Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

രാജ്യത്തെ സൈന്യത്തെ മോദി സേന എന്ന് വിളിച്ച് യോഗി ആദിത്യനാഥ്; കോൺഗ്രസുകാർ ഭീകരർക്ക് ബിരിയാണി നൽകുമ്പോൾ മോദിയുടെ സൈന്യം അവർക്ക് ബോംബും വെടിയുണ്ടകളും നൽകുന്നുവെന്നും യോഗി; അഖ്‌ലാഖ് എന്ന മുസ്‌ളീം യുവാവിനെ ബീഫിന്റെ പേരിൽ തല്ലിക്കൊന്ന കേസിലെ പ്രതികളെ റാലിയിൽ പങ്കെടുപ്പിച്ചതിന് പിന്നാലെ യുപി മുഖ്യമന്ത്രിക്ക് എതിരെ മറ്റൊരു വിവാദംകൂടി

രാജ്യത്തെ സൈന്യത്തെ മോദി സേന എന്ന് വിളിച്ച് യോഗി ആദിത്യനാഥ്; കോൺഗ്രസുകാർ ഭീകരർക്ക് ബിരിയാണി നൽകുമ്പോൾ മോദിയുടെ സൈന്യം അവർക്ക് ബോംബും വെടിയുണ്ടകളും നൽകുന്നുവെന്നും യോഗി; അഖ്‌ലാഖ് എന്ന മുസ്‌ളീം യുവാവിനെ ബീഫിന്റെ പേരിൽ തല്ലിക്കൊന്ന കേസിലെ പ്രതികളെ റാലിയിൽ പങ്കെടുപ്പിച്ചതിന് പിന്നാലെ യുപി മുഖ്യമന്ത്രിക്ക് എതിരെ മറ്റൊരു വിവാദംകൂടി

ലഖ്നൗ: മുഹമ്മദ് അഖ്‌ലാഖ് എന്ന മുസ്‌ളീം യുവാവിനെ ബീഫിന്റെ പേരിൽ തല്ലിക്കൊന്ന കേസിലെ പ്രതികൾക്ക് റാലിയുടെ മുൻനിരയിൽ ഇരിപ്പിടം നൽകിയതിന് പിന്നാലെ വിവാദത്തിലായ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ വീണ്ടും അടുത്ത ആക്ഷേപം. രാജ്യത്തെ സൈനികരെ മോദിയുടെ സേന എന്ന് വിശേഷിപ്പിച്ച് പ്രസംഗിച്ചതാണ് പുതിയ വിവാദത്തിന് വഴിവച്ചത്.

ഗസ്സിയാബാദിൽ നടന്ന തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് പ്രസംഗിക്കുന്നതിനിടെയാണ് യോഗി ആദിത്യനാഥ് ഈ പ്രസ്താവന നടത്തിയത്. കോൺഗ്രസുകാർ ഭീകരർക്ക് ബിരിയാണി നൽകി സൽക്കരിക്കുന്നു. എന്നാൽ മോദിജിയുടെ സേന അവർക്ക് ബോംബുകളും വെടിയുണ്ടകളുമാണ് നൽകുന്നതെന്നും യോഗി കൂട്ടിച്ചേർത്തു. ഇത് വൻപ്രതിപക്ഷ പ്രതിഷേധത്തിന് വഴിയൊരുക്കുകയും ചർച്ചയാവുകയും ചെയ്തു.

തികച്ചും ലജ്ജാപരമായ പ്രസ്താവനയാണിതെന്ന് പശ്ചിമബംഗാൾ മുഖ്യമന്ത്രി മമതാബാനർജി പറഞ്ഞു. ഇത്തരത്തിലൊരു പ്രസ്താവന ഇന്ത്യൻസേനയ്ക്ക് അപമാനവും മാനഹാനിയും ഉണ്ടാക്കിയിരിക്കുകയാണെന്നും മമത കൂട്ടിച്ചേർത്തു. 'ഇന്ത്യയുടെ സൈന്യം രാജ്യത്തിന്റെ അഭിമാനമാണ്, ഓരോരുത്തരുടേയും അവകാശമാണ്. രാജ്യത്തിന്റെ വിലപ്പെട്ട സ്വത്താണ്. യോഗിയുടെ പ്രസ്താവനയ്ക്കെതിരെ രാജ്യം ഒന്നടങ്കം പ്രതിഷേധിക്കണം'. മമത ആഹ്വാനം ചെയ്തു.

എഐസിസി മാധ്യമ വിഭാഗം കൺവീനർ പ്രിയങ്ക ചതുർവേദിയും യോഗിയുടെ പ്രസ്താവന സൈന്യത്തിന് അപമാനമാണെന്ന് ട്വിറ്ററിലൂടെ പ്രതികരിച്ചു. യോഗിയുടെ പ്രസംഗത്തിന്റെ വീഡിയോ ഉൾപ്പെടെയുള്ള എഎൻഐയുടെ ട്വീറ്റ് പ്രിയങ്ക റീട്വീറ്റ് ചെയ്യുകയും ചെയ്തു. ബാലാകോട്ട് ആക്രമണത്തെ രാഷ്ട്രീയവത്ക്കരിക്കാനും ഉപഗ്രഹവേധ മിസൈൽ ഇന്ത്യ പരീക്ഷിച്ചതിനെ മുതലെടുക്കാനും മോദി സർക്കാർ ശ്രമിക്കുന്നുവെന്ന പ്രതിപക്ഷാരോപണം ഉള്ളപ്പോഴാണ് യോഗിയുടെ വാക്കുകളും ചർച്ചയാകുന്നത്.

2015ൽ മുഹമ്മദ് അഖ്ലാഖ് എന്ന മുസ്ലിം യുവാവിനെ തല്ലിക്കൊന്ന യുവാക്കൾ, യോഗി ആദിത്യനാഥിന്റെ റാലിയിൽ മുൻനിരയിൽ നിന്ന് ആർപ്പു വിളിക്കുന്ന ചിത്രങ്ങൾ പുറത്തുവന്നതാണ് നേരത്തേ വിവാദമായത്. ദാദ്രിയിൽ നടന്ന തിരഞ്ഞെടുപ്പ് കാമ്പയിനിങ്ങിന്റെ ഭാഗമായുള്ള റാലിയുടെ മുൻനിരയിലാണ് യോഗിയുടെ പ്രസംഗം കേട്ട് ആർപ്പു വിളിക്കുന്ന പ്രതികളെ കണ്ടതായി എൻഡിടിവി റിപ്പോർട്ട് ചെയ്തത്. കേസിലെ മുഖ്യ പ്രതി വിശാൽ റാനയുൾപ്പെടെ നാലുപേർ റാലിയിൽ മുൻനിരയിൽ ഉണ്ടായിരുന്നു.

മേഖലയിലെ ബിജെപി സ്ഥാനാർത്ഥി മഹേഷ് ശർമ്മയ്ക്കു വേണ്ടിയാണ് യോഗി ആദിത്യനാഥ് ഗ്രേറ്റർ നോയിഡയിലെ ഗിസാഡ ഗ്രാമത്തിലെ റാലിയെ അഭിമുഖീകരിച്ച് സംസാരിച്ചത്. ഇതേ ഗ്രാമത്തിൽ വച്ചാണ് മുഹമ്മദ് അഖ്ലാഖിനെ ആൾക്കൂട്ടം തല്ലിക്കൊല്ലുന്നതും. കേസിലെ പ്രതികൾ പിന്നീട് ജാമ്യത്തിൽ ഇറങ്ങുകയായിരുന്നു. വിചാരണ നടന്നുവരുന്നതിനിടെയാണ് തിരഞ്ഞെടുപ്പുകാലത്ത് പ്രതികൾ റാലിയിൽ പ്രത്യക്ഷപ്പെട്ടത്. സെപ്റ്റംബർ 2015ലാണ് മുഹമ്മദ് അഖ്ലാഖിനെ ഒരു സംഘമാളുകൾ വീട്ടിൽ നിന്ന് വലിച്ചിറക്കി തല്ലിക്കൊല്ലുന്നത്. പശുവിനെ കൊന്ന് ഇറച്ചി ഫ്രിഡ്ജിൽ സൂക്ഷിച്ചു എന്നാരോപിച്ചായിരുന്നു കൊലപാതകം.

'ബിസാറയിൽ നടന്നത് ആരാണ് ഓർക്കാതിരിക്കുന്നത്. ജനങ്ങളുടെ വികാരത്തെ സമാജ് വാദി പാർട്ടി എത്ര മാത്രം അടിച്ചമർത്താൻ ശ്രമിച്ചുവെന്ന് എല്ലാവർക്കും അറിയാം. ഈ സർക്കാർ രൂപം കൊണ്ട ഉടൻ തന്നെ അനധികൃതമായി പ്രവർത്തിച്ച എല്ലാ കശാപ്പു ശാലകളും നിർത്തി വെപ്പിച്ചു. കണിശമായി നിയമം നടപ്പിലാക്കപ്പെടുന്നുണ്ടോ എന്നു ഉറപ്പു വരുത്തുകയും ചെയ്തു - ഇതായിരുന്നു യോഗിയുടെ വാക്കുകൾ. എഐഎംഐഎം നേതാവ് അസാദുദ്ദീൻ ഒവൈസി സംഭവത്തിനെതിരേ രൂക്ഷമായ വിമർശനം ട്വിറ്ററിലൂടെ രേഖപ്പെടുത്തി.

കറുത്തകുപ്പായം ധരിച്ചവരെ റാലികളിൽ പങ്കെടുക്കുന്നത് ബിജെപി നേതാക്കൾ തടഞ്ഞിരുന്നു. എന്നാൽ ഇത്തരത്തിൽ ഹീനമായ കുറ്റം ആരോപിക്കപ്പെടുന്നവർക്ക് റാലിയുടെ മുൻനിരയിൽ അവസരവും കൊടുത്തു. ഇരയ്ക്കൊപ്പമാണോ അതോ തല്ലിക്കൊല്ലുന്നവർക്കൊപ്പമാണോ ബിജെപി എന്ന് ഇത് തെളിയിക്കുന്നുവെന്നാണ് ഒവൈസി കുറ്റപ്പടുത്തിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP