Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഡൽഹിയിൽ വീണ്ടും മലക്കംമറിഞ്ഞ് കോൺഗ്രസും രാഹുലും; ആംആദ്മിയുമായി സഖ്യത്തിനില്ലെന്ന സൂചന നൽകി കോൺഗ്രസ് അദ്ധ്യക്ഷൻ; ഏഴു ലോക്‌സഭാ സീറ്റുകളിൽ ഒറ്റയ്ക്ക് മത്സരിക്കുമെന്നും പ്രഖ്യാപനം; ബിജെപിയെ സഹായിക്കുന്ന നീക്കമെന്ന് ട്വീറ്റ് ചെയ്ത് കെജ്രിവാൾ

ഡൽഹിയിൽ വീണ്ടും മലക്കംമറിഞ്ഞ് കോൺഗ്രസും രാഹുലും; ആംആദ്മിയുമായി സഖ്യത്തിനില്ലെന്ന സൂചന നൽകി കോൺഗ്രസ് അദ്ധ്യക്ഷൻ; ഏഴു ലോക്‌സഭാ സീറ്റുകളിൽ ഒറ്റയ്ക്ക് മത്സരിക്കുമെന്നും പ്രഖ്യാപനം; ബിജെപിയെ സഹായിക്കുന്ന നീക്കമെന്ന് ട്വീറ്റ് ചെയ്ത് കെജ്രിവാൾ

ന്യൂഡൽഹി: ഡൽഹിയിൽ ആംആദ്മിയുമായുള്ള സഖ്യസാധ്യതകൾ തള്ളുന്നതായുള്ള സൂചനകൾ നൽകി കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. ഇതോടെ ഡൽഹിയിൽ ബിജെപിക്ക് നേട്ടമുണ്ടാകുമെന്ന സ്ഥിതി ഉണ്ടാവുകയാണെന്ന വിലയിരുത്തലുകളും വരുന്നു. ഏഴ് സീറ്റിലും ഒറ്റയ്ക്ക് മത്സരിക്കുമെന്ന് കോൺഗ്രസ് അധ്യക്ഷൻ പ്രഖ്യാപിച്ചതായ വിവരങ്ങളാണ് വരുന്നത്. യുപിഎ മുൻ അധ്യക്ഷ സോണിയയെ കണ്ട് ഡൽഹി കോൺഗ്രസ് അധ്യക്ഷ ഷീലാ ദീക്ഷിത് കഴിഞ്ഞ ദിവസം ചർച്ചകൾ നടത്തിയിരുന്നു.

ആംആദ്മിയുമായി സഖ്യം വേണ്ടെന്ന് സംസ്ഥാനത്തെ ഭൂരിഭാഗവും അഭിപ്രായപ്പെടുന്നതായാണ് അവർ അറിയിച്ചത്. ഇതോടെയാണ് സഖ്യനീക്കം ഇല്ലാതായതെന്നാണ് സൂചന. ഇന്നലെയും ചില ചർച്ചകൾ നടക്കുന്നതായും രാഹുൽ ഇടപെടുന്നതായും വിവരം വന്നിരുന്നു. എന്നാൽ അത്തരമൊരു സഖ്യമുണ്ടാവില്ലെന്ന തരത്തിലാണ് പുതിയ റിപ്പോർട്ട്. ഇതോടെ ഏഴുസീറ്റിലും കോൺഗ്രസും ആംആദ്മിയും പ്രത്യേകം സ്ഥാനാർത്ഥികളെ നിർത്തുമെന്ന നിലയിലേക്കാണ് കാര്യങ്ങൾ പോകുന്നത്.

മൂന്നു സീറ്റുകളിൽ വീതം ഇരു പാർട്ടികളും മത്സരിക്കുമെന്നും ഏഴാമത്തെ സീറ്റിൽ ഇരുകൂട്ടർക്കും സമ്മതനായ സ്വതന്ത്രനെ നിർത്തുമെന്നും ആയിരുന്നു ഇടയ്ക്ക് റിപ്പോർട്ടുകൾ. ഏതായാലും ഇതിനുള്ള സാധ്യത ഇല്ലെന്ന് വ്യക്തമാക്കുന്നതാണ് പുതിയ റിപ്പോർട്ടുകൾ. സോണിയയുമായി നടത്തിയ കൂടിക്കാഴ്ച നടത്തിയ ശേഷം ഡൽഹി കോൺഗ്രസ് അദ്ധ്യക്ഷയും മുൻ മുഖ്യമന്ത്രിയുമായ ഷീലാ ദീക്ഷിത് ആം ആദ്മി പാർട്ടുയമായി ഒരു സഖ്യത്തിനുമില്ലെന്ന് വ്യക്തമാക്കിയിരുന്നു.

എന്നാൽ തീരുമാനം രാഹുൽ ഗാന്ധി പുനഃപരിശോധിക്കണമെന്ന് ആംഅദ്മി ആവശ്യപ്പെട്ട സാഹചര്യത്തിൽ സഖ്യം ഉണ്ടായേക്കുമെന്ന നിലയിലാണ് പിന്നീട് ചർച്ചകൾ വന്നത്. 15 വർഷത്തെ കോൺഗ്രസിന്റെ ഡൽഹി ഭരണം അവസാനിപ്പിച്ച അരവിന്ദ് കേജ്രിവാളിന്റെ പാർട്ടിയുമായി ഒരുകൂട്ടുകെട്ടിനുമില്ലെന്ന് രാഹുൽ ഗാന്ധിയുമായി നടത്തിയ കൂടിക്കാഴ്ചയിലും ഷീല ദീക്ഷിത് ആവർത്തിച്ചു. എന്നാൽ ഇതിന് പിന്നാലെ അനുനയ നീക്കം തുടങ്ങിയെന്നായിരുന്നു വിവരങ്ങൾ.

ഡൽഹിയിൽ ബിജെപി വിരുദ്ധ വോട്ടുകൾ ചിതറാതിരിക്കാൻ ആം ആദ്മിയുമായി സഖ്യത്തിലേർപ്പെടാൻ കോൺഗ്രസിന് മേൽ സമ്മർദ്ദം ശക്തമായിരുന്നു. എന്നാൽ ഇതുണ്ടാവില്ലെന്ന് വ്യക്തമായതോടെ യുപിയിലെ പോലെ തന്നെ കോൺഗ്രസ് ഒറ്റയ്ക്ക് തിരഞ്ഞെടുപ്പ് നേരിടേണ്ട സ്ഥിതിയായി. മോദി - അമിത് ഷാ സഖ്യത്തെ പരജായപ്പെടുത്താൻ രാജ്യം മുഴുവൻ ശ്രമിക്കുമ്പോൾ ബിജെപി വിരുദ്ധ വോട്ടുകൾ വിഘടിപ്പിച്ച് ബിജെപിയെ സഹായിക്കുന്ന നിലപാടാണ് കോൺഗ്രസിന്റേതെന്ന് അരവിന്ദ് കേജ്രിവാൾ ട്വീറ്റ് ചെയ്തിട്ടുണ്ട്. ബിജെപിയുമായി കോൺഗ്രസ് രഹസ്യധാരണ ഉണ്ടാക്കിയതായും കോൺഗ്രസ് ബിജെപി അവിശുദ്ധ കൂട്ടുകെട്ടിനെ ഡൽഹിയിലെ ജനങ്ങൾ പരാജയപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP