Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഐപിഎസ് ലേബലിൽ പൊലീസിനെ ശുപാർശയ്ക്കായി വിളിച്ചു തുടങ്ങിയതോടെ കെണിയായി; ഉന്നത ഉദ്യോഗസ്ഥരുടെ സംശയം മമ്മിയൂരിൽ താമസിക്കുന്ന 'ഐപിഎസു'കാരനെ കുറിച്ച് സ്‌പെഷൽ ബ്രാഞ്ച് അന്വേഷണത്തിൽ എത്തിച്ചു; വ്യജനെന്ന് കണ്ടെത്തിയതോടെ തുടർ അന്വേഷണത്തിൽ തട്ടിപ്പും പൊളിഞ്ഞു; രണ്ടുവർഷം കൊണ്ടു ബാങ്കുകളെ പറ്റിച്ചു ശ്യാമളയും മകനും വാങ്ങിയ 28 കാറുകളിൽ 27 എണ്ണവും വിറ്റു; ഇന്ത്യൻ ഓവർസീസ് ബാങ്കിലെ വനിതാ മാനേജരെ പറ്റിച്ചത് കാൻസർ രോഗിയായി അഭിനയിച്ച്

ഐപിഎസ് ലേബലിൽ പൊലീസിനെ ശുപാർശയ്ക്കായി വിളിച്ചു തുടങ്ങിയതോടെ കെണിയായി; ഉന്നത ഉദ്യോഗസ്ഥരുടെ സംശയം മമ്മിയൂരിൽ താമസിക്കുന്ന 'ഐപിഎസു'കാരനെ കുറിച്ച് സ്‌പെഷൽ ബ്രാഞ്ച് അന്വേഷണത്തിൽ എത്തിച്ചു; വ്യജനെന്ന് കണ്ടെത്തിയതോടെ തുടർ അന്വേഷണത്തിൽ തട്ടിപ്പും പൊളിഞ്ഞു; രണ്ടുവർഷം കൊണ്ടു ബാങ്കുകളെ പറ്റിച്ചു ശ്യാമളയും മകനും വാങ്ങിയ 28 കാറുകളിൽ 27 എണ്ണവും വിറ്റു; ഇന്ത്യൻ ഓവർസീസ് ബാങ്കിലെ വനിതാ മാനേജരെ പറ്റിച്ചത് കാൻസർ രോഗിയായി അഭിനയിച്ച്

മറുനാടൻ മലയാളി ബ്യൂറോ

ഗുരുവായൂർ; അമ്മയും മകനും ചേർന്ന് ബാങ്കുകളെ കബളിപ്പിച്ചു നടത്തിയ കോടിക്കണക്കിനു രൂപയുടെ തട്ടിപ്പിൽ കൂടുതൽ വിവരങ്ങൾ പുറത്തുവന്നു. അസിസ്റ്റന്റ് പബ്ലിക് ഇൻഫർമേഷൻ ഓഫിസർ ചമഞ്ഞു തട്ടിപ്പു നടത്തിയതിന് അറസ്റ്റിലായ ശ്യാമള വേണുഗോപാൽ പ്യൂണായി ജോലി ചെയ്യുമ്പോൾ സർക്കാർ സർവീസിൽ നിന്നു പുറത്താക്കപ്പെട്ടതാണെന്നു പൊലീസ്. കോഴിക്കോട് ലോക്കൽ ഫണ്ട് ഓഡിറ്റ് ഓഫിസിൽ പ്യൂണായിരിക്കെ വ്യാജ ശമ്പള സർട്ടിഫിക്കറ്റുണ്ടാക്കിയതിനു ജോലി നഷ്ടപ്പെട്ടെന്നാണു വിവരം. ഐപിഎസുകാരനായി ചമഞ്ഞു തട്ടിപ്പു നടത്തിയ മകൻ വിപിൻ കാർത്തിക് ഹോട്ടൽ മാനേജ്‌മെന്റ് പഠിച്ചയാളാണ്.

ഐപിഎസുകാരനാണെന്നു മകനും അസിസിസ്റ്റന്റ് പബ്ലിക് ഇൻഫർമേഷൻ ഓഫിസറാണെന്ന് അമ്മയും തെറ്റിദ്ധരിപ്പിച്ചായിരുന്നു ഇരുവരുടെയും തട്ടിപ്പ്. സൂചന ലഭിച്ച പൊലീസ് വീടു വളഞ്ഞതോടെ മകൻ ഓടിക്കളയുകയായിരുന്നു അമ്മ അറസ്റ്റിലുമായി. തലശേരി തിരുവങ്ങാട് മണൽവട്ടം കുനിയിൽ ശ്യാമളയെ (58) കോഴിക്കോട് ബിലാത്തിക്കുളത്തെ വാടകവീട്ടിൽ നിന്നാണ് അറസ്റ്റു ചെയ്തത്.ജമ്മു കശ്മീർ കേഡറിൽ പൊലീസ് സൂപ്രണ്ടാണെന്നു ബോധ്യപ്പെടുത്താൻ വ്യാജരേഖകൾ നിർമ്മിച്ചിരുന്നു ഇവർ. അമ്മയുടെയും മകന്റെയും വാക്ചാതുരിയിലാണു ബാങ്കുകാരടക്കം പലരും പെട്ടുപോയത്. ആദ്യം കാരക്കാടും പിന്നീട് മമ്മിയൂർ നാരായണംകുളങ്ങരയിലും വാടകയ്‌ക്കെടുത്ത ഫ്‌ളാറ്റുകളിൽ താമസിച്ചു. ഈ ഫ്‌ളാറ്റുകളുടെ വിലാസത്തിൽ ആധാർ കാർഡെടുത്തു. തുടർന്നായിരുന്നു തട്ടിപ്പ്.

ശുപാർശയിൽ കുടുങ്ങി വ്യാജ'ഐപിഎസു'കാരൻ

കാറിലും ബുള്ളറ്റിലും ഐപിഎസ് ഓഫിസറുടെ യൂണിഫോമിൽ നടന്ന വിപിന് പൊലീസിലും സുഹൃത്തുക്കളുണ്ടായി. ഗുരുവായൂർ ക്ഷേത്രനടയിൽ ഇടയ്ക്ക് യൂണിഫോമിൽ വന്നിരുന്നു.ഐപിഎസ് ഓഫിസർ എന്ന നിലയിൽ പൊലീസിനെ ശുപാർശയ്ക്കായും വിളിച്ചു തുടങ്ങിയതോടെ ഉന്നത ഉദ്യോഗസ്ഥർക്ക് സംശയം തോന്നി തുടങ്ങി. ഇതോടെ മമ്മിയൂരിൽ താമസിക്കുന്ന 'ഐപിഎസു'കാരനെ കുറിച്ച് സ്‌പെഷൽ ബ്രാഞ്ച് അന്വേഷിച്ചു. വ്യാജനെന്നു ബോധ്യമായി. കഴിഞ്ഞ 8ന് ടെംപിൾ പൊലീസ് എസ്എച്ച്ഒ സി.പ്രേമാനന്ദകൃഷ്ണൻ പൊലീസ് ആക്ട് അനുസരിച്ച് സ്വമേധയാ കേസെടുത്ത് നടത്തിയ അന്വേഷണത്തിലാണു തട്ടിപ്പു പുറത്തായത്.

രണ്ടുവർഷം കൊണ്ടു ബാങ്കുകളെ പറ്റിച്ചു ശ്യാമളയും മകനും വാങ്ങിയത് 28 കാറുകൾ. അതിൽ 27 എണ്ണവും വിറ്റു. ഗുരുവായൂരിൽ നിന്നു മാത്രം വാങ്ങിയത് 12 കാറുകൾ. ശമ്പള സർട്ടിഫിക്കറ്റും സാലറി അക്കൗണ്ടിലെ ലക്ഷക്കണക്കിനു രൂപയുടെ ബാലൻസ് ഷീറ്റും കാണിച്ചാണു വായ്പ സംഘടിപ്പിച്ചത്. ഒപ്പം യൂണിഫോമിലുള്ള ഫോട്ടോയും നൽകും. കൃത്യമായി തിരിച്ചടച്ചിരുന്നതിനാൽ ബാങ്കുകൾക്കും പ്രയാസമുണ്ടായില്ല.എന്നാൽ ലഭിച്ച ശമ്പള സർട്ടിഫിക്കറ്റോ ബാങ്ക് സ്റ്റേറ്റ്‌മെന്റോ ബാങ്കുകൾ പരിശോധിച്ചില്ല. ഒരു ബാങ്കിൽ നിന്ന് അമ്മയും മകനും ഓരോ കാർ വീതം വായ്പയിൽ എടുക്കും.കാർ വിൽക്കാൻ ബാങ്കിലെ ലോൺ അടച്ചു തീർത്ത വ്യാജരേഖയുണ്ടാക്കി ആർടി ഓഫിസിൽ നൽകും. ബാധ്യതാരഹിത സർട്ടിഫിക്കറ്റ് വാങ്ങും. വിറ്റുകിട്ടുന്ന തുകയിൽ നിന്നു ബാങ്കിലെ ഗഡുക്കൾ വീഴ്ച കൂടാതെ അടയ്ക്കും. അതിനാൽ ഇതുവരെ ഒരു ബാങ്കും പരാതിപ്പെട്ടില്ല.

കാൻസർ രോഗിയായി അഭിനയം

പൊലീസ് സ്റ്റേഷനുകളിലും അമ്പലപരിസരത്തും പൊലീസ് സൂപ്രണ്ടിന്റെ വേഷത്തിൽ കറങ്ങിയ വിപിൻ കാർത്തിക് ഇതിനായി ബുള്ളറ്റും വാങ്ങിയിരുന്നു. ഇതും ബാങ്കിൽ നിന്നു തട്ടിപ്പിലൂടെ വായ്പ സംഘടിപ്പിച്ച്. അമ്മ ശ്യാമളയും സംസാരിച്ച് ആളെ വീഴ്‌ത്തി. കാറിനു വായ്പയെടുക്കാനെത്തിയാണ് ഇന്ത്യൻ ഓവർസീസ് ബാങ്കിലെ വനിതാ മാനേജരെ പരിചയപ്പെട്ടത്. കൃത്യമായ ഇടപാടുകൾ മൂലം ബന്ധം വളർന്നപ്പോൾ ശ്യാമള മകനെ കാൻസർ രോഗിയായി അവതരിപ്പിച്ചു. ചെലവേറിയ ചികിത്സയാണെന്നു പറഞ്ഞു സഹതാപം നേടി പലപ്പോഴായാണ് 97 പവനും 25 ലക്ഷവും കൈക്കലാക്കിയത്.

അമ്മ ശ്യാമളയെ കോഴിക്കോട്ടുള്ള വീടുവളഞ്ഞാണു പൊലീസ് പിടികൂടിയത്. വിപിൻ കാർത്തിക്കിനായി അന്വേഷണം ഊർജിതമാക്കി.സിറ്റി പൊലീസ് കമ്മിഷണർ ജി.എച്ച്.യതീഷ്ചന്ദ്ര, അസി. കമ്മിഷണർ ടി. ബിജു ഭാസ്‌കർ, ടെംപിൾ സ്റ്റേഷൻ എസ്എച്ച്ഒ സി.പ്രേമാനന്ദകൃഷ്ണൻ, എസ്‌ഐ എ.അനന്തകൃഷ്ണൻ, എഎസ്‌ഐ പി.എസ്.അനിൽകുമാർ, സിപിഒമാരായ മിഥുൻ,സതീഷ്, പ്രിയേഷ്, ശ്രീജ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP