Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ബ്രിട്ടീഷ് ടൂറിസ്റ്റുകളുമായി സിംലയിലേക്ക് പോയ പ്രത്യേക ട്രെയിൻ അപകടത്തിൽ പെട്ടു; രണ്ടു സ്ത്രീകൾ മരിച്ചു; 12 പേർക്ക് പരുക്ക്

ബ്രിട്ടീഷ് ടൂറിസ്റ്റുകളുമായി സിംലയിലേക്ക് പോയ പ്രത്യേക ട്രെയിൻ അപകടത്തിൽ പെട്ടു; രണ്ടു സ്ത്രീകൾ മരിച്ചു; 12 പേർക്ക് പരുക്ക്

സിംല: അരിചിതമായ സംസ്‌കാരവും ജീവിതവും കണ്ടറിയാനാണ് പലരും വിനോദയാത്രകൾ നടത്തുന്നത്. അപ്പോഴുണ്ടാകുന്ന അപൂർവവും വർണസുരഭിലവുമായ അനുഭവങ്ങൾ മനസ് തണുപ്പിക്കുമെന്നുറപ്പാണ്. ബ്രിട്ടീഷുകാരെ സംബന്ധിച്ചിടത്തോളം യാത്രകളെന്നത് അവരുടെ ജീവിത്തതിലെ അനിവാര്യമായ കാര്യമാണ്. ചില ബ്രിട്ടീഷുകാർ കഷ്ടപ്പെട്ട് ജോലി ചെയ്യുന്നത് തന്നെ യാത്ര ചെയ്യാനാണെന്ന് തോന്നിപ്പോവുകയും ചെയ്യും.

ലോകത്തിൽ നടക്കുന്ന വിനോദസഞ്ചാരവുമായി ബന്ധപ്പെട്ട മിക്ക അപകടങ്ങളിലും ഒരു ബ്രിട്ടീഷുകാരനെങ്കിലുമുണ്ടാകാറുണ്ട്. അവർ എത്താത്ത സ്ഥലങ്ങളില്ലെന്നാണിത് സൂചിപ്പിക്കുന്നത്. ഇന്നലെയിതാ ബ്രിട്ടീഷ് ടൂറിസ്റ്റുകളെ തേടി ഇന്ത്യയിൽ വച്ച് ഒരു കൂട്ടഅപകടമാണെത്തിയിരിക്കുന്നത്. 37 ബ്രിട്ടീഷ് ടൂറിസ്റ്റുകളുമായി സിംലയിലേക്ക് പോയ പ്രത്യേക ട്രെയിൻ അപകടത്തിൽ പെടുകയായിരുന്നു. ബ്രിട്ടീഷുകാരായ രണ്ടു സ്ത്രീകൾ മരിക്കുകയും 12 പേർക്ക് പരുക്കേൽക്കുകയും ചെയ്തിരിക്കുകയാണ്. ഹരിയാനയിലെ കൽക്കയിൽ നിന്നും ഹിമാചൽ പ്രദേശിലെ ഷിംലയിലേക്കുള്ള കൽക്ക ഷിംല റയിൽപ്പാതയിൽ സഞ്ചരിച്ച ടോയ് ട്രെയിൻ പാളംതെറ്റിയാണ് അപടകമുണ്ടായത്.

കൽക്കതക്‌സൽ സ്റ്റേഷനുകൾക്കിടയിൽ പർവാണൂവിനടുത്ത് വച്ച് ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു ദുരന്തമുണ്ടായത്. നാലു കോച്ചുകളുള്ള ടോയ് ട്രെയിനാണ് അപകടത്തിൽ പെട്ടത്. ഇവയിൽ മൂന്നെണ്ണം പാളം തെറ്റുകയായിരുന്നു. വേഗത പരിധി വിട്ടുയർന്നതാണ് അപകടത്തിന് വഴിയൊരുക്കിയതെന്ന് സംശയമുണ്ട്. ഇംഗ്ലീഷുകാരായ ടൂറിസ്റ്റുകൾ ഈ ട്രെയിൻ ചാർട്ടർ ചെയ്തു സഞ്ചരിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. 35, 65 വയസ്സുള്ള രണ്ടു സ്ത്രീകൾക്കാണ് അപടകത്തിൽ ജീവൻ നഷ്ടപ്പെട്ടത്. മൂന്നാമതൊരാൾ ചണ്ഡീഗഡിലെ ആശുപത്രിയിൽ മരിച്ചെന്ന് വാർത്തയുണ്ടെങ്കിലും അത് ഉറപ്പിച്ചിട്ടില്ല. പരുക്കേറ്റവരിൽ മൂന്നുപേരുടെ നില ഗുരുതരമാണ്.വിനോദസഞ്ചാരികൾക്കുണ്ടായ അപടകത്തെക്കുറിച്ച് അന്വേഷണം നടത്താൻ അധികൃതർ ഉത്തരവിട്ടിട്ടുണ്ട്. കൊതിച്ച് കൊതിച്ച് നടത്തിയ ഉല്ലാസയാത്ര ദുരന്തയാത്രയായതിന്റെ ഞെട്ടിലിലാണ് വിനോദസഞ്ചാരികൾ. യുനെസ്‌കോയുടെ പൈതൃകപദവി നേടിയിട്ടുള്ള പാതയാണ് കൽക്കഷിംല റയിൽപ്പാത.ഷിംലയ്ക്കും കൽക്കയ്ക്കുമിടയിൽ വിനോദസഞ്ചാരികളെ ലക്ഷ്യമിട്ടാണ് റയിൽവേ ടോയ് ട്രെയിൻ ഓടിക്കുന്നത്.

കൽക്കയിൽ നിന്നും ഈ ട്രെയിൻ മൂന്നര കിലോമീറ്റർ പിന്നിട്ടപ്പോഴാണ് അപകടമുണ്ടായതെന്നാണ് നോർത്തേൺ റെയിൽവേയിലെ ഡിവിഷനൽ റെയിൽവേ മാനേജരായ ദിനേഷ് കുമാർ പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യയോട് പറഞ്ഞത്. ഒരു ട്രാവൽ ഏജന്റ് മുഖാന്തിരമാണ് ടൂറിസ്റ്റുകൾ ഈ ട്രെയിൻ ബുക്ക് ചെയ്തിരുന്നത്. തങ്ങളുടെ ഒരു ടൂർ ഗ്രൂപ്പ് അപകടത്തിൽ പെട്ടതായി യോർക്ക് കേന്ദ്രമായി പ്രവർത്തിക്കുന്ന ട്രാവൽ കമ്പനിയായ ഗ്രേറ്റ് റെയിൽ ജേർണീസ് സ്ഥിരീകരിച്ചിട്ടുമുണ്ട്.വർഷം തോറും 2500 ഓളം പേരെ ബ്രിട്ടനിൽ നിന്നും ഇന്ത്യയിലേക്ക് കൊണ്ടു പോകുന്ന കമ്പനിയാണിത്. ഒരു ക്വാളിഫൈഡ് കൗൺസിലർക്കൊപ്പം മൂന്ന് മുതിർന്ന അംഗങ്ങളെ സംഭവസ്ഥലത്തേക്ക് അയച്ചതായി കമ്പനി അറിയിച്ചിട്ടുണ്ട്.

സെപ്റ്റംബർ 10ന് ഇന്ത്യയിൽ പര്യടനം ആരംഭിച്ച വിനോദസഞ്ചാരസംഘം 22 വരെ അത് തുടരാനായിരുന്നു പദ്ധതിയിട്ടിരുന്നത്.ഒരു കോച്ച് പൂർണമായും മറ്റുള്ളവ ഭാഗികമായും പാളം തെറ്റിയെന്നാണ് ദിനേഷ് കുമാർ വെളിപ്പെടുത്തുന്നത്. ഒരു റെയിൽവേ ടീം സംഭവസ്ഥലത്തെത്തിയിട്ടുണ്ട്. അപടകത്തിൽ പെട്ടവർക്ക് അവിടെ വച്ച് തന്നെ അടിയന്തിര ശുശ്രൂഷ നൽകുകയും ശേഷിക്കുന്നവരെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയുമാണ് ചെയ്തത്. റെയിൽവെ മന്ത്രി സുരേഷ് പ്രഭു സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ ഉത്തരവിട്ടിട്ടുണ്ട്. രാഷ്ട്രപതി പ്രണബ് മുഖർജിയും സംഭവത്തിൽ ദുഃഖം രേഖപ്പെടുത്തിയിട്ടുണ്ട്. അപടകത്തെ തുടർന്ന് ബ്രിട്ടീഷുകാർക്ക് ആവശ്യമായ കോൺസുലർ സപ്പോർട്ട് ലഭ്യമാക്കുന്നുണ്ടെന്നാണ് ഫോറിൻ ഓഫീസ് വക്താവ് അറിയിച്ചിരിക്കുന്നത്.

96 കിലോമീറ്റർ വരുന്ന പാതയാണ് കൽക്ക ഷിംല റയിൽപ്പാത. ടോയ് ട്രെയിനുകളിലൂടെയുള്ള സംഞ്ചാരം വിനോദ സഞ്ചാരികൾക്കു ഏറെയിഷ്ടമാണ്. ഇത്തരത്തിൽ പർവതപ്രദേശത്ത് കൂടിയുള്ള അപൂർവ യാത്രാനുഭവം നുകരാനാണ് ഇവിടെ ടൂറിസ്റ്റുകളെത്തുന്നത്. രണ്ടടി ആറിഞ്ച് (762 മില്ലിമീറ്റർ) വീതിയുള്ള 'നാരോ ഗേജ്' റയിൽപ്പാതയാണു ഈ റൂട്ടിലുള്ളത്. 1903 നവംബർ ഒൻപതിന് ഇന്ത്യയിലെ അന്നത്തെ വൈസ്രോയി കഴ്‌സൺ പ്രഭുവായിരുന്നു കൽക്ക ഷിംല റയിൽവേയുടെ ഉദ്ഘാടനം നിർവഹിച്ചത്. 1864ൽ ഇംഗ്ലീഷുകാർ ഷിംലയെ ഇന്ത്യയുടെ വേനൽക്കാല തലസ്ഥാനമാക്കി ഉപയോഗിച്ചിരുന്നു. ഷിംലയെ ഇന്ത്യയുടെ റയിൽവേ സംവിധാനവുമായി ബന്ധിപ്പിക്കാനാണു കൽക്ക ഷിംല റയിൽപ്പാത സജ്ജമാക്കിയിരുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP