Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

എകെജി സെന്ററിൽ 'ഉണക്ക പടക്കം' എറിഞ്ഞയാളെ കണ്ടെത്താനായില്ല; ചെങ്കൽചൂളക്കാരനെ വിട്ടയച്ചു; ഒന്നാം പ്രതിയുടെ രേഖചിത്രം വരച്ചതും വെറുതെയായി; പേരുദോഷത്തിനിടെ തേടിയെത്തിയത് കേശവദാസപുരത്തെ മനോരമയുടെ കൊല; അസാധ്യമെന്ന് കരുതിയത് 24 മണിക്കൂറിൽ സാധിച്ച് സ്പർജൻകുമാറും സംഘവും; 'ഓപ്പറേഷൻ ആദം അലി' കേരളാ പൊലീസിന്റെ തൊപ്പിയിലെ പൊൻതൂവൽ

എകെജി സെന്ററിൽ 'ഉണക്ക പടക്കം' എറിഞ്ഞയാളെ കണ്ടെത്താനായില്ല; ചെങ്കൽചൂളക്കാരനെ വിട്ടയച്ചു; ഒന്നാം പ്രതിയുടെ രേഖചിത്രം വരച്ചതും വെറുതെയായി; പേരുദോഷത്തിനിടെ തേടിയെത്തിയത് കേശവദാസപുരത്തെ മനോരമയുടെ കൊല; അസാധ്യമെന്ന് കരുതിയത് 24 മണിക്കൂറിൽ സാധിച്ച് സ്പർജൻകുമാറും സംഘവും; 'ഓപ്പറേഷൻ ആദം അലി' കേരളാ പൊലീസിന്റെ തൊപ്പിയിലെ പൊൻതൂവൽ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കേശവദാസപുരത്തെ മനോരമയെ കൊന്ന അതിഥി തൊഴിലാളിയെ കണ്ടെത്താനും പിടിക്കാനും കേരളാ പൊലീസിന് വേണ്ടി വന്നത് മണിക്കൂറുകൾ മാത്രം. ചെന്നൈ റെയിൽവേ പൊലീസാണ് ഇയാളെ പിടികൂടിയത്. ട്രെയിനിൽ രക്ഷപെടുന്നതിനിടെയാണ് ചെന്നൈ ആർപിഎഫ് സംഘം ഇയാളെ പിടികൂടിയത്. പെട്ടന്നുള്ള പ്രകോപനമാണ് കൊലപാതക കാരണമെന്നാണ് സംശയിക്കുന്നത്. കേരളാ പൊലീസ് നൽകിയ വിവരമാണ് അറസ്റ്റിലേക്ക് വഴി വച്ചത്. അതിവേഗ നീക്കങ്ങൾ തിരുവനന്തപുരത്തെ പൊലീസ് ചെയ്തു. എല്ലാത്തിനും ചുക്കാൻ പിടിച്ചത് കമ്മീഷണർ സ്പർജൻ കുമാറും.

ഇതേ പൊലീസാണ് മറ്റൊരു കേസ് ഒരു മാസം അന്വേഷിച്ചത്. എകെജി സെന്ററിലെ പടക്കമേറ് കേസിലെ പ്രതി. എന്നാൽ ഒരു തുമ്പും അവർക്ക് കിട്ടിയില്ലെന്നാണ് പറയുന്നത്. എന്നാൽ വസ്തുത മറിച്ചാണെന്ന് ഏവർക്കും അറിയാം. രാഷ്ട്രീയ ഇടപെടലുകൾ കാരണം പ്രതി വഴുതി പോയി. ഹെൽമറ്റ് വച്ച് പടക്കം എറിഞ്ഞ പ്രതിയെ ഏതാണ്ട് തിരിച്ചറിഞ്ഞിരുന്നു. കിട്ടിയ വിവരങ്ങളുടെ സഹായത്താൽ രേഖാ ചിത്രം പോലും വരച്ചു. ആ സമയം അതുവഴി പോയ രണ്ടാം സ്‌കൂട്ടറുകാരനേയും പൊക്കി. അതും അതിവേഗം. എന്നാൽ ചെങ്കൽചൂള കോളനിയിലെ ഡിവൈഎഫ് ഐക്കാരനായ വിജയ് അല്ല പ്രതിയെന്ന് പൊലീസിന് പറയേണ്ടി വന്നു. ഇത് തിരുവനന്തപുരത്തെ പൊലീസിന് തീരാ കളങ്കവുമായി. ഇത് മനോരമ കൊലക്കേസിലെ പ്രതിയെ അതിവേഗം പിടിച്ച് മായ്ക്കുകയാണ് തിരുവനന്തപുരത്തെ പൊലീസ്.

അതിനിടെ എ.കെ.ജി സെന്റർ ആക്രമണത്തിൽ അക്രമികളെ പെട്ടെന്ന് പിടികൂടുമെന്ന് എൽ.ഡി.എഫ് കൺവീനർ ഇ പി ജയരാജൻ ഇപ്പോഴും പറയുന്നു. സമർഥരായ കുറ്റവാളികളാണ് ആക്രമണത്തിന് പിന്നിലെന്ന് വ്യക്തമാണ്. അതുകൊണ്ട് പ്രതിയെ പിടികൂടാൻ സമയം എടുക്കുമെന്നും ഇ പി ജയരാജൻ പറഞ്ഞു. ഇതേ ജയരാജനാണ് എകെജി സെന്ററിലെ ബോംബാക്രമണം ചർച്ചയാക്കിയത്. പക്ഷേ ജയരാജന്റെ വാക്കുകളിലെ കാഠിന്യം പിന്നീട് കുറഞ്ഞു. അതിനെല്ലാം കാരണം ചെങ്കൽചൂളക്കാരന്റെ ഫോണിലേക്ക് വന്ന ചില കോളുകളായിരുന്നു. പിന്നീട് കേസ് ക്രൈംബ്രാഞ്ചിന് കൈമാറി. അന്വേഷണ സംഘത്തലവനെ തീരുമാനിച്ചു. ഇവർക്കും അന്വേഷണത്തിൽ കാര്യമായ പുരോഗതിയുണ്ടാക്കാൻ കഴിഞ്ഞിട്ടില്ല.

ഈ പേരുദോഷത്തിനിടെയാണ് തിരുവനന്തപുരം നഗരത്തിലെ ജനവാസമേഖലയിലെ വീടിനുള്ളിൽ കയറി പട്ടാപ്പകൽ വയോധികയെ കൊലപ്പെടുത്തി കിണറ്റിൽ തള്ളിയ കേസുണ്ടാകുന്നത്. പ്രതി കേരളം വിടുകയും ചെയ്തു. അതുകൊണ്ട് തന്നെ ഇനി പ്രതിയെ കിട്ടില്ലെന്ന പൊതു ധാരണയും വന്നു. ഇതിനിടെയാണ് സമർത്ഥമായ നീക്കം തിരുവനന്തപുരത്തെ പൊലീസ് നടത്തിയത്. സിസിടിവികൾ പിന്തുടർന്ന് ഇതരസംസ്ഥാന തൊഴിലാളിയായ ആദം അലിയിലേക്ക് അന്വേഷണം എത്തിച്ചു. പിന്നാലെ ഇയാൾ പിടിയിലായി. ചെന്നൈ റെയിൽവേ പൊലീസാണ് ഇയാളെ പിടികൂടിയത്. ട്രെയിനിൽ രക്ഷപെടുന്നതിനിടെയാണ് ചെന്നൈ ആർപിഎഫ് സംഘം ഇയാളെ പിടികൂടിയത്. െ

കേശവദാസപുരം മോസ്‌ക് ലെയ്ൻ രക്ഷാപുരി റോഡ്, മീനംകുന്നിൽ വീട്ടിൽ ദിനരാജിന്റെ ഭാര്യ മനോരമ(68)യാണ് ഞായറാഴ്ച പകൽ കൊല്ലപ്പെട്ടത്. ഇവരെ കാണാനില്ലെന്ന പരാതിയെത്തുടർന്നു നടത്തിയ തിരച്ചിലിനിടെയാണ് രാത്രി പത്തുമണിയോടെ മൃതദേഹം കിട്ടിയത്. സമീപത്തെ ആൾത്താമസമില്ലാത്ത വീട്ടിലെ കിണറ്റിൽ കാലുകളിൽ കല്ലുകെട്ടിയ നിലയിലാണ് മൃതദേഹം ലഭിച്ചത്. കൊളീജിയറ്റ് വിദ്യാഭ്യാസ വകുപ്പിൽ സീനിയർ സൂപ്രണ്ടായി വിരമിച്ചവരാണ് മനോരമയും ഭർത്താവ് ദിനരാജും. കൊലപാതകത്തിന് പിന്നാലെ മനോരമയുടെ വീടിന് സമീപത്തു താമസിച്ചിരുന്ന പശ്ചിമബംഗാൾ സ്വദേശിയായ ആദം അലിയെയും കാണാതായിരുന്നു. മനോരമയുടെ വീടിനു സമീപം നിർമ്മാണത്തിലുള്ള വീടിന്റെ പണിക്കായി എത്തിയതായിരുന്നു ഇയാൾ. തുടർന്ന് ഇയാളോടൊപ്പമുണ്ടായിരുന്ന നാലു പേരെ മെഡിക്കൽ കോളേജ് പൊലീസ് കസ്റ്റഡിയിലെടുക്കുകയും അന്വേഷണം ഊർജ്ജിതമാക്കുകയും ചെയ്തു.

ഇവരെ കൃത്യമായി തന്നെ ചോദ്യം ചെയ്തു. ഇവരുടെ വിവരങ്ങൾ അനുസരിച്ച് കേരളാ പൊലീസ് നീങ്ങി. അവരുടെ മൂന്നാം കണ്ണ് ആദം അലിയെ വീഴ്‌ത്തി.സ്വർണവും പണവും തട്ടാൻ വയോധികയായ മനോരമയെ ശ്വാസം മുട്ടിച്ചുകൊന്ന് രക്ഷപ്പെടാമെന്ന് കരുതിയ ആദം അലി അറിയാതെ പോയത് തന്നെ പിന്തുടർന്ന മൂന്നാം കണ്ണിനെ ആയിരുന്നു. നിഷ്ഠുരമായ കൊലപാതകം നടത്തിയത് ആദം തന്നെയെന്ന് ഉറപ്പിച്ചത് സിസിടിവി ദൃശ്യങ്ങളിലാണ്. റെയിൽവേ സ്റ്റേഷനിലെ ദൃശ്യങ്ങളിലെ വ്യക്തതയാണ് പ്രതിയെ ചെന്നൈ ആർപിഎഫിന്റെ കൈകളിലേക്ക് എത്തിച്ചതും.

ഞായറാഴ്ച ഉച്ചയോടെ കേശവദാസപുരത്തെ വീട്ടിൽവച്ചാണ് ആദം അലി മനോരമയെ കൊന്നത്. തുടർന്ന് വീടിന്റെ പിൻഭാഗത്ത്കൂടി വലിച്ചിഴച്ച് ആൾത്താമസമില്ലാത്ത വീടിന്റെ കിണറിന് അടുത്തെത്തിച്ചു. ഈ ഭാഗത്ത് നിരീക്ഷണ കാമറകൾ ഇല്ല എന്ന് ഉറപ്പാക്കിയാണ് ആദം മനോരമയെ പിൻവശത്തുകൂടെ വലിച്ചിഴച്ചത്. എന്നാൽ, സംഭവം നടന്നതിന്റെ മൂന്നാമത്തെ വീട്ടിൽ പിന്നിലും കാമറയുണ്ടായിരുന്നു. ഇത് ആദം ശ്രദ്ധിച്ചില്ല. മനോരമയെ വലിച്ചുകൊണ്ട് വരുന്നതും കിണറിലേക്ക് തള്ളിയിടുന്നതും ഈ കാമറയിൽ പതിഞ്ഞു. പകൽ സമയമായതിനാൽ നല്ല വ്യക്തതയുമുണ്ടായി. ഈ ദൃശ്യങ്ങൾ സുഹൃത്തുക്കളെ കാണിച്ച് ആദം തന്നെയെന്ന് ഉറപ്പാക്കി. കൊലപാതകത്തിനുശേഷം ആദം നഗരത്തിലെ പല സിസിടിവി ദൃശ്യങ്ങളിലും പതിഞ്ഞിട്ടുണ്ട്. ഒടുവിൽ വൈകിട്ട് നാലോടെയാണ് റെയിൽവേ സ്റ്റേഷനിൽ എത്തിയത്.

പ്രധാന കവാടത്തിൽനിന്ന് അകത്തേക്ക് കയറുന്ന ദൃശ്യമാണ് ആദ്യം ലഭിച്ചത്. ടിക്കറ്റ് കൗണ്ടറിനടുത്തുള്ള ദൃശ്യവും ലഭിച്ചു. ടിക്കറ്റ് എടുത്ത സമയം വ്യക്തമായതോടെയാണ് ചെന്നൈയിലേക്ക് കടക്കാനുള്ള സാധ്യത തെളിഞ്ഞത്. ഉത്തരേന്ത്യയിലേക്കുള്ള ട്രെയിൻ ഇയാൾക്ക് കിട്ടിയില്ല എന്നുറപ്പാക്കിയതും സിസിടിവിയിലെ സമയം കണക്കാക്കിയാണ്. സിസിടിവി ദൃശ്യങ്ങളിൽ കണ്ട അതേ വസ്ത്രം ധരിച്ചാണ് ആദം ചെന്നൈയിൽ ഇറങ്ങിയത്. ഇതോടെ ആർപിഎഫ് ഉദ്യോഗസ്ഥർക്കും ആദമിനെ തിരിച്ചറിയാൻ എളുപ്പമായി. ഇതെല്ലാം കണ്ടെത്തിയത് എകെജി സെന്ററിൽ പടക്കം എറിഞ്ഞു മറഞ്ഞ വിരുതനെ പിടിക്കാൻ കഴിയാത്ത പൊലീസാണെന്നതാണ് വസ്തുത.

ഞായറാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയാണ് മനോരമയെ കാണാനില്ലെന്ന വിവരം നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്. ഇവരുടെ വീട്ടിൽനിന്ന് അസ്വാഭാവികമായ ശബ്ദം കേട്ടെന്ന് പരിസരവാസികളിൽ ചിലർ അറിയിച്ചതിനെത്തുടർന്നാണ് നാട്ടുകാർ അന്വേഷണം തുടങ്ങിയത്. മനോരമയുടെ ഭർത്താവ് ദിനരാജ് ഞായറാഴ്ച വർക്കലയിലുള്ള കുടുംബവീട്ടിൽ പോയിരിക്കുകയായിരുന്നു. തുടർന്ന് ദിനരാജിനെ നാട്ടുകാർ വിവരമറിയിച്ചു. വീട്ടുകാരെത്തി തിരച്ചിൽ നടത്തിയപ്പോൾ വീടിനുള്ളിൽ സൂക്ഷിച്ചിരുന്ന 50,000 രൂപ കാണാനില്ലെന്നു വ്യക്തമായി. തുടർന്ന് മെഡിക്കൽ കോളേജ് പൊലീസിൽ പരാതി നൽകി.

പൊലീസും അഗ്നിരക്ഷാസേനയും സ്ഥലത്തെത്തി നടത്തിയ തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്. ഇവരുടെ വീടിനടുത്തുള്ള താഴ്ചയുള്ള പ്രദേശത്തെ ആൾത്താമസമില്ലാത്ത വീടിന്റെ കിണറിന്റെ മൂടി തുറന്നുകിടക്കുന്നതു കണ്ടാണ് പരിശോധന നടത്തിയത്. രാത്രി പത്തുമണിയോടെ പാതാളക്കരണ്ടിയിറക്കി അഗ്നിരക്ഷാസേന തിരച്ചിൽ നടത്തിയപ്പോൾ മൃതദേഹം കണ്ടെത്തുകയായിരുന്നു. പിന്നീട് പണം നഷ്ടമായില്ലെന്നും തെളിഞ്ഞു. മനോരമ കൊല്ലപ്പെട്ടുവെന്ന് സ്ഥിരീകരിച്ച് 24 മണിക്കൂറിനകമാണ് പ്രതിയെ പിടികൂടിയത്.

ഞായറാഴ്ച ഉച്ചയ്ക്കാണ് കോളേജ് ഓഫ് എഡ്യൂക്കേഷനിൽ നിന്നും വിരമിച്ച മനോരമയെ കൊന്നതെന്നാണ് പ്രാഥമിക നിഗമനം. തുടർന്ന്, വൈകിട്ട് ഹൗറ എക്സ്‌പ്രസിൽ പ്രതി ചെന്നൈയിലേക്ക് കടക്കുകയായിരുന്നു. ചെന്നൈയിലേക്കുള്ള തീവണ്ടിയിൽ ഇയാൾ കയറാനുള്ള സാധ്യത പൊലീസ് മുൻകൂട്ടിക്കണ്ടു. തുടർന്ന്, റെയിൽവേ പൊലീസിന്റെ സഹായം തേടുകയായിരുന്നു. പ്രതിയുടെ ഫോട്ടോയും സിസിടിവി ദൃശ്യങ്ങളും വിവിധ റെയിൽവേ സോണുകളിലേക്ക് കൈമാറി.

ഈ ചിത്രങ്ങൾ കണ്ടാണ് ചെന്നൈയിൽ ഇറങ്ങിയ പ്രതിയെ ആർപിഎഫ് തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്തത്. മെഡിക്കൽ കോളേജ് സിഐ പി ഹരിലാലിന്റെ നേതൃത്വത്തിലുള്ള സംഘം ചെന്നൈയിലേക്ക് തിരിച്ചു. പ്രതിയെ തിരുവനന്തപുരത്ത് എത്തിച്ച് വിശദമായി ചോദ്യം ചെയ്യും. മനോരമയുടെ വീടിനു സമീപത്ത് കെട്ടിടനിർമ്മാണത്തിന് എത്തിയതായിരുന്നു ആദം അലി. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP