Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പാക് അതിർത്തികളിൽ നിന്നുള്ള നുഴഞ്ഞുകയറ്റം തുടരുന്നു; ഇന്ത്യയെ ആക്രമിക്കാൻ തയ്യാറായി മൂന്നൂറോളം ഭീകരർ കാശ്മീരിൽ; എപ്പോൾ വേണമെങ്കിലും എന്തും സംഭവിക്കാമെന്ന സ്ഥിതി; ഇന്നലെ മാത്രം കൊല്ലപ്പെട്ടതു രണ്ട് ഇന്ത്യൻ സൈനികർ

പാക് അതിർത്തികളിൽ നിന്നുള്ള നുഴഞ്ഞുകയറ്റം തുടരുന്നു; ഇന്ത്യയെ ആക്രമിക്കാൻ തയ്യാറായി മൂന്നൂറോളം ഭീകരർ കാശ്മീരിൽ; എപ്പോൾ വേണമെങ്കിലും എന്തും സംഭവിക്കാമെന്ന സ്ഥിതി; ഇന്നലെ മാത്രം കൊല്ലപ്പെട്ടതു രണ്ട് ഇന്ത്യൻ സൈനികർ

ശ്രീനഗർ: ഉറി ഭീകരാക്രമണത്തോടെ വഷളായ ഇന്ത്യ-പാക് ബന്ധം അതിർത്തി സംഘർഷത്തോടെ വീണ്ടും വഷളായത് അതിവേഗത്തിലാണ്. പിന്നാലെ ഇന്ത്യ നൽകിയ സർജിക്കൽ സ്‌ട്രൈക്കിന് പിന്നാലെ അതിർത്തിയിൽ ഷെല്ലാക്രമണവും വെടിവെയ്‌പ്പും സ്ഥിരമായി. ഇപ്പോൾ 24 മണിക്കൂറും വെടിവെയ്‌പ്പ് നടക്കുന്നു എന്ന വിധത്തിലേക്കാണ് അതിർത്തിയിലെ കാര്യങ്ങൾ. ഇന്ത്യ നൽകിയ കനത്ത തിരിച്ചടി പാക്കിസ്ഥാന് ശരിക്കും വിനയായപ്പോൾ പാക്കിസ്ഥാനിൽ നിന്നും നുഴഞ്ഞു കയറാൻ തയ്യാറായി മുന്നൂറോളം ഭീകരരും അവർക്ക് ഒത്താശ ചെയ്ത് പാക് സൈന്യവും രംഗത്തുണ്ട്. ഇപ്പോൾ ഒരു തുറന്ന യുദ്ധത്തിലേക്ക് എപ്പോൾ വേണമെങ്കിലും കാര്യങ്ങൾ നീങ്ങാം എന്ന വിധത്തിലാണ് അതിർത്തിയിലെ കാര്യങ്ങൾ.

അന്താരാഷ്ട്ര അതിർത്തിയിൽ പാക് സൈന്യം വെടിനിർത്തൽ ലംഘനം തുടരുമ്പോൾ അതേ നാണയത്തിൽ തിരിച്ചടിക്കാന് ഇന്ത്യൻ നീക്കവും. പൂഞ്ച് ജില്ലയിലെ ഇന്ത്യൻ പോസ്റ്റുകൾക്കുനേരേ പാക് സൈന്യം നടത്തിയ തുടർച്ചയായ വെടിവെപ്പിൽ രണ്ട് ഇന്ത്യൻ സൈനികരാണ് ഞായറാഴ്ച കൊല്ലപ്പെട്ടത്. രണ്ട് സൈനികർക്കും മൂന്ന് ഗ്രാമവാസികൾക്കും പരിക്കേറ്റു. ഇതിനിടെ പൂഞ്ചിലെ കെ.ജി. മേഖലയിൽ ഭീകരർ നടത്തിയ രണ്ട് നുഴഞ്ഞുകയറ്റശ്രമങ്ങൾ സൈന്യം പരാജയപ്പെടുത്തി. നുഴഞ്ഞുകയറ്റശ്രമം തടയുന്നതിനിടെ പാക് സൈന്യം ഇന്ത്യൻ പോസ്റ്റുകൾക്കുനേരേ നടത്തിയ വെടിവെപ്പിലാണ് സൈനികർ കൊല്ലപ്പെട്ടത്. 22 സിഖ് റെജിമെന്റിലെ ശിപായിയായ ഗുരുസേവക് സിങ്ങാണ് (23) കൊല്ലപ്പെട്ട ഒരാളെന്ന് പ്രതിരോധവക്താവ് ലെഫ്. കേണൽ മനീഷ് മേത്ത പറഞ്ഞു.

ഞായറാഴ്ച പുലർച്ചെ 3.30ന് വെടിവെപ്പും 7.30ഓടെ ഷെല്ലാക്രമണവും ആരംഭിച്ചതായി ഔദ്യോഗികവൃത്തങ്ങൾ വ്യക്തമാക്കി. ഇന്ത്യൻ സേനയുടെ വിക്ടർ പോസ്റ്റ് പാക് സൈന്യം ലക്ഷ്യംവച്ചപ്പോൾ, അവരുടെ കോപ്ര പോസ്റ്റിനുനേരേ ഇന്ത്യൻ സേന തിരിച്ചടിച്ചതായും വൃത്തങ്ങൾ പറഞ്ഞു. രണ്ടുദിവസത്തെ സമാധാന അന്തരീക്ഷത്തിനുശേഷമാണ് വീണ്ടും ആക്രമണമുണ്ടായത്. മിന്നലാക്രമണത്തിനുശേഷം ഇന്ത്യൻ പോസ്റ്റുകൾക്കുനേരേയും ഗ്രാമപ്രദേശങ്ങളിലുമായി നൂറിലധികം വെടിനിർത്തൽലംഘനങ്ങൾ പാക്കിസ്ഥാൻ സേന നടത്തിയിട്ടുണ്ട്.

ജമ്മു കശ്മീരിന്റെ വിവിധ ഭാഗങ്ങളിലായി മുന്നൂറോളം ഭീകരർ ഇപ്പോഴും സജീവമാണെന്ന് സംസ്ഥാന ഡിജിപി കെ രാജേന്ദ്രയും വ്യക്തമാക്കിയിട്ടുണ്ട്. നിയന്ത്രണരേഖയിലൂടെ ഭീകരർ നുഴഞ്ഞുകയറ്റം തുടർന്നുകൊണ്ടിരിക്കുന്നത് അങ്ങേയറ്റം ആശങ്കാജനകമാണെന്നും അദ്ദേഹം വ്യക്തമാക്കി. ഏതുസമയത്തും എന്തുവേണമെങ്കിലും സംഭവിക്കാവുന്ന അവസ്ഥയാണ് ജമ്മു കശ്മീരിലുള്ളതെന്നും അദ്ദേഹം പറഞ്ഞു. ജമ്മു കശ്മീർ മുഖ്യമന്ത്രി മെഹബൂബ മുഫ്തി അധ്യക്ഷത വഹിച്ച സംസ്ഥാനത്തെ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് സംസ്ഥാനത്തിന്റെ ക്രമസമാധാനനിലയേക്കുറിച്ചുള്ള ആശങ്ക അദ്ദേഹം തുറന്നു പ്രകടിപ്പിച്ചത്.

നിയന്ത്രണരേഖ കടന്ന് ഇപ്പോഴും നുഴഞ്ഞുകയറ്റം തുടരുന്നത് തീർത്തും ആശങ്കപ്പെടുത്തുന്ന സംഗതിയാണ്. കശ്മീരിലെ മൊത്തം സ്ഥിതിവിശേഷത്തെ ഇതു ബാധിക്കാം രാജേന്ദ്ര പറഞ്ഞു. ഭീകരസംഘടനയായ ഹിസ്ബുൾ മുജാഹിദീന്റെ കമാൻഡർ ബുർഹാൻ വാനി സൈനിക നടപടിക്കിടെ കൊല്ലപ്പെട്ടതിന് പിന്നാലെ കശ്മീർ താഴ്‌വരയിൽ ഉടലെടുത്ത സംഘർഷത്തിന്റെ തോത് കുറഞ്ഞിട്ടുണ്ടെങ്കിലും സംസ്ഥാനത്തെ ക്രമസമാധാന നില തീർത്തും ആശങ്കാജനകമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. വാനി കൊല്ലപ്പെട്ടതിനെ തുടർന്ന് കഴിഞ്ഞ നാലു മാസത്തോളമായി സംഘർഷഭൂമിയാണ് കശ്മീർ താഴ്‌വര.

250-300 ഭീകരർ ഇപ്പോഴും സംസ്ഥാനത്ത് വളരെ സജീവമാണ്. ഈ അവസ്ഥ കണക്കിലെടുത്താൽ അടുത്ത മൂന്നു മാസത്തേക്ക് കൈക്കൊള്ളേണ്ട നടപടികളെക്കുറിച്ച് കൃത്യമായി ആസൂത്രണം ചെയ്യുകയും അതിനുള്ള പദ്ധതി തയാറാക്കുകയും വേണമെന്നും രാജേന്ദ്ര പറഞ്ഞു. താഴ്‌വരയിലെ സംഘർഷത്തിനിടെ 70ൽ അധികം കെട്ടിടങ്ങൾക്ക് പ്രതിഷേധക്കാർ തീവച്ചതായും അദ്ദേഹം വ്യക്തമാക്കി. സംഘർഷവുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത കേസുകളുടെയും അറസ്റ്റു ചെയ്തവരുടെയും എണ്ണവും വിശദാംശങ്ങളും യോഗത്തിൽ അവതരിപ്പിച്ചു. സംസ്ഥാനത്തെ ക്രമസമാധാന നില സാധാരണ ഗതിയിലാക്കുകയെന്നതിനാകും വരും ദിനങ്ങളിൽ സംസ്ഥാന പൊലീസ് മുൻഗണന നൽകുകയെന്നും അദ്ദേഹം അറിയിച്ചു.

അതേസമയം പിറകിൽനിന്ന് ആക്രമിക്കാതെ ധൈര്യമുണ്ടെങ്കിൽ തങ്ങളുടെ സൈനികരുടെ കണ്ണുകളിൽനോക്കി പോരാടാൻ പാക്കിസ്ഥാനെ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് വെല്ലുവിളിച്ചു. പാക്കിസ്ഥാനിൽവന്ന് ആക്രമിച്ച് പരാജയപ്പെടുത്താൻ തങ്ങൾക്കാവുമെന്ന് ഇന്ത്യൻ സൈന്യം തെളിയിച്ചതാണെന്നും രാജ്‌നാഥ് സിങ് ചൂണ്ടിക്കാട്ടി. പാക്കിസ്ഥാൻ തുടർച്ചയായി നടത്തുന്ന വെടിനിർത്തൽ ലംഘനങ്ങളെക്കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP