Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കൊച്ചിയിലെ ചുംബന സമരം ഇന്ത്യ മുഴുവൻ പടരുന്നു; അടുത്തത് ഡൽഹിയിലെ ആർഎസ്എസ് ആസ്ഥാനത്തിന് മുമ്പിൽ; സമരക്കാർക്കെതിരെ സദാചാര പൊലീസും ഒറിജിനൽ പൊലീസും

കൊച്ചിയിലെ ചുംബന സമരം ഇന്ത്യ മുഴുവൻ പടരുന്നു; അടുത്തത് ഡൽഹിയിലെ ആർഎസ്എസ് ആസ്ഥാനത്തിന് മുമ്പിൽ; സമരക്കാർക്കെതിരെ സദാചാര പൊലീസും ഒറിജിനൽ പൊലീസും

ന്യൂഡൽഹി: കൊച്ചിയിലെ കിസ് ഓഫ് ലൗ പ്രതിഷേധ സമരം ഡൽഹിയിലും എത്തുന്നു. മുംബൈയും കൊൽക്കത്തയും ഹൈദരാബാദും കൊച്ചിയിലെ ചുംബന സമരത്തെ നേരത്തെ ഏറ്റെടുത്തിരുന്നു. ഇതേ മാതൃകയാകും ഡൽഹിയിലും. അതിന് തെരഞ്ഞെടുത്ത വേദിയിലുമുണ്ട് പുതുമ. ആർഎസ്എസ് ആസ്ഥാനത്തിന് മുന്നിലാണ് ചുംബിച്ച് പ്രതിഷേധിക്കുക.

സദാചാര പൊലീസിംഗിനെതിരെ കൊച്ചിയിൽ നടത്തിയ ചുംബന സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് ശനിയാഴ്ചയാണ് ഡൽഹിയിൽ ചുംബന സമരം നടക്കുക. ഡൽഹിയിലെ ചുംബന സമരത്തിന് വേണ്ടി തുടങ്ങിയ ഫേസ്‌ബുക്ക് പേജിൽ നൂറുകണക്കിന് പേർ പിന്തുണ അറിയിച്ച് വന്നിട്ടുണ്ട്. ഡൽഹിയിലെ ജവഹർലാൽ നെഹ്‌റു സർവകലാശാലയിലെ വിദ്യാർത്ഥികളുടെ നേതൃത്വത്തിലാണ് ചുംബന സമരം നടത്തുന്നത്. ജെ.എൻ.യു വിദ്യാർത്ഥി പങ്കുരി സഹീർ സമരത്തിന് നേതൃത്വം നൽകും.

മൂവായിരത്തോളം പേർ ചുംബന സമരത്തിന് എത്തുമെന്നാണ് കണക്ക് കൂട്ടൽ. പൊതു സ്ഥലത്ത് നിയന്ത്രണങ്ങളും നിരീക്ഷണങ്ങളും ഏർപ്പെടുത്തി പൗര സ്വാതന്ത്ര്യത്തെ സാംസ്‌കാരികതയുടെ പേരിൽ തടയുന്നവരാണ് ആർഎസ്എസുകാർ. ഈ സദാചാര പൊലീസിങ്ങിനെതിരെയാണ് ചുംബന സമരം. അതുകൊണ്ടാണ് ഡൽഹിയിൽ സമരവേദിയായി ആർഎസ്എസ് ആസ്ഥാനത്തെ തെരഞ്ഞെടുത്തതെന്ന് സംഘാടകർ വിശദീകരിക്കുന്നു.

ചുംബന സമരത്തിനെതിരെ മതമൗലികവാദ സംഘടനകളും സർക്കാരും പ്രതികരിച്ച രീതി അംഗീകരിക്കാനാകില്ലെന്ന് ഡൽഹിയിലെ ചുംബന സമരത്തിന്റെ സംഘാടകർ പറഞ്ഞു. അതിനിടെ ആർഎസ്എസ് ആസ്ഥാനത്തിന് മുന്നിലെ സമരമായതിനാൽ പൊലീസും ജാഗ്രത പുലർത്തുന്നുണ്ട്. ഒപ്പം ആർഎസ്എസുകാരും സമരത്തെ തടയാൻ ശ്രമിക്കും. കൊച്ചിയിലും സംഘപരിവാർ സംഘടനകളാണ് ചുംബന സമരത്തെ എതിർത്തത്. ഹൈദരാബാദിലും യുവമോർച്ച നുഴഞ്ഞു കയറി. അതുകൊണ്ട് തന്നെ ഡൽഹിയിലും പ്രതിഷേധം അക്രമത്തിലേക്ക് തിരിയുമെന്ന് കരുതുന്നവരുണ്ട്.

പൊലീസും പ്രതിഷേധത്തെ പിന്തുണയ്ക്കാൻ ഇടയില്ല. ഡൽഹിയിൽ നിലവിൽ രാഷ്ട്രപതി ഭരണമാണ്. അതിനാൽ പൊലീസിനെ കേന്ദ്ര സർക്കാരിന് സ്വാധീനിക്കാനും കഴിയും. ആർഎസ്എസ് ആസ്ഥാനത്തിന് മുന്നിലെ സമരമാകുമ്പോൾ കടുത്ത നിലപാട് കേന്ദ്ര സർക്കാരിന് എടുക്കേണ്ടിയും വരും. ആയിരത്തിലധികം പൊലീസിന് സമരത്തെ നേരിടാൻ നിയോഗിക്കുമെന്നാണ് സൂചന.

കോഴിക്കോട് ഡൗൺ ടൗൺ റെസ്റ്റോറന്റിൽ അനാശാസ്യം നടക്കുന്നുവെന്ന് ജയ്ഹിന്ദ് ചാനൽ റിപ്പോർട്ട് ചെയ്തതിനെത്തുടർന്ന് ബിജെപിയുവമോർച്ച പ്രവർത്തകർ ഹോട്ടൽ അടിച്ചുതകർത്തിരുന്നു. ഇതിനെ തുടർന്നാണ് സദാചാര പൊലീസുകാർക്കെതിരെ കൊച്ചിയിൽ ചുംബന സമരത്തിന് ആഹ്വാനം ചെയ്തത്. കിസ് ഓഫ് ലവ് എന്ന ഫേസ്‌ബുക്ക് പേജിലൂടെയായിരുന്നു പ്രചാരണം. ഇതിനെ പിന്തുണച്ചും എതിർത്തും നിരവധി പേർ രംഗത്തെത്തിയിരുന്നു. ഹൈദരാബാദിലും മുബൈയിലും കൊൽക്കത്തയിലും കിസ് ഓഫ് ലൗവിന് പിന്തുണയുമായി പ്രതിഷേധ സമരം നടന്നു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP