Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

കറുത്ത തുകൽ ആവരണം കൊണ്ട് സുരക്ഷിതമാക്കിയ ഇരുപത് കിലോ ഭാരമുള്ള ലോഹ ബ്രീഫ്‌കേസ്: പ്രസിഡന്റിനു വേണ്ടി ആക്രമണസജ്ജമായ അണ്വായുധങ്ങളുടെ രഹസ്യ കോഡുകൾക്ക് സുരക്ഷയൊരുക്കുന്നത് അംഗരക്ഷകരായ സൈനിക സംഘം; ട്രംപിനൊപ്പംതന്നെ വാർത്തകളിൽ നിറഞ്ഞ് ന്യൂക്ലിയർ ഫുട്ബോൾ എന്ന് തന്ത്രപ്രധാനമായ ബ്രീഫ്‌കെയ്‌സ്; സുരക്ഷാ ഉദ്യോഗസ്ഥരുടെ കൈയിലെ ആ ന്യൂക്ലിയർ ഫുട്‌ബോൾ കൂടുതൽ ചർച്ചയാകുമ്പോൾ

കറുത്ത തുകൽ ആവരണം കൊണ്ട് സുരക്ഷിതമാക്കിയ ഇരുപത് കിലോ ഭാരമുള്ള ലോഹ ബ്രീഫ്‌കേസ്: പ്രസിഡന്റിനു വേണ്ടി ആക്രമണസജ്ജമായ അണ്വായുധങ്ങളുടെ രഹസ്യ കോഡുകൾക്ക് സുരക്ഷയൊരുക്കുന്നത് അംഗരക്ഷകരായ സൈനിക സംഘം; ട്രംപിനൊപ്പംതന്നെ വാർത്തകളിൽ നിറഞ്ഞ് ന്യൂക്ലിയർ ഫുട്ബോൾ എന്ന് തന്ത്രപ്രധാനമായ ബ്രീഫ്‌കെയ്‌സ്; സുരക്ഷാ ഉദ്യോഗസ്ഥരുടെ കൈയിലെ ആ ന്യൂക്ലിയർ ഫുട്‌ബോൾ കൂടുതൽ ചർച്ചയാകുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി : ആദ്യമായി ഇന്ത്യ സന്ദർശിക്കാനെത്തിയ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ആണ് വാർത്തകളിലെ താരം. നമസ്‌തേ ട്രംപ് പരിപാടിയും ഏറെ ശ്രദ്ധ പിടിച്ചു പറ്റി. മോദിയും ട്രംപും നടത്തിയ പ്രസംഗവും ഏവരുടെയും കൈയടി നേടി. എന്നാൽ, രണ്ട് ദിവസത്തെ സന്ദർശനത്തിനെത്തിയ ട്രംപിനൊപ്പംതന്നെ വാർത്തകളിൽ നിറഞ്ഞു നിൽക്കുന്ന മറ്റൊന്നാണ് 'ന്യൂക്ലിയർ ഫുട്ബോൾ' എന്നത്. ശരിക്കും എന്താണ് ഈ 'ന്യൂക്ലിയർ ഫുട്ബോൾ'... അപരിചിതമായ ഈ വാക്കിന്റെ അർത്ഥം തിരയുന്നവരും നിരവധിയാണ്. ഒരു ബ്രീഫ്കെയ്സിനെയാണ് ന്യൂക്ലിയർ ഫുട്ബോൾ എന്നു വിളിക്കുന്നത്. താൻ അമേരിക്കയിൽ നിന്ന് അകലെയായിരിക്കുന്ന സമയത്ത് ലോകത്തെവിടെയും ഒരു ആണവയുദ്ധം നടത്താൻ അധികാരം നൽകാനുള്ള സാധനങ്ങളാണ് ബ്രീഫ്കെയ്സിലെ ഉള്ളടക്കം എന്നാണ് ഒരു വിഭാഗം നിരീക്ഷകർ വ്യക്തമാക്കുന്നത്. വൈറ്റ് ഹൗസ് സിറ്റ്‌വേഷൻ റൂം തുടങ്ങിയ കമാൻഡ് സെന്ററുകൾക്ക് ആണവയുദ്ധം നടത്താനുള്ള ആജ്ഞയിറക്കാനാണ് ന്യൂക്ലിയർ ഫുട്ബോൾ ഉപയോഗിക്കുന്നതെന്നും പറയപ്പെടുന്നു.

അമേരിക്കൻ പ്രതിരോധ സംവിധാനത്തിന്റെ തന്ത്രപ്രധാനമായ ഒരു 'മൊബൈൽ ഹബ്ബ്' എന്നു വേണമെങ്കിലും ന്യൂക്ലിയർ ഫുട്ബോളിനെ വിശേഷിപ്പിക്കാം. സാധാരണ അമേരിക്കൻ പ്രസിഡന്റിന്റെ അംഗരക്ഷകനോ അല്ലെങ്കിൽ എഡിസിയോ ആയിരിക്കും 'ന്യൂക്ലിയർ ഫുട്ബോൾ' കൈയിൽ വയ്ക്കുക. പ്രസിഡന്റിന്റെ പാർശ്വഭാഗത്ത് നടക്കുകയും ന്യൂക്ലിയർ ഫുട്ബോൾ കൈയിൽവയ്ക്കുകയും ചെയ്യുന്ന ആളാണ് എഡിസി. അമേരിക്കൻ പ്രസിഡന്റിന്റെ പേഴ്‌സണൽ അസിസ്റ്റന്റ് എന്ന വിശേഷണവും എഡിസിക്ക് ഉണ്ട്.

ന്യൂക്ലിയർ ഫുട്ബോൾ' എന്നറിയപ്പെടുന്ന ബ്രീഫ്കെയ്സിൽ പ്രധാനമായും നാല് ഭാഗങ്ങളാണ് ഉള്ളത്.
1-ഒരു ബ്ലാക് ബുക്ക്- ഏതെങ്കിലും രാജ്യം അക്രമിച്ചാൽ തിരിച്ചടിക്കാനുള്ള സാധ്യതകൾ എന്തെല്ലാമാണെന്നാണ് ഇതിലുള്ളത്.
2- ക്ലാസിഫൈഡ് സൈറ്റുകളുടെ ലിസ്റ്റ് അടങ്ങുന്ന ബുക്ക്.
3- എട്ട് മുതൽ പത്ത് കടലാസുകൾ വരെ അടങ്ങിയിരിക്കുന്ന ചണക്കടലാസ് ഫോൾഡർ. അടിയന്തര മുന്നറിയിപ്പുകൾ നൽകുന്നതിനു വേണ്ടിയുള്ള നടപടിക്രമങ്ങളാണ് ഇതിൽ.
4-ഒതന്റിക്കേഷൻ കോഡുകൾ അടങ്ങിയിട്ടുള്ള കാർഡ്.

ഡൈ്വറ്റ് ഡി. അയ്സൻഹോവർ മുതലുള്ള പ്രസിഡന്റുമാരാണ് ന്യൂക്ലിയർ ഫുട്ബോൾ ഉപയോഗിക്കുന്നത്. എന്നാൽ, ഇന്നത്തെ രീതിയിലുള്ള മാറ്റത്തിനു തുടക്കമിട്ടത് മുൻ പ്രസിഡന്റ് ജോൺ എഫ്. കെന്നഡിയാണ്. ക്യൂബൻ മിസൈൽ പ്രതിസന്ധിയാണ് ഇതിനു തുടക്കമിട്ടതെന്നാണ് പറയുന്നത്. ക്യൂബയിൽ ഉണ്ടായിരുന്ന സോവിയറ്റ് യൂണിയന്റെ കമാൻഡർ മോസ്‌കോയുടെ അനുവാദമില്ലാതെ മിസൈൽ തൊടുത്തേക്കുമോ എന്ന ഭീതിയായിരുന്നു ഇതിനു പിന്നിലെന്ന് സൂചന.

ആണവായുധം ഉപയോഗിക്കാൻ അമേരിക്കയുടെ കമാൻഡർ-ഇൻ-ചീഫ് കൂടിയായ പ്രസിഡന്റ് തീരുമാനിക്കുകയാണെങ്കിൽ അദ്ദേഹത്തെ സ്വകാര്യമായ ഒരിടത്തേക്ക് എഡിസി കൂട്ടിക്കൊണ്ടുപോകും. തുടർന്ന് ബ്രീഫ്കെയ്സ് തുറക്കും. തുടർന്ന് ഒരു കമാൻഡ് സിഗ്‌നൽ അല്ലെങ്കിൽ ജാഗ്രതാനിർദ്ദേശം അദ്ദേഹം തന്റെ ജോയിന്റ് ചീഫ്സ് ഓഫ് സ്റ്റാഫിന് അയയ്ക്കും. തുടർന്ന് ഏതെല്ലാം രീതിയിലായിരിക്കണം ആക്രമണം നടത്തേണ്ടതെന്ന് പ്രസിഡന്റ് തന്റെ പ്രതിരോധ സെക്രട്ടറി, ജോയിന്റ് ചീഫ്സ് ഓഫ് സ്റ്റാഫിന്റെ ചെയർമാൻ എന്നിവരുമായി കൂടിയാലോചിക്കും. ഒറ്റ ക്രൂസ് മിസൈൽ അയച്ചാൽ മതിയോ, പല ഭൂഖണ്ഡാന്തര മിസൈലുകൾ തന്നെ തൊടുക്കണോ എന്നൊക്കെ തീരുമാനിക്കും. ഇവയുടെ വരുംവരായ്കകളെല്ലാം നേരത്തെ തീർച്ചപ്പെടുത്തിയവയായിരിക്കും.

പ്രസിഡന്റിന്റെ ഉത്തരവ് മിലിറ്ററി പരിഗണിക്കുന്നതിനു മുൻപ് ഇതു പ്രസിഡന്റ് തന്നെയാണ് നടത്തിയിരിക്കുന്നതെന്ന് ഉറപ്പിക്കണം. ഇതിനായി ഒരു സവിശേഷ പ്ലാസ്റ്റിക് കാർഡ് ആണ് ഉപയോഗിക്കുന്നത്. ഇതിനെ ബിസ്‌കറ്റ് എന്നാണ് വിളിക്കുന്നത്. ആണവ യുദ്ധത്തിന്റെ കാര്യത്തിൽ പ്രസിഡന്റ് മാത്രമല്ല ഇടപെടുക, പ്രസിഡന്റാണ് ആണവായുധം പ്രയോഗിക്കാനുള്ള ഉത്തരവിടുന്നതെങ്കിലും ഇത് പ്രസിഡന്റ് തന്നെയാണ് ചെയ്തിരിക്കുന്നതെന്ന് ഉറപ്പുവരുത്തുന്നത് സെക്രട്ടറി ഓഫ് സ്റ്റേറ്റ്‌സ് ആണ്. അതായത് പുതിയ കാലത്തെ പ്രയോഗം വച്ചു പറഞ്ഞാൽ ടു ഫാക്ടർ ഓതന്റിക്കേഷൻ. എന്നാൽ, ഇതു വേണ്ടെന്നു പറയാനുള്ള അധികാരമൊന്നും സെക്രട്ടറി ഓഫ് സ്റ്റേറ്റ്‌സിനില്ല.

ന്യൂക്ലിയർ ഫുട്ബോൾ കൊണ്ടുനടക്കുന്നത് ഒരു സമയത്ത് ഒരാളാണെങ്കിലും അദ്ദേഹത്തിന്റെ ഡ്യൂട്ടി തീരുമ്പോൾ അടുത്തയാൾക്കായിരിക്കും ചുമതല. ഈ ചതുര ബാഗിന് എങ്ങനെയാണ് ഫുട്ബോൾ എന്ന പേരു വീണത് എന്ന കാര്യത്തിൽ വ്യക്തതയില്ല. അടുത്തകാലത്ത് ഉണ്ടായ മറ്റൊരുകാര്യം പറഞ്ഞാൽ, 2017ൽ ഫുട്ബോളും ചുമന്ന് ചൈനയിലേക്കു ചെന്നപ്പോൾ അവിടെയുള്ള സുരക്ഷാ ഉദ്യോഗസ്ഥരുമായി ബ്രീഫ്കെയ്സിന്റെ കാര്യത്തിൽ ട്രംപിന്റെ ഉദ്യോഗസ്ഥർക്ക് ചെറിയ വാഗ്വാദം നടത്തേണ്ടതായി വന്നുവെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP