Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202405Tuesday

തമിഴ്‌നാട്ടിൽ പതിനഞ്ചുകാരനെ കൊലപ്പെടുത്തിയത് ബിയർകുപ്പി പൊട്ടിച്ച് കുത്തിയിറക്കി; ജാമ്യത്തിലിറങ്ങി കടന്ന് കേരളത്തിലേക്ക്; കേസ് നടത്താൻ തുക കണ്ടെത്തിയത് കോഴിക്കോട് നഗരത്തെ ഞെട്ടിച്ച മറ്റൊരു കൊലപാതകത്തിലൂടെ; 8 മാസത്തിനിടെ 19 കാരൻ നടത്തിയത് ക്രൂരമായ രണ്ട് കൊലപാതകങ്ങൾ; പ്രതിയെ വലയിലാക്കി കേരള പൊലീസ്

തമിഴ്‌നാട്ടിൽ പതിനഞ്ചുകാരനെ കൊലപ്പെടുത്തിയത് ബിയർകുപ്പി പൊട്ടിച്ച് കുത്തിയിറക്കി; ജാമ്യത്തിലിറങ്ങി കടന്ന് കേരളത്തിലേക്ക്; കേസ് നടത്താൻ തുക കണ്ടെത്തിയത് കോഴിക്കോട് നഗരത്തെ ഞെട്ടിച്ച മറ്റൊരു കൊലപാതകത്തിലൂടെ; 8 മാസത്തിനിടെ 19 കാരൻ നടത്തിയത് ക്രൂരമായ രണ്ട് കൊലപാതകങ്ങൾ; പ്രതിയെ വലയിലാക്കി കേരള പൊലീസ്

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: കോഴിക്കോട് നഗരമധ്യത്തിൽ നടന്ന കൊലപാതകക്കേസിലെ പ്രതിയെ ദിവസങ്ങൾക്കകം പൊലീസ് വലയിലാക്കിയപ്പോൾ പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ. മറ്റൊരുകൊലപാതകക്കേസിലെ പ്രതിയായ 19 കാരൻ ആ കേസ നടത്താനാണ് കോഴിക്കോട്ടെ കൊലപാതകം നടത്തിയത്.തമിഴ്‌നാട് സ്വദേശിയായ അർജുനാണ് അറസ്റ്റിലായത്.

പത്തൊൻപതുകാരനായ അർജുൻ എട്ടുമാസത്തിനിടെ നടത്തിയ രണ്ടാമത്തെ കൊലപാതകമാണ് കോഴിക്കോട്ടേത്. ഇതരസംസ്ഥാന തൊഴിലാളിയായ സാദിഖിനെയാണ് അർജുൻ ഡിസംബർ 11-ന് കൊലപ്പെടുത്തിയത്.എട്ടുമാസം മുൻപ് ചെന്നൈയിലെ റെഡ് ഹിൽ പൊലീസ് സ്റ്റേഷൻ പരിധിയിൽ പതിനഞ്ചു വയസ്സുള്ള കുട്ടിയെ അർജുൻ ബിയർ കുപ്പി പൊട്ടിച്ച് കുത്തിക്കൊലപ്പെടുത്തിയിരുന്നു.

കോഴിക്കോട്ടെ കൊലപാതകത്തിന് ശേഷം തമിഴ്‌നാട്ടിലേക്ക് കടന്ന പ്രതിയെ ടൗൺ അസിസ്റ്റന്റ് കമ്മീഷണർ പി. ബിജുരാജിന്റെ നേതൃത്വത്തിലുള്ള സിറ്റി ക്രൈം സ്‌ക്വാഡും ടൗൺ പൊലീസ് ഇൻസ്‌പെക്ടർ ബൈജു കെ.പൗലോസിന്റെ നേതൃത്വത്തിലുള്ള ടൗൺപൊലീസും ചേർന്നാണ് പ്രതിയെ തമിഴ്‌നാട്ടിൽ വെച്ച് സാഹസികമായി പിടികൂടിയത്. ടൗൺ സബ് ഇൻസ്‌പെക്ടർ സുഭാഷ് ചന്ദ്രൻ പ്രതിയെ അറസ്റ്റ് ചെയ്തു.

പോക്കറ്റിൽ കണ്ട ഏഴായിരം രൂപ കൊലയ്ക്ക് പ്രേരണയായി!

ഡിസംബർ പതിനൊന്ന് രാത്രിയാണ് പശ്ചിമബംഗാൾ സ്വദേശി സാദിഖ് ഷെയ്ഖ് ദുരൂഹ സാഹചര്യത്തിൽ കൊല്ലപ്പെടുന്നത്. കോഴിക്കോട് റെയിൽവേ സ്റ്റേഷന് കിഴക്കുഭാഗത്തുള്ള ഇടവഴിയിൽ ആളൊഴിഞ്ഞ വീടിനോട് ചേർന്ന് അടുക്കിവെച്ച ചെങ്കല്ലുകൾ ദേഹത്ത് വീണ നിലയിലായിരുന്നു മൃതദേഹം.

വിവരമറിഞ്ഞ് ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ ശ്രീനിവാസ് ഐ.പി.എസിന്റെയും ടൗൺ അസിസ്റ്റന്റ് കമ്മീഷണർ പി. ബിജുരാജിന്റെയും നേതൃത്വത്തിൽ പൊലീസ് സംഘം പരിശോധന നടത്തി. മഴയിൽ കുതിർന്ന മൃതദേഹവും പരിസരവും ഇൻസ്‌പെക്ടർ ബൈജു കെ.പൗലോസും സംഘവും വിശദമായി പരിശോധിച്ചെങ്കിലും കൊലപാതകം സംബന്ധിച്ച യാതൊരു തെളിവും ലഭിച്ചില്ല.

അതിഥിതൊഴിലാളിയായതുകൊണ്ട് ആർക്കും മൃതദേഹം തിരിച്ചറിയാനും സാധിച്ചില്ല. ഈ ഘട്ടത്തിലാണ് സാദിഖിന്റെ കീശയിലുണ്ടായിരുന്ന ഫോൺ ബെൽ അടിച്ചത്. കാൾ അറ്റൻഡ് ചെയ്ത് സംസാരിച്ചപ്പോൾ മരിച്ചത് പശ്ചിമ ബംഗാൾ വർദ്ധമാൻ സ്വദേശി സാദിഖ് ഷെയ്ഖ് ആണെന്നും ഇയാൾ പുഷ്പ ജങ്ഷന് സമീപം എംബ്രോയിഡറി ജോലി ചെയ്യുന്ന ആളാണെന്നും അവിടെ തന്നെയാണ് താമസമെന്നും പൊലീസിന് മനസ്സിലായി. തുടർന്ന് സബ് ഇൻസ്‌പെക്ടർ സുഭാഷ് ചന്ദ്രൻ മൃതദേഹം ഇൻക്വസ്റ്റ് നടത്തി പോസ്റ്റ് മോർട്ടത്തിനായി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി.

കൊലപാതകം ചുരുളഴിച്ച പഴുതടച്ച അന്വേഷണം

കേസ് അന്വേഷണത്തിന് ജില്ലാ പൊലീസ് മേധാവി എ. അക്‌ബർ ഐ.പി.എസിന്റെ നിർദ്ദേശപ്രകാരം ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ എ. ശ്രീനിവാസ് ഐ.പി.എസിന്റെ മേൽനോട്ടത്തിൽ ടൗൺ അസിസ്റ്റന്റ് കമ്മീഷണർ പി. ബിജുരാജിന്റെ നേതൃത്വത്തിൽ സിറ്റി ക്രൈം സ്‌ക്വാഡിനെയും ടൗൺ പൊലീസിനെയും ഉൾപ്പെടുത്തി പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു. മഴ കാരണം ഡോഗ് സ്‌ക്വാഡിന് കാര്യമായ വിവരങ്ങൾ തരാൻ സാധിക്കാതെപോയി.

മൃതദേഹം കണ്ട വീട്ടിലെ സി.സി.ടി.വി. ദൃശ്യങ്ങൾ പരിശോധിച്ചെങ്കിലും കഴിഞ്ഞ രണ്ടാഴ്ചയായി സി.സി.ടി.വി. ക്യാമറകൾ കേടായി കിടക്കുകയായിരുന്നു. തുടർന്ന് മരിച്ചയാളുടെ കൂടെ ജോലി ചെയ്തിരുന്നവരിൽനിന്നും വിവരങ്ങൾ ശേഖരിച്ചപ്പോഴാണ് ഇയാൾ ആരോടും അധികം സംസാരിക്കാത്ത പ്രകൃതമാണെന്നും മുഴുവൻ സമയം ഇയർഫോൺ വെച്ച് പാട്ട് കേൾക്കുകയോ ഫോണിൽ സംസാരിക്കുകയോ ചെയ്യാറാണ് പതിവെന്നും മനസ്സിലായത്.

ജോലി കഴിഞ്ഞ് രാത്രി സമയങ്ങളിൽ ടൗണിൽ നടക്കാനിറങ്ങാറുണ്ടെന്നും പത്തു-പതിനൊന്ന് മണിയോടെ തിരികെയെത്താറാണ് പതിവെന്നും അവർ പറഞ്ഞു. സാദിഖ് മരിച്ച ദിവസം ഞായറാഴ്ചയായിരുന്നു. അവധിദിനമായ അന്ന് ബിരിയാണിയുണ്ടാക്കി സാദിഖിനെ കാത്തിരിക്കുകയായിരുന്നു സുഹൃത്തുക്കൾ. രാത്രി ഏഴേമുക്കാലിന് സാദിഖിനെ ഫോൺ ചെയ്തപ്പോൾ മാർക്കറ്റിലാണെന്നാണെന്നും ഉടനെ വരാമെന്നുമാണ് പറഞ്ഞെത്. പിന്നീട് ഒമ്പതേകാൽ മുതൽ വിളിച്ചെങ്കിലും ഫോൺ റിങ് ചെയ്തതല്ലാതെ ഒരു വിവരവും ഉണ്ടായില്ല. കൂടെ ജോലിചെയ്യുന്ന എട്ടുപേരും നിറകണ്ണുകളോടെയാണ് ആ രാത്രി ഓർത്തെടുത്തത്.

കൂടുതൽ സി.സി.ടി.വി. ദൃശ്യങ്ങൾ ശേഖരിച്ച് പരിശോധന നടത്താൻ അന്വേഷണ സംഘം തീരുമാനിച്ചു. പോസ്റ്റ് മോർട്ടം നടത്തിയ ഫൊറൻസിക് സർജൻ പറഞ്ഞതു പ്രകാരം ഇയാൾ മദ്യപിച്ചിരുന്നെന്ന് വ്യക്തമായി. തുടർന്ന് പൊലീസ് തൊട്ടടുത്ത ബാർ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചു.

രാത്രി ഏഴേമുക്കാലോടെ ബാറിലെത്തിയ സാദിഖ് ഒരു മൂലയിൽ നിന്നുകൊണ്ട് മദ്യപിക്കുന്നത് സി.സി.ടി.വി. ദൃശ്യത്തിലുണ്ട്. കുറച്ച് കഴിഞ്ഞപ്പോൾ തന്റെ മുന്നിലുണ്ടായിരുന്ന വെളുത്ത ടീഷർട്ട് ധരിച്ച ചെറുപ്പക്കാരനെ അയാൾ പരിചയപ്പെട്ടു. തുടർന്ന് അവർ ഒരുമിച്ച് ബാറിൽ നിന്നും പുറത്തിറങ്ങി. അൽപം കഴിഞ്ഞ് വെളുത്ത ടീഷർട്ടുകാരൻ മാത്രം അതിവേഗം തിരികെ നടന്നുപോകുന്നതും ദൃശ്യത്തിൽ കാണാം. ഈ വെളുത്ത ടീഷർട്ടുകാരൻ ആരാണെന്ന് കണ്ടെത്താനുള്ള ശ്രമത്തിൽ രണ്ട് സംഘങ്ങളായാണ് പ്രത്യേക അന്വേഷണ സംഘം തുടരന്വേഷണം നടത്തിയത്. ടെക്‌നിക്കൽ ടീമും ആക്ഷൻ ടീമും ഏകോപിപ്പിച്ചത് ടൗൺ അസിസ്റ്റന്റ് കമ്മീഷണർ പി. ബിജുരാജായിരുന്നു.

ടെക്‌നിക്കൽ ടീം സി.സി.ടി.വി. പരിശോധന നടത്തിയപ്പോൾ ആക്ഷൻ ടീം അവർ നൽകുന്ന നിർദ്ദേശപ്രകാരം അതിഥി തൊഴിലാളികൾക്കിടയിൽ പരിശോധന നടത്തി. ടെക്ക്‌നിക്കൽ ടീം നൂറോളം സി.സി.ടി.വി. ദൃശ്യങ്ങൾ ശേഖരിക്കുകയും പരിശോധിക്കുകയും ചെയ്തു. ആക്ഷൻ ടീം അതിഥി തൊഴിലാളികളെ വെരിഫൈ ചെയ്യുകയും ചെയ്തു. സൈബർ വിദഗ്ധൻ രാഹുൽ മാത്തോട്ടത്തിൽ ഉൾപ്പെടുന്ന ടെക്‌നിക്കൽ ടീമിന് ലഭിച്ച പ്രതിയുടെ ഫോട്ടോ വെച്ച് ആക്ഷൻ ടീം നടത്തിയ തിരച്ചിലിലാണ് പ്രതിയെ കണ്ടെത്തിയത്.

കൊലപാതകം നടത്തിയശേഷം പ്രതി തമിഴ്‌നാട്ടിലെ കടലൂർ ഭാഗത്തേക്ക് രക്ഷപ്പെട്ടതായി പൊലീസിന് വിവരം ലഭിച്ചു. ഉടൻ തന്നെ പ്രതിക്കായി സബ് ഇൻസ്‌പെക്ടർ സുഭാഷ് ചന്ദ്രന്റെ നേതൃത്വത്തിൽ അന്വേഷണ സംഘം തമിഴ്‌നാട്ടിലേക്ക് പുറപ്പെട്ടു. പ്രതിയെക്കുറിച്ച് അന്വേഷണ സംഘം കടലൂർ ഭാഗങ്ങളിൽ അന്വേഷിച്ചപ്പോഴാണ് അർജുൻ മറ്റൊരു കൊലപാതകക്കേസിൽ ജാമ്യത്തിലിങ്ങി കേരളത്തിലെത്തിയതാണെന്ന് മനസ്സിലായത്.

ആദ്യത്തെ കൊലപാതകക്കേസ് നടത്താൻ രണ്ടാമതും കൊലപാതകം

ചെന്നൈയിലെ റെഡ് ഹിൽ പൊലീസ് സ്റ്റേഷൻ പരിധിയിൽ പതിനഞ്ചു വയസ്സുള്ള കുട്ടിയെ ബിയർ കുപ്പി പൊട്ടിച്ച് കുത്തിക്കൊന്നതായിരുന്നു അർജുന്റെ പേരിൽ തമിഴ്‌നാട്ടിലുണ്ടായിരുന്ന കേസ്. ഈ കേസിൽ ജാമ്യത്തിലിറങ്ങി കേരളത്തിലേക്ക് കടന്നതായിരുന്നു ഇയാൾ.

പ്രതി താമസിക്കുന്ന ചേരിയിൽ പുലർച്ചെ നടത്തിയ ഓപ്പറേഷനിൽ അർജുൻ പിടിയിലാവുകയായിരുന്നു. അയൻകുറിഞ്ചിപ്പാടി കടലൂർ പട്ടൈ സ്ട്രീറ്റ് സ്വദേശിയാണ് അർജുൻ. പഴുതടച്ചുള്ള അന്വേഷണത്തിനൊടുവിൽ പിടിയിലായ പ്രതി ശാസ്ത്രീയമായ ചോദ്യം ചെയ്യലിൽ കുറ്റസമ്മതം നടത്തുകയായിരുന്നു.

പഴയ കൊലപാതക കേസ് നടത്തുന്നതിന് പണം ആവശ്യമായിവന്നപ്പോൾ എങ്ങനെയെങ്കിലും അതുണ്ടാക്കാനുള്ള ശ്രമമാണ് രണ്ടാമതൊരു കൊലപാതകത്തിൽ കലാശിച്ചത്. ബാറിൽനിന്നും പരിചയപ്പെട്ട സാദിഖ് ഷെയ്ഖിന്റെ കീശയിൽ അർജുൻ പണം കണ്ടു. ഇതോടെ സാദിഖിന്റെ പിന്നാലെ കൂടി. എംബ്രോയിഡറി ജോലി ചെയ്ത് ലഭിച്ച ഏഴായിരം രൂപയോളം സാദിഖിന്റെ കയ്യിലുണ്ടായിരുന്നു.

ഇടവഴിയിൽ ആളൊഴിഞ്ഞ വീടിനു സമീപത്തേക്ക് സാദിഖിനെ കൊണ്ടുപോയ അർജുൻ ഇയാളെ താഴെ തള്ളിയിടുകയായിരുന്നു. തുടർന്ന് അടുത്തുണ്ടായിരുന്ന വെട്ടുകല്ലെടുത്ത് തലയിലിട്ടാണ് കൊലപ്പെടുത്തിയത്. സാദിഖിന്റെ പഴ്‌സും പ്രതി കൊലപാതകം നടത്തിയ സമയത്ത് ധരിച്ചിരുന്ന വസ്ത്രങ്ങളും പൊലീസ് കണ്ടെടുത്തു. സിറ്റി ക്രൈം സ്‌ക്വാഡ് അംഗങ്ങളായ എം.ഷാലു, ഷാഫി പറമ്പത്ത് എ. പ്രശാന്ത്കുമാർ, സി.കെ. സുജിത്ത്, ടൗൺ പൊലീസ് സ്റ്റേഷനിലെ അസിസ്റ്റന്റ് എസ്‌ഐ. മുഹമ്മദ് ഷബീർ, സീനിയർ സി.പി.ഒമാരായ സജേഷ് കുമാർ, ബിനിൽകുമാർ, ഉദയകുമാർ, ജിതേന്ദ്രൻ, അനൂജ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP