Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202021Monday

തൃശൂരിൽ നിന്ന് തലസ്ഥാനത്തേക്ക് ഓട്ടോ സവാരി വിളിച്ചത് അമ്മ മരിച്ചു എന്ന് കള്ളം പറഞ്ഞ്; വാടക നൽകാതെ മുങ്ങിയ വിരുതനെ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്തപ്പോൾ ഒരു നടന്റെ മരണാനന്തര ചടങ്ങിൽ പോകാൻ ബസ് കയറാൻ നിന്നപ്പോഴാണ് ഓട്ടോക്കാരൻ നിർബന്ധിച്ച് കയറ്റിയതെന്നും മൊഴി; മറുനാടനിൽ വാർത്ത വന്നതോടെ പൊലീസ് ഗ്രില്ലിങ്ങിൽ മരിയാപുരത്തെ വില്ലൻ അറസ്റ്റിൽ; പ്രതി നിശാന്ത് റിമാൻഡിൽ

തൃശൂരിൽ നിന്ന് തലസ്ഥാനത്തേക്ക് ഓട്ടോ സവാരി വിളിച്ചത് അമ്മ മരിച്ചു എന്ന് കള്ളം പറഞ്ഞ്; വാടക നൽകാതെ മുങ്ങിയ വിരുതനെ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്തപ്പോൾ ഒരു നടന്റെ മരണാനന്തര ചടങ്ങിൽ പോകാൻ ബസ് കയറാൻ നിന്നപ്പോഴാണ് ഓട്ടോക്കാരൻ നിർബന്ധിച്ച് കയറ്റിയതെന്നും മൊഴി; മറുനാടനിൽ വാർത്ത വന്നതോടെ പൊലീസ് ഗ്രില്ലിങ്ങിൽ മരിയാപുരത്തെ വില്ലൻ അറസ്റ്റിൽ; പ്രതി നിശാന്ത് റിമാൻഡിൽ

ആർ പീയൂഷ്

തിരുവനന്തപുരം: വാടക നൽകാതെ ഓട്ടോ ഡ്രൈവറെ കബളിപ്പിച്ച് മുങ്ങിയ വിരുതനെ പൊലീസ് അറസ്റ്റ് ചെയ്തു. നെയ്യാറ്റിൻകര മരിയാപുരം കരിക്കിൻ വിള ബഥേൽ ഭവനിൽ ബാബുവിന്റെ മകൻ നിശാന്തി(26)നെയാണ് തമ്പാനൂർ പൊലീസ് അറസ്റ്റ് ചെയ്തത്. തൃശൂർ വരന്തരപള്ളി സ്വദേശിയായ ഓട്ടോ ഡ്രൈവർ രേവത് ബാബുവിന്റെ പരാതിയിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോവിഡ് ടെസ്റ്റ് നടത്തിയ ശേഷം പ്രതിയെ റിമാൻഡ് ചെയ്തു.

അമ്മ മരിച്ചു എന്ന് കള്ളം പറഞ്ഞാണ് പ്രതി തൃശൂരിൽ നിന്നും തലസ്ഥാനത്തേക്ക് ഓട്ടം വിളിച്ച് ഓട്ടോ ഡ്രൈവറെ കബളിപ്പിച്ച് കടന്നു കളഞ്ഞത്. മറുനാടൻ മലയാളി ഇയാളെപറ്റിയുള്ള വിശദ വിവരങ്ങൾ അടക്കം വാർത്ത പുറത്തു വിട്ടതോടുകൂടി കഴിഞ്ഞ ദിവസം മരിയാപുരത്തെ വീട്ടിലെത്തി പൊലീസ് കസ്റ്റഡിയിലെടുക്കുകയും വിശദമായ ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു. പ്രതി ഓട്ടോ ഡ്രൈവറെ കബളിപ്പിച്ചിട്ടില്ല എന്ന വാദത്തിലുറച്ചു നിന്നതിനാലാണ് പൊലീസ് ഒരു ദിവസം മുഴുവൻ ചോദ്യം ചെയ്തത്. ഒടുവിൽ ഇയാൾ പറയുന്നതെല്ലാം പച്ചക്കള്ളമാണെന്നറിഞ്ഞതോടെയാണ് പൊലീസ് ഇന്ന് അറസ്റ്റ് രേഖപ്പെടുത്തിയത്. തൃശൂരിൽ നിന്നും കബളിപ്പിക്കപ്പെട്ട ഓട്ടോ ഡ്രൈവർ രേവത് ബാബു ഇന്ന് സ്റ്റേഷനിലെത്തി പ്രതിയെ തിരിച്ചറിഞ്ഞിരുന്നു. തുടർന്നാണ് ഓൺലൈൻ വഴി കോടതിമുൻപാകെ ഹാജരാക്കി പ്രതിയെ റിമാൻഡ് ചെയ്തത്.

ചോദ്യം ചെയ്യലിൽ നിഷാന്ത് അമ്മ മരിച്ചു എന്ന് പറഞ്ഞില്ലെന്നും ഒരു നടൻ മരിച്ചതിനാൽ കാണാൻ പോകാനായിട്ടാണ് തിരുവനന്തപുരത്തേക്ക് യാത്ര ചെയ്യാനായി കെ.എസ്.ആർ.ടി.സി ബസ്റ്റാന്റിലെത്തിയതെന്നുമാണ് പൊലീസിനോടും പറഞ്ഞത്. പണമില്ലെന്ന് പറഞ്ഞപ്പോൾ ഓട്ടോ റിക്ഷാ ഡ്രൈവറായ രേവത് നിർബന്ധിപ്പിച്ച് കയറ്റി കൊണ്ടു പോയെന്നും ഇയാൾ പറഞ്ഞു. തിരുവനന്തപുരത്തെത്തിയപ്പോൾ മൊബൈൽ വിറ്റ് പണം കൊടുക്കാനായിരുന്നു ലക്ഷ്യമെന്നും മൊബൈൽ വിറ്റ് പണവുമായെത്തിയപ്പോൾ ഓട്ടോ ഡ്രൈവറെ കാണാനില്ലെന്നും പറഞ്ഞു. ഇതോടെ മൊബൈൽ വിറ്റ ഷോപ്പ് എവിടെയാണ് എന്ന് ചോദിച്ചതോടെ നിഷാന്ത് പരുങ്ങലിലായി. പിന്നീട് പൊലീസിന്റെ മുന്നിൽ കുറ്റം ഏറ്റു പറയുകയായിരുന്നു. ഇയാൾ നിരവധി പേരെ കബളിപ്പിച്ചതായി പൊലീസിന് വിവരം ലഭിച്ചതിനാലാണ് പ്രതിക്കെതിരെ വഞ്ചനാകുറ്റം ചുമത്തി റിമാൻഡ് ചെയ്തതെന്ന് പൊലീസ് പറഞ്ഞു.

കഴിഞ്ഞ 28 ന് രാത്രിയിലാണ് നിഷാന്ത് അമ്മ മരിച്ചു പോയി വീട്ടിലെത്താൻ പണമില്ലാ എന്ന് പറഞ്ഞ് രേവത് ബാബുവിനെ ഓട്ടം വിളിച്ചത്. വീട്ടിലെത്തിയാൽ സഹോദരിയുടെ ഭർത്താവ് പണം തരുമെന്നും മറ്റുമാർഗ്ഗമില്ലാത്തതിനാലാണ് എന്നും പറഞ്ഞു. യാത്രയ്ക്ക് 6,500 രൂപ കൂലിയും ഉറപ്പുനൽകി. സമയം രാത്രി 10.30 ആയി, സ്റ്റാന്റിൽ മറ്റ് ഓട്ടോ റിക്ഷക്കാരുമില്ല. യുവാവിന്റെ ദയനീയാവസ്ഥ കണ്ട് ഒന്നും ആലോചിച്ചില്ല നേരെ തിരുവനന്തപുരത്തേക്ക് വിട്ടു. തൈക്കാട് ഗവൺമെന്റ് ആശുപത്രിയുടെ അടുത്ത് നിർത്താൻ ആവിശ്യപ്പെട്ട നിഷാന്ത് കുറച്ചു നേരം ഓട്ടോയിൽ തന്നെ ഇരുന്നു. അളിയൻ ഇപ്പോൾ വരും എന്നും പറഞ്ഞു. അൽപ്പനേരം കഴിഞ്ഞപ്പോൾ പണമുണ്ടെങ്കിൽ 1000 രൂപ തരാമോ അമ്മയുടെ ശവമടക്കിന് വേണ്ട ചില സാധനങ്ങൾ വാങ്ങാനാണ് എന്നും അളിയൻ വരുമ്പോൾ വാടകയുടെ കൂടെ തിരികെ തരാമെന്നും രേവതിനോട് പറഞ്ഞു. യുവാവിന്റെ വാക്ക് വിശ്വസിച്ച് രേവത് കയ്യിലുണ്ടായിരുന്ന പണം നുള്ളിപെറുക്കി 1000 രൂപ തികച്ച് കൊടുത്തു.

ഏറെ സമയം കഴിഞ്ഞിട്ടും സാധനങ്ങൾ വാങ്ങാൻ പോയ ആളെ കാണാതിരുന്നതോടെയാണ് അയാൾ കടന്നു കളഞ്ഞതാണെന്ന് മനസ്സിലായത്. തൊട്ടടുത്തുള്ള കാടക്കാരോടും മറ്റും കാര്യങ്ങൾ പറഞ്ഞപ്പോൾ തമ്പാനൂർ പൊലീസ് സ്റ്റേഷനിലേക്ക് പോയി പരാതി കൊടുക്കാൻ നിർദ്ദേശിച്ചു. അങ്ങനെ സ്റ്റേഷനിലെത്തി വിവരങ്ങൾ പറഞ്ഞു. ഉടൻ തന്നെ പൊലീസ് ആശുപത്രിയുടെ പരിസരങ്ങളിൽ തിരച്ചിൽ നടത്തിയെങ്കിലും ആളെ കണ്ടെത്താൻ കഴിഞ്ഞില്ല. പിന്നീട് പൊലീസുദ്യോഗസ്ഥർ എല്ലാവരും കൂടി പിരിവിട്ട് 500 രൂപ കൊടുത്താണ് രേവതിനെ തൃശൂരിലേക്ക് പറഞ്ഞു വിട്ടത്. കഴിഞ്ഞദിവസം നിശാന്തിന്റെ വിവരങ്ങൾ മറുനാടൻ മലയാളി കണ്ടെത്തുകയും കേസ് അന്വേഷിക്കുന്ന തമ്പാനൂർ പൊലീസിന് കൈമാറുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് നിശാന്തിനെ പൊലീസ് കസ്റ്റഡിയിലെടുക്കുകയും അറസ്റ്റ് ചെയ്യുകയും ചെയ്തത്.

നിഷാന്ത് ഓട്ടം വിളിച്ച തുകയും കടം വാങ്ങിയ തുകയും തിരികെ നൽകാമെന്നും അറിയിച്ചെങ്കിലും രേവത് ബാബു പരാതിയിൽ ഉറച്ചു നിൽക്കുകയായിരുന്നു. ഇനി മറ്റൊരാൾക്കും ഈ അവസ്ഥ ഉണ്ടാകാൻ ഇടവരരുതെന്ന് കരുതിയാണ് പരാതിയിൽ ഉറച്ചു നിന്നതെന്ന് രേവത് ബാബു മറുനാടൻ മലയാളിയോട് പറഞ്ഞു. പ്രതി വലിയ തട്ടിപ്പുകാരനാണെന്നും ഇയാൾ ഇനിയും തട്ടിപ്പ് നടത്താൻ സാധ്യതയുണ്ടെന്നും പൊലീസ് കോടതിയെ ബോധ്യപ്പെടുത്തിയതിനാലാണ് റിമാൻഡ് ചെയ്തത്. രേവത് ബാബുവിന്റെ പണം തട്ടിയെടുത്ത് കടന്നുകളഞ്ഞ സംഭവത്തിൽ നാടൊട്ടുക്കു നിന്നും വലിയ പ്രതിഷേധമായിരുന്നു. രേവതിന്റെ അവസ്ഥ മനസ്സിലാക്കിയ തിരുവനന്തപുരം കെ.എച്ച് ഹോട്ടലുടമയും കാരുണ്യ പ്രവർത്തകനുമായ മനോജ് മനോഹരൻ ഓട്ടോ വാടക അയച്ചു കൊടുത്തിരുന്നു. പ്രതിയെ പിടികൂടിയതറിഞ്ഞ് പൊലീസിന് അഭിനന്ദനമറിയിക്കുകയാണ് എല്ലാവരും.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Loading...
Go to TOP