Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202116Saturday

അഭിരാമിയെ കുത്തിക്കൊലപ്പെടുത്തിയത് ആസൂത്രിതമായാണോ എന്ന അന്വേഷണവുമായി പൊലീസ്; പ്രതികളെ കസ്റ്റഡിയിൽ വാങ്ങാൻ കോടതിയെ സമീപിക്കാനൊരുങ്ങി അന്വേഷണ സംഘം

അഭിരാമിയെ കുത്തിക്കൊലപ്പെടുത്തിയത് ആസൂത്രിതമായാണോ എന്ന അന്വേഷണവുമായി പൊലീസ്; പ്രതികളെ കസ്റ്റഡിയിൽ വാങ്ങാൻ കോടതിയെ സമീപിക്കാനൊരുങ്ങി അന്വേഷണ സംഘം

മറുനാടൻ ഡെസ്‌ക്‌

കൊല്ലം: അഭിരാമി കൊലക്കേസിൽ പ്രതികളെ കസ്റ്റഡിയിൽ വാങ്ങാൻ പൊലീസ് കോടതിയെ സമീപിക്കും. മുഖ്യപ്രതി ഉളിയക്കോവിൽ പഴയത്ത് ജംഗ്ഷൻ ഫാമിലി നഗറിൽ ഉമേഷ് ബാബു (62), ഭാര്യ ശകുന്തള (44), മകൾ മേഘ (20) എന്നിവരെയാണ് അന്വേഷണ സംഘം കസ്റ്റഡിയിൽ വാങ്ങാൻ ആലോചിക്കുന്നത്. കൊലപാതകം ആസൂത്രിതമാണോയെന്ന് കണ്ടെത്താനും കൂടുതൽ ചോദ്യം ചെയ്യാനും തെളിവുകൾ ശേഖരിക്കാനുമാണ് പൊലീസിന്റെ നീക്കം.

ഉമേഷ് ബാബുവിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ട ഉളിയക്കോവിൽ പഴയത്ത് ജംഗ്ഷന് സമീപം സ്നേഹനഗറിൽ ദാമോദർ മന്ദിരത്തിൽ മോസസ് ദാമോദർ - ലീന മോസസ് ദമ്പതികളുടെ മകൾ അഭിരാമിയുടെ (24) മൃതദേഹം തിങ്കളാഴ്‌ച്ചയാണ് സംസ്കരിച്ചത്. ഗൾഫിലായിരുന്ന പിതാവ് ദാമോദർ നാട്ടിലെത്തിയശേഷമായിരുന്നു സംസ്കാരം. ശസ്ത്രക്രിയയ്ക്ക് വിധേയായ ലീനയെ മകളുടെ സംസ്കാര ചടങ്ങിൽ പങ്കെടുപ്പിച്ചശേഷം വീണ്ടും ആശുപത്രിയിലേക്ക് മാറ്റി. ഉമേഷ് ബാബുവിനെ കൊലപാതകത്തിന് സഹായിച്ചെന്ന കുറ്റം ചുമത്തിയാണ് ശകുന്തളയെയും മകൾ സൗമ്യയെയും അറസ്റ്റ് ചെയ്തത്. അഭിരാമിയുടെ അമ്മ ലീനയെ കൊലപ്പെടുത്താൻ പ്രകോപിപ്പിച്ച് വീട്ടിലേക്ക് വിളിച്ചുവരുത്തുകയും കുതറിപ്പോകാതെ പിടിച്ചുനിറുത്തുകയും ചെയ്തുവെന്നതാണ് ഇവ‌ർക്കെതിരെയുള്ള കുറ്റം.

24കാരിയായ യുവതിയെ അയൽവാസി കൊലപ്പെടുത്തിയത് മലിനജലം ഒഴുക്കിയതിനെ ചൊല്ലിയുള്ള തർക്കത്തിനിടെയാണ്. കൊലപാതകത്തെ തുടർന്ന് സ്വയം പരിക്കേൽപ്പിച്ച ശേഷം ഉമേഷ്‌ബാബുവിനെ തിരുവനന്തപുരം മെഡിക്കൽ കോളജ്‌ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് പൊലീസ്‌ കസ്‌റ്റഡിയിലെടുത്തിരുന്നു. ഇയാളുടെ ഭാര്യ ശകുന്തള, മകൾ സൗമ്യ എന്നിവരെ അതിന് മുന്നേ അറസ്റ്റ് ചെയ്തിരുന്നു.

അഭിരാമിയും അയൽവാസിയായ ഉമേഷ് ബാബുവും തമ്മിൽ വീട്ടിൽ നിന്നുള്ള മലിനജലം ഒഴുക്കി വിടുന്നതുമായി ബന്ധപ്പെട്ട് കുറച്ചു നാളുകളായി തർക്കമുണ്ട്. പ്രശ്‌ന പരിഹാരത്തിനായി കഴിഞ്ഞ ദിവസം ഇരു കൂട്ടരെയും പൊലീസ് സ്റ്റേഷനിലേക്കു വിളിച്ചു വരുത്തി. അഭിരാമിയുടെ വീടിനു മുന്നിലൂടെ മലിനജലം ഒഴുക്കരുതെന്ന് ഉമേഷ് ബാബുവിനെ പൊലീസ് താക്കീത് ചെയ്തു. വ്യാഴാഴ്‌ച്ച രാത്രിയും ഇരു കൂട്ടരും തമ്മിൽ വഴക്കുണ്ടായി. തർക്കതിനിടെ ഉമേഷ് ബാബു അഭിരാമിയെയും അമ്മ ലീനയെയും കത്തികൊണ്ട് കുത്തി വീഴ്‌ത്തുകയായിരുന്നു. ആക്രമണത്തിന് ശേഷം ഉമേഷ് സ്വയം പരുക്കേൽപ്പിച്ചതായും ദൃക്സാക്ഷികൾ പറഞ്ഞു.

വ്യാഴാഴ്‌ച രാത്രി പതിനൊന്നരയോടെയായിരുന്നു സംഭവം. അഭിരാമിയുടെ വീടിന്‌ മുമ്പിലൂടെ പ്രതിയുടെ വീട്ടിൽ നിന്നുള്ള മലിനജലം ഒഴുകുന്നത്‌ സംബന്ധിച്ച്‌ പൊലീസ്‌ കേസ്‌ നിലവിലുണ്ട്‌. സംഭവദിവസം രാത്രി വീടിന്‌ മുമ്പിൽ വിദേശത്തുള്ള ഭർത്താവുമായി ലീന മൊബൈൽ ഫോണിൽ സംസാരിക്കുന്നത്‌ ഉമേഷ്‌ബാബു മൊബൈൽ ഫോണിൽ പകർത്തി.ഇത്‌ ലീന ചോദ്യം ചെയ്‌തതോടെ ഇരുവരും തമ്മിൽ വാക്കേറ്റമായി. തുടർന്ന്‌ ഉമേഷ്‌ബാബു വീട്ടിൽനിന്നു കത്തിയെടുത്തുകൊണ്ടു വന്ന്‌ ആക്രമിക്കയായിരുന്നു. കഴുത്തിലും നെഞ്ചത്തും കുത്തേറ്റ ലീനയുടെ നിലവിളി കേട്ട്‌ അക്രമം തടയാനെത്തിയ അഭിരാമിയെ പ്രതി വയറ്റിൽ കുത്തി വീഴ്‌ത്തി.

അഭിരാമി സംഭവസ്‌ഥലത്തു തന്നെ മരിച്ചു. വിവരമറിഞ്ഞെത്തിയ ഈസ്‌റ്റ്‌ പൊലീസാണു മൂന്നുപേരെയും ആദ്യം കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്‌. മെഡിക്കൽ പഠനം പൂർത്തിയാക്കിയ ശേഷം ജോലിക്ക്‌ ശ്രമിക്കയായിരുന്നു അഭിരാമി. ബംഗളൂരുവിൽ ജോലിയുള്ള ക്ലിന്റ്‌ മോസസ്‌ ഏക സഹോദരനാണ്‌.

അച്ഛൻ മോസിസ് സൗദിയിൽ സ്വകാര്യ കമ്പനി ജീവനക്കാരനാണ്. അയൽവാസികൾക്കെല്ലാം പ്രിയപ്പെട്ടവളായിരുന്നു അഭിരാമി. പഠനത്തിലും മിടുക്കി. കൊല്ലം എസ്എൻ വിമൺസ് കോളേജിൽനിന്ന്‌ ഉയർന്ന മാർക്കോടെയാണ് ബിഎസ്‌സി ഫിസിക്സ്‌ പാസായത്. കോവിഡ് കാരണമാണ്‌ ബംഗളൂരുവിലെ പഠനം വൈകിയത്‌. സാമൂഹ്യമാധ്യമങ്ങളിൽ സജീവമായിരുന്ന അഭിരാമി ഇൻസ്റ്റഗ്രാം അക്കൗണ്ട് വഴി സൗന്ദര്യവർധക ഉൽപ്പന്നങ്ങളുടെയും വസ്ത്രങ്ങളുടെയും വിൽപ്പനയും നടത്തിയിരുന്നു. ചെറിയ രീതിയിൽ വസ്ത്ര വ്യാപാരശാലയും അഭിരാമിയുടെ സ്വപ്‌നമായിരുന്നു.

റോഡിലേക്കുള്ള ഓവിലൂടെ മലിനജലം ഒഴുക്കിവിടുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് അക്രമത്തിലേക്ക് നയിച്ചത്. നാട്ടുകാർ ഉൾപ്പെടെയുള്ളവർ ഉമേഷ് ബാബുവിനോട് മലിനജലം ഒഴുക്കിവിടരുതെന്ന് ആവശ്യപ്പെട്ടിരുന്നു. ഉമേഷ് ബാബുവിന്റെ വീടിന് നേരെ എതിർവശത്താണ് അഭിരാമിയുടെ വീട്. മലിനജലം ഒഴുക്കിവിടുന്നതിന്റെ ഏറ്റവും വലിയ ബുദ്ധിമുട്ട് നേരിടേണ്ടി വന്നിരുന്നത് ഇവർക്കായിരുന്നു. പല തവണ അഭിരാമിയും കുടുംബവും ഇതുമായി ബന്ധപ്പെട്ട് പരാതിയും നൽകിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP