Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

മോട്ടോർ വാഹന നിയമഭേദഗതി പ്രകാരമുള്ള ഉയർന്ന പിഴ ഈടാക്കാനാകില്ലെന്ന് തെലങ്കാന മുഖ്യമന്ത്രി നിയമസഭയിൽ; ഗതാഗത സംവിധാനങ്ങളിൽ സംസ്ഥാനത്തിന് സ്വന്തം നിയമമുണ്ടെന്നും പ്രഖ്യാപനം; കേരളത്തിന്റെ തീരുമാനത്തിനായി ഇന്ന് തിരുവനന്തപുരത്ത് ഉന്നതതല യോഗം

മോട്ടോർ വാഹന നിയമഭേദഗതി പ്രകാരമുള്ള ഉയർന്ന പിഴ ഈടാക്കാനാകില്ലെന്ന് തെലങ്കാന മുഖ്യമന്ത്രി നിയമസഭയിൽ; ഗതാഗത സംവിധാനങ്ങളിൽ സംസ്ഥാനത്തിന് സ്വന്തം നിയമമുണ്ടെന്നും പ്രഖ്യാപനം; കേരളത്തിന്റെ തീരുമാനത്തിനായി ഇന്ന് തിരുവനന്തപുരത്ത് ഉന്നതതല യോഗം

മറുനാടൻ മലയാളി ബ്യൂറോ

ഹൈദരാബാദ്: മോട്ടോർ വാഹന നിയമഭേദഗതി അനുസരിച്ചുള്ള ഉയർന്ന പിഴ ഈടാക്കാനാകില്ലെന്ന് തെലങ്കാന. ഗതാഗത സംവിധാനങ്ങളിൽ തെലങ്കാനയ്ക്ക് സ്വന്തമായി നിയമമുണ്ടെന്നും അതാണ് നടപ്പാക്കുകയെന്നും നിയമസഭയിലെ ബജറ്റ് സമ്മേളനത്തിൽ മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവു വ്യക്തമാക്കി. ജനങ്ങളെ ഉപദ്രവിക്കാനാവില്ലെന്നും അതിനാൽ ട്രാഫിക്ക് നിയമങ്ങൾ ലംഘിക്കുന്നതിൽ കനത്ത പിഴ ഈടാക്കുന്ന നിയമം നടപ്പാക്കാനാവില്ലെന്നും ചന്ദ്രശേഖർ റാവു പറഞ്ഞു.

വിവിധ നിയമലംഘനങ്ങൾക്കുള്ള പിഴ പത്തിരട്ടി വരെ വർധിപ്പിച്ചാണ് കേന്ദ്രം മോട്ടോർ വാഹനനിയമത്തിൽ ഭേദഗതികൾ കൊണ്ട് വന്നത്. മോട്ടോർ വാഹന നിയമഭേദഗതി നിലവിൽ വന്നതിന് പിന്നാലെ നിരവധി സംസ്ഥാനങ്ങൾ എതിർപ്പുമായി രംഗത്തെത്തിയിരുന്നു. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളായ ഗുജറാത്തും കർണാടകയും ഉൾപ്പെടെ ഇതിനെതിരെ രംഗത്തെത്തി. ഗുജറാത്തിലെ ബിജെപി സർക്കാർ പിഴ 10,000 രൂപയിൽ നിന്ന് 1,000 ആക്കിയാണ് കുറച്ചത്. ബിജെപി ഭരണ സംസ്ഥാനങ്ങളായ മഹാരാഷ്ട്രയും ഉത്തർ പ്രദേശും നിയമം നടപ്പാക്കാൻ സാധിക്കില്ലെന്ന സൂചനകൾ നൽകി കഴിഞ്ഞു. അതേസമയം, തൃണമൂൽ കോൺഗ്രസ് ഭരണത്തിലുള്ള ബംഗാൾ പുതിയ ഗതാഗത നിയമം നടപ്പാനാവില്ലെന്ന് ആദ്യതന്നെ തുറന്ന് പറഞ്ഞിരുന്നു.

പെട്ടെന്ന് ഈ നിയമം അടിച്ചേൽപ്പിക്കാനാവില്ലെന്ന് ഒഡീഷയും നിലപാടെടുത്തു. കേന്ദ്രത്തിന്റെ പുതിയ നിർദ്ദേശം വരുന്നതുവരെ കൂട്ടിയ പിഴ സംസ്ഥാനത്ത് നടപ്പാക്കില്ലെന്ന് കേരളത്തിലെ ഗതാഗത മന്ത്രി എ കെ ശശീന്ദ്രനും അറിയിച്ചിരുന്നു. അതിനിടെ, കേന്ദ്ര മോട്ടോർ വാഹന നിയമഭേദഗതി സംസ്ഥാനത്ത് നടപ്പാക്കുന്നത് സംബന്ധിച്ച് ചർച്ച ചെയ്യാൻ ഗതാഗത മന്ത്രി വിളിച്ച ഉന്നതതല യോഗം ഇന്ന് തിരുവനന്തപുരത്ത് നടക്കും. പിഴ നിശ്ചയിക്കുന്നത് സംബന്ധിച്ച് ഗതാഗത സെക്രട്ടറി തയ്യാറാക്കിയ റിപ്പോർട്ടും യോഗത്തിൽ ഗതാഗത മന്ത്രിയടക്കമുള്ളവർ പരിശോധിക്കും. ഓണക്കാലത്ത് പിഴ ഈടാക്കുന്നത് ഒഴിവാക്കിയെങ്കിലും, ഇത് തുടരാൻ സാധിക്കില്ലെന്ന വിലയിരുത്തലിലാണ് ഗതാഗത വകുപ്പ്.

ഗതാഗത നിയമലംഘനങ്ങൾക്കുള്ള ഉയർന്ന പിഴ കുറയ്ക്കുന്നതിൽ സംസ്ഥാനങ്ങൾക്കുള്ള നിയമതടസം തുടരുന്നതിനിടെയാണ് ഗതാഗതമന്ത്രിയുടെ അധ്യക്ഷതയിൽ ഉന്നതതല യോഗം ചേരുന്നത്. പിഴത്തുക പകുതിയാക്കാനുള്ള നീക്കമാണ് സംസ്ഥാന സർക്കാർ നടത്തുന്നതെങ്കിലും ഏതിലൊക്കെ കുറയ്ക്കാൻ കഴിയുമെന്ന കാര്യത്തിൽ അനിശ്ചിതത്വം തുടരുകയാണ്. ഗതാഗത നിയമലംഘനങ്ങൾക്ക് ഉയർന്ന പിഴ ചുമത്തുന്ന ഭേദഗതി നടപ്പാക്കുന്നത് സംബന്ധിച്ച് കേന്ദ്ര സർക്കാർ സംസ്ഥാനങ്ങൾക്ക് മാർഗനിർദ്ദേശം നൽകുമെന്ന് അറിയിച്ചിട്ടുണ്ട്.

നിയമോപദേശവും കേന്ദ്ര സർക്കാരിന്റെ അന്തിമനിലപാടും പരിഗണിച്ചാകും തീരുമാനം. കൂടാതെ ഗുജറാത്ത് ഉൾപ്പടെയുള്ള സംസ്ഥാനങ്ങൾ ഏതു വിധത്തിലാണ് ഭേദഗതി വരുത്തുന്നത് എന്ന് പരിശോധിച്ചു, നിയമവിധേയമായ മാർഗം നിർദ്ദേശിച്ചു കൊണ്ടുള്ള ഗതാഗത സെക്രട്ടറിയുടെ റിപ്പോർട്ടും യോഗത്തിൽ പരിശോധിക്കും. ഉയർന്ന പിഴയിൽ ഇളവ് ഒറ്റത്തവണ നൽകിയാൽ മതിയെന്ന നിർദ്ദേശം ഗതാഗത വകുപ്പ് മുന്നോട്ട് വെച്ചിട്ടുണ്ട്. കുറ്റം ആവർത്തിച്ചാൽ ഉയർന്ന പിഴ ഈടാക്കാമെന്നാണ് ആശയം. എന്നാൽ നിയമസാധുതയുള്ള വിജ്ഞാപനം ഇറങ്ങിയില്ലെങ്കിൽ ഇത് നിലനിൽക്കാൻ സാധ്യതയില്ലെന്നാണ് സൂചന.

പിഴയുടെ പരിധി നിശ്ചയിച്ചിട്ടുള്ള പത്തിൽ താഴെ നിയമലംഘനങ്ങളുടെ പിഴ കുറയ്ക്കുന്നതിൽ നിയമതടസ്സമില്ല. ഇത് എത്ര വരെ കുറയ്ക്കണമെന്നു ഇന്ന് തീരുമാനമുണ്ടായേക്കും. ഓണക്കാലത്തു പിഴ ഈടാക്കണ്ട എന്ന തീരുമാനം എടുത്തെങ്കിലും, തുടർന്ന് പോകാൻ കഴിയില്ലെന്ന നിലപാടിലാണ് ഗതാഗത വകുപ്പ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP