Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202024Saturday

ബലാത്സംഗത്തിന് ശേഷം ക്ഷീണിച്ച് ഉറങ്ങിപ്പോയി എന്ന യുവതിയുടെ വാദം ഇന്ത്യൻ സ്ത്രീക്ക് യോജിച്ച പ്രവൃത്തിയല്ല; ബലാത്സംഗം ആണ് നടന്നതെങ്കിൽ സ്ത്രീ ഇങ്ങനെ അല്ല പ്രതികരിക്കുക; അപായത്തിൽപെട്ടിരിക്കുക ആണെന്ന് പൊതു ജനങ്ങളെയോ പൊലീസിനെയോ അറിയിക്കാൻ ഉള്ള ശ്രമവും യുവതിയുടെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ല; ബലാത്സംഗ കേസിൽ പരാതിക്കാരിയെ ശകാരിച്ച് കർണാടക ഹൈക്കോടതി; പ്രതിക്ക് ജാമ്യം

മറുനാടൻ ഡെസ്‌ക്‌

ബെംഗളൂരു: ബലാത്സംഗം ചെയ്ത പുരുഷന് ഒപ്പം ഉറങ്ങുന്നത് ഇന്ത്യൻ സ്ത്രീക്ക് യോജിച്ച പ്രവൃത്തിയല്ലെന്ന് കർണാടക ഹൈക്കോടതി. ബലാത്സംഗ കേസിൽ ബെംഗളൂരുവിലെ ഒരു സ്ഥാപന ഉടമയ്ക്ക് ജാമ്യം അനുവദിച്ചുകൊണ്ട് പുറപ്പെടുവിച്ച ഉത്തരവിൽ ആണ് ബലാത്സംഗം ചെയ്ത പുരുഷന് ഒപ്പം ഉറങ്ങുന്നത് ഇന്ത്യൻ സ്ത്രീക്ക് യോജിച്ച പ്രവർത്തിയല്ലെന്ന് കർണാടക ഹൈക്കോടതിയിലെ ജസ്റ്റിസ് കൃഷ്ണ എസ് ദീക്ഷിത്ത് അഭിപ്രായപ്പെട്ടത്. 42 വയസ്സുള്ള യുവതി ആണ് സ്ഥാപന ഉടമയ്ക്ക് എതിരെ പരാതി നൽകിയത്.

മെയ് രണ്ടിന് ആണ് യുവതി സ്ഥാപന ഉടമയ്ക്ക് എതിരെ ബെംഗളൂരുവിലെ രാജരാജേശ്വരിനഗര പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. വിവാഹ വാഗ്ദാനം നൽകി ബലാത്സംഗം ചെയ്തു എന്നാണ് പരാതി. പരാതിയുടെ അടിസ്ഥാനത്തിൽ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 376 (ബലാത്സംഗം) 420 (വഞ്ചന) 506 (ഭീഷണിപ്പെടുത്തൽ) എന്നീ വകുപ്പുകൾ ചുമത്തി പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. ഇതിന് പുറമെ ഐ ടി ആക്ടിലെ 66 ബി വകുപ്പും പ്രതിക്ക് എതിരെ പൊലീസ് ചുമത്തി.പ്രതിയുടെ ജാമ്യാപേക്ഷ വിചാരണ കോടതി മെയ് 19 ന് തള്ളി. ഇതിനെതിരെയാണ് പ്രതി കർണാടക ഹൈക്കോടതിയെ സമീപിച്ചത്.

വിവാഹ വാഗ്ദാനം നൽകി ബലാത്സംഗം ചെയ്തു എന്ന യുവതിയുടെ വാദം ഈ ഘട്ടത്തിൽ അംഗീകരിക്കാൻ കഴിയില്ല എന്ന് പ്രതിക്ക് ജാമ്യം അനുവദിച്ച് കൊണ്ട് കർണാടക ഹൈക്കോടതി വ്യക്തമാക്കി. ഒത്തുതീർപ്പ് ഉണ്ടാകുക ആണെങ്കിൽ പരാതി പിൻവലിക്കാം എന്ന് ഒരു ഘട്ടത്തിൽ യുവതി വ്യക്തമാക്കിയിരുന്നതായും കോടതി വിധിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

ബലാത്സംഗം നടന്ന ദിവസം രാത്രി പതിനൊന്ന് മണിക്ക് എന്തിനാണ് പ്രതിയുടെ ഓഫീസിൽ പോയത് എന്ന് വിശദീകരിക്കാൻ യുവതിക്ക് കഴിഞ്ഞിട്ടില്ല എന്ന് കോടതി ചൂണ്ടിക്കാട്ടി. അതിന് ശേഷം പ്രതിക്കൊപ്പം ഇന്ദ്രപ്രസ്ഥ ഹോട്ടലിൽ പോയി അത്താഴം കഴിച്ചു. പ്രതി മദ്യപിച്ചു. തുടർന്ന് കാറിലാണ് ഇരുവരും സഞ്ചരിച്ചത്. ആ സമയത്ത് ഒന്നും പ്രതിയുടെ സ്വഭാവത്തോടുള്ള എതിർപ്പ് യുവതി രേഖപ്പെടുത്തിയില്ല. താൻ അപായത്തിൽപെട്ടിരിക്കുക ആണെന്ന് പൊതു ജനങ്ങളെയോ പൊലീസിനെയോ അറിയിക്കാൻ ഉള്ള ശ്രമവും യുവതിയുടെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ല എന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.

ഹോട്ടലിൽ പ്രതി മദ്യപിക്കുന്നതിനെ യുവതി എതിർത്തിട്ടില്ല. പുലർച്ചെ വരെ തനിക്ക് ഒപ്പം കഴിയാനും അനുവദിച്ചു. ബലാത്സംഗത്തിന് ശേഷം ക്ഷീണിച്ച് ഉറങ്ങിപ്പോയി എന്ന യുവതിയുടെ വാദം ഇന്ത്യൻ സ്ത്രീക്ക് യോജിച്ച പ്രവൃത്തിയല്ല. ബലാത്സംഗം ആണ് നടന്നതെങ്കിൽ സ്ത്രീ ഇങ്ങനെ അല്ല പ്രതികരിക്കുക എന്നും പ്രതിക്ക് ജാമ്യം നൽകിക്കൊണ്ടുള്ള ഉത്തരവിൽ ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ട്. ഒരു ലക്ഷം രൂപയുടെ വ്യക്തിഗത ബോണ്ടിൽ ആണ് പ്രതിക്ക് കോടതി ജാമ്യം അനുവദിച്ചത്

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP