Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202126Tuesday

മതിൽ കെട്ടി മറച്ചാലും ദുർഗന്ധം മാറില്ല! ലക്ഷകണക്കിന് ലിറ്റർ വെള്ളം ഒഴുക്കി നദികളിലെയും ഓടകളിലെയും ദുർഗന്ധം മാറ്റുന്നു; പട്ടിണിയും ദാരിദ്രവും മറച്ച് വെച്ച് ട്രംപിനെ സ്വീകരിക്കുന്ന വാർത്തകൾ ഏറ്റെടുത്ത് അമേരിക്കൻ മാധ്യമങ്ങളും

മതിൽ കെട്ടി മറച്ചാലും ദുർഗന്ധം മാറില്ല! ലക്ഷകണക്കിന് ലിറ്റർ വെള്ളം ഒഴുക്കി നദികളിലെയും ഓടകളിലെയും ദുർഗന്ധം മാറ്റുന്നു; പട്ടിണിയും ദാരിദ്രവും മറച്ച് വെച്ച് ട്രംപിനെ സ്വീകരിക്കുന്ന വാർത്തകൾ ഏറ്റെടുത്ത് അമേരിക്കൻ മാധ്യമങ്ങളും

മറുനാടൻ മലയാളി ബ്യൂറോ

മഥുര: യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രെംപിന്റെ സന്ദർശനത്തിന് മുന്നോടിയായി നദിയിലെയും ഓടകളിലെയും ദുർഗന്ധവും മാലിന്യവും നീക്കാൻ പുതിയ തന്ത്രവുമായി
ഉത്തർപ്രദേശ് സർക്കാർ. സന്ദർശനത്തിന് മുന്നേ ഉത്തർപ്രദേശ് ജലസേചന വകുപ്പ് 500 ക്യുസെക്സ് വെള്ളം തുറന്നുവിട്ടു. 24 വരെ നദിയിലെ ജലനിരപ്പ് നിശ്ചിത അളവിൽ ക്രമീകരിക്കാനാണ് ജലസേചന വകുപ്പ് ലക്ഷ്യമിടുന്നതെന്ന് അധികൃതർ പറഞ്ഞു. ദുർഗന്ധം കുറയ്ക്കാൻ ഈ നടപടി ഒരു പരിധിവരെ സഹായിക്കുമെന്നാണ് കരുതുന്നതെന്ന് യു.പി മലിനീകരണ നിയന്ത്രണ ബോർഡ് അസിസ്റ്റന്റ് എൻജിനിയർ അരവിന്ദ് കുമാർ അഭിപ്രായപ്പെട്ടു. 500 ക്യുസെക്സ് ജലം തുറന്നുവിട്ടത് ഫലപ്രദമാകുമെന്നാണ് അധികൃതരുടെ വിലയിരുത്തൽ. നദിയിലെ ഓക്സിജന്റെ തോത് ഇതുമൂലം വർധിക്കും. ഇതുമൂലം യമുനയിലെ ജലം കുടിക്കാൻ കഴിയുന്നവിധം ശുദ്ധമാകുമെന്ന പ്രതീക്ഷയില്ല, എന്നാൽ ദുർഗന്ധം കുറയുമെന്നാണ് കരുതുന്നതെന്നും അധികൃതർ പറഞ്ഞു.

ഫെബ്രുവരി 23 മുതൽ 26 വരെയാണ് ട്രംപിന്റെ ഇന്ത്യാ സന്ദർശനം. ഡൽഹിക്ക് പുറമെ യുപിയിലെ ആഗ്രയും ഗുജറാത്തിലെ അഹമ്മദാബാദും ട്രംപ് സന്ദർശിച്ചേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാൽ, ഈ നടപടിമൂലം നദിക്ക് യാതൊരു പ്രയോജനവും ഉണ്ടാകില്ലെന്ന് യമുനാ നദിയുടെ ശുചീകരണത്തിനുവേണ്ടി പ്രവർത്തിക്കുന്ന സംഘടനയുടെ പ്രവർത്തകർ അഭിപ്രായം. അതേസമയം, അഹമ്മദാബാദിലെ ചേരി നിവാസികളെ ഒഴിപ്പിക്കുന്നതായി റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്.

ട്രംപും മോദിയും ചേർന്ന് ഉദ്ഘാടനം ചെയ്യാനിരിക്കുന്ന മോട്ടേറ സ്റ്റേഡിയത്തിന്റെ സമീപത്തുള്ള ചേരിയിൽ താമസിക്കുന്നവർക്കാണ് ഒഴിപ്പിക്കൽ നോട്ടീസ് നൽകിയത്. ഇന്ത്യൻ എക്സ്പ്രസ് ആണ് വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നതും. ചേരി നിവാസികളായ ഇരുനൂറോളം പേർക്കാണ് കുടിയൊഴിപ്പിക്കൽ നോട്ടീസ് ലഭിച്ചിരിക്കുന്നത്. നിർമ്മാണത്തൊഴിലാളികളാണ് ഇവർ. ഇരുപത് വർഷത്തിലധികമായി ഇവിടത്തെ താമസക്കാരാണ് ഇവർ. എത്രയും പെട്ടെന്ന് താമസ സ്ഥലം വിട്ടുപോകണമെന്ന് അഹമ്മദാബാദ് മുനിസിപ്പൽ കോർപറേഷൻ അധികൃതർ നേരിട്ടെത്തി അറിയിച്ചതായി ചേരിനിവാസികൾ പറയുന്നു. അമേരിക്കൻ പ്രസിഡന്റിന്റെ സന്ദർശനത്തിന്റെ ഭാഗമായാണ് നടപടിയെന്ന് അധികൃതർ പറഞ്ഞതായും അവർ വ്യക്തമാക്കി മാധ്യമങ്ങൾക്ക് മുമ്പിൽ പറഞ്ഞു.

മോട്ടേറ സ്റ്റേഡിയത്തിന് 1.5 കിലോമീറ്റർ അകലെയാണ് ഈ ചേരി സ്ഥിതി ചെയ്യുന്നതും സ്റ്റേഡിയത്തിലേയ്ക്ക് എത്തിച്ചേരുന്ന വിസാത്- ഗാന്ധിനഗർ ഹൈവേയുടെ സമീപത്താണ് ഇത്. 64 കുടുംബങ്ങളാണ് ഇവിടെയുള്ളത്. ഇതിൽ 45 കുടുംബങ്ങൾക്കാണ് നോട്ടീസ് ലഭിച്ചിരിക്കുന്നത്. ഓരോ കുടുംബത്തിലും നാലോ അതിലധികമോ അംഗങ്ങളുണ്ട്. ചുരുങ്ങിയ സമയംകൊണ്ട് എവിടേയ്ക്ക് താമസം മാറുമെന്ന ആശങ്കയിലാണ് തങ്ങളെന്ന് ചേരിനിവാസികൾ പറയുന്നു.

ഏഴ് ദിവസത്തിനകം ചേരി ഒഴിയണമെന്നാണ് ഫെബ്രുവരി 11ന് പുറപ്പെടുവിച്ചിരിക്കുന്ന നോട്ടീസിൽ പറയുന്നത്. ഏതെങ്കിലും തരത്തിലുള്ള ആക്ഷേപങ്ങളുണ്ടെങ്കിൽ ബുധനാഴ്ചക്കു മുൻപായി അധികൃതരെ സമീപിക്കണമെന്നും നോട്ടീസിൽ പറയുന്നു. എന്നാൽ 17ന് ആണ് ചേരിനിവാസികൾക്ക് നോട്ടീസ് നൽകിയത്. കണക്കു പ്രകാരം താമസക്കാർക്ക് ഒഴിയാനുള്ള അവസാന ദിവസം ഫെബ്രുവരി 18 ആണ്. ഫെബ്രുവരി 24ന് ആണ് സ്റ്റേഡിയത്തിൽ നമസ്തേ ട്രംപ് എന്ന പേരിൽ പരിപാടി നടക്കുന്നത്.

അതേസമയം, ചേരി നിവാസികൾക്ക് നോട്ടീസ് നൽകിയതിന് ട്രംപിന്റെ സന്ദർശനവുമായി ബന്ധമില്ലെന്ന് കോർപറേഷൻ അധികൃതർ വ്യക്തമാക്കുന്നു. കോർപറേഷന്റെ നഗരാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുന്ന സ്ഥലത്താണ് ചേരി സ്ഥിതിചെയ്യുന്നതെന്നും ചേരിനിവാസികൾ അവിടെ അതിക്രമിച്ചു കടന്ന് താമസമുറപ്പിച്ചതാണെന്നുമാണ് കോർപറേഷന്റെ നിലപാട്. ട്രംപിന്റെ സന്ദർശന പാതയിലെ ചേരി അഹമ്മദാബാദ് മുനിസിപ്പൽ കോർപറേഷൻ മതിൽ കെട്ടി മറയ്ക്കുന്നത് വലിയ വിവാദമായതിനു പിന്നാലെയാണ് പുതിയ നടപടികൾ എത്തിയിരിക്കുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP