Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ദിലീപ് അടക്കം നാല് പ്രതികൾ ഫോൺ മാറ്റി; പിടിച്ചെടുത്തത് പുതിയത്; തെളിവുകൾ നശിപ്പിക്കാനെന്ന് അന്വേഷണ സംഘം; മൂന്ന് ദിവസം, 33 മണിക്കൂർ നീണ്ട ചോദ്യം ചെയ്യൽ അവസാനിച്ചു; വീണ്ടും ചോദ്യം ചെയ്യാൻ കോടതിയുടെ അനുമതി തേടും

ദിലീപ് അടക്കം നാല് പ്രതികൾ ഫോൺ മാറ്റി; പിടിച്ചെടുത്തത് പുതിയത്; തെളിവുകൾ നശിപ്പിക്കാനെന്ന് അന്വേഷണ സംഘം; മൂന്ന് ദിവസം, 33 മണിക്കൂർ നീണ്ട ചോദ്യം ചെയ്യൽ അവസാനിച്ചു; വീണ്ടും ചോദ്യം ചെയ്യാൻ കോടതിയുടെ അനുമതി തേടും

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥനെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ ദിലീപ് അടക്കമുള്ള പ്രതികളെ വീണ്ടും ചോദ്യം ചെയ്യാൻ ക്രൈംബ്രാഞ്ച്. ഇതിനായി അന്വേഷണസംഘം ഹൈക്കോടതിയുടെ അനുമതി തേടും. ഡിജിറ്റൽ തെളിവുകളുടെ ഫോറൻസിക് ഫലം ഉച്ചയ്ക്ക് മാത്രമാണ് ലഭിച്ചത്. ഇതിന്മേൽ ചോദ്യം ചെയ്യാനാണ് കോടതിയുടെ അനുമതി തേടുക.

ഗൂഢാലോചന കേസ് രജിസ്റ്റർ ചെയ്ത ഉടൻ പ്രതികൾ മൊബൈൽ ഫോണുകൾ മാറ്റിയെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തി. ദിലീപിന്റെ രണ്ട് ഫോൺ, അനുപിന്റെ രണ്ട് ഫോൺ സുരാജിന്റെ ഒരു ഫോൺ എന്നിവയാണ് മാറ്റിയത്. ദിലീപിന്റെ വീട്ടിൽ നിന്ന് അന്വേഷണസംഘത്തിന് കിട്ടിയത് പുതിയ ഫോൺ ആണ്.

തെളിവുകൾ നശിപ്പിക്കാൻ ആണ് ഫോൺ ഒളിപ്പിച്ചതെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നത്. ഫോൺ പരിശോധിച്ച് കേസിലെ നിർണായക തെളിവ് കണ്ടെത്താനാണ് ക്രൈം ബ്രാഞ്ചിന്റെ ശ്രമം. ഇതിനായി, പ്രതികൾ മാറ്റിയ ഫോണുകൾ ഹാജരാക്കാൻ ക്രൈം ബ്രാഞ്ച് നോട്ടീസ് നൽകി. ചോദ്യം ചെയ്യലിന് ഇടയിലാണ് പ്രതികൾക്ക് നോട്ടീസ് കൈമാറിയത്.

നടൻ ദിലീപിനെ അടക്കം മൂന്ന് ദിവസമായി 33 മണിക്കൂറാണ് ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തത്. നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ കൊലപ്പെടുത്താൻ ഗൂഢാലോചന നടത്തുകയും വധഭീഷണിമുഴക്കുകയും ചെയ്‌തെന്ന കേസിൽ ദിലീപും കൂട്ടുപ്രതികളും മുൻകൂർ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചിരുന്നു.

അന്വേഷണത്തോട് പൂർണമായി സഹകരിക്കാമെന്നും എവിടെവേണമെങ്കിലും ചോദ്യം ചെയ്യലിന് ഹാജരാകാമെന്നും പ്രതികൾ നിലപാടെടുത്തു. എന്നാൽ അഞ്ചുദിവസമെങ്കിലും ദിലീപടക്കമുള്ളവരുടെ കസ്റ്റഡിയിൽ വേണമെന്നും അല്ലെങ്കിൽ അന്വേഷണവുമായി മുന്നോട്ട് പോയിട്ട് അർഥമില്ലെന്നുമായിരുന്നു സർക്കാർ നിലപാട്. ഒടുവിൽ ഞായർ തിങ്കൾ , ചൊവ്വ ദിവസങ്ങളിൽ പ്രതികളെ ചോദ്യം ചെയ്യാൻ ഹൈക്കോടതി ഇടക്കാല ഉത്തരവിടുകയായിരുന്നു.

പ്രോസിക്യൂഷൻ ഹാജരാക്കിയ ദിലീപിനെതിരായ തെളിവുകൾ ഗൗരവമുള്ളതെന്ന് വിലയിരുത്തിയ കോടതി അന്വേഷണത്തിൽ ഇടപെടരുതെന്ന ശക്തമായ താക്കീതും പ്രതികൾക്ക് നൽകിയിരുന്നു.

രാവിലെ 9 മണി മുതൽ രാത്രി വരെ എട്ടുവരെ ചോദ്യം ചെയ്യാം. പ്രതികൾ അന്വേഷണത്തോട് പൂർണമായി സഹകരിക്കണം, കേസിൽ ഇടപെട്ടാൽ കടുത്ത നിലപാടെടുക്കേണ്ടിവരുമെന്നും കോടതി വ്യക്തമാക്കി. ഈ മാസം 27 വരെ പ്രതികളുടെ അറസ്റ്റു കോടതി തടഞ്ഞു. അന്വേഷണ പുരോഗതി റിപ്പോർട്ട് സമർപ്പിക്കാനും ഡിജിപിയോട് ആവശ്യപ്പെട്ടിരുന്നു.

27ന് രാവിലെ 10.15ന് കോടതി ചേർന്ന് തുടർ നടപടി തീരുമാനിക്കും. പ്രോസിക്യൂഷന്റേത് കള്ളക്കേസെന്നായിരുന്നു വാദത്തിന്റെ തുടക്കം മുതൽ പ്രതിഭാഗം നിലപാട്. ദീലീപും കൂട്ടുപ്രതികളും നടത്തിയ പ്രസ്താവന എങ്ങനെ കൊലപാതക ഗൂഢാലോചനയാകുമെന്ന് കോടതി പലവട്ടം സർക്കാരിനോട് ചോദിച്ചു. അതിനുള്ള തെളിവുകൾ ശേഖരിച്ചിട്ടുണ്ടെന്നും തുറന്ന കോടതിയിൽ പറയാനാകില്ലെന്നും പ്രോസിക്യൂഷൻ നിലപാടെടുത്തു. തുടർന്ന് പ്രോസിക്യൂഷൻ ഹാജരാക്കിയ തെളിവുകൾ സിംഗിൾ ബെഞ്ച് ചേമ്പറിൽ വെച്ച് പരിശോധിച്ചു.

ക്രൈംബ്രാഞ്ചിന്റെ പക്കലുള്ള ദിലീപിനെതിരായ തെളിവുകൾ ആശങ്കയുളവാക്കുന്നതും ഗൗരവതരവുമാണെന്ന് കോടതി നീരീക്ഷിച്ചു. തൊട്ടുപിന്നാലെയാണ് കോടതി നിർദ്ദേശിക്കുന്ന എന്ത് വ്യവസ്ഥകളോടെയും അന്വേഷണത്തോട് സഹകരിക്കാമെന്ന് ദിലീപും കൂട്ടുപ്രതികളും നിലപാടെടുത്തത്.

പൊലീസ് റെയ്ഡിൽ പിടിച്ചെടുത്ത ചില ഡിജിറ്റൽ സാമഗ്രികളുടെ ഫൊറൻസിക് റിപ്പോർട്ട് ലഭിക്കാനുണ്ട്. ഇതുകൂടി ലഭിച്ച ശേഷമേ അന്വേഷണ പുരോഗതി വ്യക്തമാക്കാൻ സാധിക്കൂവെന്ന് ക്രൈംബ്രാഞ്ച് എസ്‌പി വ്യക്തമാക്കി. മൂന്നു ദിവസത്തെ ചോദ്യം ചെയ്യലിൽനിന്ന് ലഭിച്ച വിവരങ്ങളും തെളിവുകളും ഉൾപ്പെടെ വിശദമായ റിപ്പോർട്ട് വ്യാഴാഴ്ച ഹൈക്കോടതിയിൽ നൽകണം.

ദിലീപ്, സഹോദരൻ അനൂപ്, സഹോദരീ ഭർത്താവ് സുരാജ് എന്നിവരെ ഇന്നലെ ഒരുമിച്ചും ഒറ്റയ്ക്കും ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തിരുന്നു. മറ്റു 2 പ്രതികളായ ബൈജു ചെങ്ങമനാട്, അപ്പു എന്നിവരെയും വിശദമായി ചോദ്യം ചെയ്തു. പ്രതികളുടെ സമീപകാലത്തെ ഫോൺ വിളികളുടെ വിശദാംശങ്ങൾ കാണിച്ചും മറ്റു ചില സാക്ഷിമൊഴികളുടെ അടിസ്ഥാനത്തിലുമായിരുന്നു ചോദ്യം ചെയ്യൽ.

കേസിൽ വെളിപ്പെടുത്തലുകൾ നടത്തിയ സംവിധായകൻ ബാലചന്ദ്രകുമാറിന്റെ മൊഴികളുടെ വിശ്വാസ്യത ചോദ്യം ചെയ്ത് ദിലീപും കൂട്ടുപ്രതികളും ഉന്നയിച്ച ആരോപണങ്ങളുടെ നിജസ്ഥിതിയും ക്രൈംബ്രാഞ്ച് പരിശോധിക്കുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP