Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വഴിയരുകിൽ ഇരുന്ന വയോധികന്റെ ടൈപ്പ് റൈറ്റർ ചവിട്ടിപ്പൊട്ടിച്ച ചിത്രങ്ങൾ വൈറലായപ്പോൾ പൊലീസുകാരന് സസ്‌പെൻഷൻ; ഫോട്ടോഗ്രാഫർക്കു കയ്യടി; പകരം ടൈപ്പ് റൈറ്റർ വാങ്ങി വീട്ടിൽ കൊണ്ടു കൊടുത്ത് ഉന്നത പൊലീസ് ഉദ്ദ്യോഗസ്ഥർ

വഴിയരുകിൽ ഇരുന്ന വയോധികന്റെ ടൈപ്പ് റൈറ്റർ ചവിട്ടിപ്പൊട്ടിച്ച ചിത്രങ്ങൾ വൈറലായപ്പോൾ പൊലീസുകാരന് സസ്‌പെൻഷൻ; ഫോട്ടോഗ്രാഫർക്കു കയ്യടി; പകരം ടൈപ്പ് റൈറ്റർ വാങ്ങി വീട്ടിൽ കൊണ്ടു കൊടുത്ത് ഉന്നത പൊലീസ് ഉദ്ദ്യോഗസ്ഥർ

ലഖ്‌നൗ : സ്വന്തം ജീവിതം ചവിട്ടിത്തെറിപ്പിക്കല്ലേ എന്നു യാചിച്ച് കൈകൂപ്പി നിൽക്കുന്ന വയോധികന്റെ ദൈന്യത ആ നിയമപാലകൻ തിരിച്ചറിഞ്ഞില്ല. പകരം കൃഷ്ണകുമാർ എന്ന ആ മനുഷ്യന്റെ ഏക ഉപജീവന മാർഗ്ഗമായ ടൈപ്പ്‌റൈറ്റർ അയാളുടെ ബൂട്ട്‌സ് ഇട്ട കാലുകൾ ചവിട്ടി തെറിപ്പിച്ചു. വയോധികന്റെ നിസ്സഹായാവസ്ഥ ഫോട്ടോഗ്രാഫർ പകർത്തി പ്രചരിച്ചപ്പോൾ അത് കണ്ടവരുടെ മുഴുവൻ കരളലിയിച്ചു. ക്ഷമാപണവും പുതിയ ടൈപ്പ് റൈറ്ററുമായി കളക്ടറേയും ഉന്നത പൊലീസ് മേധാവിയേയും കൃഷ്ണ കുമാറിന്റെ വീട്ടിലെത്തിച്ചത് സോഷ്യൽ മീഡിയ എഫക്ട്.

ലഗ്‌നൗ ബേർലിയിലെ ജനറൽ പോസ്റ്റ് ഓഫീസിന് മുന്നിൽ 35 വർഷമായി ടൈപ്പ്‌റൈറ്റർ ജോലി ചെയ്യുന്ന 65കാരന് നേരെയാണ് പൊലീസ് ഉദ്യോഗസ്ഥൻ അതിക്രമം നടത്തിയത് . സംഭവം വിവാദമായതോടെ പൊലീസ് ഉദ്യോഗസ്ഥനെ സസ്‌പെന്റ് ചെയ്തു. സ്ഥലത്ത് നിന്ന് ഒഴിഞ്ഞു പോവണമെന്ന് സബ്ഇൻസ്‌പെക്ടർ പ്രദീപ് കുമാർ ഇദ്ദേഹത്തോട് ആവശ്യപ്പെടുകയായിരുന്നു. എന്നാൽ തനിക്ക് പോവാൻ മറ്റൊരിടമില്ലെന്ന് കൃഷ്ണകുമാർ മറുപടി നൽകി. തുടർന്ന് ഇയാൾ കൃഷ്ണ കുമാറിനെ അസഭ്യം പറയുകയും ചെയ്തു. ഏകവരുമാനമാർഗമായ ടൈപ്പ്‌റൈറ്റർ നിർദാക്ഷിണ്യം ചവിട്ടിത്തെറിപ്പിച്ചു. തകർക്കരുതെന്ന് വയോധികൻ തൊഴുകൈകളോടെ അപേക്ഷിച്ചെങ്കിലും എസ് ഐ അത് ചെവിക്കൊണ്ടില്ല. ഇനി ഒരിക്കലും അവിടെ ഇരിക്കില്ല എന്നു പറഞ്ഞ് കാലു പിടിച്ചിട്ടും തന്റെ ടൈപ്പ് റൈറ്റർ എസ്.ഐ ചവിട്ടിപ്പൊളിക്കുകയായിരുന്നുവെന്ന് കൃഷണകുമാർ മാദ്ധ്യമങ്ങളോട് പറഞ്ഞു.

ഈ രംഗങ്ങൾ ക്യാമറയിൽ പകർത്തിയ ഒരു ഫ്രീലാൻസ് ഫോട്ടോഗ്രാഫർ ചിത്രങ്ങൾ ഓൺലൈനിൽ പോസ്റ്റ് ചെയ്തു. തുടർന്ന്, സോഷ്യൽ മീഡിയയിൽ ഈ സംഭവത്തിൽ രൂക്ഷമായ പ്രതികരണം ഉണ്ടാക്കി. വയോധികന്റെ ഉപജീവന മാർഗമായ ടൈപ്പ് റൈറ്റർ തകർക്കുന്ന പൊലീസിന്റെ ഗുണ്ടായിസത്തിന്റെ ചിത്രങ്ങൾ പകർത്തിയത് അശുതോഷ് ത്രിപാഠി എന്ന ഫോട്ടോഗ്രാഫർ ആയിരുന്നു. ദൈനിക് ഭാസ്‌കർ എന്ന മാദ്ധ്യമത്തിലാണ് ഈ ചിത്രങ്ങൾ ആദ്യം പ്രസിദ്ധീകരിച്ചത്. അശുതോഷിന്റെ വാർത്താ ചിത്രം ദേശീയ തലത്തിൽ ചർച്ചയായതോടെ ഈ യുവ ഫോട്ടോഗ്രാഫറെ അഭിനന്ദിച്ച് നിരവധി പേർ രംഗത്തു വന്നിട്ടുണ്ട്.

മാത്രമല്ല നിരവധി പ്രമുഖർ പൊലീസുകാരനെ സസ്‌പെന്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടു കൊണ്ടും രംഗത്തു വന്നു. ദൃശ്യങ്ങൾ വൈറലായതോടെ മുഖ്യമന്ത്രി അഖിലേഷ് യാദവ് ഇടപെട്ടു; ഇൻസ്‌പെക്ടറെ സസ്‌പെൻഡ് ചെയ്തു. പ്രായമുള്ള ഒരു മനുഷ്യനോട് ഇത്ര മോശമായി പെരുമാറിയതിൽ മുഖ്യമന്ത്രി കോപാകുലനായി. കലക്ടറോടും എസ്‌പിയോടും ആളെ കണ്ടുപിടിച്ച് ഉടൻ സഹായം നൽകണമെന്നു നിർദേശിച്ചു. രാത്രിയോടെതന്നെ കലക്ടർ രാജശേഖറും എസ്‌പി രാജേഷ് പാണ്ഡെയും ചേർന്ന് ഇംഗ്ലിഷ്, ഹിന്ദി ഭാഷകളിൽ ടൈപ്പ് ചെയ്യാവുന്ന രണ്ടു ടൈപ്പ്‌റൈറ്ററുകൾ കൃഷ്ണകുമാറിന്റെ വീട്ടിലെത്തിച്ചു. ഇതിന്റെ ദൃശ്യങ്ങൾ മുഖ്യമന്ത്രി പിന്നീട് ട്വീറ്റ് ചെയ്തു.

ലക്‌നൗ ജനറൽ പോസ്റ്റ് ഓഫിസിനു മുന്നിലാണ് കൃഷ്ണകുമാർ തെരുവോരത്തിരുന്ന് തന്റെ പഴയ ടൈപ്പ്‌റൈറ്റർ ഉപയോഗിച്ചു ജീവിതമാർഗം തേടിയിരുന്നത്. പോസ്റ്റ് ഓഫീസിൽ എത്തുന്നവരുടെ ആവശ്യപ്രകാരം അവർക്ക് വേണ്ട കാര്യങ്ങൾ ടൈപ്പ് ചെയ്തുകൊടുത്താണ് ഇദ്ദേഹം ജീവിച്ചിരുന്നത്.ഹിന്ദിയിലുള്ളവയാണ് കുമാർ ടൈപ്പ് ചെയ്തുകൊടുത്തിരുന്നത്. ദിവസം 50 രൂപ വരുമാനം നേടാൻ 5000 രൂപ കടം വാങ്ങിയാണ് ഇദ്ദേഹം ടൈപ്പ് റൈറ്റർ വാങ്ങിയത്. സാങ്കേതിക വിദ്യ വികസിച്ചതോടെ ടൈപ്പ് റൈറ്റിംഗിന് ആവശ്യക്കാർ കുറയുകയും ചെയ്തു.

ഫുട്പാത്തിൽ കച്ചവടം ചെയ്യുന്നവർ ഒരു പരിധി വരെ പബ്ലിക്കിന് ശല്ല്യമായി മാറാറുണ്ട്. എന്നാൽ അവരും മനുഷ്യരാണെന്ന് പലപ്പോഴും അധികൃതർ കണക്കാക്കാറില്ല എന്നു സോഷ്യൽ മീഡിയ വിലയിരുത്തി. ചിത്രങ്ങൾ ഇപ്പോഴും സോഷ്യൽ മീഡിയയിൽ ചർച്ചയാവുകയാണ്.

പടി കൊടുക്കാത്തതു കൊണ്ടാണ് വയോധികനെ ആക്രമിച്ചതെന്നും റിപ്പോർട്ടുകൾ ഉണ്ട്. എന്നാൽ സുരക്ഷാ കാരണങ്ങളാലാണ് വയോധികനെതിരെ ഇങ്ങനെയൊരു നടപടി സ്വീകരിച്ചത് എന്നാണ് പൊലീസ് ഉദ്ദ്യോഗസ്ഥർ നൽകിയ വിശദീകരണം. ഇതിനെതിരെയും സോഷ്യൽ മീഡിയയിൽ പ്രതിഷേധം ശക്തമാവുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP