Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202031Saturday

പ്രതിഷേധത്തിനു നടുനായകത്വം വഹിക്കാൻ ഇന്ത്യയിൽ വേറെ ആണുങ്ങൾ ആരുമില്ല; 93-ാം വയസിൽ ജെഎൻയു സമരത്തിന് ആവേശം പകരാൻ വി എസ് പോകുന്നു; ജനനായകനെ കാത്തു വിദ്യാർത്ഥികൾ

പ്രതിഷേധത്തിനു നടുനായകത്വം വഹിക്കാൻ ഇന്ത്യയിൽ വേറെ ആണുങ്ങൾ ആരുമില്ല; 93-ാം വയസിൽ ജെഎൻയു സമരത്തിന് ആവേശം പകരാൻ വി എസ് പോകുന്നു; ജനനായകനെ കാത്തു വിദ്യാർത്ഥികൾ

ന്യൂഡൽഹി: ഈ 93-ാം വയസിലും വി എസ് എന്ന രണ്ടക്ഷരം ജനങ്ങൾക്ക് ആവേശം പകരുന്നതാണ്. കേരളത്തിന്റെ പ്രതിപക്ഷ നേതാവായ ഈ കമ്യൂണിസ്റ്റുകാരൻ ഇനി ദേശീയതലത്തിൽ തന്നെ പ്രക്ഷോഭങ്ങൾക്കു നേതൃത്വം വഹിക്കും. പ്രായത്തിന്റെ തളർച്ച ബാധിക്കാത്ത ഈ നേതാവ് അന്താരാഷ്ട്ര തലത്തിൽ തന്നെ ശ്രദ്ധനേടിയ ജെഎൻയു സമരത്തിന്റെ മുൻപന്തിയിലേക്കാണു പോകുന്നത്.

ജവഹർലാൽ നെഹ്‌റു സർവകലാശാലയിലേക്കു വി എസ് അച്യുതാനന്ദന്റെ വരവും കാത്തിരിക്കുകയാണു പ്രക്ഷോഭത്തിൽ പങ്കെടുക്കുന്ന വിദ്യാർത്ഥി സമൂഹം. സിപിഐ(എം) കേന്ദ്ര കമ്മിറ്റി യോഗത്തിൽ പങ്കെടുക്കുന്നതിനായി വി എസ് ഡൽഹിയിലുണ്ടിപ്പോൾ.

അദ്ദേഹം ഇന്നു തന്നെ ജെഎൻയു ക്യാമ്പസ് സന്ദർശിക്കാനാണ് ആദ്യം തീരുമാനിച്ചിരുന്നത്. എന്നാൽ, സുരക്ഷാ കാരണങ്ങൾ കൊണ്ട് ഇത് മാറ്റുകയായിരുന്നു. തിരികെ കേരളത്തിലേക്ക് മടങ്ങുന്നതിന് മുൻപ് ജെഎൻയു സന്ദർശിച്ച് വിദ്യാർത്ഥികളോട് അദ്ദേഹം ഐക്യദാർഢ്യം അറിയിക്കുമെന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരം. സിപിഐ(എം) നേതാവ് ടി എം തോമസ് ഐസക് എംഎൽഎ ജെഎൻയു സന്ദർശിച്ചിരുന്നു.

തൊണ്ണൂറുകൾ പിന്നിട്ടിട്ടും യുവത്വത്തിന്റെ പ്രസരിപ്പോടെ പ്രക്ഷോഭങ്ങളിൽ പങ്കെടുക്കുന്ന വി എസിന്റെ സാന്നിധ്യം ഒന്നുകൊണ്ടുമാത്രം വിവിധ സമരങ്ങൾ വൻ വിജയമായിട്ടുണ്ട്. അടുത്തിടെ മൂന്നാറിൽ നടന്ന പൊമ്പിള ഒരുമൈ സമരത്തിനൊടുവിൽ വി എസ് നേരിട്ടെത്തിയപ്പോഴാണ് തീരുമാനമെടുക്കാൻ സർക്കാർ നിർബന്ധിതമായത്. സ്ത്രീത്തൊഴിലാളികൾക്കൊപ്പം മൂന്നാറിലെ കാലാവസ്ഥയും ആരോഗ്യസ്ഥിതിയും കണക്കിലെടുക്കാതെ വി എസ് പോർമുഖത്തെത്തിയിരുന്നു. മറ്റു നേതാക്കളെ ആട്ടിയോടിച്ചപ്പോഴും വി എസിനെ മാത്രമാണ് തൊഴിലാളികൾ ആർപ്പുവിളികളോടെ സ്വീകരിച്ചത്.

എൻഡോസൾഫാൻ ഇരകൾ സെക്രട്ടറിയറ്റു പടിക്കൽ നടത്തിയ സമരം ഒടുവിൽ ഫലം കണ്ടതും വി എസിന്റെ ഇടപെടലിനെത്തുടർന്നാണ്. വി എസ് സമരപ്പന്തലിലെത്തി അവർക്കൊപ്പം പോരാട്ടം തുടർന്നപ്പോഴാണ് ചർച്ചയ്ക്കു സർക്കാർ തയ്യാറായതു തന്നെ. എൻഡോസൾഫാൻ ഇരകൾക്ക് അനുകൂലമായി നിലപാടെടുക്കാൻ സർക്കാരിനെ പ്രേരിപ്പിച്ചതും വി എസിന്റെ സാന്നിധ്യമാണ്.

രാജ്യാന്തരതലത്തിൽത്തന്നെ ജെഎൻയു വിഷയം ചർച്ചയായിരിക്കെയാണു വി എസ് പ്രക്ഷോഭവേദിയിൽ എത്തുന്നത്. അഫ്‌സൽ ഗുരു അനുസ്മരണ ദിനത്തിൽ സർവ്വകലാശാലയിൽ സംഘടിപ്പിച്ച പരിപാടിയുമായി ബന്ധപ്പെട്ട് വിദ്യാർത്ഥി യൂണിയൻ പ്രസിഡന്റ് കനയ്യ കുമാറടക്കം പത്തോളം വിദ്യാർത്ഥികളെ രാജ്യദ്രോഹ കുറ്റം ചുമത്തി അറസ്റ്റ് ചെയ്തിരുന്നു. റാലിക്കിടെ ദേശ വിരുദ്ധ മുദ്രാവാക്യങ്ങൾ ഉയർത്തിയെന്നാരോപിച്ചാണ് ഇവർക്കെതിരെ കേസ്. ഇതിൽ പ്രതിഷേധിച്ചാണു വിദ്യാർത്ഥികളും അദ്ധ്യാപകരും ജെഎൻയുവിൽ സമരം നടത്തുന്നത്. എന്നാൽ ദേശവിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയിട്ടില്ലെന്ന് അറസ്റ്റിലായ കനയ്യ കുമാർ കോടതിയിൽ വ്യക്തമാക്കിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP