Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

485 കോടിയുടെ ബിറ്റ്‌കോയിൻ തട്ടിപ്പിലെ അബ്ദുൾ ഷുക്കൂറിനെ കൊലപ്പെടുത്തിയത് മൂന്ന് ദിവസം തുടർച്ചയായി മർദ്ദിച്ച്; ബിറ്റ്‌കോയിൻ വ്യാപാര അക്കൗണ്ട് ലഭിക്കാൻ വേണ്ടി മർദ്ദിച്ചിട്ടും ഷൂക്കൂർ ഒന്നും പറഞ്ഞില്ല; മരണപ്പെട്ടത് തീർത്തും അവശനായി ആശുപത്രിയിൽ എത്തിച്ചപ്പോൾ; സുഹൃത്തുക്കളായ അഞ്ച് പേരെ അറസ്റ്റു ചെയ്ത് ഡെറാഡൂൺ പൊലീസ്; പുറത്തുവരുന്നത് ബിറ്റ്‌കോയിൻ തട്ടിപ്പു സംഘത്തിന്റെ അധോലോക ബന്ധങ്ങൾ; ലക്ഷങ്ങൾ വേർച്വൽ കറൻസി മുടക്കി കോടികൾ കൊയ്യാൻ ഇറങ്ങിയവർ അവതാളത്തിൽ

485 കോടിയുടെ ബിറ്റ്‌കോയിൻ തട്ടിപ്പിലെ അബ്ദുൾ ഷുക്കൂറിനെ കൊലപ്പെടുത്തിയത് മൂന്ന് ദിവസം തുടർച്ചയായി മർദ്ദിച്ച്; ബിറ്റ്‌കോയിൻ വ്യാപാര അക്കൗണ്ട് ലഭിക്കാൻ വേണ്ടി മർദ്ദിച്ചിട്ടും ഷൂക്കൂർ ഒന്നും പറഞ്ഞില്ല; മരണപ്പെട്ടത് തീർത്തും അവശനായി ആശുപത്രിയിൽ എത്തിച്ചപ്പോൾ; സുഹൃത്തുക്കളായ അഞ്ച് പേരെ അറസ്റ്റു ചെയ്ത് ഡെറാഡൂൺ പൊലീസ്; പുറത്തുവരുന്നത് ബിറ്റ്‌കോയിൻ തട്ടിപ്പു സംഘത്തിന്റെ അധോലോക ബന്ധങ്ങൾ; ലക്ഷങ്ങൾ വേർച്വൽ കറൻസി മുടക്കി കോടികൾ കൊയ്യാൻ ഇറങ്ങിയവർ അവതാളത്തിൽ

മറുനാടൻ മലയാളി ബ്യൂറോ

ഡെറാഡൂൺ: 485 കോടി രൂപയുടെ ബിറ്റ്‌കോയിൻ ഇടപാടുമായി ബന്ധപ്പെട്ട് മലയാളിയായ യുവാവിനെ ഡെറാഡൂണിൽ കൊലപ്പെടുത്തിയ സംഭവത്തിലെ കൂടുതൽ വിവരങ്ങൾ പുറത്തുവന്നു. മലപ്പുറം വടക്കൻപാലൂർ മേലേപീടിയേക്കൽ സ്വദേശി അബ്ദുൾ ഷുക്കൂറിനെ (24) കൊലപ്പെടുത്തിയത് ഉറ്റുസുഹൃത്തുക്കൾ ചേർന്നാണെന്ന വിവരം പുറത്തുവന്നിരുന്നു. ഇവരിൽ അഞ്ച് പേരെ പൊലീസ് അറസ്റ്റു ചെയ്തു. തുടർച്ചയായി മൂന്ന് ദിവസം കെട്ടിയിട്ട് മർദ്ദിച്ചതു കൊണ്ടാണ് ഷുക്കൂർ കൊല്ലപ്പെട്ടതെന്നാണ് പൊലീസ് നൽകുന്ന വിവരം. 'jax.BTC', 'BTC..shukoor' എന്നീ രണ്ട് ബിറ്റ്‌കോയിൻ എക്‌സ്‌ചേഞ്ചുകളുടെ നടത്തിപ്പുകാരനായിരുന്നു ഷുക്കൂർ. ഷൂക്കൂർ അടക്കമുള്ളവർ ചേർന്ന് നടത്തിയ ബിറ്റ്‌കോയിൻ തട്ടിപ്പിൽ വഞ്ചിതരായവരെ കുറിച്ചുള്ള വാർത്ത പുറത്തുവിട്ടത് മറുനാടൻ മലയാളിയായിരുന്നു.

ഇതേ തുടർന്ന് ബിറ്റോകോയിൻ തട്ടിപ്പുമായി ബന്ധപ്പെട്ട പൊലീസ് അന്വേഷണവും തുടങ്ങിയിരുന്നു. ഇതിനിടെയാണ് ഷൂക്കൂറിനെ ബിസിനസ് പങ്കാളികളായവർ ചേർന്ന് കൊലപ്പെടുത്തിത്. ഡെറാഡൂണിയെ ആശുപത്രിയുടെ എമർജൻസി വിഭാഗത്തിൽ ഷുക്കൂറിന്റെ മൃതദേഹം ഉപേക്ഷിച്ച് കൊലയാളികൾ സ്ഥലം വിടുകയായിരുന്നു. ഷുക്കൂറിന്റെ ബിസിനസ് പങ്കാളികളാണു കൊല നടത്തിയതെന്നു കരുതുന്നു. മലയാളികളായ പത്തു പേർ ചേർന്നാണ് കൊലപാതകം നടത്തിയതെന്ന് ഡെറാഡൂൺ സീനിയർ പൊലീസ് സൂപ്രണ്ട് അരുൺ മോഹൻ ജോഷി പറഞ്ഞു. ഷുക്കൂറിനെ ആശുപത്രിയിലെത്തിച്ച അഞ്ചു പേരെ ഡെറാഡൂൺ പൊലീസ് അറസ്റ്റു ചെയ്തിട്ടുണ്ട്. മർദ്ദിച്ച് അവസനായി ഷുക്കൂറിനെ ആശുപത്രിയിൽ എത്തിക്കുമ്പോൾ തന്നെ അദ്ദേഹം മരിച്ചിരുന്നു.

കൊലപാതകവുമായി ബന്ധപ്പെട്ട് ആഷിഖ്, ആർഷാദ്, യാസിൻ, റിഹാബ്, മുനീഫ് എന്നിവരാണ് അറസ്റ്റിലായത്. ഇവരെല്ലാം മലപ്പുറം, പാണ്ടിക്കാട്ട് സ്വദേശികളാണ്. ഇവരിൽ നാലു പേർ ഷുക്കൂറുമായി ഏറ്റവുമടുപ്പമുണ്ടായിരുന്ന ബിസിനസ്സ് പങ്കാളികളാണ്. രണ്ടു വർഷമായി ബിറ്റ്‌കോയിൻ വ്യാപാരത്തിൽ പങ്കെടുത്തിരുന്ന അബ്ദുൾ ഷുക്കൂറുമായുള്ള ബിസിനസ് വൈരാഗ്യമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണു പൊലീസ് നിഗമനം.

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെയാണ്: ഒരു വർഷം മുൻപ് ബിറ്റ്‌കോയിന്റെ മൂല്യമിടിഞ്ഞതോടെയാണ് ഷുക്കൂറിന്റെ ബിസിനസ് തകർച്ച നേരിട്ടത്. നിക്ഷേപകർ പണം ആവശ്യപ്പെട്ടുത്തുടങ്ങി. കാസർകോട് കേന്ദ്രീകരിച്ചാണു ഷുക്കൂർ പ്രവർത്തിച്ചിരുന്നത്. നിക്ഷേപകരിൽ നിന്നുള്ള സമ്മർദം സഹിക്കാനാവാതെ ഓഗസ്റ്റ് 12ന് ഷുക്കൂറും മറ്റ് ഒൻപതു പേരും ഡെറാഡൂണിൽ വിദ്യാർത്ഥിയായ യാസിന്റെ അടുക്കലേക്കു പോയി. തന്റെ ബിറ്റ്‌കോയിൻ വ്യാപാര അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടെന്നും വൈകാതെ സ്വന്തമായി വ്യാപാരം ആരംഭിക്കുമെന്നും ലാഭത്തിൽനിന്നു നിക്ഷേപകരുടെ പണം തിരികെ നൽകുമെന്നും ആഷിഖിനോട് ഷുക്കൂർ പറഞ്ഞു. കോടികൾ വിലയുള്ള ബിറ്റ്‌കോയിൻ ഇപ്പോഴും അബ്ദുൾ ഷുക്കൂറിന്റെ പക്കലുണ്ടെന്നും പാസ്വേഡ് കണ്ടെത്തി പണം കൈപ്പറ്റാനുമാണു ശ്രമമെന്നും ആഷിഖ് വിശ്വസിച്ചു.

ഓഗസ്റ്റ് 26ന് യാസിന്റെ ഡെറാഡൂണിലെ വാടകവീട്ടിൽ ഷുക്കൂറിനെ കസേരയോടു ചേർത്തു കെട്ടിയിട്ട ശേഷം ക്രൂരമായി മർദനമാരംഭിച്ചെന്നു ഡെറാഡൂൺ സിറ്റി പൊലീസ് സൂപ്രണ്ട് ശ്വേത ചൗബെ പറഞ്ഞു. മർദനം ഓഗസ്റ്റ് 28 വരെ തുടർന്നിട്ടും ബിറ്റ്‌കോയിൻ വ്യാപാര അക്കൗണ്ട് ലഭിച്ചില്ല. ക്രൂരമായ മർദനത്തെ തുടർന്ന് ഷുക്കൂറിന്റെ ആരോഗ്യസ്ഥിതി മോശമായി. ഷുക്കൂറിന് എന്തെങ്കിലും സംഭവിച്ചാൽ വലിയ തുക ലഭിക്കാതെ പോകുമെന്ന ഭീതിയിൽ ഇവരിൽ അഞ്ച് പേർ ചേർന്ന് രാത്രിയോടെ ആശുപത്രിയിൽ കൊണ്ടുപോയി. നഗരത്തിലെ ഒരു ആശുപത്രിയിൽ നടത്തിയ പരിശോധനയിൽ ഷുക്കൂറിന് മരണം സംഭവിച്ചതായി അറിയിച്ചു. തുടർന്ന് മറ്റൊരു സ്വകാര്യ ആശുപത്രിയിൽ എത്തിച്ച് പരിശോധന നടത്തി, മരിച്ചതായി സ്ഥിരീകരിച്ചു.

ആശുപത്രി പരിസരത്തെ പാർക്കിങ് മേഖലയിലുണ്ടായിരുന്ന കാറിൽ ഷുക്കൂറിന്റെ മൃതദേഹം ഉപേക്ഷിച്ച് ഇവർ ഡൽഹിയിലേക്കു പോകാൻ ബസിൽ കയറി. ആശുപത്രി അധികൃതരിൽനിന്നു മരണം സംബന്ധിച്ച് വിവരം ലഭിച്ച പൊലീസ് സ്ഥലത്തെത്തി നടത്തിയ പരിശോധനയിൽ കാറിനുള്ളിൽ നിന്ന് ഷുക്കൂറിന്റെ കേരളത്തിലെ മേൽവിലാസം ലഭിച്ചു. തിരൂരങ്ങാടി പൊലീസ് സ്റ്റേഷനിലേക്കാണ് ഡെറാഡൂൺ പൊലീസ് വിവരം കൈമാറിയത്. ഇവിടെനിന്ന് പെരിന്തൽമണ്ണ പൊലീസ് സ്റ്റേഷൻ വഴി ബന്ധുക്കളെ മരണവിവരം അറിയിച്ചു. തുടർന്ന് സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുകയും ആശുപത്രി അധികൃതരെ ചോദ്യം ചെയ്യുകയും ചെയ്തതിൽ നിന്നു ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ അഞ്ച് പേരെയും പിടികൂടുകയായിരുന്നു. മറ്റുള്ളവർക്കായി തിരച്ചിൽ തുടരുകയാണെന്നു ശ്വേത ചൗബെ പറഞ്ഞു.

പിതാവ് മുഹമ്മദിന്റെ സ്വദേശമായ കാസർകോഡ് കേന്ദ്രീകരിച്ചാണ് ഷുക്കൂർ ബിസിനസ് നടത്തി വന്നിരുന്നത്. ബിറ്റ്കോയിന്റെ മൂല്യമിടിഞ്ഞതോടെ നിക്ഷേപകർ പണം ആവശ്യപ്പെട്ടു തുടങ്ങി. നാട്ടിൽ നിൽക്കാൻ കഴിയാതെ വന്നതോടെ ഷുക്കൂർ ഡെറാഡൂണിൽ വിദ്യാർത്ഥിയായ യാസിന്റെ അടുത്തേക്ക് പോകുകയാിരുന്നു. ബിസിനസ് പങ്കാളികളായ മറ്റ് ഒൻപതുപേരും ഷുക്കൂറിന്റെ കൂടെയുണ്ടായിരുന്നു. വ്യാഴാഴ്ച രാവിലെ വിവരംലഭിച്ച ബന്ധുക്കൾ വിമാനമാർഗം ഡെറാഡൂണിലെത്തിയിട്ടുണ്ട്. ഡൽഹിയിലെത്തിച്ച് മൃതദേഹം എംബാം ചെയ്യും. തുടർന്ന് വിമാനമാർഗം നാട്ടിലെത്തിക്കാനാണ് തീരുമാനം.

തന്റെ ഏറ്റവും അടുത്ത കൂട്ടാളിയായ ആഷിഖിനെ പോലും കാശിനോടുള്ള ആർത്തി മൂത്ത് അബ്ദുൾ ഷുക്കൂർ വഞ്ചിച്ചുവെന്നാണ് ചോദ്യം ചെയ്യലിൽ പ്രതികൾ വെളിപ്പെടുത്തിയത്. തന്റെ ബിറ്റ്കോയിൻ അക്കൗണ്ട് ഹാക്ക് ചെയ്തുവെന്നാണ് ഷുക്കൂർ ആഷിഖിനെ വിശ്വസിപ്പിച്ചത്. താൻ സ്വന്തമായി ക്രിപ്റ്റോ കറൻസി ലോഞ്ച് ചെയ്യാൻ പോവുകയാണെന്നും നുണ പറഞ്ഞു. നിക്ഷേപകരുടെ പണം തിരിച്ചുനൽകാൻ ഇതല്ലാതെ മറ്റുമാർഗ്ഗമില്ലെന്നും ഷുക്കൂർ ആഷിഖിനെ വിശ്വസിപ്പിച്ചു.

ഷുക്കൂർ പറഞ്ഞത് പൂർണമായി വിശ്വസിക്കാൻ ആഷിഖും കൂട്ടരും തയ്യാറായില്ല. ഷുക്കൂറിന്റെ ബിറ്റ്കോയിൻ അക്കൗണ്ടിന്റെ പാസ് വേഡ് തേടിപ്പിടിക്കാൻ അവർ തീരുമാനിച്ചു. ഷുക്കൂറിന്റെ അക്കൗണ്ടിൽ ഇപ്പോഴും കോടികളുണ്ടെന്നും പാസ് വേഡ് കിട്ടിയാൽ അത് തങ്ങൾക്ക് കൈക്കലാക്കാമെന്നും ആഷിഖ് കണക്കുകൂട്ടി. ഇതോടെ ഷുക്കൂറിനെ തട്ടിക്കൊണ്ടുപോയി ബലമായി പാസ് വേഡ് കൈക്കലാക്കാൻ പദ്ധതി ആസൂത്രണം ചെയ്തു.

ഓഗസ്റ്റ് 12 ന് അബ്ദുൾ ഷക്കീറിനൊപ്പം ആഷിക് ഡെറാഡൂണിലെത്തി ഒരു വാടകവീട് തേടി. എട്ട് ദിവസത്തിന് ശേഷം പ്രേംനഗറിലെ സുധോവാലയിലെ ഒരുവീട്ടിൽ താമസം തുടങ്ങി. സംഘത്തിലെ മറ്റംഗങ്ങൾ ഓഗസ്റ്റ് 25 ന് ഇവർക്കൊപ്പം ചേർന്നു. ഷുക്കൂറിനെ വീട്ടിലേക്ക് തന്ത്രപൂർവം വിളിച്ചുവരുത്തി സംഘം കുടുക്കുകയായിരുന്നു. പാസ് വേഡ് വെളിപ്പെടുത്താൻ ആദ്യം അനുനയം നോക്കിയെങ്കിലും നടപ്പില്ലെന്ന് മനസ്സിലായതോടെ ക്രൂരമായ മർദ്ദനമുറകൾ തുടങ്ങി. കൊടിയ പീഡനം തുടർന്നെങ്കിലും ഷുക്കൂർ പാസ് വേഡ് വെളിപ്പെടുത്തിയില്ല. ഒടുവിൽ ഇയാൾ ബോധരഹിതനായതോടെ കാര്യങ്ങൾ പാളി. പരിഭ്രാന്തരായ സംഘം എങ്ങനെയെങ്കിലും പാസ് വേഡ് കൈക്കലാക്കുക എന്ന ലക്ഷ്യത്തോടെ ഷുക്കൂറിനെ ആശുപത്രിയിലാക്കാൻ തീരുമാനിച്ചു. തുടർച്ചയായി രണ്ടു ആശുപത്രികളിൽ കൊണ്ടുപോയെങ്കിലും നിരാശയായിരുന്നു ഫലം. ബാലുപൂരിലെ ആദ്യ ആശുപത്രിയിൽ എത്തിച്ചപ്പോൾ തന്നെ ഷുക്കൂർ മരിച്ചതായി ഡോക്ടർമാർ വിധയെഴുതി. വിശ്വാസം വരാതെ ഡെറാഡൂൺ-മസൂറി റോഡിലെ ഒരു സൂപ്പർ സെപ്ഷ്യൊലിറ്റി ആശുപത്രിയിൽ എത്തിച്ചു. എന്നാൽ, അവിടെയും ഡോക്ടർമാർക്ക് പ്രത്യേകിച്ച് ഒന്നും ചെയ്യാനുണ്ടായിരുന്നില്ല. പിടിക്കപ്പെടുമെന്ന ഭീതിയിൽ മൃതദേഹം എമർജൻസി വാർഡിൽ തള്ളിയിട്ട്, വാഹനം ആശുപത്രിക്ക് മുമ്പിൽ ഉപേക്ഷിച്ച് ഇവർ രക്ഷപ്പെടുകയായിരുന്നു.

485 കോടിയുടെ സാമ്പത്തിക തട്ടിപ്പ്, മലപ്പുറത്ത് ഷുക്കൂറിനെതിരെ കേസില്ല

കാര്യം കുഴപ്പക്കാരനാണെങ്കിലും, അബ്ദുൾ ഷുക്കൂറിനെതിരെ മലപ്പുറത്ത് കേസുകൾ ഒന്നും രജിസ്റ്റർ ചെയ്തിട്ടില്ല. പുലാമന്തോൾ സ്വദേശിയായ ഇയാൾ നിരവധി പേരെ കബളിപ്പിച്ചുവെങ്കിലും മലപ്പുറത്ത് കേസില്ലെന്നതാണ് സവിശേഷത. ഇയാളുടെ ഇരകൾ കൂടുതലും കാസർകോട്ടുകാരായിരുന്നു. തായ്ലൻഡിൽ തന്റെ കമ്പനി രജിസ്റ്റർ ചെയ്ത ശേഷം ഷുക്കൂർ നാട്ടിൽ വരുന്നത് അപൂർവമായിരുന്നു.

കഴിഞ്ഞ ദിവസം ബിറ്റ് കോയിൻ ഗ്രൂപ്പുകളിൽ ഷുക്കൂറിന്റെ മരണം സംഭവിച്ചതായി സന്ദേശങ്ങൾ എത്തിയതോടെയാണ് പണം നിക്ഷേപിച്ചവർ പലരും അങ്കലാപ്പിലായത്. ഷുക്കൂർ നടത്തി വന്ന ക്രിപ്റ്റോ കറൻസിയുമായി ബന്ധപ്പെട്ട ബിറ്റിസി ബിറ്റ്‌സ്, ബിറ്റ് ജെറ്റ്സ് എന്ന കമ്പനികളിൽ നിക്ഷേപം നടത്തിയവരാണ് മുതലും പലിശയും നഷ്ടമായി എന്ത് ചെയ്യണമെന്നറിയാത്ത അവസ്ഥയിൽ നിൽക്കുന്നത്. ഇതിനിടെയാണ് തട്ടിപ്പ് നടത്തിയ ആളുടെ മരണ വാർത്ത എത്തുന്നത്്. അബ്ദുൽ ഷുക്കൂറും സഹോദരൻ അഹമ്മദ് ഷറഫുദ്ദീൻ എന്നിവർ ആരംഭിച്ച ബിറ്റിസി ബിറ്റ്‌സ്, ബിറ്റ് ജെറ്റ്സ് എന്നീ കമ്പനികൾ 500 കോടിയോളം രൂപ ബിറ്റ് കോയിൻ ഇടപാടിന്റെ പേരിൽ തട്ടിപ്പ് നടത്തിയതായാണ് ആരോപണം. ആലപ്പുഴ പൊലീസ് മേധാവിക്ക് ഇതു സംബന്ധിച്ച പരാതി കൊടുത്തിരുന്നു.

40000 ത്തോളം പേരെ ബിറ്റ് കോയിൻ ഇടപാടിൽ അംഗങ്ങൾ ആക്കിയാണ് 485 കോടിയുടെ തട്ടിപ്പ് ഷൂക്കൂർ നടത്തിയത്. ഇവർ ലോകത്തെ പലരാജ്യങ്ങളിലും നിന്നും സമാഹരിച്ചിരിക്കുന്ന തുക തന്നെ 1500 കോടിയോളം വരുമെന്നും ഈ തുക തീവ്രവാദ പ്രവർത്തനങ്ങൾക്ക് ഇവർ ഉപയോഗപ്പെടുത്തിയതായും ആക്ഷേപം ഉണ്ടായിരുന്നു. ആറുമാസത്തിനുള്ളിൽ നിക്ഷേപ തുക തിരികെ നൽകുമെന്നും അടുത്ത ആറുമാസത്തിനുള്ളിൽ ലാഭം ലഭിക്കുമെന്നും വിശ്വസിപ്പിച്ചാണ് ഡിജിറ്റൽ കറൻസി ഇടപാടിൽ ഇവർ നിക്ഷേപകരെ പങ്കാളികളാക്കിയത്.

ആയിരം കോടി രൂപയുടെ ആസ്തിയുണ്ടെന്നും പാക്കിസ്ഥാൻ ഉൾപ്പെടെ 30 ഓളം രാജ്യങ്ങളിൽ പ്രവർത്തിക്കുന്നുണ്ട് എന്ന് പറഞ്ഞുമാണ് ഇവർ നിക്ഷേപകരിൽ നിന്നും നിക്ഷേപം സ്വീകരിക്കുകയും ഒടുവിൽ വഴിയാധാരമാക്കുകയും ചെയ്തത്. തായ്‌ലൻഡിൽ രജിസ്റ്റർ ചെയ്തിരിക്കുന്ന ബിറ്റിസി ബിറ്റ്‌സ്, ബിറ്റ് ജെറ്റ്സ് എന്ന മൾട്ടിലെവൽ മാർക്കറ്റിങ് കമ്പനികളാണ് വിവാദത്തിൽ പെട്ടത്. ക്രിപ്റ്റോ കറൻസി ഇടപാടിൽ വൻ ;ലാഭം ഓഫർ ചെയ്താണ് ഇവർ കോടിക്കണക്കിനു രൂപയുടെ നിക്ഷേപം കേരളത്തിൽ സ്വരൂപിച്ചത്. ലക്ഷങ്ങൾ നിക്ഷേപിച്ചവരുടെ ഒരു ചെയിൻ ഉണ്ടാക്കി ഇവർ വഴി മറ്റുള്ളവരെ ആകർഷിച്ചാണ് തട്ടിപ്പിന്റെ വ്യാപ്തി വലുതാക്കിയത്. ഇതിനിടെയാണ് ഷൂക്കൂറിന്റെ മരണവാർത്ത എത്തിയത്.

കമ്പനി പ്രശ്നത്തിലാണ് തുക തിരികെ നൽകാം എന്നാണു അബ്ദുൽ ഷുക്കൂർ എല്ലാവരോടും പറഞ്ഞിരുന്നത്. കഴിഞ്ഞ ജനുവരി അവസാനം തുക തിരികെ ലഭിക്കും എന്നാണ് പറഞ്ഞത്. തുക പക്ഷെ ലഭിച്ചില്ല. ഇവർ സ്വന്തമായി വേർച്വൽ കറൻസി ഇറക്കി. അത് വന്നപ്പോഴാണ് അതിന്റെ മൂല്യത്തിൽ തട്ടിപ്പ് വ്യക്തമായത്. കോയിൻ മൂല്യം പ്രകാരം 10 ലക്ഷം ഇറക്കിയ ആൾക്ക് ഒരു കറൻസി വഴി ലഭിക്കുക വെറും 9 രൂപയാണ്. ലഭിക്കേണ്ടത് 750 രൂപയും. ഇതോടെയാണ് ഇടപാടുകാർ ഉടക്കിയത്.ബിറ്റ് കോയിൻ ഇടപാടിൽ സ്വരൂപിച്ച കോടികളുമായി അബ്ദുൽ ഷുക്കൂർ ഇന്ത്യ വിട്ടുപോകുമോ എന്ന ഭയം നിക്ഷേപകർക്കുണ്ടായിരുന്നു. ഇതിനിടെയാണ് മരണം സംഭവിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP