Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

പശ്ചിമ ബംഗാളിലെ 'പശ്ചിമ' മാറുന്നു; ഇനി ബംഗാൾ മാത്രം: മമതയുടെ നിർദേശത്തിന് അംഗീകാരമായി

പശ്ചിമ ബംഗാളിലെ 'പശ്ചിമ' മാറുന്നു; ഇനി ബംഗാൾ മാത്രം: മമതയുടെ നിർദേശത്തിന് അംഗീകാരമായി

കൊൽക്കത്ത: പശ്ചിമ ബംഗാളിനെ പശ്ചിം ബംഗയാക്കിയ മമത ബാനർജി സർക്കാർ സംസ്ഥാനത്തിന്റെ പേരു വീണ്ടും മാറ്റുന്നു. പേരിലെ പശ്ചിമ മാറ്റി ഇനി 'ബംഗാൾ' എന്നു മാത്രമാകും സംസ്ഥാനത്തിന്റെ പേര്.

പശ്ചിമ ബംഗാളിനു മമത ബാനർജിയുടെ സർക്കാർ പുതിയ പേര് നൽകുന്ന കാര്യം സംസ്ഥാന പാർലമെന്ററിമന്ത്രി പാർഥ ചാറ്റർജിയാണ് അറിയിച്ചത്. ബംഗാൾ എന്നുമാത്രം ഉപയോഗിക്കാനാണു നിർദ്ദേശം നൽകിയിരിക്കുന്നത്.

സംസ്ഥാനത്തിന്റെയും ജനങ്ങളുടെയും പാരമ്പര്യവും സംസ്‌കാരവും പ്രോൽസാഹിപ്പിക്കുകയും അതിന്റെ താൽപ്പര്യങ്ങൾ ദേശീയ തലത്തിൽ എത്തിക്കുന്നതും ലക്ഷ്യമിട്ടാണ് ഇംഗ്ലീഷിൽ ബംഗാൾ എന്നും ബംഗാളിയിൽ ബംഗ എന്നോ ബംഗ്ല എന്നോ ഉപയോഗിക്കാനും തീരുമാനമായതെന്നാണു വിശദീകരണം. എന്നാൽ, സംസ്ഥാനങ്ങളുടെ അക്ഷരമാലക്രമത്തിൽ ഏറ്റവും പിറകിലായതാണു തീരുമാനത്തിനു പിന്നിലെന്ന വാർത്തയും പുറത്തുവരുന്നുണ്ട്. പ്രധാനമന്ത്രി കഴിഞ്ഞയാഴ്ച വിളിച്ചു ചേർത്ത മുഖ്യമന്ത്രിമാരുടെ സമ്മേളനത്തിൽ ഏറ്റവും ഒടുവിലാണു മമത ബാനർജിക്കു സംസാരിക്കാൻ അവസരം ലഭിച്ചത്. ഇതും പേരുമാറ്റത്തിനു പ്രചോദനമായെന്നാണു രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ.

പേരുമാറ്റുന്നതു ചർച്ച ചെയ്യാനായി ബംഗാൾ നിയമസഭാ സമ്മേളനം വിളിച്ചുചേർക്കാനൊരുങ്ങുകയാണു മമത സർക്കാർ. 29നും 30നുമാണ് സമ്മേളനം. 2011ൽ സമാനമായ സമ്മേളനം നടത്തി പശ്ചിമ ബംഗാളിനെ 'പശ്ചിം ബംഗ' എന്നാക്കാൻ മമത സർക്കാർ തീരുമാനിച്ചിരുന്നു. 1947ൽ ഇന്ത്യ വിഭജിക്കപ്പെട്ട് ബംഗാളിന്റെ കിഴക്കൻഭാഗം പൂർവ പാക്കിസ്ഥാനായി മാറിയപ്പോഴാണ് വെസ്റ്റ് ബംഗാൾ എന്ന പേര് ഔദ്യോഗികമായി ലഭിച്ചത്. കിഴക്കൻ ബംഗാൾ പൂർവ പാക്കിസ്ഥാനായി മാറിയപ്പോൾത്തന്നെ പടിഞ്ഞാറൻ ബംഗാൾ എന്ന പേരിലെ പടിഞ്ഞാറ് അപ്രസക്തമായിരുന്നു. 1971ൽ പൂർവ പാക്കിസ്ഥാൻ ബംഗ്ലാദേശായി മാറിയപ്പോഴും പശ്ചിമബംഗാൾ തുടർന്നു. പേരുമാറ്റം സംബന്ധിച്ച ചർച്ചകളിൽ വെസ്റ്റ് ബംഗാളിന്റെ വെസ്റ്റ് മാറ്റണമെന്നതായിരുന്നു പ്രധാന നിർദ്ദേശം. എന്നാൽ പടിഞ്ഞാറ് എന്നർഥം വരുന്ന പശ്ചിം മാറ്റി ബംഗ, ബംഗപ്രദേശ്, ബംഗഭൂമി എന്നീ പേരുകളിലൊന്ന് സ്വീകരിച്ചാൽ ബംഗ്ലാദേശ് എന്ന പേരുമായി സാദൃശ്യം വരുമെന്ന വാദവും ഉയർന്നിരുന്നു. അതിനാലാണ് പശ്ചിം ബംഗ എന്ന പേര് സ്വീകരിച്ചത്. നേരത്തെ ഇംഗ്ലീഷിൽമാത്രമാണ് വെസ്റ്റ് ബംഗാൾ എന്ന പേര് ഉപയോഗിച്ചിരുന്നത്. സംസ്ഥാനത്ത് ബംഗാളിയിൽ എഴുതുന്ന ബോർഡുകളിലെല്ലാം വെസ്റ്റ് ബംഗാളിനു പകരം 'പശ്ചിംബംഗ' എന്നുതന്നെയാണ് എഴുതുന്നത്.

ഇന്നത്തെ പശ്ചിമബംഗാൾ , ഒഡിഷ, ബിഹാർ, ഝാർഖണ്ഡ്, അസം, ത്രിപുര, ബംഗ്ലാദേശ് എന്നിവയടങ്ങുന്നതായിരുന്നു 1905 വരെയുള്ള അവിഭക്ത ബംഗാൾ. 1905 ഒക്ടോബർ 15ന് ബ്രിട്ടീഷ് വൈസ്രോയി ആയിരുന്ന കഴ്‌സൺ പ്രഭുവാണ് ബംഗാളിനെ വിഭജിച്ചത്. ഇന്നത്തെ ബംഗ്ലാദേശ്, അസം, ത്രിപുര എന്നിവ ചേർത്ത് പൂർവ ബംഗാൾ രൂപീകരിച്ചു. ബംഗാൾ ജനതയുടെ അഭിമാനത്തിനേറ്റ വലിയ ക്ഷതമായി ബംഗാൾ വിഭജനം കണക്കാക്കപ്പെട്ടു. വിഭജനത്തിനെതിരെ വലിയ പ്രക്ഷോഭം നടന്നു. ബംഗാളിലെ വിപ്ലവ ഗ്രൂപ്പുകൾ സജീവമായത് ഇതോടെയാണ്. ബംഗാൾവിഭജനത്തിനെതിരെ അക്കാലത്ത് രവീന്ദ്രനാഥ ടാഗോർ രചിച്ച എന്റെ സുവർണ ബംഗാൾ എന്നർഥമുള്ള 'അമാർ സോനാർ ബംഗ്ല' വംഗജനത ആവേശപൂർവം പാടിനടന്നു. ഈ ഗാനമാണ് ഇന്ന് ബംഗ്ലാദേശിന്റെ ദേശീയഗാനം. ശക്തമായ പ്രതിഷേധത്തെത്തുടർന്ന് 1911ൽ ബംഗാൾ വിഭജനം പിൻവലിച്ചെങ്കിലും അസം, ബിഹാർ , ഒഡീഷ പ്രദേശങ്ങൾ ബംഗാളിൽനിന്ന് ഒഴിവാക്കി ബംഗാളി ഭാഷ സംസാരിക്കുന്ന പ്രദേശങ്ങൾ മാത്രം ചേർത്ത് ബംഗാൾ രൂപീകരിച്ചു. 1947ലെ ബംഗാൾ വിഭജനം മതാടിസ്ഥാനത്തിലായിരുന്നു. പൂർവ പാക്കിസ്ഥാൻ രൂപീകരിക്കാൻ വേണ്ടിയായിരുന്നു ആ വിഭജനം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP