Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

സയൻസ് അദ്ധ്യാപികയായി രേഖകളിലുള്ളത് 25 സ്കൂളുകളിൽ; എല്ലാ സ്കൂളുകളിൽ നിന്നും ശമ്പളം എത്തുന്നത് ഒരേ അക്കൗണ്ടിലേക്കും; 13 മാസം കൊണ്ട് അനാമിക സമ്പാദിച്ചത് ഒരു കോടിയോളം രൂപയും; കസ്തൂർബ ​ഗാന്ധി ബാലിക വിദ്യാലയത്തിലെ തട്ടിപ്പ് കണ്ട് അമ്പരന്ന് അധികൃതർ

സയൻസ് അദ്ധ്യാപികയായി രേഖകളിലുള്ളത് 25 സ്കൂളുകളിൽ; എല്ലാ സ്കൂളുകളിൽ നിന്നും ശമ്പളം എത്തുന്നത് ഒരേ അക്കൗണ്ടിലേക്കും; 13 മാസം കൊണ്ട് അനാമിക സമ്പാദിച്ചത് ഒരു കോടിയോളം രൂപയും; കസ്തൂർബ ​ഗാന്ധി ബാലിക വിദ്യാലയത്തിലെ തട്ടിപ്പ് കണ്ട് അമ്പരന്ന് അധികൃതർ

മറുനാടൻ മലയാളി ബ്യൂറോ

ലക്നൗ: 25 സ്കൂളുകളിൽ ഒരേ സമയം പഠിപ്പിച്ച സയൻസ് ടീച്ചറെ കണ്ടെത്താനാകാതെ അധികൃതർ. ഉത്തർപ്രദേശിലെ കസ്തൂർബ ​ഗാന്ധി ബാലിക വിദ്യാലയങ്ങളിലാണ് ഒരേസമയം 25 സ്കൂളുകളിൽ ഒരു യുവതി പഠിപ്പിച്ച് ശമ്പളം പറ്റിയതായി രേഖകളുള്ളത്. എന്നാൽ ഇത് എങ്ങനെ സാധ്യമായി എന്ന് കണ്ടെത്താൻ അധികൃതർക്ക് ഇനിയും കഴിഞ്ഞിട്ടില്ല. മണിപ്പുർ സ്വദേശിയായ അനാമിക ശുക്ലയുടെ ബാങ്ക് അക്കൗണ്ടിലേക്ക് 13 മാസം കൊണ്ട് ശമ്പളയിനത്തിൽ എത്തിയത് ഒരു കോടിയോളം രൂപയാണ്. ലോക്ഡൗൺ ആയതിനാൽ ഇവരുടെ വിവരങ്ങളൊന്നും കണ്ടുപിടിക്കാനാകുന്നില്ലെന്നാണ് അധികൃതർ പറയുന്നത്.

ഉത്തർപ്രദേശിൽ ദുർബലവിഭാഗങ്ങളിലെ പൊൺകുട്ടികൾക്കു വേണ്ടി നടത്തുന്ന കസ്തുർബ ഗാന്ധി ബാലിക വിദ്യാലയത്തിലാണു തട്ടിപ്പ് നടന്നത്. അദ്ധ്യാപകരുടെ ഡേറ്റാ ബേസ് പുറത്തുവന്നതോടെയാണു തട്ടിപ്പു പുറത്തുവരുന്നത്. ഒരേസമയം വിവിധ സ്കൂളുകളിൽ ജോലി ചെയ്യുകയെന്നത് സാധാരണനിലയിൽ സാധ്യമായ ഒന്നല്ല. അതിനാൽ എങ്ങനെയാണ് മണിപ്പുർ സ്വദേശിയായ അനാമിക ശുക്ല ഇത്തരമൊരു തട്ടിപ്പ് നടത്തിയതെന്ന് അറിയാൻ അന്വേഷണം തുടങ്ങി. പ്രേരണ പോർട്ടൽ വഴി ഓൺലൈനായിട്ടാണ് അറ്റൻഡൻസ് ശരിയാക്കുന്നത്. എന്നിട്ടും എങ്ങനെയാണ് ഇവർ ഇത്തരത്തലൊരു തട്ടിപ്പുനടത്തിയത്. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തണമെന്ന് സ്കൂൾ വിദ്യാഭ്യാസവകുപ്പ് ഡയറക്ടർ ജനറൽ വിജയ് കിരൺ ആനന്ദ് പറഞ്ഞു. സംഭവത്തിൽ അന്വേഷണം നടക്കുന്നുണ്ട്. ആരോപണം സത്യമെന്നു കണ്ടെത്തിയാൽ ഇവർക്കെതിരെ കേസെടുക്കുമെന്നും ആനന്ദ് പറഞ്ഞു.

അനാമികയുടെ ശരിക്കുമുള്ള പോസ്റ്റിങ് എവിടെയാണെന്ന് ഇതുവരെ കണ്ടെത്താനായിട്ടില്ല. പരാതി ലഭിച്ചിരിക്കുന്ന ജില്ലകളിൽനിന്ന് കുറച്ചെങ്കിലും വിവരങ്ങൾ കിട്ടുന്നത്. അംബേദ്കർ നഗർ, ബഗ്പത്, അലിഗഡ്, ഷഹറൻപൂർ, പ്രയാഗ്‌രാജ് തുടങ്ങിയ സ്കൂളുകളിലായിരുന്നു ഇവർ തട്ടിപ്പു നടത്തിയത്. കോൺട്രാക്ട് അടിസ്ഥാനത്തിൽ നിയമിക്കപ്പെടുന്ന അദ്ധ്യാപകർക്ക് 30,000 രൂപയാണ് മാസശമ്പളം. ഓരോ ജില്ലയിലെ ഓരോ ബ്ലോക്കിലും ഒരു ബാലിക വിദ്യാലയമാണുള്ളത്.

എല്ലാ സ്കൂളുകളിലും ഒരേ ബാങ്ക് അക്കൗണ്ട് തന്നെയാണ് അനാമിക നൽകിയിരുന്നത്. അദ്ധ്യാപകരുടെ സ്വകാര്യ വിവരങ്ങളടക്കം നൽകുന്ന മാനവ് സംപദ പോർട്ടലിൽ വിവരങ്ങൾ നൽകുമ്പോഴാണ് തട്ടിപ്പിന്റെ വിവരം പുറത്തുവരുന്നത്. ഒരേ വിവരങ്ങൾ അടങ്ങുന്ന അനാമിക ശുക്ല 25 സ്കൂളുകളിൽ പഠിപ്പിക്കുന്നതായിട്ടാണ് രേഖയിൽ കാണിച്ചിരുന്നത്. റായ്ബറേലിയിലെ ബാലിക വിദ്യാലയത്തിലാണ് അനാമിക അവസാനം ജോലി ചെയ്തത്. റായ്ബറേലിയിൽനിന്ന് പരാതി ലഭിച്ചിരുന്നില്ല. എന്നാൽ അന്വേഷണത്തിൽ ഇതു കണ്ടെത്തിയതോടെ ഇവരുടെ ശമ്പളം നിർത്തിവച്ചു. തുടരന്വേഷണം നടത്തിയെങ്കിലും വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP