Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

രാഷ്ട്രീയക്കാർ അഴിമതിക്ക് ഉപയോഗിക്കുന്ന കറൻസിയിൽനിന്ന് ഗാന്ധിജിയുടെ ചിത്രം മാറ്റുന്നതുതന്നെ നല്ലത്; വർണശമ്പളമായ കുപ്പായങ്ങളുടെ മോഡലായ മോദി കോമാളിയെന്നും തുഷാർ ഗാന്ധി; ബിജെപിയുടെ ഗാന്ധിവിരുദ്ധ നടപടികളിലും പ്രസ്താവനകളിലും സഹികെട്ട് പ്രതികരണവുമായി പൗത്രൻ

രാഷ്ട്രീയക്കാർ അഴിമതിക്ക് ഉപയോഗിക്കുന്ന കറൻസിയിൽനിന്ന് ഗാന്ധിജിയുടെ ചിത്രം മാറ്റുന്നതുതന്നെ നല്ലത്; വർണശമ്പളമായ കുപ്പായങ്ങളുടെ മോഡലായ മോദി കോമാളിയെന്നും തുഷാർ ഗാന്ധി; ബിജെപിയുടെ ഗാന്ധിവിരുദ്ധ നടപടികളിലും പ്രസ്താവനകളിലും സഹികെട്ട് പ്രതികരണവുമായി പൗത്രൻ

മുംബൈ: രാഷ്ട്രീയക്കാർ അടക്കം അഴിമതിക്ക് ഉപയോഗിക്കുന്ന കറൻസിയിൽനിന്ന് ഗാന്ധിജിയുടെ ചിത്രം മാറ്റുന്നതാണു നല്ലതെന്ന് പൗത്രൻ തുഷാർ ഗാന്ധി. ബിജെപി നേതൃത്വത്തിൽനിന്ന് ഗാന്ധിവിരുദ്ധ നടപടികൾ തുടരുന്ന പശ്ചാത്തലത്തിലാണ് തുഷാർ പ്രതിഷേധവുമായി രംഗത്തുവന്നിരിക്കുന്നത്.

ഖാദി ഗ്രാമോദ്യോഗിന്റെ കലണ്ടറിൽനിന്ന് രാഷ്ട്രപിതാവിനെ മാറ്റി പ്രധാനമന്ത്രി മോദിയുടെ ചിത്രം നല്കിയതയും ഗാന്ധിജിയുടെ ചിത്രം കാരണമാണ് രൂപയുടെ മൂല്യം ഇടിയുന്നതെന്ന ഹരിയാന മന്ത്രി അനിൽ വിജിന്റെ പ്രസ്താവനയും വിവാദമായിരുന്നു. ഇതിനിടെയാണ് തുഷാർ ഗാന്ധി വാർത്താ ഏജൻസിക്കു നല്കിയ അഭിമുഖത്തിൽ പ്രതിഷേധം ഉന്നയിച്ചത്.

പ്രധാനമന്ത്രി വർണശബളമായ കുപ്പായങ്ങളുടെ മോഡലാണ്. അതേസമയം ബാപ്പു ഖദർ ധരിച്ചാണ് ബക്കിങാം പാലസിലേക്ക് പോയത്. അല്ലാതെ 10 ലക്ഷം രൂപയുടെ സ്യൂട്ട് ധരിച്ചല്ല. കയ്യിൽ ചർക്കയും മനസിൽ നാധുറാമും. കോമാളിയെ കോമാളി എന്ന് വിളിക്കുന്നതിൽ തെറ്റില്ല- മോദിയെ വിമർശിച്ച് തുഷാർ ഗാന്ധി പറഞ്ഞു.

നേരത്തെ സമൂഹമാദ്ധ്യമത്തിലൂടെയും തുഷാർ മോദിയെ പരിഹസിച്ചിരുന്നു. ബാപ്പുവിനുള്ള സന്ദേശമെന്ന രീതിയിൽ, താങ്കളുടെ ചർക്ക മോഷ്ടിച്ചിരിക്കുന്നു എന്നാണ് അദ്ദേഹം ട്വീറ്റ് ചെയ്തത്. ആദ്യം ചില 2000 രൂപ നോട്ടുകളിൽ നിന്ന് ഗാന്ധി അപ്രത്യക്ഷമായി. ഇപ്പോൾ ഖാദിയുടെ ഓഫീസിൽ നിന്നും കലണ്ടറിൽ നിന്നും. പകരം പ്രത്യക്ഷപ്പെട്ടതാകട്ടെ 10 ലക്ഷം രൂപയുടെ കോട്ട് ധാരിയും, തുഷാർ ട്വിറ്ററിൽ കുറിച്ചു.

ഖാദി ഗ്രാമോദ്യോഗിന്റെ കലണ്ടറിലും ഡയറിയിലും ഗാന്ധിജി നൂൽനൂൽക്കുന്ന ചിത്രമാണ് വർഷങ്ങളായി ഉപയോഗിച്ചിരുന്നത്. ഇതിനു പകരമാണ് മോദിയുടെ ചിത്രം ഉൾക്കൊള്ളിച്ച കലണ്ടർ പുറത്തിറങ്ങിയത്. മോദി യൂത്ത് ഐക്കണാണെന്നും അതിനാലാണ് ഖാദി ഉൽപ്പന്നങ്ങളുടെ സ്വീകാര്യത കൂട്ടാൻ മോദിയുടെ ചിത്രം ഖാദി കലണ്ടറിൽ ഉപയോഗിച്ചതെന്നുമാണ് കേന്ദ്രസർക്കാർ നല്കിയ വിശദീകരണം.

ഇതിനിടെയാണ് ഇന്ന് ഹരിയാനയിലെ മന്ത്രി അിൽ വിജ് വിവാദപരാമർശങ്ങൾ നടത്തിയത്. ഖാദിയുടെ വിൽപ്പന കുറയാൻ കാരണം ഗാന്ധിയുടെ ചിത്രമാണെന്ന് അനിൽ വിജ് പറഞ്ഞു. മോദി ഖാദിയുമായി ചേർന്നതോടെ ഉൽപ്പന്നങ്ങളിൽ 14% വളർച്ചയാണ് ഉണ്ടായിരിക്കുന്നത്. മഹാത്മാ ഗാന്ധിയുടെ പേരിൽ പേറ്റന്റ് ഉള്ള ഉൽപ്പന്നമല്ല ഖാദി. ഗാന്ധിയുടെ പേരു മൂലം ഖാദിയുടെ വിൽപ്പന കുറയുകയാണ് ഉണ്ടായത്. രൂപയുടെ കാര്യത്തിലും ഇതുതന്നെയാണ് സംഭവിക്കുന്നത്. മഹാത്മാ ഗാന്ധിയുടെ ചിത്രം കറൻസിയിൽ വന്ന അന്നു മുതൽ അതിന്റെ മൂല്യം ഇടിഞ്ഞു തുടങ്ങി. അതിനാൽ നോട്ടുകളിൽനിന്ന് പതിയെ ഗാന്ധിയെ മാറ്റുമെന്നും അനിൽ വിജ് പറഞ്ഞു. സംഭവം വിവാദമായതോടെ മിനിട്ടുകൾക്കകം അദ്ദേഹം പ്രസ്താവന പിൻവലിച്ചു. മഹാത്മാഗാന്ധിയെക്കുറിച്ച് താൻ പറഞ്ഞത് സ്വന്തം അഭിപ്രായം മാത്രമാണെന്നും മറ്റുള്ളവരുടെ വികാരങ്ങൾ ഹനിക്കപ്പെടാതിരിക്കാൻ പ്രസ്താവന തിരിച്ചെടുക്കുന്നുവെന്നും അദ്ദേഹം പിന്നീടു പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP