Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കേരള പൊലീസിന് ചിക്കൻ പോക്‌സ് പേടിയാണെന്ന് ധരിച്ചത് വെറുതെയായി; ഓച്ചിറയിലെ അഭിഭാഷകന്റെ നിർദ്ദേശപ്രകാരം കീഴടങ്ങിയത് ആരോഗ്യപ്രശ്‌നം കാട്ടി തെളിവെടുപ്പിൽ നിന്ന് രക്ഷപ്പെടാമെന്ന വ്യാമോഹത്തിൽ; കരുനാഗപ്പള്ളി പൊലീസ് സ്റ്റേഷനിലെ പഴയ സൗഹൃദം അന്വേഷണ ഉദ്യോഗസ്ഥൻ കാട്ടുമെന്ന ആശ നിരാശയായി; റേഡിയോ ജോക്കി രാജേഷിന്റെ കൊലപാതകക്കേസിൽ അലിഭായിയെ രക്ഷിക്കാനുള്ള സമ്മർദ്ദങ്ങൾക്ക് വഴങ്ങാതെ ബോൾഡായി ഇൻവെസ്റ്റിഗേഷൻ ടീം

കേരള പൊലീസിന് ചിക്കൻ പോക്‌സ് പേടിയാണെന്ന് ധരിച്ചത് വെറുതെയായി; ഓച്ചിറയിലെ അഭിഭാഷകന്റെ നിർദ്ദേശപ്രകാരം കീഴടങ്ങിയത് ആരോഗ്യപ്രശ്‌നം കാട്ടി തെളിവെടുപ്പിൽ നിന്ന് രക്ഷപ്പെടാമെന്ന വ്യാമോഹത്തിൽ; കരുനാഗപ്പള്ളി പൊലീസ് സ്റ്റേഷനിലെ പഴയ സൗഹൃദം അന്വേഷണ ഉദ്യോഗസ്ഥൻ കാട്ടുമെന്ന ആശ നിരാശയായി; റേഡിയോ ജോക്കി രാജേഷിന്റെ കൊലപാതകക്കേസിൽ അലിഭായിയെ രക്ഷിക്കാനുള്ള സമ്മർദ്ദങ്ങൾക്ക് വഴങ്ങാതെ ബോൾഡായി ഇൻവെസ്റ്റിഗേഷൻ ടീം

ആർ. പീയൂഷ്

കൊല്ലം: റേഡിയോ ജോക്കി രാജേഷിന്റെ കൊലപാതകത്തിലെ മുഖ്യ പ്രതി സാലിഹ് ബിൻ ജലാൽ പൊലീസിൽ കീഴടങ്ങാനെത്തിയത് ചിക്കൻ പോക്സ് പിടിപെട്ട അവസ്ഥയിലായിരുന്നു. കേരളാ പൊലീസിന്റെ സമ്മർദ്ദം കൂടിയതോടെ കൊല്ലം ബാറിലെ ഓച്ചിറ സ്വദേശിയായ അഭിഭാഷകന്റെ നിർദ്ദേശപ്രകാരമാണ് ഇന്നലെ പൊലീസിൽ കീഴടങ്ങിയത്. ചിക്കൻ പോക്സ് പിടിപെട്ടതിനാൽ ആരോഗ്യ സ്ഥിതി മോശമാണ് എന്ന് കാട്ടി തെളിവെടുപ്പിൽ നിന്നും വിട്ടു നിൽക്കാനാവും എന്ന വിശ്വാസം കേരളാ പൊലീസ് തകർത്തു.

അറസ്റ്റ് ചെയതതിന് ശേഷം ഉടൻ തന്നെ തെളിവെടുപ്പ് നടത്തുകയായിരുന്നു. ഇന്നലെ കരുനാഗപ്പള്ളിയിൽ എത്തിച്ച പ്രതിയുമായി കൊല നടത്താൻ ഉപയോഗിച്ച ആയുധങ്ങൾ ഉപേക്ഷിച്ച കന്നേറ്റികായലിൽ ഇവ കണ്ടെത്താൻ ശ്രമം നടത്തി. എന്നാൽ യാതൊന്നും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. പിന്നീട് ഇന്ന് രാവില വീണ്ടും തിരച്ചിൽ നടത്തിയപ്പോഴാണ് കൊല നടത്താൻ ഉപയോഗിച്ച വാളും അറ്റം കൂർത്ത ആയുധവും കണ്ടെടുത്തത്.

അതേ സമയം രണ്ട് ദിവസമായി അഭിഭാഷകനും വ്യവസായിയും സാലിഹിനെ രക്ഷിക്കാനായി നെട്ടോട്ടമോടുകയാണ്. അന്വേഷണ ഉദ്യോഗസ്ഥനായ ഡി.വൈ.എസ്‌പി അനിൽകുമാർ മുൻപ് കരുനാഗപ്പള്ളി പൊലീസ് സ്റ്റേഷനിൽ എസ്‌ഐ ആയും സിഐ ആയും ജോലി ചെയതിട്ടുണ്ട്. അന്നുള്ള ബന്ധം ഉപയോഗിച്ച് എന്തെങ്കിലും ചെയ്യാനാവുമെന്ന പ്രതീക്ഷയിലാണ് അരയും തലയും മുറുക്കി തിരുവനന്തപുരത്തേക്ക് ഇവർ പോയത്. എന്നാൽ ഇത് പാഴ് ശ്രമമാകുകയായിരുന്നു. ഒരിക്കലും പിടികൂടാൻ കഴിയില്ല എന്ന് കരുതി പ്രതികൾ ചെയത് കുറ്റകൃത്യം കേരളാ പൊലീസിന്റെ കൃത്യമായ ഇടപെടൽ മൂലമാണ് പുറത്ത് വന്നത്. ഇവർ സഞ്ചരിച്ചിരുന്ന കാറിന്റെ ദൃശ്യം ക്യാമറയിൽ പതിഞ്ഞതാണ് പൊലീസിന് അന്വേഷണത്തിൽ കൂടുതൽ സഹായകമായത്.

തെളിവെടുപ്പിനായി കഴിഞ്ഞ ദിവസം ആറ്റിങ്ങൽ ഡിവൈ.എസ്‌പി പി. അനിൽകുമാറിന്റെ നേതൃത്വത്തിലാണ് അലിഭായി എന്ന സാലിഹ് ബിൻ ജലാലിനെ കരുനാഗപ്പള്ളിയിൽ എത്തിച്ചത്. മുഖം മൂടി ധരിപ്പിച്ച് കൈകളിൽ വിലങ്ങണിയിച്ചാണ് കൊണ്ടുവന്നത്. കൊല നടത്തിയ നാലംഗ സംഘത്തെ നയിച്ച സാലിഹ് ചൂണ്ടിക്കാണിച്ച ഭാഗത്ത് കായലിൽ മുങ്ങൽ വിദഗ്ദ്ധർ തെരച്ചിൽ നടത്തി. കൃത്യത്തിനു ശേഷം മൂന്നംഗസംഘം സഞ്ചരിച്ച കാർ കന്നേറ്റി പാലത്തിന് മുകളിൽ നിറുത്തിയശേഷം വസ്ത്രങ്ങളും വാളും കാറിലിരുന്ന് തന്നെ കായലിലേക്ക് വലിച്ചെറിഞ്ഞെന്നാണ് ഇയാൾ പറഞ്ഞത്.

മുങ്ങൽ വിദഗ്ദ്ധർ രണ്ട് മണിക്കൂറോളം കായലിൽ തെരച്ചിൽ നടത്തി. തൊണ്ടിസാധനങ്ങൾ എറിഞ്ഞതായി പ്രതി കാണിച്ചുകൊടുത്ത സ്ഥലത്തുനിന്ന് അവ ഒഴുക്കിൽപ്പെട്ട് പോയേക്കാമെന്ന നിഗമനത്തിൽ കായലിൽ കുറെ ദൂരെ വരെ തെരഞ്ഞെങ്കിലും ഇന്നലെ ഒന്നും കണ്ടെത്താനായില്ല. 5 മണിയോടെ തെരച്ചിൽ അവസാനിപ്പിച്ചു. ഇന്ന് രാവിലെ നടത്തിയ തിരച്ചിലിലാണ് ആയുധങ്ങൾ കണ്ടെടുത്തത്.കൊല നടത്തിയ സംഘത്തിലെ മറ്റൊരു പ്രതി കരുനാഗപ്പള്ളി പുത്തൻതെരുവ് നീലിമ ജംഗ്ഷന് സമീപം വാടകയ്ക്ക് താമസിക്കുന്ന തൻസീറിനെ കഴിഞ്ഞദിവസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

ഇന്നലെ തെളിവെടുപ്പിന് തൻസീറിനെയും കൊണ്ടുവരുമെന്ന് കരുതിയെങ്കിലും അതുണ്ടായില്ല. രാജേഷിനെ വെട്ടിക്കൊലപ്പെടുത്താൻ കാറിലെത്തിയ നാലംഗസംഘത്തിലെ തൻസീർ കരുനാഗപ്പള്ളി പൊലീസ് സ്റ്റേഷനിൽ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയും തീവ്രസ്വഭാവമുള്ള സംഘടനയിലെ പ്രധാന പ്രവർത്തകനുമാണ്. മുമ്പും ഇയാൾ ക്വട്ടേഷൻ സംഘങ്ങൾക്കൊപ്പം പ്രവർത്തിച്ചിട്ടുണ്ട്. ഓച്ചിറ സ്‌കൈലാബ് ജംഗ്ഷന് സമീപം താമസിക്കുന്ന അലിഭായ് ഓച്ചിറയിലെ ജിംനേഷ്യത്തിൽ ട്രെയിനറായിരിക്കെയാണ് തൻസീറുമായി സൗഹൃദത്തിലായത്. അലിഭായി ഖത്തറിലേക്ക് പോയപ്പോഴും സൗഹൃദം തുടർന്നു.

രാജേഷിനെ വകവരുത്താൻ അലിഭായി പദ്ധതി തയ്യാറാക്കിയശേഷം ഖത്തറിൽ നിന്ന് നാട്ടിലെത്തിയപ്പോൾ തൻസീറിനെയും കൂട്ടുകയായിരുന്നു. കായംകുളത്തെ ക്വട്ടേഷൻ സംഘത്തലവൻ അപ്പുണ്ണി, കുണ്ടറ ചെറുമൂട് എൽ.എസ് നിലയത്തിൽ സ്വാതി സന്തോഷ് എന്നിവരുമൊത്ത് തൻസീറും അലിഭായിയും മടവൂരിലെത്തി പദ്ധതി നടപ്പാക്കുകയായിരുന്നു. അതേസമയം രാജേഷ് വധത്തിൽ പ്രതി സാലിഹ്കുറ്റം സമ്മതിച്ചതോടെ മുഖ്യപ്രതി വിദേശ വ്യവസായി അബ്ദുൾ സത്താറിനെ പ്രതിചേർക്കുമെന്ന് ഉറപ്പായി. കൊല നടത്തിയത് സത്താറിന്റെ നിർദ്ദേശപ്രകാരമെന്ന അലിഭായിയുടെ മൊഴിയെ തുടർന്നാണിത്.

കൊലപാതകം നടത്താൻ സത്താർ പണം നൽകിയതായും പൊലീസിന് തെളിവ് ലഭിച്ചു. സത്താറിനെ പിടികൂടാനായി ഇന്റർപോൾ വഴി റെഡ്‌കോർണർ നോട്ടിസ് പുറപ്പെടുവിക്കാനും ഒരുങ്ങുകയാണ് പൊലീസ്. സത്താറിന് ഖത്തറിൽ യാത്രാവിലക്കുള്ളത് അന്വേഷണത്തിന് പ്രതിസന്ധി സൃഷ്ടിച്ചേക്കും. വധക്കേസിലെ മുഖ്യപ്രതിയായ അലിഭായി ഖത്തറിൽ നിന്ന് തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയതിന് പിന്നാലെയാണ് ഓച്ചിറക്കാരനായ സാലിഹ് ബിൻ ബലാൽ എന്ന അലിഭായിയെ പൊലീസ് കസ്റ്റഡിയിലെടുത്തത്.

ആറ്റിങ്ങൽ ഡിവൈ.എസ്‌പി ഓഫിസിൽ നടന്ന ചോദ്യം ചെയ്യലിലാണ് പ്രതി കുറ്റം സമ്മതിച്ചത്. 27 ന് പുലർച്ചെയാണ് മടവൂരിൽ വച്ച് രാജേഷ് കൊല്ലപ്പെട്ടത്. അലിഭായിയുടെ നേത്യത്വത്തിലെ മൂന്നംഗ സംഘമാണ് കൊല നടത്തിയതെന്നായിരുന്നു പൊലീസ് കണ്ടെത്തൽ. കൊലയ്ക്ക് ശേഷം ഖത്തറിലേക്ക് രക്ഷപ്പെടുകയായിരുന്നു. വീസാ കാലാവധി റദ്ദാക്കണമെന്ന് പൊലീസ് എംബസി മുഖേന ഖത്തറിലെ സ്‌പോൺസർക്ക് നിർദ്ദേശം നൽകിയതോടെയാണ് അലിഭായി കേരളത്തിലെത്തിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP