരുദ്ധമായ വജ്രവ്യാപാരത്തിൽ ഏർപ്പെട്ട ഇദ്ദേഹത്തെ വ്യാജരേഖ ചമയ്ക്കൽ, നികുതി വെട്ടിപ്പ് തുടങ്ങിയ കേസുകളിൽ അറസ്റ്റ് ചെയ്തിട്ടുണ്ട്. സമാനമായ അന്വേഷണം നേരിട്ട അദാനിയുടെ അളിയൻ സമീർ വോറ പിന്നീട് ഗ്രൂപ്പിന്റെ ഓസ്ട്രേലിയൻ ഡിവിഷന്റെ മേധാവിയായി.

വിനോദ് ഇപ്പോൾ സൈപ്രസ് പൗരൻ

ശാന്തലാൽ അദാനിയുടെയും ഭാര്യ ശാന്തിയുടെയും ഏഴ്മക്കളിൽ മൂത്തവനാണ് വിനോദ് അദാനി. രഞ്ജൻബെൻ അദാനിയാണ് ഭാര്യ. പ്രണവ് അദാനി, കൃപ അദാനി എന്നിവർ മക്കൾ.

പിതാവ് ശാന്തിലാൽ അദാനിയുടെ പാതയിലായിരുന്നു വിനോദ് ശാന്തിലാൽ അദാനിയുടെയും ബിസിനസ് കരിയറിന്റെ ആരംഭം. അങ്ങനെയാണ് 1970കളിൽ ടെക്സ്റ്റൈൽസ് ബിസിനസിലേക്കു തിരിയുന്നത്. വിനോദിനു പിന്നാലെയാണ് ഗൗതം അദാനി 1980 കളിൽ വജ്രവ്യാപാര രംഗത്തേക്ക് ഇറങ്ങുന്നത്. അധികം വൈകാതെ രാജ്യാന്തര മാർക്കറ്റുകളിൽ കണ്ണുവച്ച് വിനോദ് തന്റെ ബിസിനസ് വിദേശത്തേക്കു വ്യാപിപ്പിച്ചു. ആദ്യ ഘട്ടമായി സിംഗപ്പുരിൽ ഓഫിസ് തുറന്നു. പിന്നാലെ തട്ടകം സിംഗപ്പുരിലേക്കു മാറ്റി. നിലവിൽ സൈപ്രസ് പൗരനും ദുബായിൽ സ്ഥിരതാമസക്കാരനുമാണ്.

വിനോദ് അദാനി 1,69,000 കോടി രൂപയുടെ ആസ്തിയുള്ള ഏറ്റവും ധനികനായ എൻആർഐയും, ആറാമത്തെ സമ്പന്നനായ ഇന്ത്യക്കാരനുമായി മാറിയെന്ന് ഐഐഎഫ്എൽ വെൽത്ത് ഹുറൂൺ ഇന്ത്യ റിച്ച് ലിസ്റ്റ് 2022 വ്യക്തമാക്കിയതോടെയാണ് ഈ പേരും സേർച്ചിൽ വരുന്നത്. ദുബായ്, സിംഗപ്പൂർ, ജക്കാർത്ത എന്നിവിടങ്ങളിലാണ് വിനോദ് ശാന്തിലാൽ അദാനി തന്റെ സാമ്രാജ്യം കെട്ടിപ്പടുത്തിരിക്കുന്നത്. ഒറ്റ വർഷം കൊണ്ട് വിനോദ് അദാനിയുടെ സമ്പത്തിലുണ്ടായ വർധന 28 ശതമാനം അല്ലെങ്കിൽ 37,400 കോടി രൂപയാണ്. ഇതോടെ സമ്പന്നരായ വ്യക്തികളുടെ പട്ടികയിൽ രണ്ടു സ്ഥാനം മെച്ചപ്പെടുത്തി ആറാമതെത്തി.രണ്ട് അദാനി സഹോദരന്മാരുടെയും ആകെ സമ്പത്ത് 12,63,400 കോടി രൂപയായിരുന്നു. ഇത് 2022 ലെ ഹുറുൺ ഇന്ത്യ റിച്ച് ലിസ്റ്റിൽ ഉൾപ്പെട്ട ആദ്യ പത്തു പേരുടെ മൊത്തം ആസ്തിയുടെ 40 ശതമാനത്തോളം വരും.

അദാനി ഗ്രൂപ്പ് അടുത്തിടെ അംബുജ സിമന്റ് കമ്പനിയുടെയും എസിസിയുടെയും നിയന്ത്രണം ഏറ്റെടുത്തതിനു പിന്നണിയിലും വിനോദ് അദാനിയുടെ 'കൈകൾ' കാണുന്നവരുണ്ട്. ഇന്ത്യയിൽ സിമന്റ് ഉൽപാദനത്തിൽ രണ്ടും മൂന്നും സ്ഥാനത്ത് ഉണ്ടായിരുന്ന ഇരു കമ്പനികളും ഏറ്റെടുത്തതോടെ അദാനി ഗ്രൂപ്പ് രാജ്യത്ത് സിമന്റ് ഉൽപാദനത്തിൽ രണ്ടാമത്തെ ശക്തിയായിരുന്നു. സ്വിസ് കമ്പനി ഹോൾസിമ്മിന് അംബുജ സിമന്റ്സിലും എസിസിയിലും ഉള്ള ഓഹരികളും ഇതര ഓഹരിയുടമകളുടെ പങ്കും 650 കോടി ഡോളർ (50,000 കോടി രൂപ) മുടക്കിയാണ് അദാനി ഗ്രൂപ്പ് സ്വന്തമാക്കിയത്. വിനോദ് അദാനിയെ വളർത്തിയതും ഗൗതം അദാനിയാണെന്നും, അയാൾ വെറും ബിനാമിയാണെന്നും നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. അത് ശരിവെക്കുന്ന രീതിയിലാണ് ഹിൻഡൻബർഗ് റിപ്പോർട്ടുകൾ വരുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP