Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

അത്താഴ വിരുന്നിന് ശേഷം മോതിരം മാറുന്ന ദൃശ്യങ്ങൾ പകർത്താൻ സുഹൃത്തുക്കൾ ക്യാമറയുമായി തീരത്ത്; വിവാഹവാർഷികത്തിന് കടലിലിറങ്ങി മോതിരം മാറുന്നതിനിടെ തിരയിൽപ്പെട്ട് യുവതി മരിച്ചു

അത്താഴ വിരുന്നിന് ശേഷം മോതിരം മാറുന്ന ദൃശ്യങ്ങൾ പകർത്താൻ സുഹൃത്തുക്കൾ ക്യാമറയുമായി തീരത്ത്; വിവാഹവാർഷികത്തിന് കടലിലിറങ്ങി മോതിരം മാറുന്നതിനിടെ തിരയിൽപ്പെട്ട് യുവതി മരിച്ചു

മറുനാടൻ മലയാളി ബ്യൂറോ

ചെന്നൈ: വ്യത്യസ്തമായ രീതിയിൽ വിവാഹവാർഷികം ആഘോഷിക്കുന്ന ദമ്പതികൾ ധാരാളം നമ്മുടെ സമൂഹത്തിലുണ്ട്, ചിലർ സർപ്രൈസ് നൽകുന്നവരും, കാരണ്യപ്രവർത്തനങ്ങൾക്കും അങ്ങനെയെല്ലാം വ്യത്യസ്ത കൊണ്ട് വിവാഹവാർഷികം ആഘോഷിക്കുന്നവരുണ്ട്. എന്നാൽ തങ്ങളുടെ രണ്ടാം വിവാഹ വാർഷികത്തിന് കടലിലിറങ്ങി മോതിരം മാറുന്നതിനിടെ അപകടം. കടലിറങ്ങി മോതിരം മാറുന്നതിനിടെയാണ് തിരയിൽപ്പെട്ട് യുവതിക്ക് ദാരുണാന്ത്യം. കരയിലേക്ക് ഓടിക്കയറിയതിനാൽ ഭർത്താവ് രക്ഷപ്പെട്ടു. ചെന്നൈ പാലവാക്കം ബീച്ചിൽ കഴിഞ്ഞദിവസം അർധരാത്രിയായിരുന്നു സംഭവം.

വെല്ലൂർ സ്വദേശി വിഗ്‌നേഷിന്റെ ഭാര്യ വേണി ഷൈലയാണ് (27) മരിച്ചത്. വെല്ലൂർ സി.എം.സി. ആശുപത്രിയിൽ നഴ്സായിരുന്നു. ദമ്പതിമാർക്ക് ഒരുവയസ്സുള്ള ആൺകുട്ടിയുണ്ട്. കഴിഞ്ഞ ദിവസമായിരുന്നു ഇവരുടെ വിവാഹവാർഷികം. ഇതിന്റെ ആഘോഷത്തിനായാണ് വെല്ലൂരിൽനിന്ന് ഇവർ ചെന്നൈയിലെത്തിയത്. നീലാങ്കരയിലെ സുഹൃത്തിന്റെ വീട്ടിൽ താമസിച്ച ദമ്പതിമാർ സുഹൃത്തുക്കൾക്ക് രാത്രിയിൽ അത്താഴവിരുന്ന് നൽകി. ഇതിനുശേഷം അഞ്ചുകാറുകളിലായി സംഘം പാലവാക്കം ബീച്ചിലെത്തി.

തിരയടിക്കുന്നതിനാൽ കടലിൽ ഇറങ്ങരുതെന്ന് സംഘത്തിന് പൊലീസ് നിർദ്ദേശം നൽകിയിരുന്നു. എന്നാൽ, വിവാഹവാർഷികമാണെന്നും ആഴത്തിലേക്ക് പോവാതെ ഫോട്ടോയെടുത്തശേഷം തിരികെ കയറുമെന്നും ഇവർ അറിയിച്ചു. അർധരാത്രിയോടടുത്തപ്പോൾ കേക്ക് മുറിച്ചശേഷം ഫോട്ടോയെടുക്കുന്നതിനായി വിഗ്‌നേഷും വേണിയും കടലിലിറങ്ങി. വെള്ളത്തിൽനിന്ന് മോതിരം മാറുന്നതിന്റെ ദൃശ്യങ്ങൾ പകർത്താൻ ബന്ധുക്കളും സുഹൃത്തുക്കളും ക്യാമറയുമായി തീരത്ത് നിന്നു. ഇതിനിടയിലാണ് അപ്രതീക്ഷിതമായിവന്ന വലിയ തിരയിൽപ്പെട്ട് വേണി വെള്ളത്തിലേക്ക് വീണത്. വിഗ്‌നേഷ് കരയിലേക്ക് ഓടിക്കയറിയെങ്കിലും വേണിയെ കാണാതായി.

പൊലീസെത്തി മത്സ്യത്തൊഴിലാളികളുടെ സഹായത്തോടെ കടലിൽ തിരച്ചിൽ നടത്തി. എന്നാൽ, വേണിയെ കണ്ടെത്താനായില്ല. പുലർച്ചയോടെ യുവതിയുടെ മൃതദേഹം സമീപത്തുള്ള കൊട്ടിവാക്കം ബീച്ചിൽ തീരത്തടിഞ്ഞു. പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം വെല്ലൂരിലേക്ക് കൊണ്ടുപോയി. സംഭവത്തിൽ നീലാങ്കര പൊലീസ് കേസ് രജിസ്റ്റർചെയ്തു.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP