Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

'കേന്ദ്ര-സംസ്ഥാന അനുമതി ഇല്ലാതെ ആറ്റിങ്ങലിൽ നാലുവരിപ്പാതാ നിർമ്മാണം; 19 കോടി രൂപയുടെ നിർമ്മാണപ്രവർത്തിക്ക് സ്വകാര്യ കമ്പനിക്ക് അനുമതി നൽകിയത് പിഡബ്ല്യുഡി എഞ്ചിനീയർ നേരിട്ടും; നിർമ്മാണം തടഞ്ഞത് മന്ത്രി നേരിട്ട്'; ശ്രീകണ്ഠൻ നായരുടെ 24 ന്യൂസ് ചാനലിൽ എക്‌സ്‌ക്ലൂസായി നൽകിയ നൽകിയ വാർത്ത കണ്ടു ഞെട്ടിയത് മന്ത്രി സുധാകരൻ; വ്യാജവാർത്തയെന്ന് തുറന്നടിച്ചു മന്ത്രിയും സ്ഥലം എംഎൽഎ ബി സത്യനും; ടെണ്ടർ വിളിച്ചു തുടങ്ങിയ റോഡ് നിർമ്മാണം 'സ്വയംഭൂ' ആക്കിയ ശ്രീകണ്ഠൻ നായർ മാജിക്ക്

'കേന്ദ്ര-സംസ്ഥാന അനുമതി ഇല്ലാതെ ആറ്റിങ്ങലിൽ നാലുവരിപ്പാതാ നിർമ്മാണം; 19 കോടി രൂപയുടെ നിർമ്മാണപ്രവർത്തിക്ക് സ്വകാര്യ കമ്പനിക്ക് അനുമതി നൽകിയത്  പിഡബ്ല്യുഡി എഞ്ചിനീയർ നേരിട്ടും; നിർമ്മാണം തടഞ്ഞത് മന്ത്രി നേരിട്ട്'; ശ്രീകണ്ഠൻ നായരുടെ 24 ന്യൂസ് ചാനലിൽ എക്‌സ്‌ക്ലൂസായി നൽകിയ നൽകിയ വാർത്ത കണ്ടു ഞെട്ടിയത് മന്ത്രി സുധാകരൻ; വ്യാജവാർത്തയെന്ന് തുറന്നടിച്ചു മന്ത്രിയും സ്ഥലം എംഎൽഎ ബി സത്യനും; ടെണ്ടർ വിളിച്ചു തുടങ്ങിയ റോഡ് നിർമ്മാണം 'സ്വയംഭൂ' ആക്കിയ ശ്രീകണ്ഠൻ നായർ മാജിക്ക്

എം മനോജ് കുമാർ

തിരുവനന്തപുരം: ആറ്റിങ്ങലിൽ ഇപ്പോൾ നിർമ്മാണം നടക്കുന്ന തിരുവനന്തപുരം-ആറ്റിങ്ങൽ നാലുവരിപ്പാത നിയമാനുസൃതം തന്നെ. ഈ പാതയുടെ നിർമ്മാണം നിർത്തിവയ്ക്കാൻ പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരൻ നിർദ്ദേശം നൽകിയിട്ടുമില്ല. നിലവിലെ ജോലികൾ അങ്ങനെ തന്നെ പുരോഗമിക്കുന്നുമുണ്ട്. ആറ്റിങ്ങൽ മൂന്നുമുക്ക്-പൂവൻപാറ റോഡ് അനുമതിയില്ലാതെ നിർമ്മിക്കുന്നു എന്ന് മനസിലാക്കി മന്ത്രി ജി.സുധാകരൻ പാതയുടെ നിർമ്മാണം നിർത്തിവയ്ക്കാൻ ഉത്തരവിട്ടു എന്ന് പറഞ്ഞാണ് കഴിഞ്ഞ ദിവസം ചാനൽ വാർത്ത വന്നത്. ശ്രീകണ്ഠൻ നായരുടെ 24 ന്യൂസ് ചാനലാണ് ആറ്റിങ്ങലിൽ നിർമ്മാണം നടക്കുന്ന നാലുവരിപ്പാതപ്പാത നിർമ്മാണം അനധികൃതമെന്ന് കഴിഞ്ഞ ദിവസം റിപ്പോർട്ട് നൽകിയത്. കേന്ദ്ര സംസ്ഥാന അനുമതിയില്ലാതെ ദേശീയപാത എഞ്ചിനീയർ 19 കോടി രൂപയ്ക്ക് ടെൻഡർ വിളിക്കാതെ കരാർ നൽകി എന്നാണ് ചാനൽ എക്‌സ്‌ക്ലൂസീവ് വാർത്ത ചാനൽ നൽകിയത്. വാർത്ത നൽകിയതോടെയാണ് പാത നിർമ്മാണം വിവാദത്തിലേക്ക് നീങ്ങിയത്.

കേന്ദ്ര-സംസ്ഥാന അനുമതിയില്ലാതെ ദേശീയ പാത എങ്ങനെ നിർമ്മിക്കാൻ കഴിയുമെന്നും പൊതുമരാമത്ത് വകുപ്പ് എഞ്ചിനീയർക്ക് എങ്ങനെ ടെൻഡർ ഇല്ലാതെ ഒരു സ്വകാര്യ കമ്പനിക്ക് കരാർ നൽകാൻ കഴിയുമെന്നൊക്കെ ഒട്ടുവളരെ ചോദ്യങ്ങൾ ചാനൽ വാർത്തയുടെ പിന്നാലെ വന്നു. ചാനൽ വാർത്ത വിവാദമായപ്പോൾ മന്ത്രി തന്നെ കഴിഞ്ഞ ദിവസം വിശദീകരണക്കുറിപ്പ് ഇറക്കുകയും പാത നിർമ്മാണം തടഞ്ഞില്ലെന്ന് വ്യക്തമാക്കുകയും ചെയ്തിരുന്നു. പാത നിർമ്മാണത്തിനു തടസം വന്നില്ലെന്നും പാത നിർമ്മാണം ഔദ്യോഗികമാണെന്നു ആറ്റിങ്ങൽ എംഎൽഎ ബി.സത്യനും വ്യക്തമാക്കിയിരുന്നു. മറുനാടനു നൽകിയ വിശദീകരണത്തിലാണ് പാത നിർമ്മാണം സംസ്ഥാനം അറിഞ്ഞിട്ടു തന്നെയെന്നും നിർമ്മാണത്തിനു ഒരു തടസവും നേരിട്ടിട്ടില്ലെന്നും എംഎൽഎ പ്രതികരിച്ചത്. ആറ്റിങ്ങൽ പാതയുടെ നിർമ്മാണം അതേ രീതിയിൽ തന്നെ നടക്കുന്നുണ്ടെന്നു ഈ ജോലിയുടെ മേൽനോട്ടം വഹിക്കുന്ന പൊതുമരാമത്ത് വിഭാഗം ചീഫ് എഞ്ചിനീയർ അശോക് കുമാറും മറുനാടനോട് വ്യക്തമാക്കി. ജോലി നിർത്തിവയ്ക്കാൻ മന്ത്രി നിർദ്ദേശിച്ചിട്ടില്ല. ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ പ്രായോഗിക നിർദ്ദേശങ്ങൾ നൽകുകമാത്രമാണ് മന്ത്രി ചെയ്തത് എന്നാണ് അശോക് കുമാർ പറഞ്ഞത്.

ചാനൽ റിപ്പോർട്ട് ചെയ്ത വാർത്ത ഇങ്ങനെയായിരുന്നു. സംസ്ഥാന പൊതു മരാമത്തുവകുപ്പ് മന്ത്രിയോ വകുപ്പ് സെക്രട്ടറിയോ അറിയാതെ പുതിയ നാലു വരിപാതയ്ക്കു എഞ്ചിനീയർ 19 കോടി രൂപയ്ക് ടെൻഡർ വിളിക്കാതെ കരാർ നൽകി. തിരുവനന്തപുരം ആറ്റിങ്ങൽ നാലുവരി പാതയ്ക്കാണ് എഞ്ചിനീയർ സ്വകാര്യകമ്പനിക്ക് കരാർ നൽകിയത്. ഇത് സംബന്ധിച്ച ഒരു ഫയൽ പോലും സെക്രട്ടറിയേറ്റിൽ ഇല്ല ഇങ്ങനെ ഒരു റോഡ് പണി മന്ത്രിയോ സെക്രട്ടറിയോ അറിഞ്ഞിട്ടുപോലുമില്ല. ദേശീയ പാത റോഡ് വെട്ടിപൊളിക്കുമ്പോൾ കേന്ദ്ര സംസ്ഥാന സർക്കാരിന്റെ അനുവാദം വാങ്ങണം. ഇതൊന്നും ഉണ്ടായിട്ടില്ല. തിരുവനന്തപുരം നിന്നും ആലപ്പുഴ പോകും വഴി മന്ത്രി സുധാകരന്റെ കാർ ആറ്റിങ്ങൽ സമീപം പൊലീസ് വഴി തിരിച്ചു വിട്ടു. 2 കിലോമീറ്റർ പോയിട്ടും ദേശീയപാത എത്താത്തതുകൊണ്ട് മന്ത്രി കാരണം തിരക്കിയപ്പോൾ റോഡ് പണി അറിഞ്ഞത്. തിരുവനന്തപുരം എത്തിയ മന്ത്രി പണി നിർത്തി വയ്ക്കാനും റോഡ് പഴയ രീതിയിൽ ആക്കാനും ഉത്തരവിട്ടു.

ഉദ്യോഗസ്ഥരോട് വിശദീകരണം ചോദിച്ചിട്ടുണ്ട്. എന്നാണ് ചാനൽ വാർത്തയിൽ പറഞ്ഞത്. ഇതോടെ ഭരണകേന്ദ്രങ്ങൾ ഉണർന്നു. ദേശീയപാതയിൽ സംസ്ഥാനം നിർമ്മാണം ഏറ്റെടുത്ത ഭാഗമാണ് ആറ്റിങ്ങൽ മൂന്നുമുക്ക്-പൂവൻപാറ റോഡ്. ഇതോടെയാണ് മന്ത്രി തന്നെ വിശദീകരണക്കുറിപ്പ് ഇറക്കിയത്. കേരളത്തിന്റെ ഫണ്ട് ഉപയോഗിച്ചുള്ള ദേശീയ പാത ജോലികളാണ് ആറ്റിങ്ങലിൽ നടക്കുന്നത്. ഇതുകൊണ്ട് തന്നെയാണ് മന്ത്രി വിശദീകരണക്കുറിപ്പ് ഇറക്കിയത്. ദേശീയപാതയിൽ ഗതാഗതം തടസപ്പെടരുത്. അതിനുള്ള നിർദ്ദേശമാണ് നൽകിയത്. അല്ലാതെ ആറ്റിങ്ങൽ റോഡ് വികസനത്തിനു പ്രതികൂലമായ നടപടിയല്ല വന്നത് എന്നാണു മന്ത്രി സുധാകരൻ വിശദീകരണക്കുറിപ്പിൽ വ്യക്തമാക്കിയത്. ചാനൽ വാർത്ത അപ്പടി തെറ്റാണെന്ന സാക്ഷ്യപത്രം കൂടിയായിരുന്നു മന്ത്രിയുടെ ഈ വിശദീകരണക്കുറിപ്പ്.

ദേശീയ പാത കട്ട് ചെയ്ത് എടുത്ത് നിർമ്മാണം നടത്തുമ്പോൾ നിലവിലെ മഴ പരിഗണിക്കണം. നിലവിലെ ജോലികൾ ഡ്രെയിനേജ് ജോലികൾ, പാത വീതി കൂട്ടൽ എല്ലാം ചെയ്യുക. ഡിപിആറിൽ പറഞ്ഞപോലുള്ള ടാറിങ് പൂർത്തിയാക്കുക. ബാക്കി ഭാഗങ്ങൾ കട്ട് ചെയ്യുമ്പോൾ മഴ കഴിയുമ്പോൾ ആലോചിച്ച് ചെയ്യാം എന്നാണ് മന്ത്രി പറഞ്ഞത്. ജോലികൾ നിർത്തിവയ്ക്കാൻ മന്ത്രി നിർദ്ദേശം നൽകിയിട്ടില്ല. ചാനൽ വാർത്ത ശരിയായിരുന്നില്ല. ദേശീയ പാത അഥോറിറ്റിയുടെ അംഗീകാരം ഈ പാതയ്ക്ക് ഉണ്ട്. കടമ്പാട്ട്‌കോണം മുതൽ-മംഗലപുരം വരെയുള്ള വർക്കിനു അനുമതി നൽകുമ്പോൾ കേന്ദ്രത്തിലെ മിനിസ്ട്രി ഓഫ് റോഡ് ട്രാൻസ്‌പോർട്ട് ആ ഭാഗം ഒഴിവാക്കി ചെയ്യാൻ സംസ്ഥാനത്തിനു അനുമതി നൽകിയിരുന്നു. ഈ ജോലി സംസ്ഥാനമാണ് ചെയ്യുന്നത്. സ്റ്റേറ്റിന്റെ ഫണ്ട് ഉപയോഗിച്ച് ദേശീയ പാതയിലെ ജോലികൾ ചെയ്യുന്നതിന് മിനിസ്ട്രി ഓഫ് റോഡ് ട്രാൻസ്‌പോർട്ട് അനുമതി നല്കാതിരുന്നില്ല.

ഭരണാനുമതി ഇല്ലാതെ ഒരു ജോലിയും ചെയ്യാൻ പൊതുമരാമത്തിനു കഴിയില്ല. കഴിഞ്ഞ സർക്കാരിന്റെ കാലത്താണ് ഈ റോഡിനു ഭരണാനുമതി നൽകിയത്. ഈ സർക്കാരിന്റെ കാലത്താണ് ജോലികൾ തുടങ്ങിയത്. കഴിഞ്ഞ ഫെബ്രുവരിയിലാണ് മന്ത്രി ജി.സുധാകരൻ തന്നെ ഉദ്ഘാടനം ചെയ്താണ് റോഡിന്റെ ജോലികൾ തുടങ്ങിയത്. സംസ്ഥാന സർക്കാർ അറിയാതെയാണ് റോഡിന്റെ ജോലികൾ തുടങ്ങിയത് എന്ന ചാനൽ വാർത്ത അത്‌കൊണ്ട് തന്നെ പൂർണമായും തെറ്റായി മാറുന്നത് ഈ ഘട്ടത്തിലാണ്. സംസ്ഥാനമോ-കേന്ദ്രമോ അറിയാതെയാണ് ജോലികൾ നടക്കുന്നത് എന്നാണ് ചാനൽ വാർത്ത നൽകിയത്. അറിയാതെയാണ് ജോലികൾ നടക്കുന്നുവെങ്കിൽ ഉദ്ഘാടനത്തിനു മന്ത്രി പോകേണ്ട കാര്യമില്ല. മന്ത്രി തന്നെ ഉദ്ഘാടനം ചെയ്താണ് ജോലികൾ തുടങ്ങിയത്. നിയമാനുസൃതമുള്ള ടെൻഡർ ജോലികൾ നടന്നിരുന്നു. ഏറ്റവും കുറഞ്ഞ തുക ക്വാട്ട് ചെയ്ത കമ്പനിക്കാണ് നിർമ്മാണ അനുമതി നൽകിയത്. ജനങ്ങൾക്ക് കഷ്ടത ഒഴിവാക്കണം. ആ രീതിയിൽ തീരുമാനം വരണം എന്നാണ് മന്ത്രി നിർദ്ദേശിച്ചത്. മംഗലപുരം മുതൽ കടമ്പാട്ടുകൊണം വരെയുള്ള റോഡിനു കേന്ദ്രം അനുമതി നൽകുമ്പോൾ ഈ ഭാഗം ഒഴിവാക്കിക്കൊണ്ടും ഇവിടെ കേരളം നിർമ്മിതി നടത്താൻ അനുവദിച്ചുകൊണ്ടുമാണ് ഉത്തരവ് കേന്ദ്രം ഇറക്കിയത്. ഇതു പ്രകാരമാണ് കഴിഞ്ഞ യുഡിഎഫ് സർക്കാരിന്റെ കാലത്ത് ഭരണാനുമതി ലഭിക്കുകയും ഈ സർക്കാരിന്റെ കാലത്ത് മന്ത്രി ജി.സുധാകരൻ തന്നെ നേരിട്ട് പോയി നിർമ്മാണ ഉദ്ഘാടനം നടത്തിയത്.

മൂന്നുമുക്ക്-പൂവൻപാറ റോഡ് ആണ് വിവാദമായത്. മൂന്നു കിലോമീറ്റർ റോഡ് ആണിത്-ആറ്റിങ്ങൽ എംഎൽഎ ബി.സത്യൻ മറുനാടനോട് പറഞ്ഞു. സംസ്ഥാന സർക്കാരിന്റെ ഫണ്ട് ആണ് ഇതിനു ഉപയോഗിക്കുന്നത്. ദേശീയ പാത അഥോറിറ്റിക്കാണ് ദേശീയ പാതയുടെ ചുമതലയുള്ളത്. സ്റ്റേറ്റ് പിഡബ്ല്യുഡിയുടെ മേൽനോട്ടം ഈ ജോലികൾക്കുണ്ട്. എ.വിജയരാഘവൻ പ്ലാനിങ് ബോർഡ് മെമ്പർ ആയിരിക്കെയാണ് ഈ റോഡ് ഈ രീതിയിൽ വീതി കൂട്ടുന്ന പദ്ധതിക്ക് തുടക്കമായത്. നാറ്റ്പാക്കിന്റെ റിപ്പോർട്ട് പരിഗണിച്ചാണ് കഴിഞ്ഞ യുഡിഎഫ് സർക്കാരിന്റെ കാലത്ത് വികസന ജോലികൾ തുടങ്ങിയത്.

ഭരണാനുമതി കഴിഞ്ഞ യുഡിഎഫ് സർക്കാരിന്റെ കാലത്താണ് ലഭിച്ചത്. പ്ലാനിങ് ബോർഡ് നല്ല രീതിയിൽ സഹായം റോഡിന്റെ കാര്യത്തിൽ നടന്നിരുന്നു. 21 മീറ്റർ വീതി എന്നാണ് അന്ന് നിർദ്ദേശം നൽകിയത്. അത് പക്ഷെ പ്രശ്‌നങ്ങൾ സൃഷ്ടിക്കും. ഒരുപാട് കടകളും സ്ഥാപനങ്ങളും എല്ലാം പൊളിച്ചു മാറ്റേണ്ടി വരും. അതിനാൽ വീണ്ടും ഡിപിആർ തയ്യാറാക്കി. ഇത് പിന്നെ 16 മീറ്ററാക്കിയാണ് റോഡ് വികസനം ഇപ്പോൾ നടന്നുവരുന്നത്. ലോക്ക് ഡൗൺ കാലം ഉപയോഗപ്പെടുത്തിയാണ് ജോലികൾ തുടങ്ങിയത്. ഇതിനു സർക്കാർ പ്രത്യേക അനുമതിയും നൽകിയിട്ടുണ്ട്. കോവിഡ് മാനദണ്ഡങ്ങൾ പൂർണമായി പാലിച്ചാണ് നിർമ്മാണജോലികൾ നടക്കുന്നത്. ഈ ജോലികൾ ഇപ്പോഴും മുടക്കമില്ലാതെ നടക്കുന്നുണ്ട്. ജോലികൾ നിർത്തിവെച്ചു എന്ന വാർത്തയ്ക്ക് ഒരടിസ്ഥാനവുമില്ല-ബി.സത്യൻ പറയുന്നു.

ബി.സത്യന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റ് ഇങ്ങനെ:

ആറ്റിങ്ങൽ - പ്രിയമുള്ളവരെ, ഞാൻ സ്വയം നിരീക്ഷണത്തിലാണ്, ഏറെ ദുഃഖത്തൊടെ യാണ് ഈ കുറിപ്പ് ഇടുന്നത് ,നാടിന്റെ അഭി മാന പദ്ധതിയായ ആറ്റിങ്ങൽ മൂന്ന് മുക്ക് പൂവൻപാറ റോഡ് വികസനം നിർമ്മാണം ഈ ലോക് ഡൗൺ ഘട്ടത്തിലും, സർക്കാ രിന്റെ പ്രത്യാക അനുമതിയൊടെ മുന്നോട്ട് പോകുകയാണ്, ഇത് നിർത്തി വെച്ചന്ന ഒരു വാർത്ത ശ്രദ്ധയിൽപ്പെട്ടു നാട്ടിലും, പുറത്ത് നിന്നും, നിരവധി സുഹൃത്തുക്കൾ വിളിച്ച് വിവരം തിരക്കുകയാണ്, , ഈ വാർത്തക്ക് ഒരു അടിസ്ഥാനവുമില്ല എന്നറിയിക്കുന്നു,ജന പിൻന്തുണയൊടെ റോഡ് നിർമ്മാണം ഇപ്പൊഴും, ഇതെഴുതുംമ്പൊഴും മുന്നൊട്ട് പോകുകയാണ്,.ഇന്ന് നടക്കുന്ന ജോലിയുടെ ദൃശ്യങ്ങളാണ് ഇത്, ഇതിന് വിരുദ്ധമായി, റോഡ് നിർമ്മാണം ആരംഭിച്ചഘട്ടം മുതൽ ചില വികസന വിരുദ്ധർ നടത്തുന്ന കുപ്രച രണങ്ങളാണ് ഇന്ന് ചില മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കാൻ ശ്രമിക്കുന്നത്, ജനപങ്കാളിത്ത ത്തൊടെ ജനപ്രിയ സർക്കാരിന്റെ പിൻന്തുണ യൊടെ ഈ സ്വപ്ന പദ്ധതി പൂർത്തിയാക്കുക തന്നെചെയ്യും, നന്ദി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP