Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

അഭിമന്യു കൊലക്കേസ്: കൈവെട്ട് കേസ് പ്രതി റിയാസിനെ പൊലീസ് തിരയുന്നു; ഹാദിയ വിഷത്തിൽ ഹൈക്കോടതിയിലേക്ക് മാർച്ച് നടത്തിയവരും സംശയത്തിൽ; കർണ്ണാടകയിലെയും എസ്.ഡി.പി.ഐ കേന്ദ്രങ്ങളിലും പരിശോധന; പ്രതികൾ വിദേശത്തേക്ക് കടക്കാതിരിക്കാനുള്ള മുൻകരുതൽ തേടി പൊലീസ്; സലഫി സ്ഥാപനങ്ങളും ആരാധനാലയങ്ങളും നിരീക്ഷണത്തിൽ; അറസ്റ്റിലായവർ കൃത്യത്തിൽ നേരിട്ട് പങ്കെടുത്തവരല്ലെന്നും വെളിപ്പെടുത്തൽ

അഭിമന്യു കൊലക്കേസ്: കൈവെട്ട് കേസ് പ്രതി റിയാസിനെ പൊലീസ് തിരയുന്നു; ഹാദിയ വിഷത്തിൽ ഹൈക്കോടതിയിലേക്ക് മാർച്ച് നടത്തിയവരും സംശയത്തിൽ; കർണ്ണാടകയിലെയും എസ്.ഡി.പി.ഐ  കേന്ദ്രങ്ങളിലും പരിശോധന; പ്രതികൾ വിദേശത്തേക്ക് കടക്കാതിരിക്കാനുള്ള മുൻകരുതൽ തേടി പൊലീസ്; സലഫി സ്ഥാപനങ്ങളും ആരാധനാലയങ്ങളും നിരീക്ഷണത്തിൽ; അറസ്റ്റിലായവർ കൃത്യത്തിൽ നേരിട്ട് പങ്കെടുത്തവരല്ലെന്നും വെളിപ്പെടുത്തൽ

അർജുൻ സി വനജ്

കൊച്ചി:മഹാരാജാസ് കോളേജിലെ എസ്.എഫ്.ഐ നേതാവ് അഭിമന്യുവിന്റെ കൊലപാതകികൾ ആരാധനാലയങ്ങൾ കേന്ദ്രീകരിച്ചോ, അതിനോടനുബന്ധിച്ച സ്ഥാപനങ്ങളിലോ ഒളിവിൽ കഴിയുന്നതായി രഹസ്യാന്വേഷണ വിഭാഗം. ഇതിനെ തുടർന്ന് ഏതാനും സലഫി സ്ഥാപനങ്ങളും ഇതിനോട് ചേർന്ന ആരാധനാലയങ്ങളും രഹസ്യാന്വേഷണ വിഭാഗത്തിന്റെ നിരീക്ഷണത്തിലാണെന്നാണ് പൊലീസ് ഉദ്യോഗസ്ഥർ അനൗദ്യോഗികമായി പങ്കുവെയ്ക്കുന്ന വിവരം. അതേസമയം, ആരാധനാലയങ്ങളിൽ കയറി പരിശോധന നടത്തിയാൽ, വർഗ്ഗീയ ലഹളയിലേക്ക് നീങ്ങുമോയെന്ന ആശങ്കയാണ് ഇന്റെലിജൻസ് കേന്ദ്രങ്ങൾ പങ്കുവെയ്ക്കുന്നത്. നിലവിൽ കൺട്രോൾ റൂം എസി എസ്.ടി സുരേഷ് കുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് അഭിമന്യു കൊലപാതകം അന്വേഷിക്കുന്നത്. എൻ.ഐ.എ ഉദ്യോഗസ്ഥരും കേസ് നിരീക്ഷിച്ചുവരുന്നുണ്ട്.

സംസ്ഥാനത്തിന് അകത്തെയും കർണ്ണാടകയിലെയും എസ്.ഡി.പി.ഐ ശക്തി കേന്ദ്രങ്ങളിൽ പൊലീസ് പരിശോധന തുടരുന്നതിനിടെ പ്രതികൾ, വിദേശത്തേക്ക് കടക്കാതിരിക്കാനുള്ള മുൻകരുതലിലാണ് പൊലീസ്. മുഴുവൻ പ്രതികളേയും തിരിച്ചറിഞ്ഞിട്ടുണ്ടെങ്കിലും, നേരിട്ട് കൃത്യത്തിൽ പങ്കെടുത്ത ആരേയും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ലെന്നാണ് വിവരം. വിദ്യാർത്ഥികൾ പിടികൂടി നൽകിയതിൽ നിന്ന് ആദ്യം അറസ്റ്റ് രേഖപ്പെടുത്തിയ ബിലാൽ, ഫാറൂഖ്, റിയാസ് എന്നിവർ കൃത്യത്തിൽ പങ്കെടുത്തിട്ടുണ്ടോയെന്ന് പൊലീസ് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. കൃത്യത്തിൽ നേരിട്ട് പങ്കെടുത്ത രണ്ടോ മൂന്നോ പ്രതികൾ പൊലീസ് കസ്റ്റഡിയിൽ ഉണ്ടെന്നും, ഇവരെ രഹസ്യ കേന്ദ്രത്തിൽ ചോദ്യം ചെയ്ത് വരുന്നുണ്ടെന്നുമാണ് ലഭ്യമാകുന്ന വിവരം. ഇവരിൽ നിന്ന് മറ്റ് പ്രതികളെക്കുറിച്ചുള്ള വിവരങ്ങൾ പൂർണ്ണമായും ലഭിച്ചെന്നാണ് വിവരം. അക്രമി സംഘത്തിലെ മുഴുവൻ പേരേയും തിരിച്ചറിഞ്ഞിട്ടുണ്ടെന്നാണ് പൊലീസ് അവകാശപ്പെടുന്നത്. പരാതിക്കാരനായ എസ്.എഫ്.ഐ പ്രവർത്തകൻ സുബിന്റെ മൊഴി പ്രകാരം മുഹമ്മദും, കണ്ടാൽ അറിയുന്ന 14 പേരും എന്ന് മാത്രമാണ് എഫ്.ഐ.ആറിൽ രേഖപ്പെടുത്തിയിരിക്കുന്നത്.

സാധാരണ കാമ്പസ് കൊലപാതകം എന്ന നിലയിൽ പൊലീസ് ആദ്യ മണിക്കൂറുകളിൽ, കേസ് മുന്നോട്ട് നീക്കിയതാണ്, പ്രതികൾക്ക് രക്ഷപ്പെടാനുള്ള മാർഗ്ഗമൊരുക്കിയതെന്ന ആക്ഷേപവും ശക്തമാണ്. കോതമംഗലം, കോട്ടയം, പെരുമ്പാവൂർ, പാല, ഈരാറ്റുപേട്ട, കണ്ണൂർ എന്നിവടങ്ങളിലെ എസ്.ഡിപി.ഐ കേന്ദ്രങ്ങൾ, പൊലീസ് നിരീക്ഷണത്തിലാണ്. ഇതിനിടെ പ്രധാന പ്രതിയും എസ്.ഡി.പി.ഐ നടുവത്തൂർ ബ്രാഞ്ച് സെക്രട്ടറിയുമായ മുഹമ്മദിനെതിരെ പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. പൊലീസ് അന്വേഷിക്കുന്നതിൽ നാലുപേർ നെട്ടൂർ സ്വദേശികളാണ്. ജോസഫ് മാഷിന്റ കൈവെട്ടിയ കേസിൽ രണ്ട് വർഷത്തെ ശിക്ഷ അനുഭവിച്ച, നെട്ടൂർ സ്വദേശി എംഎം റിയാസ്, റിയാസിന് വീടിന് അടുത്ത് താമസിക്കുന്ന സഹൽ, സഹലിന്റെ സഹോദരൻ, മറ്റൊരു അയൽവാസി എന്നിവരെയും പൊലീസ് തേടുന്നുണ്ട്. എന്നാൽ ഇവർ കൃത്യം നടത്തിയ സംഘത്തിലുണ്ടോയെന്ന വിവരം പൊലീസ് ഇതുവരെ പുറത്ത് വിട്ടിട്ടില്ല.

എംഎം റിയാസിനെ കസ്റ്റഡിയിലെടുക്കുന്നതിനായി രണ്ടാം തിയതി രാത്രി വീട്ടിലെത്തിയ സ്‌പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥരെ കണ്ട് ഇവർ രക്ഷപ്പെടുകയായിരുന്നു. പിന്നീട് റിയാസ് എവിടെയാണെന്ന് കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. പിന്നാലെ മറ്റുള്ളവരും സ്ഥലത്തില്ലെന്ന് പൊലീസ് കണ്ടെത്തുകയായിരുന്നു. ഹാദിയ വിഷത്തിൽ ഹൈക്കോടതിയിലേക്ക് മാർച്ച് നടത്തിയ കോതമംഗലം സ്വദേശി ഹാറൂണിനേയും, കൊലപാതക ദിവസം രാത്രിയിൽ കോളേജിന് സമീപത്ത് കണ്ടതായി പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇയാളുടെ വാഹനം സിസിടിവിയിൽ പതിഞ്ഞിരുന്നു. ഇയാലും ഇപ്പോൽ ഒളിവിലാണ്. കണ്ണൂരിലെ എസ്.ഡി.പി.ഐയുടെ ഒരു നേതാവ് ഇവർക്ക് ഒളിവിൽ കഴിയാൻ സഹായമൊരുക്കുന്നതായും രഹസ്യാന്വേഷണ വിഭാഗത്തിന് വിവരമുണ്ട്. ഈ നേതാവും ഇപ്പോൾ ഒളിവിലാണ്. എന്നാൽ കൃത്യത്തിൽ നേരിട്ട് പങ്കെടുത്തവരെ അറസ്റ്റ് ചെയ്താൽ ഇവർക്കെതിരെ യു.എ.പി.എ ചുമത്തുമെന്നാണ് വിവരം.

കോളേജിലെത്തിയ 15 അംഗ സംഘം രണ്ട് തവണയായിയാണ് അക്രമം നടത്തിയതെന്നാണ് പൊലീസ് കണ്ടെത്തിയിരിക്കുന്നത്. പുലർച്ചെ 12.30 ഓടെ എസ്.എഫ.ഐ പ്രവർത്തകനായ രാഹൂലിനെ മുഖത്തടിച്ചു. പിന്നീട് രണ്ടാം വർഷ ചരിത്ര വിദ്യാർത്ഥിയായ മറ്റൊരു രാഹൂലിനെ ഇടിക്കട്ട കൊണ്ട് ഇടിച്ചു. പിന്നാലെ അർജുനെ ഏതോ ആയുധം ഉപയോഗിച്ച് കൊല്ലാനായി കുത്തിയെന്നും, അഭിമന്യുവിനെ കൊലപ്പെടുത്തിയെന്നുമാണ് പരാതിയിൽ വ്യക്തമാക്കുന്നത്. ഒരാളൊഴികെ മറ്റെല്ലാവരും ക്യാമ്പസിന് പുറത്ത് നിന്നുള്ളവരാന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. തടിച്ച് പൊക്കം കുറഞ്ഞ മുഹമ്മദാണ് അഭമന്യുവിനെ കുത്തിയതെന്നും സാക്ഷിമൊഴിയിൽ വ്യക്തമാക്കുന്നു. ഇയാളെ മുഹമ്മദ് എന്ന് മറ്റുള്ളവർ വിളിക്കുന്നത് കേട്ടുവെന്നാണ് മൊഴി. ഗൂഢാലോചന, സംഘം ചേർന്ന് അക്രമിക്കൽ, കൊലപാതകം, മാരകായുധങ്ങൾ സൂക്ഷിക്കുക തുടങ്ങിയ ഏഴോളം വകുപ്പുകളാണ് പ്രതികൾക്കെതിരെ നിലവിൽ ചുമത്തിയിരിക്കുന്നത്. ഇതുവരെ പൊലീസ് അറസ്റ്റ് രേഖപ്പെടുത്തിയവരാരും കൃത്യത്തിൽ നേരിട്ട് പങ്കെടുത്തവരല്ലെന്നാണ് വിവരം.ആക്രമികൾക്ക് രക്ഷപ്പെടാനായി വാഹനം സജ്ജീകരിച്ചുകൊടുത്തതിനാണ് സെയ്ഫുദ്ദീനെ അറസ്റ്റ് ചെയ്തത്. ആകെ മൂന്ന് മുഹമമദുമാർ കൃത്യത്തിൽ പങ്കെടുത്തുവെന്നാണ് പൊലീസ് നൽകുന്ന വിവരം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP