Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയ പ്രതി ആശുപത്രിയിൽ നിന്നും രക്ഷപ്പെടാനുള്ള ശ്രമം തടഞ്ഞത് ഏഷ്യാനെറ്റ് ന്യൂസ് കാമറമാന്റെ ഇടപെടൽ; കൈവിലങ്ങുമായി ഓടുന്നത് കണ്ട് വഴിയിൽ തടഞ്ഞ് മൽപിടുത്തം നടത്തി സുനിൽകുമാർ; കീഴ്‌പെടുത്താനുള്ള ശ്രമത്തിനിടെ നേരിയ പരിക്കും

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയ പ്രതി ആശുപത്രിയിൽ നിന്നും രക്ഷപ്പെടാനുള്ള ശ്രമം തടഞ്ഞത് ഏഷ്യാനെറ്റ് ന്യൂസ് കാമറമാന്റെ ഇടപെടൽ; കൈവിലങ്ങുമായി ഓടുന്നത് കണ്ട് വഴിയിൽ തടഞ്ഞ് മൽപിടുത്തം നടത്തി സുനിൽകുമാർ; കീഴ്‌പെടുത്താനുള്ള ശ്രമത്തിനിടെ നേരിയ പരിക്കും

ബുർഹാൻ തളങ്കര

കാസർകോട്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി കർണാടകയിലെ രഹസ്യ കേന്ദ്രത്തിൽ താമസിപ്പിച്ച് മാസങ്ങളോളം പീഡിപ്പിച്ചെന്ന പരാതിയിൽ പോക്സോ കേസിൽ അറസ്റ്റിലായ പ്രതി വൈദ്യ പരിശോധനയ്ക്കെത്തിച്ചപ്പോൾ ആശുപത്രിയിൽ നിന്നും രാത്രി ഇറങ്ങിയോടി. വിലങ്ങുമായി ഓടുന്ന പ്രതിയെ കണ്ട് വഴിയിൽ തടഞ്ഞ് മൽപിടുത്തത്തിലൂടെ കീഴടക്കി ഏഷ്യാനെറ്റ് ന്യൂസ് ക്യാമറാമാൻ സുനിൽ കുമാർ പ്രതിയെ പൊലീസിനെ ഏൽപിച്ചു.

ശനിയാഴ്ച രാത്രി 8.30 മണിയോടെ കാസർകോട് ജനറൽ ആശുപത്രിക്ക് സമീപമാണ് നാടകീയ സംഭവങ്ങർ അരങ്ങേറിയത്. നിരവധി കേസുകളിൽ പ്രതിയായവിദ്യാനഗർ പൊലീസ് സ്റ്റേഷൻ പരിധിയിലെ മുഹമ്മദ് ശാഫി (28) ആണ് ആശുപത്രിയിൽ നിന്നും വിലങ്ങുമായി ഓടി രക്ഷപ്പെടുന്നതിനിടെയാണ് ഏഷ്യാനെറ്റ് ക്യാമറാമാന്റെ കെണിയിൽ അകപ്പെട്ടത്. 2022 സെപ്റ്റംബർ മാസത്തിൽ ശാഫി 17 കാരിയെ പ്രലോഭിപ്പിച്ച് കടത്തിക്കൊണ്ടു പോവുകയായിരുന്നു.

പരാതി പൊലീസ് സ്റ്റേഷനിൽ എത്തിയിട്ടും അന്വേഷണം മന്ദഗതിയിൽ ആണെന്നാരംഭിച്ചാണ് പെൺകുട്ടിയുടെ രക്ഷിതാക്കൾ മറുനാടൻ മലയാളിയെ സമീപിച്ചത്. തുടർന്ന് സംഭവമായി ബന്ധപ്പെട്ട വിശദമായ വാർത്ത തന്നെ മറുനാടൻ മലയാളി നൽകി. ഇതോടെ പൊലീസ് അന്വേഷണം ഊർജ്ജിതമായി. 21 സംസ്ഥാനങ്ങളിൽ ഇവർക്കായി പൊലീസ് തിരഞ്ഞെങ്കിലും ഫലം ഉണ്ടായിരുന്നില്ല. ഏറ്റവും കൂടുതൽ കാലയളവ് ഇവർ ചെലവിട്ടത് ഗോവയിൽ ആയിരുന്നു. തുടർന്ന് കഴിഞ്ഞ മാസമാണ് കർണാടക ഉപ്പനങ്ങാടിയിൽ ഇവർ എത്തിയത്.

നേരത്തെ മറുനാടൻ മലയാളി പുറത്തുവിട്ട വീഡിയോ തിരിച്ചറിഞ്ഞ ചിലർ തൃക്കരിപ്പൂരിലെ ഒരു സാമൂഹിക പ്രവർത്തകനെ ബന്ധപ്പെട്ട് വിവരം പൊലീസിനെ അറിയിച്ചു. അതിവേഗം കർണാടകയിൽ എത്തിയ വിദ്യാനഗർ പൊലീസ് പ്രതികൾ താമസിച്ചിരുന്ന സ്ഥലം വളഞ്ഞ് ഇവരെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. വിദ്യാനഗറിലെത്തിച്ച ശേഷം പെൺകുട്ടിയുടെ വിശദമായ മൊഴി രേഖപ്പെടുത്തിയതോടെയാണ് മാസങ്ങളോളം ലൈംഗിക പീഡനത്തിനിരയാക്കിയെന്ന കാര്യം വെളിപ്പെടുത്തിയത്. എന്നാൽ ഭയംകൊണ്ട് പലതും പെൺകുട്ടി തുറന്നു പറയുന്നില്ല എന്നാണ് പൊലീസ് സംശയിക്കുന്നത്.

മികച്ച ഒരു കൗൺസിലിങ് നൽകിയാൽ എല്ലാ വിവരങ്ങളും തുറന്നു പറയും എന്നാണ് പൊലീസിന്റെ പ്രതീക്ഷ. പെൺകുട്ടിയെ കോടതിയിൽ ഹാജരാക്കി രക്ഷിതാക്കൾക്കൊപ്പം വിട്ട ശേഷം ശാഫിയുടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. തുടർന്ന് പ്രതിയെ കോടതിയിൽ ഹാജരാക്കുന്നതിനായി കാസർകോട് ജനറൽ ആശുപത്രിയിൽ വൈദ്യപരിശോധനയ്ക്ക് എത്തിച്ചപ്പോഴായിരുന്നു പ്രതിയുടെ ഒരു കൈയിലെ വിലങ്ങ് അഴിക്കേണ്ടതായി വന്നത്. ഇതോടെ മൂന്ന് പൊലീസുകാരെ തള്ളിമാറ്റി പുറത്തേക്ക് കൂടിയ പ്രതി ചെന്നു പെട്ടത് ഏഷ്യാനെറ്റ് ക്യാമറമാന്റെ മുന്നിലായിരുന്നു.

സുനിലിന്റെ അളിയന്റെ ഭാര്യയെ വിദ്യാനഗർ ചൈത്ര ആശുപത്രിയിൽ പ്രസവത്തിനായി അഡ്മറ്റ് ചെയ്തിരുന്നു. രക്തം ആവശ്യമുണ്ടെന്ന് അറിയിച്ചതിന്റെ അടിസ്ഥാനത്തിൽ കാസർകോട് ജനറൽ ആശുപത്രിയിലെ ബ്ലഡ് ബാങ്കിൽ എത്തിയതായിരുന്നു സുനിൽകുമാർ. രക്ത പരിശോധനയ്ക്ക് സമയം എടുക്കുമെന്ന് പറഞ്ഞതുകൊണ്ട് സുനിൽ ഗേറ്റിന് സമീപത്തേക്ക് ഫോണിൽ സംസാരിച്ച് കൊണ്ട് നടന്ന് പോയിരുന്നു. ഈ സമയമാണ് പ്രതി വിലങ്ങുമായി പുറത്തേക്ക് ഓടി വരുന്നത് കണ്ടത്.

മൂന്ന് പൊലീസ് ഉദ്യോഗസ്ഥർ പ്രതിയുടെ പിറകെ ഓടുന്നത് കണ്ട് യുവാവിനെ തടഞ്ഞ് കൊത്തിന് പിടിക്കുകയായിരുന്നു സുനിൽ. ആജാനുബാഹുവായ ശാഫി കുതറി മാറി മുന്നോട്ട് ഓടിയെങ്കിലും ഗേറ്റ് കടന്ന് മെയിൻ റോഡിൽ എത്തിയപ്പോൾ പിറകെ ഓടി വീണ്ടും പിടികൂടി. മൽപ്പിടുത്തത്തിനിടെ കാൽപിണച്ചുവെച്ച് വീണ്ടും രക്ഷപ്പെടാനുള്ള യുവാവിന്റെ ശ്രമം തടഞ്ഞാണ് സുനിൽകുമാർ പ്രതിയെ കീഴ്‌പ്പെടുത്തിയത്.
പിന്തുടർന്നുവന്ന മൂന്ന് പൊലീസുദ്യോഗസ്ഥർ പ്രതിയെ വിലങ്ങു വെച്ചു ജീപ്പിൽ കയറ്റാൻ നോക്കിയെങ്കിലും മസിൽ പിടിച്ചു നിന്ന യുവാവിനെ സുനിൽ തന്നെയാണ് ജീപ്പിൽ കയറാൻ സഹായിചച്ത്.

ഒച്ചവെച്ച് പൊലീസ് പ്രതിയുടെ കൂടെ ഓടിയപ്പോൾ നിരവധി പേർ നോക്കി നിന്നെങ്കിലും സുനിൽകുമാർ മാത്രമാണ് പ്രതിയെ കീഴടക്കാൻ മുന്നോട്ട് വന്നതെന്ന് വിദ്യാനഗർ സിഐ പറഞ്ഞു. പ്രതിയെ പിടികൂടുന്നതിനിടെയിൽ സുനിൽകുമാറിന്റെ ഫോൺ വീണ് പൊട്ടി പോകുകയും പ്രതിയുടെ ഒരു കയ്യിൽ ഉണ്ടായിരുന്ന വിലങ്ങ് കൊണ്ട് കൈവിരലിനും പരിക്കേൽക്കുകയും ചെയ്തിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP