Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202115Saturday

അനുജനെ തൂക്കിയതിന് പകരം വീട്ടുമെന്ന് അമ്മയോട് ടൈഗർ മേമൻ; അക്രമം വേണ്ടെന്ന് മറുപടിയും; ഫോൺവിളിച്ചത് യാക്കൂബിന്റെ വധശിക്ഷയ്ക്ക് തൊട്ടുമുമ്പ്; തൂക്കു ശിക്ഷ ശരിവച്ച ജസ്റ്റീസ് ദീപക് മിശ്രയെ കൊല്ലുമെന്ന് ഭീഷണിക്കത്തും

അനുജനെ തൂക്കിയതിന് പകരം വീട്ടുമെന്ന് അമ്മയോട് ടൈഗർ മേമൻ; അക്രമം വേണ്ടെന്ന് മറുപടിയും; ഫോൺവിളിച്ചത് യാക്കൂബിന്റെ വധശിക്ഷയ്ക്ക് തൊട്ടുമുമ്പ്; തൂക്കു ശിക്ഷ ശരിവച്ച ജസ്റ്റീസ് ദീപക് മിശ്രയെ കൊല്ലുമെന്ന് ഭീഷണിക്കത്തും

മുംബൈ: അനുജൻ യാക്കൂബ് മേമന്റെ വധശിക്ഷയ്ക്ക് പ്രതികാരം ചെയ്യുമെന്ന് 1993ലെ മുംബൈ സ്‌ഫോടനക്കേസ് പ്രതി ടൈഗർ മേമൻ മുംബൈയിലെ വീട്ടിലേക്കു ഫോൺ വിളിച്ചു പറഞ്ഞു. ഈ ഫോൺ സംഭാഷണം മുംബൈ പൊലീസിന് ലഭിച്ചു. ഇതിന്റെ പശ്ചാത്തലത്തിൽ രാജ്യത്തുടനീളം സുരക്ഷ കർശനമാക്കാൻ ആഭ്യന്തര മന്ത്രാലയം ശുപാർശ ചെയ്തു. അതിനിടെ യാക്കൂബ് മേമന്റെ വധ ശിക്ഷ ശരിവച്ച സുപ്രീംകോടതി ജസ്റ്റീസ് ദീപക് മിശ്രയ്ക്ക് ഭീഷണിക്കത്ത് ലഭിച്ചു. എത്ര സുരക്ഷ ശക്തമാക്കിയാലും ദീപക് മിശ്രയെ കൊല്ലുമെന്നാണ് ഭീഷണി.

22 വർഷങ്ങൾക്കുശേഷമാണ് ടൈഗർ എന്ന മുഷ്താഖ് മേമന്റെ ശബ്ദം ഇന്ത്യൻ ഏജൻസികൾക്കു ലഭിക്കുന്നത്. മുംബൈയിലെ വീട്ടിലെ ലാൻഡ്‌ഫോണിലേക്കാണ് ടൈഗർ മേമന്റെ വിളിയെത്തിയത്. മൂന്നു മിനിറ്റ് നേരമാണ് സംഭാഷണം നീണ്ടുനിന്നത്. യാക്കൂബിനെ തൂക്കിലേറ്റുന്നതിനു ഒന്നര മണിക്കൂർ മുൻപായിരുന്നു ഇത്. ജൂലൈ 30ന് രാവിലെ ഏഴിനായിരുന്നു യാക്കൂബ് മേമനെ തൂക്കിലേറ്റിയത്. അന്നു രാവിലെയാണ് ഇരുവരുടെയും അമ്മയായ ഹനീഫ മേമനുമായാണ് ടൈഗർ മേമൻ ഫോണിൽ സംസാരിച്ചത്. പുലർച്ചെ 5.35നായിരുന്നു വിളിയെത്തിയത്. അതിന് 40 മിനിറ്റ് മുൻപാണ് യാക്കൂബിന്റെ വധശിക്ഷ ശരിവച്ച് സുപ്രീംകോടതി വിധിയെത്തിയത്. സഹോദരന്റെ വധശിക്ഷയിൽ സങ്കടപ്പെടേണ്ടതിനു പകരം പ്രതികാരമാണ് ടൈഗർ മേമന്റെ സംസാരത്തിലുണ്ടായിരുന്നത്.

അമ്മയോടും മറ്റൊരു കുടുംബാംഗത്തോടും മേമൻ സംസാരിച്ചു. ഇരുവരോടും പ്രതികാരനടപടികളെക്കുറിച്ചാണ് സംസാരിച്ചത്. വോയ്‌സ് ഓവർ ഇന്റർനെറ്റ് പ്രോട്ടോക്കോൾ (വിഒഐപി) സംവിധാനത്തിലാണ് ഫോൺ എത്തിയത്. എവിടുന്നാണ് മേമൻ വിളിച്ചതെന്നും ഐപി വിലാസവും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ഈ സംഭാഷണം പൊലീസ് റെക്കോർഡ് ചെയ്തിട്ടുണ്ട്. യാക്കൂബ് മേമൻ വിളിക്കുമ്പോൾ പൊലീസിനു തിരിച്ചറിയാത്ത ആരോ ഒരാളാണ് ഫോണെടുത്തത്. എന്നാൽ വിളിച്ചയാൾക്കും സംസാരിച്ചയാൾക്കും പരസ്പരം മനസ്സിലായിരുന്നു. അമ്മയ്ക്ക് ഫോൺ കൈമാറാൻ ഇയാളോട് മേമൻ ആവശ്യപ്പെട്ടു.

അമ്മ ആദ്യം ഫോണിൽ സംസാരിക്കാൻ മടിച്ചെങ്കിലും പിന്നീട് സംസാരിക്കുകയായിരുന്നു. യാക്കൂബിന്റെ മരണത്തിൽ പ്രതികാരം ചെയ്യുമെന്ന് യാക്കൂബ് അമ്മയോട് പറഞ്ഞു. ഹിന്ദിയിലായിരുന്നു ഇരുവരും തമ്മിലുള്ള സംസാരം. എന്നാൽ അക്രമം വേണ്ടയെന്ന് അമ്മ ടൈഗർ മേമനോടു പറയുന്നുണ്ട്. ആദ്യത്തെ സംഭവത്തോടെ എനിക്ക് യാക്കൂബിനെ നഷ്ടപ്പെട്ടു. ഇനി മറ്റാരും മരിക്കുന്നത് എനിക്കു കാണാൻ വയ്യ. എന്നാൽ താൻ പ്രതികാരം ചെയ്യുമെന്ന് മേമൻ വീണ്ടും പറയുന്നു. പിന്നീട് ഹനീഫ മറ്റൊരാൾക്ക് ഫോൺ കൈമാറി. ഇയാൾ ആരെന്നു തിരിച്ചറിഞ്ഞിട്ടില്ല. കുടുംബത്തിന്റെ കണ്ണീർ വെറുതെയായിപ്പോകില്ല എന്ന് ഇയാളോടു മേമൻ പറയുന്നു.

യാക്കൂബിന്റെ മരണത്തിനു ഉറപ്പായും പ്രതികാരം ചോദിക്കുമെന്ന് ടൈഗർ മേമൻ പറഞ്ഞു. ഇയാളുടെ ശബ്ദമാണിതെന്ന് മുംബൈയിലെയും ഡൽഹിയിലെയും സുരക്ഷാ ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചിട്ടുണ്ട്. അതേസമയം, ഇങ്ങനെയൊരു സംഭാഷണത്തെക്കുറിച്ച് അറിയില്ലെന്ന് മഹാരാഷ്ട്ര ആഭ്യന്തര അഡീഷനൽ ചീഫ് സെക്രട്ടറി കെ.പി. ബക്ഷി പറഞ്ഞു. മഹാരാഷ്ട്ര ഡിജിപിയോ കേന്ദ്ര ഏജൻസികളോ ഇതുസംബന്ധിച്ച് റിപ്പോർട്ടുകളൊന്നും തന്നിട്ടില്ലെന്നും ബക്ഷി കൂട്ടിച്ചേർത്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP