Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ബജറ്റ് അവതരണം കഴിഞ്ഞതോടെ എവിടെ പോയെന്നറിയാതെ രണ്ടു ലക്ഷം കോടിയോളം രൂപ; നടപ്പു സാമ്പത്തിക വർഷത്തെ പുതുക്കിയ കണക്കും സാമ്പത്തിക സർവേയിലെ താൽക്കാലിക ശരിക്കണക്കും തമ്മിലുള്ള പൊരുത്തമില്ലായ്മ 1.7 ലക്ഷം കോടി രൂപ; ചെലവിലെ അന്തരം 1.5 ലക്ഷം കോടിയുടേത്; സാമ്പത്തിക വിദഗ്ധരും പാർലമെന്റേറിയന്മാരും പിഴവ് ചൂണ്ടിക്കാട്ടിയിട്ടും മൗനം വെടിയാതെ കേന്ദ്ര സർക്കാർ

ബജറ്റ് അവതരണം കഴിഞ്ഞതോടെ എവിടെ പോയെന്നറിയാതെ രണ്ടു ലക്ഷം കോടിയോളം രൂപ; നടപ്പു സാമ്പത്തിക വർഷത്തെ പുതുക്കിയ കണക്കും സാമ്പത്തിക സർവേയിലെ താൽക്കാലിക ശരിക്കണക്കും തമ്മിലുള്ള പൊരുത്തമില്ലായ്മ 1.7 ലക്ഷം കോടി രൂപ; ചെലവിലെ അന്തരം 1.5 ലക്ഷം കോടിയുടേത്; സാമ്പത്തിക വിദഗ്ധരും പാർലമെന്റേറിയന്മാരും പിഴവ് ചൂണ്ടിക്കാട്ടിയിട്ടും മൗനം വെടിയാതെ കേന്ദ്ര സർക്കാർ

മറുനാടൻ മലയാളി ബ്യൂറോ

ഡൽഹി: രണ്ടാം മോദി സർക്കാരിന്റെ ആദ്യ ബജറ്റ് അവതരിപ്പിച്ച് കഴിഞ്ഞപ്പോൾ കാണാതായത് രണ്ടു ലക്ഷം കോടിയോളം രൂപ. കണക്കിലെ പൊരുത്തക്കേടുകൾ സാമ്പത്തിക വിദഗ്ദ്ധർ ചൂണ്ടിക്കാട്ടിയിട്ടും പ്രതികരിക്കാതെ ധനമന്ത്രിയും കേന്ദ്ര സർക്കാരും. ബജറ്റിൽ പറയുന്ന 2018-19 വർഷത്തെ പുതുക്കിയ കണക്കും (റിവൈസ്ഡ് എസ്റ്റിമേറ്റ്‌സ്) സാമ്പത്തിക സർവേയിൽ പറയുന്ന താൽക്കാലിക ശരികണക്കും (പ്രൊവിഷണൽ ആക്ച്വൽസ്) തമ്മിലുള്ള പൊരുത്തമില്ലായ്മ സാമ്പത്തിക വിദഗ്ദ്ധർ ചൂണ്ടിക്കാട്ടി. ബജറ്റ് കണക്കുപ്രകാരം 2018-19ൽ വരുമാനം 17.3 ലക്ഷം കോടിയാണ്. എന്നാൽ, സാമ്പത്തിക സർവേയിൽ വരുമാനം 15.6 ലക്ഷം കോടി മാത്രം, 1.7 ലക്ഷം കോടി രൂപയുടെ കുറവ്. ചെലവ് കണക്കിലും അന്തരമുണ്ട്. ബജറ്റ് കണക്കുപ്രകാരം 2018-19ലെ ആകെ ചെലവ് 24.6 ലക്ഷം കോടി രൂപയാണ്. സാമ്പത്തിക സർവേ പ്രകാരം ചെലവ് 23.1 ലക്ഷം കോടി രൂപ. 1.5 ലക്ഷം കോടിയുടെ കുറവ്.

പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശ കൗൺസിൽ അംഗം രതിൻ റോയ്, സാമ്പത്തിക വിദഗ്ധയും ജെഎൻയു അദ്ധ്യാപികയുമായ ജയതി ഘോഷ് തുടങ്ങിയവരാണ് പൊരുത്തക്കേട് ആദ്യം ചൂണ്ടിക്കാട്ടിയത്. രതിൻ റോയ് ഒരു ഇംഗ്ലീഷ് ദിനപത്രത്തിൽ എഴുതിയ ലേഖനത്തിലാണ് രണ്ടു ലക്ഷം കോടിയുടെ അന്തരം ആദ്യം ചൂണ്ടിക്കാട്ടിയത്. സാമ്പത്തിക സർവേയിൽ പറയുന്ന കണക്ക്, ബജറ്റിലെ തുകയേക്കാൾ ഒരു ശതമാനം കുറവാണ്. ഒരു ശതമാനത്തിന്റെ കുറവ് എന്നാൽ ചെറിയ തുകയല്ല; 1.70 ലക്ഷം കോടി രൂപയാണ്. പുതിയ ബജറ്റ് അവതരിപ്പിക്കുകയാണ് വേണ്ടതെന്ന് ജയതി ഘോഷ് അഭിപ്രായപ്പെട്ടു. ആശങ്കപ്പെടുത്തുന്ന വിഷയമാണിതെന്ന് ദേശീയ സ്ഥിതിവിവര കമ്മിഷൻ മുൻ അധ്യക്ഷൻ പ്രണബ് സെൻ പറഞ്ഞു.

സാമ്പത്തിക സർവേയിലെ താൽക്കാലിക ശരികണക്കുകൾ ജൂലൈയിൽ തയ്യാറാക്കുന്നതാണ്. അതുകൊണ്ടു ബജറ്റിലെ പുതുക്കിയ കണക്കിനേക്കാൾ കൂടുതൽ കൃത്യത സർവേ കണക്കുകൾക്കായിരിക്കും. ധനമന്ത്രാലയം നൽകുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഇവ തയ്യാറാക്കുന്നത്. ബജറ്റിലെ പുതുക്കിയ കണക്ക് പിന്നീട് തിരുത്താറുണ്ടെങ്കിലും വരുമാനത്തിന്റെയും ചെലവിന്റെയും കാര്യത്തിൽ ഇത്ര വലിയ അന്തരം അസ്വാഭാവികമാണ്. ബജറ്റ് പ്രസംഗത്തിൽ കണക്കുകളും മറ്റും വിശദമാക്കാൻ ധനമന്ത്രി തയ്യാറായിരുന്നില്ല.

സർക്കാറിന്റെ പ്രതീക്ഷിത വരുമാനമാണ് പുതുക്കിയ എസ്റ്റിമേറ്റ് എന്ന പേരിൽ ബജറ്റിൽ കാണിക്കുന്നത്. യഥാർഥത്തിൽ എത്രത്തോളം കിട്ടിയെന്ന് സാമ്പത്തിക സർവേയിൽ പ്രൊവിഷനൽ തുകയായി കാണിക്കുന്നു. സർക്കാറിന്റെ ബജറ്റ് കണക്കിനേക്കാൾ കൃത്യത ഈ കണക്കിനാണ്. 2018-19ലെ സർക്കാരിന്റെ നികുതിവരുമാനത്തിൽ സാമ്പത്തിക സർവേ കണക്കുപ്രകാരം ബജറ്റ് കണക്കിലേതിനേക്കാൾ 1,65,176 കോടി രൂപയുടെ കുറവ് വന്നിട്ടുണ്ട്. 13.5 ശതമാനത്തിന്റെ വ്യത്യാസമാണ് രണ്ട് കണക്കും തമ്മിലുള്ളത്. വരുമാനം കുറഞ്ഞതിന് അനുസൃതമായി വിവിധ പദ്ധതികൾക്കും മറ്റുമായി സർക്കാർ ചെലവഴിക്കുന്ന തുകയിലും ഇടിവുണ്ടായി. ചെലവഴിച്ച തുകയിൽ സാമ്പത്തികസർവേ പ്രകാരം ബജറ്റിൽ പറയുന്നതിനേക്കാൾ 1,45,813 കോടി രൂപയുടെ കുറവുണ്ട്. 13.4 ശതമാനത്തിന്റെ വ്യത്യാസമാണ് ബജറ്റിലും സർവേയിലുമുള്ളത്.

സർക്കാർ പദ്ധതികളിൽ വലിയ വെട്ടിക്കുറവ് ഒന്നാം മോദി സർക്കാരിന്റെ അവസാന നാളുകളിൽ സംഭവിച്ചിട്ടുണ്ട്. ഇത് മറച്ചുവയ്ക്കുന്നതാണ് ബജറ്റ്. സാമ്പത്തിക സർവേയാണ് ശരിയെങ്കിൽ ജിഡിപിയുടെ ഒരു ശതമാനം ബജറ്റ് ചുരുങ്ങിയിട്ടുണ്ട്. ധനകമ്മി കണക്കുകളിലും ഈ വ്യത്യാസം പ്രകടം. ജിഡിപി കണക്കുകളിലും പ്രതീക്ഷിത വരുമാന കണക്കിലുമെല്ലാം സംശയങ്ങൾകൂടി ഉയർത്തുന്നതാണ് ബജറ്റിലെ വൻ പിഴവ്.

ഈ വിഷയം ലോക്‌സഭയിലെ ബജറ്റ് ചർച്ചയിൽ ആർ.എസ്‌പിയിലെ എൻ.കെ. പ്രേമചന്ദ്രൻ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ, സർക്കാർ ഭാഗത്തുനിന്ന് ആരും മറുപടി പറഞ്ഞില്ല. എന്നാൽ, കൂടുതൽ നാൾ ഇത് വിശദീകരിക്കാതെയോ തിരുത്താതെയോ സർക്കാരിന് മുന്നോട്ട് പോകാൻ കഴിയില്ലെന്നാണ് വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നത്. ഈ പൊരുത്തക്കേടുമായി ബജറ്റ് പാസാക്കാൻ കഴിയില്ല. ധനക്കമ്മി ലക്ഷ്യം നേടണമെങ്കിൽ ബജറ്റിൽ വലിയ വെട്ടിക്കുറക്കലുകൾ നടത്തേണ്ടിവരും. സാമ്പത്തിക സർവേയിലെ കണക്കാണ് ശരിയെങ്കിൽ, സർക്കാറിനു മുന്നിലുള്ള ഏക പരിഹാരം പുതിയ ബജറ്റ് അവതരിപ്പിക്കുകയാണെന്നും സാമ്പത്തിക വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP