Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ആധാർ വിവരം അഞ്ഞൂറു രൂപയ്ക്കെന്ന് റിപ്പോർട്ടു ചെയ്ത മാധ്യമ പ്രവർത്തകയ്ക്ക് എതിരെ കേസ് ; പത്രത്തിന് എതിരെയും കേസ് നൽകി യുണീക് ഐഡന്റിഫിക്കേഷൻ അഥോറിറ്റി

ന്യൂഡൽഹി: വ്യക്തികളുടെ ആധാർ വിവരങ്ങൾ അഞ്ഞൂറു രൂപയ്ക്കു ചോർത്തി നൽകുമെന്ന വിവരം മാധ്യമത്തിൽ വാർത്തയായി പ്രസിദ്ധീകരിച്ച പത്രത്തിനും മാധ്യമപ്രവർത്തകയ്ക്കുമെതിരേ കേസ്. ദി ട്രിബ്യൂൺ പത്രത്തിനും വാർത്ത റിപ്പോർട്ട് ചെയ്ത രചന ഖൈരയ്ക്കുമെതിരേയാണ് യുണീക് ഐഡന്റിഫിക്കേഷൻ അഥോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ) പരാതി പ്രകാരം കേസെടുത്തത്. വാർത്ത ശേഖരിക്കുന്നതിന്റെ ഭാഗമായി രചന ഖൈര വെളിപ്പെടുത്തിയ പേരുകാർക്കെതിരേയും കേസെടുത്തിട്ടുള്ളതായി ദി ഇന്ത്യൻ എക്സ്‌പ്രസ് റിപ്പോർട്ട് ചെയ്യുന്നു.

എഫ്‌ഐആർ രജിസ്റ്റർ ചെയ്ത വിവരം ക്രൈംബ്രാഞ്ച് ജോയിന്റ് കമ്മീഷണർ അലോക് കുമാർ സ്ഥിരീകരിച്ചു. ക്രൈംബ്രാഞ്ചിന്റെ സൈബർ സെൽ വിഭാഗമാണ് റിപ്പോർട്ടർക്കെതിരെ കേസെടുത്തിരിക്കുന്നതെന്നും ഐപിസി സെക്ഷൻ 419, 420, 471 വകുപ്പുകൾ, ഐടി ആക്ടിലെ 66-ാം വകുപ്പ്, ആധാർ ആക്ടിലെ 36/37 വകുപ്പുകൾ എന്നിവ ഇവർക്കെതിരേ ചുമത്തിയിട്ടുണ്ടെന്നും അലോക് കുമാർ അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ദി ട്രിബ്യൂണിന്റെയും യുഐഡിഎഐയുടെയും പ്രതികരണങ്ങൾ അറിവായിട്ടില്ല.

ആധാറിനു വേണ്ടി ശേഖരിക്കുന്ന വ്യക്തിഗത വിവരങ്ങൾ സുരക്ഷിതമെന്ന യുഐഡിഎഐയുടെ വാദം തെറ്റാണെന്നു ചൂണ്ടിക്കാട്ടി, 500 രൂപയ്ക്ക് ആധാർ വിവരങ്ങൾ വാട്‌സ് ആപ്പിലൂടെ ചോർത്തി നൽകാമെന്ന വിവരമാണ് ദി ട്രിബ്യൂണ് പത്രം പുറത്തുവിട്ടത്. പഞ്ചാബ് കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന അജ്ഞാത വാട്‌സ് ആപ് കൂട്ടായ്മയിലൂടെയാണ് ആധാർ വിവരങ്ങൾ ചോർന്നത്. കഴിഞ്ഞ ആറു മാസത്തോളമായി ഈ റാക്കറ്റ് വാട്‌സ് ആപ് വഴി വിവരങ്ങൾ കൈമാറിയിരുന്നു എന്നാണു വിവരം. ഇതുവരെ ശേഖരിച്ച 100 കോടിയോളം വരുന്ന ജനങ്ങളുടെ ആധാർ വിവരങ്ങൾ ആർക്കുവേണമെങ്കിലും ലഭ്യമാകുന്നുവെന്നതായിരുന്നു അവസ്ഥ.

വാട്‌സ് ആപ് ഗ്രൂപ്പിൽനിന്നു ലഭിച്ച മൊബൈൽ നന്പറിനെ ട്രിബ്യൂണ് ലേഖിക രചന ഖൈര പിന്തുടർന്നതോടെയാണു ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്. 500 രൂപ പേടിഎമ്മിലൂടെ നൽകിയാൽ ആരുടെ ആധാർ വിവരങ്ങൾ വേണമെങ്കിലും പത്തു നിമിഷത്തിനുള്ളിൽ ലഭിക്കുന്ന ലോഗിൻ ഐഡിയും പാസ്വേർഡും ലഭിക്കുമെന്നായിരുന്നു റിപ്പോർട്ട്. 300 രൂപ കൂടി നൽകിയാൽ ആരുടെ പേരിലും ആധാർ കാർഡ് അച്ചടിക്കാനുള്ള സോഫ്റ്റ് വെയറും കംപ്യൂട്ടറിൽ സ്ഥാപിച്ചു തരുമെന്നും ട്രിബ്യൂണ് നടത്തിയ അന്വേഷണാത്മക റിപ്പോർട്ടിൽ വെളിപ്പെടുത്തി. ഏതു വ്യക്തിയുടെ യുണീക് ഐഡന്റിഫിക്കേഷൻ നന്പറിലും പുതിയ ആധാർ അച്ചടിച്ചെടുക്കാമെന്നാണു വെളിപ്പെടുത്തൽ.

500 രൂപ പേടിഎം വഴി നൽകിയപ്പോൾ പത്തു മിനിറ്റിനുള്ളിൽ ട്രിബ്യൂണ് ലേഖിക രചന ഖൈരയ്ക്ക് ആധാർ എന്റോൾമെന്റ് അഡ്‌മിനിസ്‌ട്രേറ്റർ ആക്കിക്കൊണ്ടുള്ള മെയിൽ സന്ദേശം ലഭിച്ചു. ഇതിനു പിന്നാലെ ആധാർ എടുക്കാനായി രജിസ്റ്റർ ചെയ്ത എല്ലാവരുടെയും വിവരങ്ങൾ ലഭിച്ചതായാണു രചനയുടെ റിപ്പോർട്ടിൽ വെളിപ്പെടുത്തുന്നത്. 300 രൂപ കൂടി നൽകിയപ്പോൾ ആധാർ കാർഡ് അച്ചടിക്കാനുള്ള സോഫ്‌റ്റ്‌വേറും ഏജന്റുമാർ രചനയ്ക്കു കൈമാറി.

അതീവ രഹസ്യമായിരിക്കുമെന്നു സർക്കാർ സുപ്രീംകോടതിയിൽ ഉൾപ്പെടെ ആവർത്തിച്ചു വ്യക്തമാക്കിയ വിവരമാണ് ഇതോടെ തെറ്റാണെന്നു വ്യക്തമായത്. എന്നാൽ, വ്യക്തിയുടെ പേരുവിവരങ്ങൾ ചോർന്നതിൽ സുരക്ഷാ വീഴ്ചയില്ലെന്നാണ് യുഐഡിഎഐ പ്രസ്താവനയിലൂടെ അറിയിച്ചത്. സർക്കാരിന്റെ വിവിധ സേവനങ്ങൾക്ക് ആധാർ നന്പർ നൽകിയിട്ടുള്ളതിനാലാകണം പേരു വിവരങ്ങൾ ലഭിച്ചത്. ആധാർ വിവരങ്ങൾ സുരക്ഷിതമല്ലെന്ന് അതുകൊണ്ട് അർഥമാക്കേണ്ടതില്ലെന്നും അധികൃതർ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP